Monday, January 26, 2009

റോമില്‍ കിട്ടിയ ഞെട്ടല്‍

ഒരു യാത്രികനെന്നു പരിചയപ്പെടുത്തിയ സ്ഥിതിക്ക് ആദ്യത്തെ എഴുത്ത് ഒരു യാത്രാനുഭവം തന്നെ ആവട്ടെ എന്ന് കരുതി .....

ഇറ്റലിയിലെ പലെര്‍മോ എന്ന സ്ഥലത്തു ജോലി സംബന്തമായി പോയതാണ് ഞാന്‍.മടക്കയാത്രയില്‍ രണ്ടു ദിവസം റോമില്‍ ഒപ്പിച്ചു. സമയം കുറച്ചു മാത്രം ഉള്ളത്കൊണ്ടു റോമില്‍ സിറ്റിയില്‍ തന്നെ താമസം തരപ്പെടുത്തി ... അതുകൊണ്ടെന്താ കാശ് കുറച്ചു പൊടിഞ്ഞു .

മൈക്കല്‍ ആഞ്ജലൊയുടെയും റാഫേലിന്റെയും മറ്റും വിരല്‍സ്പര്‍ശമില്ലാത്ത ഒന്നും ആ നഗരത്തില്‍ ഇല്ലെന്നു തോന്നി.. ആദ്യദിവസം സിസ്ടീന്‍ ചാപ്പെല്‍ വത്തിക്കാന്‍ ഇതൊക്കെ കണ്ട് മത്തു പിടിച്ചാണ് ഉറങ്ങിയത്. മൈക്കല്‍ ആഞ്ജലോയുടെ "ലാസ്റ്റ്‌ ജഡ്ജ്‌മന്റ്‌" കണ്ടതു ഒരിക്കലും മറക്കാനാവത്ത ഒരനുഭവമായി. അത്ര വലുതല്ലാത ആ ഹാളില്‍ ഒത്തിരി അധികം ആളുകല്‍ ഉണ്ടായിട്ടും തികഞ്ഞ നിശബ്ദത....എല്ലാവരും ഒരുപോലെ മച്ചിലേക്കു കണ്ണും നട്ട്‌ ബ്രിഹത്തായ ആ പെയ്ന്റിംഗ്‌ ആസ്വദിക്കുന്നു.. ഞാന്‍ ഇനി ബ്രഷ് എടുക്കരുത് എന്ന് പോലും തോന്നി( എന്തിന് സരസ്വതീ ദേവിയെ കൂടുതല്‍ അംഗഭംഗപ്പെടുത്തണം ).

എന്തായാലും അവസാന ദിവസം എനിക്ക് കഷ്ടി അര ദിവസം മാത്രമാണ് ബാക്കി . അതിനുള്ളില്‍ അടുത്ത് മറ്റെന്തെകിലും കാണാനുണ്ടോ എന്ന് ഞാന്‍ രാവിലെ റിസപ്ഷനില്‍ തിരക്കി. സൈന്റ്‌ പീറ്റര്‍സ്‌ ചെര്‍ച്ച്‌ അടുത്താണെന്നും കാണുന്നതു നന്നായിരിക്കുമെന്നും റിസപ്ഷനിലെ സുന്ദരി പറഞ്ഞു. മേപ്പും എടുത്ത്‌ ഞാന്‍ ബസ്സ്‌ സ്റ്റോപ്പില്‍ ചെന്നു. കയ്യും കലാശവും കാണിച്ച്‌ ബസ്സ്‌ ഏതെന്നു മനസിലാക്കി(ആഗ്ഗലെയ ഭാഷ പലര്‍ക്കും കഷ്ടി).


നേര്‍ത്ത തണുപ്പുള്ള വളരെ പ്രസന്നമായ ഒരു പ്രഭാതത്തിലാണു ഞാന്‍ സൈന്റ്‌ പീറ്റര്‍സ്‌ ചര്‍ച്ചിനു മുന്നില്‍ ബസ്സിറങ്ങിയത്‌. അതിവിശാലമായ ഒരു കെട്ടിട സമുച്ചയമണു സൈന്റ്‌ പീറ്റര്‍സ്‌ ചര്‍ച്ച്‌. അതി മനോഹരമായ വലിയ ശില്‍പങ്ങള്‍, മിക്കതും ദിവ്യ പുരുഷന്മാരുടേത്‌, തലയുയര്‍ത്തി നില്‍ക്കുന്നു മനോഹരമായ ആ കെട്ടിടങ്ങള്‍കുമുകളില്‍. മഹത്തായ ചില സങ്കല്‍പങ്ങള്‍ അതിലെ പല ശില്‍പങ്ങലിലും ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഉദാഹരണമായി യെശു പീറ്ററിനു ഒരു താക്കോല്‍ കൊടുക്കുന്ന ശില്‍പം..അതു ക്രിസ്ത്യാനിറ്റിയുടെ താക്കോല്‍ യേശു പീറ്ററിനു കൈമാറുന്നതത്രെ.പുറത്തെ കാഴ്ചകളില്‍ ഒരു ഒോട്ടപ്രദക്ഷിണം നടത്തി ഞാന്‍ പള്ളിയുടെ അകത്തു പ്രവേശിച്ചു.

അകത്തു വാതില്‍കല്‍ തന്നെ നിന്നുകൊണ്ടു ഞാന്‍ ചുറ്റോടും ഒന്നു കണ്ണോടിച്ചു. ദൈവമെ.....എന്റെ ഹൃദയം ഒന്നു താളം തെറ്റി മിടിച്ചതു ഞാന്‍ അറിഞ്ഞു.എന്റെ വലതുവശത്തായി ഞാന്‍ കണ്ട കാഴ്ച്ച എനിക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല......മൈക്കല്‍ ആഞ്ജലോയുടെ "പിയത്ത"എന്ന മഹത്തായ ശില്‍പം എന്റെ മുന്നില്‍..."പിയത്ത" സൈന്റ്‌ പീറ്റര്‍സ്‌ ചര്‍ച്ചിലാണുള്ളതെന്ന് എനിക്കറിയില്ലായിരുന്നു....അതിന്റെ മുന്നില്‍ ഞാന്‍ സ്വയം മറന്നു നിന്നുപോയി...ഓര്‍മകള്‍ മനസ്സില്‍ ഒരു വേലിയേറ്റമായി..... കുഞ്ഞുനാളില്‍ അമ്മ വാങ്ങിച്ചുതന്ന ശാസ്ത്രസാഹിത്യ പരിഷിത്തിന്റെ ഒരു പുസ്തകത്തില്‍ വാന്‍ ഗോഗിന്റെയും മൈക്കല്‍ ആഞ്ജലൊയുടെയും ചിത്രങ്ങള്‍കൊപ്പം "പിയത്ത" എന്ന ശില്‍പത്തിന്റെയും ചിത്രം കണ്ടതുമുതല്‍ പിന്നീടിങ്ങോട്ട്‌ ആ മഹത്തായ സൃഷ്ടികളെപ്പ്പറ്റി വായിച്ചൊതൊക്കെയും മനസ്സിലൂടെ കടന്നു പോയി.കുറച്ചേറെ സമയം ഞാന്‍ അതുനുമുന്നില്‍ ചിലവിട്ടു. സമയക്കുറവ്‌ ഓര്‍ത്തപ്പോള്‍ ഞാന്‍ മറ്റു കാഴ്ചകള്‍ കണ്ടുതുടങ്ങി.

പള്ളിക്കുള്ളിലെ ആള്‍ക്കൂട്ടത്തില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെയും അവളുടെ കൂടെ രണ്ടു ആണ്‍കുട്ടികളെയും ഞാന്‍ ശ്രദ്ദിച്ചു.കൌമരപ്രായക്കാരയ അവര്‍ ശബ്ദം താഴ്തി സംസാരിച്ചുകൊണ്ടു കാഴ്ച്ചകണ്ടു നടക്കുന്നു. അവാള്‍ ഒരു വെളുത്ത ഉടുപ്പാണു ധരിച്ചിരുന്നത്‌.വെളുത്ത വൂളന്‍ സ്കാര്‍ഫ്‌ കൊണ്ടു ചുമല്‍ മാറച്ചിരുന്നു. സ്ലീവെലെസ്സ്‌ ഉടുപ്പായതു കൊണ്ടാവണം സ്കാര്‍ഫ്‌ പുതച്ചത്‌.(പള്ളിയില്‍ കയറുമ്പോള്‍ ചുമല്‍ നഗ്നമായിരിക്കാന്‍ പാടില്ലത്രെ) ആണ്‍കുട്ടികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ കാമുകനും മറ്റേയാള്‍ അവരുടെ കൂട്ടുകാരനും ആയിരിക്കും എന്നു ഞാന്‍ മനസ്സില്‍ കരുതി...പള്ളിക്കകത്തു പലപ്രാവശ്യം അവരെ കണ്ടുമുട്ടി. എന്റെ സമയക്കുറവും കാണാന്‍ ഒട്ടേറെ ഉള്ളതുകൊണ്ടും ഞാന്‍ അവരെ അത്രകണ്ടു സ്രദ്ധിച്ചില്ല.(മറ്റൊരവസരത്തിലായിരുന്നുവെങ്കില്‍ കാര്യമായി വായി നോക്കുമായിരുന്നു എന്നര്‍ത്തം).

സമയക്കുറവു കാരണം ഞാന്‍ ഹാന്റികാം ഉപയോഗിക്കുന്നതു നിര്‍ത്തി അകത്തെ വര്‍ക്കുകളില്‍ ശ്രദ്ധ ചെലുത്തി.എല്ലാം കണ്ടു മതിവന്നില്ല, അപ്പോഴേക്കും മടങ്ങാനുള്ള സമയമായി. ഒരിക്കല്‍ കൂടി ഞാന്‍ "പിയത്ത"യുടെ മുന്നില്‍ വന്നു നിന്നു.....മനസില്ലാമനസ്സോടെ ഞാന്‍ പള്ളിക്കു പുറത്തുകടന്നു......എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവസാനമായി പള്ളിയുടെ പുറം കാഴ്ചകളില്‍ കണ്ണോടിച്ചു. കുറച്ചു ദൂരെ ചിത്രപ്പ്പ്പണികളുള്ള ഒരു തൂണിനരുകില്‍ മുമ്പു കണ്ട പെണ്‍കുട്ടിയെയും ആ ആണ്‍കുട്ടികളെയും വീണ്ടും കണ്ടു.....ഒരു നിമിഷം..... കണ്ട കാഴ്ച വിശ്വസിക്കാനാവാതെ ഞാന്‍ വീണ്ടും നോക്കി....എന്റെ മനസ്സില്‍ ഒരു വെള്ളിടി വെട്ടി...പറഞ്ഞറിയിക്കാനാവാത്ത ഒരു വികാര വിക്ഷോഭ്ത്തിനു ഞാന്‍ കീഴ്പെട്ടു...ആണ്‍കുട്ടികളില്‍ ഒരാള്‍ അവളുടെ കൈപിടിച്ചു ആ തൂണിലെ ചിത്രപ്പണികളിലൂടെ കൈയ്യോടിപ്പിക്കുകയായിരുന്നു.....ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു, ആ പെണ്‍കുട്ടി അന്ധയാണു....രണ്ടു കണ്ണുകൊണ്ടു കണ്ടിട്ടും എനിക്കു മതിവരാത്ത കാഴ്ചയാണോ ഈശ്വരാ അവള്‍ സ്പര്‍ശിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്‌...അന്ധതയുടെ ഭീകരത ഇത്ര ആഴത്തില്‍ എന്നെ സ്പര്‍ശിച്ചതും,ഇത്ര ആഴത്തില്‍ ഞാന്‍ ഉള്‍കൊണ്ടതും മനസ്സിലാക്കിയതും അന്നായിരുന്നു. ഇപ്പോഴും ആ സംഭവം ഓര്‍ക്കുമ്പോള്‍ അതൊരു സ്വപ്നമായിരുന്നു എന്നു തോന്നാറുണ്ടു.

8 comments:

വിഷ്ണു | Vishnu said...

നല്ല എഴുത്ത്...എന്താ ഒരു പോസ്റ്റില്‍ നിര്‍ത്തിയത്....വീണ്ടും എഴുതൂ!! ആശംസകള്‍

നിരക്ഷരൻ said...

കൂടുതല്‍ യാത്രാവിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ പിയാത്ത കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടായിട്ടുണ്ട്.

Rainbow said...

Nice !That was very touching .keep writing

ഒരു യാത്രികന്‍ said...

വിഷ്ണു, നീരുജി, റൈന്‍ബോ....വന്നതിലും കമണ്റ്റിയതിലും ഒരുപാടു നന്ദി..... സസ്നേഹം,യാത്രികന്‍

Neema Rajan said...

<<>>

വിനീത്! പെട്ടെന്നൊരു മുറിവേറ്റത്‌ പോലെ!! :-((

Neema Rajan said...

രണ്ടു കണ്ണുകൊണ്ടു കണ്ടിട്ടും എനിക്കു മതിവരാത്ത കാഴ്ചയാണോ ഈശ്വരാ അവള്‍ സ്പര്‍ശിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്‌..

വിനീത്! പെട്ടെന്നൊരു മുറിവേറ്റത്‌ പോലെ!! :-((

VANIYATHAN said...

അൽപമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മനോഹരമായിരുന്നൂ. അവസാന വരികൾ വളരെയധികം ഹൃദയസ്പർശി ആയിരുന്നൂ. 2-3 ഫോട്ടോകൂടി ചേർക്കാമയിരുന്നൂ.

Unknown said...

എന്തേ ഫോട്ടോകൾ ചേർക്കാത്തൂ?