Wednesday, November 2, 2011

യവന സാമ്രാജ്യത്തിലൂടെ ഒരു പടയോട്ടം...ഭാഗം 1


                വിദേശ യാത്രകള്‍ ജീവിതത്തില്‍ എന്നെങ്കിലും ഉണ്ടാവും എന്നത് മനസ്സിന്റെ വിദൂര കോണില്‍ പോലും ഇല്ലാതിരുന്ന സ്കൂള്‍ കാലഘട്ടത്തില്‍ വളരെ സ്വകാര്യമായി കൊണ്ടുനടന്ന ആഗ്രഹമായിരുന്നു റഷ്യയും ഗ്രീസും കാണുക എന്നത്. റഷ്യ മനസ്സില്‍ കയറിക്കൂടിയത് അമ്മ വീട്ടില്‍ വരുത്തിയിരുന്ന "സോവിയറ്റ് യൂണിയന്‍", "മിഷ" എന്നീ ആംഗലേയത്തിലുള്ള   റഷ്യന്‍ പ്രസിദ്ധീകരണങ്ങളിലൂടെയും പിന്നെ ആ കാലത്ത് ധാരാളമായി ലഭിക്കാറുണ്ടായിരുന്ന റഷ്യന്‍ കഥകളുടെ മലയാള വിവര്‍ത്തനങ്ങളിലൂടെയുമായിരുന്നു. ഗ്രീസ് മനസ്സില്‍ കയറിയതും കഥകളിലൂടെ തന്നെ. ഹെര്‍കുലീസിനെയും പ്രോമിത്യൂസിനെയുമാണ് ആദ്യമറിഞ്ഞത്. പിന്നീട് ഇലിയഡും ഒഡീസിയും വായിച്ചപ്പോള്‍, കുഞ്ഞുനാള് തൊട്ട് പരിചിതമായ രാമായണവും മഹാഭാരതവുമായി അവയ്ക്കുള്ള വിദൂര സാമ്യം ഒരു കൌതുകമായി മനസ്സില്‍ വളര്‍ന്നു. അങ്ങനെ ഗ്രീസും മനസ്സില്‍ ഒരു സ്വപ്നമായി ചേക്കേറി. അതുകൊണ്ട് തന്നെ ഈ കഴിഞ്ഞ മാര്‍ച്ചില്‍ യവന സാമ്രാജ്യത്തിലേക്ക് ഒരു ഹ്രസ്വയാത്ര തീരുമാനിച്ചപ്പോള്‍ എന്നെ സംബന്ധിച്ച് അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.

ഒട്ടും സുഖകരമല്ലാത്ത ഒരനുഭവത്തോടെയാണ് ഗ്രീസില്‍ കാലു കുത്തിയതെങ്കിലും ഞാന്‍ ചെയ്ത യാത്രകളില്‍ എനിക്കേറെ പ്രീപ്പെട്ടതായി പിന്നീടുള്ള അനുഭവങ്ങള്‍. ഗ്രീസില്‍ കാലുകുത്തിയ ദിനം, ഏഥന്‍സ് എയര്‍  പോര്‍ട്ടില്‍ നിന്നും നിന്നും സിന്റാഗ്മ ചത്വരത്തിലേക്കുള്ള യാത്രക്കിടയില്‍ എന്റെ പേഴ്സ് നഷ്ടപ്പെട്ടു എന്നതാണ് പുത്തരിയില്‍ കല്ലുകടിക്കിടയാക്കിയ അനുഭവം. ഇത്തിരി ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ശരിയായ ട്രാവല്‍ ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നത് കാരണം സാമ്പത്തികമായി നഷ്ടമൊന്നും സംഭവിച്ചില്ല. ഹോട്ടെലില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു "നിങ്ങള്‍ ആദ്യത്തെ ആളല്ല. ഇവിടെ മെട്രോയില്‍ പോക്കറ്റടിയില്‍ വിദഗ്ദരായ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്." 

യൂറോപ്പില്‍ ഒരിടത്തും കാണാത്ത തിരക്കാണ് ഗ്രീസിലെ മെട്രോയില്‍ അനുഭവപ്പെട്ടത്. സത്യത്തില്‍ മുംബൈയിയെ അനുസ്മരിപ്പിക്കുന്ന തിരക്ക്. ഈ തിരക്ക് പോക്കറ്റടിക്കാര്‍ക്ക് സൌകര്യമാവുന്നുണ്ടാവം. സിന്റാഗ്മ ചത്വരത്തില്‍ നിന്ന് ഏറെ ദൂരെയല്ല ഒമോണിയ ചത്വരം.ഒമോണിയ ചത്വരത്തിനടുത്തുള്ള ഒരു ഹോട്ടെലിലാണ് ഞങ്ങള്‍ താമസിച്ചത്. ഞങ്ങളെന്നാല്‍ ഞാനും യാത്രികയും പിന്നെ കുഞ്ഞു യാത്രികനും. 

ഏഥെന്‍സിലെ ചരിത്ര പ്രസിദ്ധമായ സ്ഥലമൊക്കെ ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നും ഏറെ ദൂരത്തിലായിരുന്നില്ല. അതുകൊണ്ട് തന്നെ ഇക്കുറി കറക്കത്തില്‍ ഏറിയപങ്കും   നടന്നു തന്നെയായിരുന്നു. ഏതൊരു പുതിയ സ്ഥലവും നടന്നു കാണുമ്പോഴേ അവിടുത്തെ യഥാര്‍ത്ഥ ഹൃദയത്തുടിപ്പ്‌ മനസ്സിലാക്കാന്‍ കഴിയൂ എന്നാണ് എന്‍റെ വിശ്വാസം. കഴിയുന്നിടത്തോളം ഞാനതിന് ശ്രമിക്കാറുമുണ്ട്. മാപ്പും കയ്യിലെടുത്ത് രാവിലെ ഇറങ്ങിയപ്പോള്‍ പ്രത്യേകലക്ഷ്യം ഉണ്ടായിരുന്നില്ല. മേപ്പില്‍ അടയാളപ്പെടുത്തിയ പ്രധാന സ്ഥലങ്ങള്‍ ഒന്നാന്നായി കാണുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ തെരുവിലേക്കിറങ്ങി. പ്രധാന വീഥികളുടെയും തെരുവുകളുടെയും പേരുകള്‍ കൃത്യമായി ഓരോ വഴിതുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഉള്ള കെട്ടിടങ്ങളുടെ ചുവരില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആരോടും വഴി ചോദിക്കാതെ തന്നെ മേപ്പില്‍ നോക്കി ലക്ഷ്യസ്ഥാനത്തെത്താന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഞങ്ങളുടെ വഴിയില്‍ ആദ്യം കണ്ടത് നാഷണല്‍ ലൈബ്രറിയായിരുന്നു. നിയോ ക്ലാസിക്കല്‍  ശൈലിയിലുള്ള ഈ മനോഹരകെട്ടിടത്തിനു തൊട്ടു തൊട്ട് അതേ വാസ്തു ശില്പ ശൈലിയിലുള്ള Academy of Athens ഉം Athens University യും സ്ഥിതി ചെയ്യുന്നു. ഈ മൂന്നു കെട്ടിടങ്ങളും രൂപകല്‍പന ചെയ്തതും ഒരാള്‍ തന്നെ.,  "തിയോഫില്‍ ഹാന്‍സന്‍" എന്ന ഡാനിഷ് ശില്പി. 1888-1902 കാലഘട്ടത്തില്‍ ആണ് വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ ഗ്രന്ഥശാലയുടെ പണി പൂര്‍ത്തിയായത്. സന്ദര്‍ശകര്‍ക്ക് അകത്തേക്ക് പ്രവേശനമില്ല. ഞങ്ങള്‍ പുറം കാഴ്ചകളില്‍ ത്രിപ്തിയടഞ്ഞ് മുന്നോട്ടു നടന്നു.
ദേശീയ ഗ്രന്ഥശാല 
 University of Athens ആണ് അടുത്തകെട്ടിടം. 1837 ല്‍ ആണ് ഏഥന്‍സ് സര്‍വകലാശാല രൂപീകൃതമായത്. എന്നാല്‍ 1841ല്‍ ആണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഗ്രീക്ക് പുരാണങ്ങളിലെ കഥാസന്ദര്‍ഭങ്ങളെ ആസ്പദമാക്കിയുള്ള ചുവര്‍ ചിത്രങ്ങളാല്‍ സമൃദ്ധമാണ് സര്‍വകലാശാലയുടെ പ്രവേശന കവാടത്തിന്റെ പുറം ചുവരുകള്‍. ചിത്രങ്ങള്‍ ബരോക്ക് ശൈലിയോട് അടുത്ത് നില്‍ക്കുന്നു. തെക്കുകിഴക്കന്‍ യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയാണിത്. രാഷ്ട്രീയ കലാ സാംസ്കാരിക രംഗങ്ങളില്‍  ഏറെ പ്രശസ്തരായ  ഒട്ടേറെ മഹാരഥന്മാര്‍ ഈ സര്‍വകലാശാലയുടെ സംഭാവനയാണ്. 
സര്‍വകലാശാലയുടെ പ്രവേശന കവാടം 
ഈ സര്‍വകലാശാലയുടെ പ്രവേശന കവാടത്തിന്റെ (Propylaea ) മുന്നിലായുള്ള തുറസ്സായ സ്ഥലം സമരങ്ങളുടെയും പ്രകടനങ്ങളുടെയും സ്ഥിരം വേദിയാണത്രേ. ഞങ്ങള്‍ ചെന്നപ്പോഴും അവിടെ ഒരു സമരം നടക്കുന്നുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും ഉള്ള ഒരു ചെറു സംഘം ഗ്രീസില്‍ രാഷ്ട്രീയാഭയത്തിനായി അവിടെ ടെന്റുകെട്ടി സമരം ചെയ്യുന്നു. ഞങ്ങള്‍ അവരുമായി സംവദിച്ചു. ഇതേ സ്ഥലത്ത് ജനുവരിയില്‍ സ്ത്രീകളടക്കം ചിലര്‍ ചുണ്ടുകള്‍ ചേര്‍ത്ത് തുന്നി നിരാഹാര സമരം നടത്തിയിരുന്നു. അന്ന് ആ സമരം ഫലം കണ്ടു. അവരുടെ ചിത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ക് രാഷ്ട്രീയാഭയം നേടാനുള്ള തുടര്‍ സമരമായിരുന്നു അവര്‍ നടത്തിയിരുന്നത്. 
അഫ്ഗാനിസ്ഥാനിലെ യുദ്ധ ദുരിതങ്ങള്‍ അവരുടെ വാക്കുകകളില്‍ നിറഞ്ഞു. ലക്‌ഷ്യം നടക്കാന്‍ ചുണ്ടുകള്‍ തുന്നിക്കൂട്ടിയുള്ള നിരാഹാര സമരം പോലെ കടുത്ത സമര മുറകളിലേക്ക് നീങ്ങേണ്ടി വന്നാല്‍ അതിനും തയ്യാറായാണ് അവര്‍ നിന്നത്.  
പ്രവേശന കവാടം, ഒരു വിദൂര ദൃശ്യം 
സര്‍വകലാശാലയുടെ മുന്‍പിലെ സമരക്കാരുടെ ടെന്റുകള്‍    

ചുണ്ടുകള്‍ തുന്നിക്കൂട്ടി സമരം ചെയ്തവരുടെ ചിത്രങ്ങള്‍ പതിച്ച ബോര്‍ഡ്   
 അവര്‍ക്ക് നല്ല ഭാഗ്യം നേര്‍ന്ന് ഞങ്ങള്‍ ഹാന്‍സിന്റെ കെട്ടിടത്രയങ്ങളില്‍ മൂന്നാമത്തേതായ Academy of Athens ലേക്ക് നടന്നു. 1885 ല്‍ ആണ് ഇതിന്റെ പണി പൂര്‍ത്തിയായത്. കെട്ടിടത്രയങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഭംഗിയുള്ളത് ഈ കെട്ടിടത്തിനാണെന്നു തോന്നി.ഇവിടെയും അകത്തേക്ക് കയറാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ചില കുടുംബങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെയാണ് ഈ കെട്ടിടവും ഇവിടുത്തെ ചിത്ര ശില്പ ചാരുതയും  പൂര്‍ത്തിയായത്. അതില്‍ പ്രമുഖര്‍ ഏറെ ധനികരായിരുന്ന "Sinas" കുടുംബം തന്നെ. ഗ്രീസിലും മറ്റിടങ്ങളിലുമായി Simon Sinas ഉം കുടുംബവും വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ ചെയ്ത സഹായങ്ങള്‍ ചെറുതല്ല. ഇവരുടെ ബഹുമാനാര്‍ത്ഥമാണത്രേ ചന്ദ്രനിലെ ഒരു ഗര്‍ത്തത്തിന് "Sinas" എന്ന പേര് നല്‍കിയത്. കെട്ടിടത്തിലേക്കുള്ള പടികള്‍ തുടങ്ങുന്നിടത്ത് ഇരുവശത്തുമായുള്ള പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും  മനോഹരമായ വലിയ പ്രതിമകളാണ് നമ്മുടെ ആദ്യ ശ്രദ്ധ ആകര്‍ഷിക്കുക.
ഏഥെന്‍സ് അക്കാദമി, പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും പ്രതിമകളും പിന്നില്‍ സ്തൂപത്തില്‍ അഥീനിയും അപ്പോളോയും     
ഏഥെന്‍സ് അക്കാദമിയുടെ പ്രവേശന കവാടത്തില്‍ 
 പടികള്‍ കയറി മുകളിലെത്തിയാല്‍ കവാടത്തിനിരുവശത്തുമായി വലിയ സ്തൂപത്തില്‍ സ്ഥാപിച്ചിരിക്കുന്ന അപ്പോളോയുടെയും അഥീനിയുടെയും അതിമനോഹരമായ ശില്പങ്ങള്‍ തലയുയര്‍ത്തിനില്‍ക്കുന്നു. കെട്ടിടങ്ങള്‍ക് അരികിലുള്ള പുല്തകിടിക്ക് അതിരിട്ട ഓറഞ്ചുമരങ്ങള്‍ നിറയെ പഴുത്ത ഓറഞ്ചുകള്‍ നിറഞ്ഞിരിക്കുന്നു. ഇളവെയില്‍ ഓറഞ്ചുകുലകളില്‍ തട്ടി സ്വര്‍ണ്ണ ശോഭ ചൊരിഞ്ഞു. അല്‍പസമയം കൂടി അവിടെ ചിലവഴിച്ചു ഞങ്ങള്‍ വീണ്ടു മുന്നോട്ടു നടന്നു. 
 അഥീനിയുടെ ശില്‍പം 
അപ്പോളോയുടെ ശില്‍പം 
ഏറെ ദൂരത്തല്ലാതെ Panepistimiou തെരുവില്‍ തന്നെ യാണ് St. Dionysios Areopagitis ന്‍റെ പേരിലുള്ള പള്ളിയുള്ളത്. ആറാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹം ഏഥെന്‍സിലെ ആദ്യ ബിഷപ്പായിരുന്നു. 1865 ല്‍ പണിതീര്‍ത്ത ഈ പള്ളിക്ക് വലിയ ബാഹ്യ ഭംഗിയൊന്നും അവകാശപ്പെടാനില്ല. വലിയ മാര്‍ബിള്‍ പടവുകള്‍ കയറി ഞങ്ങള്‍ അകത്ത് കയറിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.  പുറംകാഴ്ച പോലെയായിരുന്നില്ല അകത്തെ കാഴ്ച. മനോഹരമായ അള്‍താരയും ബരോക്ക് ശൈലിയിലുള്ള ചിത്രങ്ങളാല്‍ സമൃദ്ധമായ മച്ചും ഏറെ സുന്ദരം. അതിലേറെ എന്നെ ആകര്‍ഷിച്ചത് പുണ്യവാളന്‍മാരുടെ അതിമനോഹരമായ സ്റ്റെയിന്‍ട് ഗ്ലാസ്‌ ചിത്രങ്ങളാണ്. ആ ചിത്രങ്ങളില്‍ ചുംബിച്ചെത്തിയ പ്രഭാത സൂര്യ കിരണങ്ങള്‍ അവിടൊരു വര്‍ണ്ണ പ്രപഞ്ചം തന്നെ സൃഷ്ടിച്ചു. 
അള്‍ത്താര 
 
സ്റ്റെയിന്‍ട് ഗ്ലാസ്‌ ചിത്രം 
സ്റ്റെയിന്‍ട് ഗ്ലാസ്‌ ചിത്രം 
യൂറോപ്പിലെ ഏതൊരു ചര്‍ച്ചിലും കാണുന്നതുപോലെ ഇവിടെയും ഉണ്ടായിരുന്നു ഉയരത്തില്‍ സ്ഥാപിച്ച മനോഹരമായ പൈപ്പ് ഓര്‍ഗന്‍. മുന്നേ ആരോ കത്തിച്ചുവെച്ച മെഴുകുതിരികള്‍ അപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളും കുറച്ചു മെഴുകുതിരികള്‍ കത്തിച്ചു വെച്ചു.ആ  പ്രഭാതത്തില്‍ ഏതു പ്രക്ഷുബ്ദ മനസ്സിനെയും ശാന്തമാക്കുന്ന അന്തരീക്ഷത്തില്‍ അലൌകികമായ നിശബ്ദതയില്‍ ഞങ്ങള്‍ കുറച്ചുനേരം ഇരുന്നു. ആളുകള്‍ വന്നു തുടങ്ങുന്നു. ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. 

ഇത്തിരി ദീര്‍ഘമായ നടത്തത്തിനൊടുവില്‍ ഞങ്ങള്‍ സിന്റാഗ്മ ചത്വരത്തിനടുത്തുള്ള നാഷണല്‍ ഗാര്‍ഡന്റെ കവാടത്തിലെത്തി. പാര്‍ലമെന്റ് മന്ദിരത്തിനു തൊട്ടുതന്നെയാണ് ദേശീയോദ്യാനം. അതെന്നെ തികച്ചും അത്ഭുതപ്പെടുത്തി. നഗരമധ്യത്തില്‍ തന്നെ ശരിയായി പരിപാലിക്കപ്പെട്ട 15.5 ഹെക്ടര്‍ വനപ്രദേശം. അമാലിയ രാജ്ഞിയാണ് 1838 ല്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്. വിവിധ വൃക്ഷങ്ങളും കായ്ച്ചുനില്കുന്ന ഓറഞ്ചു മരങ്ങളും നിറഞ്ഞ ദേശീയോദ്യാനത്തില്‍ ധാരാളം പക്ഷി മൃഗാദികളും ഉണ്ട്. 
ദേശീയോദ്യാനത്തിലെ വന്യതയില്‍ 
കൊതിപിക്കുന്ന ഓറഞ്ചു കുലകള്‍ 
തീര്‍ച്ചയായും നഗരത്തിരക്കില്‍ നിന്നും ഒരല്പസമയം ഒളിച്ചോടി വന്നിരിക്കാന്‍ ഏറ്റവും ഉചിതമായ ഇടം തന്നെ. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരനായ മയിലിനെ കണ്ടതും ഇവിടെ തന്നെ. ഒരു കൊച്ചുകുളത്തില്‍ കളിച്ചു തിമര്‍ക്കുന്ന ഒട്ടേറെ കുഞ്ഞനാമകളും ഇവിടുത്തെ ഒരു കൌതുക കാഴ്ചയാണ്.
സുന്ദരന്‍ മയില്‍ 
കുഞ്ഞനാമകള്‍ 
ദേശീയോദ്യാനത്തില്‍നിന്നും ഇറങ്ങിയ ഞങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിനെ ചുറ്റി പടിഞ്ഞാറുഭാഗത്തുള്ള  സിന്റാഗ്മ ചത്വരത്തിന് അഭിമുഖമായുള്ള പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് നടന്നു. വഴിയരികത്തെ പൂക്കടയിലെ പൂകളക് എന്ത് ഭംഗി!.
പൂക്കടയിലെ പൂക്കളോട് കിന്നാരം പറയുന്ന യാത്രിക 
അവിടെ തന്നെയാണ് "അജ്ഞാത യോദ്ധാവിന്റെ ശവകുടീരവുമുള്ളത്"(Tomb of the unknown soldier). നമ്മുടെ "അമര്‍ ജവാന്‍ ജ്യോതി" പോലെ മണ്മറഞ്ഞ തിരിച്ചറിയപ്പെടാത്ത യോദ്ധാക്കളെ ആദരിക്കുന്നതിനായാണ് അങ്ങനെ ഒരു ശവകുടീരം നിര്‍മ്മിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും അവിടെ" Evzones" എന്നറിയപ്പെടുന്ന ഭടന്മാര്‍ (Presidential soldiers) കാവല്‍ നില്കുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍  അവിടെ കാവല്‍കാരുടെ ഊഴം മാറുന്ന ചടങ്ങ്‌ നടക്കുകയായിരുന്നു. വളരെ രസകരമായ ചലനങ്ങളോട് കൂടിയ ഒരു ചടങ്ങായിരുന്നു അത്. പിന്നീട് അവര്‍ കാവല്‍ പുരക്കടുത്ത് അജ്ഞാത യോദ്ധാവിന്റെ ശവകുടീരത്തിന് മുന്നില്‍ ഒരു പ്രതിമ പോലെ നില്പാരംഭിച്ചു. 
അജ്ഞാത യോദ്ധാവിന്റെ ശവകുടീരവും പിന്നില്‍ പാര്‍ലമെന്റ് മന്ദിരവും 
 
അജ്ഞാത യോദ്ധാവിന്റെ ശവകുടീരം, ഒരു സമീപ ദൃശ്യം  
ഗ്രീക്കുകാരുടെ അഭിമാന ഭാജനമാണ് ഈ ഭടന്മാര്‍.  അവരുടെ ശരീരത്തില്‍ തൊടാതെ എങ്ങനെ വേണമെങ്കിലും അവരില്‍ ഭാവമാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കാം. പക്ഷെ പരാജയപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അത്രയും നിര്‍വികാരമായി നില്‍കാന്‍ വേണ്ടത്ര പരിശീലനം സിദ്ദിച്ച പട്ടാളത്തിലെ പ്രത്യേക വിഭാഗമാണവര്‍. അവരെ ആരും ശല്യപ്പെടുത്തില്ല എന്നുറപ്പുവരുത്താന്‍ സാധാരണ യൂണിഫോമിലുള്ള ഒരു പോലീസുകാരനും അവിടെ ഉണ്ട്.  ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായ ഗ്രീസിലെ ഈ പാര്‍ലമെന്ററിന്‌ മുന്നിലാണ് പ്രകടനങ്ങളും സമരങ്ങളും നടക്കുക. അത്തരം ഒരു സമരത്തിനിടയില്‍ എറിഞ്ഞ പെട്രോള്‍ ബോംബ്‌ മരത്തില്‍ തീര്‍ത്ത കാവല്‍ പുരയില്‍ തട്ടി തീപിടിച്ച് കാവല്‍ നിന്ന ഭടന്റെ യൂണിഫോമിലും തീ പടര്‍ന്നു. അപ്പോഴും ഒന്നിമപോലും അനക്കാതെ നിശ്ചലം നിന്ന ഭടനെപ്പറ്റി ഗ്രീക്കുകാര്‍ അഭിമാനപൂര്‍വം പറയും. ഗ്രീസില്‍ ചിലവഴിച്ച ദിവസങ്ങളില്‍ ഞങ്ങള്‍കും കാണാന്‍ പറ്റി ചില പ്രകടനങ്ങളും സമരങ്ങളും.
യാത്രികയും കുഞ്ഞു യാത്രികനും കാവല്‍ ഭടനോപ്പം
 പണ്ടത്തെ രാജകൊട്ടരമാണ് ഇന്ന് പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റിന് മുന്നിലായി റോഡു മുറിച്ചുകടന്നാല്‍ സിന്റാഗ്മ ചത്വരമായി. ധാരാളം കൊഫീഷോപ്പുകളും പാര്‍ക്കിനുസമാനമായ അത്യാവശ്യം പച്ചപ്പും ഉള്ള ഒരു തുറന്ന പ്രദേശം എന്നിതിനെ വിശേഷിപ്പിക്കാം. ഇവിടെയും ഉണ്ട് കായ്ച്ചു നില്‍ക്കുന്ന ഓറഞ്ചു മരങ്ങള്‍. തറയില്‍ വീണുകിടക്കുന്ന പഴുത്ത ഓറഞ്ചുകള്‍,  കൊത്തിപ്പെറുക്കി നടക്കുന്ന പ്രാവുകള്‍ പോലും ശ്രദ്ധിക്കുന്നില്ല. ചത്വരത്തിനടിയില്‍ ഭൂഗര്‍ഭമാതൃകയിലാണ് സിന്റാഗ്മാ മെട്രോ സ്റ്റേഷന്‍ ഉള്ളത്. പാര്‍ലമെന്റും പിന്നിട്ട്  ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു. വഴിവക്കിലുള്ള കടയില്‍ നിന്ന് വാങ്ങിച്ച സ്നാക്സില്‍ ഉച്ചഭക്ഷണമൊതുക്കി.   


                                                                                                                                       തുടരും...... 

25 comments:

ഒരു യാത്രികന്‍ said...

ഇതൊരു സ്വപ്ന യാത്രയായിരുന്നു.......സസ്നേഹം

ദിവാരേട്ടN said...

യാത്ര തുടരട്ടെ..
പിന്നാലെ ഞങ്ങള്‍ ഉണ്ട്...

ശ്രീ said...

യാത്ര തുടരട്ടെ...!

റോസാപ്പൂക്കള്‍ said...

കണ്‍മുന്നില്‍ യവന ലോകം സൃഷ്ടിച്ചതിനു നന്ദി

ബിന്ദു കെ പി said...

കെട്ടിടങ്ങൾക്കെല്ലാം ഒരെ മുഖഛായ അല്ലേ... പിന്നെ, ഇത്രയും ഭംഗിയുള്ള മയിലിനെ ഇതുവരെ കണ്ടിട്ടില്ലാന്നു പറഞ്ഞിട്ട് അതിനെ മുഴുവനായും ഫ്രെയിമിൽ ഉൾപ്പെടുത്താഞ്ഞതിൽ പ്രതിഷേധിക്കുന്നു.
സ്വപ്നയാത്രയുടെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

ഷബീര്‍ - തിരിച്ചിലാന്‍ said...

ഈ സ്വപനയാത്ര തുടരട്ടെ... ഞാനും കൂടെയുണ്ട്... വളരെ മനോഹരമായി വിവരിച്ചുട്ടോ.. ഫോട്ടോസും കൊള്ളാം.

Unknown said...

യാത്രികൻ..മനോഹരമായിരിക്കുന്നു. ലോകം മുഴുവൻ ചുറ്റിനടന്ന്, അതെല്ലാം ഇവിടെ കൊണ്ടുവന്ന് എഴുതി വച്ച് വെറുതെ കൊതിപ്പിക്കുകയാണല്ലെ...സ്വപ്നയാത്ര ഞങ്ങളും നന്നായി ആസ്വദിക്കുന്നുണ്ട്...ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു..ആശംസകൾ

ബിന്ദു പറഞ്ഞതുപോലെ ആ മയിലിന്റെ ചിത്രം പൂർണമായിരുന്നുവെങ്കിൽ.....

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

നന്നായിട്ടുണ്ട്. ഗ്രീസ് എനിക്കും ഒരു സ്വപ്നഭൂമിയാണ്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. :-)

Sumi said...

very nice etta...as usual! Love ur description! Wishing u many more such travels!

Sumi said...

Liked the title of ur blog as well!!

Anil cheleri kumaran said...

കുറ്റം പറയാനുണ്ട്.. പടങ്ങൾ എടുക്കുമ്പോ കുറച്ചൂടെ ശ്രദ്ധ കൊടുക്കണം. എന്തേ...

Muralee Mukundan , ബിലാത്തിപട്ടണം said...

യവനസാമ്രാജത്തിന്റെ സാഉന്ദര്യം മുഴുവൻ ഈ യവനിക ഉയർത്തിയാൽ കാണാൻ പറ്റും അല്ലേ ഭായ്.
ഉടനെ അടുത്ത ഭാഗങ്ങളൂം പോരട്ടേ സമ്പത്ത് മാന്ദ്യത്താൽ , ഇന്നലെ , മുട്ടുകുത്തിപ്പോയ ഈ രാഷ്ട്രത്തിന്റെ.

പഥികൻ said...

ഏഥൻസ് സ്വപ്നഭൂമിയാണ്..എന്നെങ്കിലും പോകണമെന്ന് ഏറെ ആശിക്കുന്ന ഒരിടം...വിവരണം നന്നായി..ബാക്കി വായിക്കാൻ കാത്തിരിക്കുന്നു
സസ്നേഹം,
പഥികൻ

Yasmin NK said...

ആശംസകളോടെ...

Typist | എഴുത്തുകാരി said...

യാത്ര തുടരട്ടെ, കൂടെയുണ്ട്.

mini//മിനി said...

യാത്ര തുടരട്ടെ,

African Mallu said...

Good writing and waiting for more..

ഒരു യാത്രികന്‍ said...

ദിവാരേട്ട: വരവിനും ആദ്യ കമന്റിനും നന്ദി.

ശ്രീ; കുറെ കാലമായല്ലോ കണ്ടിട്ട്. എവിടെ ആയിരുന്നു.

റോസാ പൂക്കള്‍: നല്ല വാക്കുകള്‍ക്ക് നന്ദി.

ബിന്ദു: ഹ..ഹ..മയിലിനിന്റെ കാര്യം പറയാതിരിക്കുകയാ ഭേദം. അവിടെ എല്ലാവരും പുട്ടുകുറ്റി ക്യാമറകള്‍ കൊണ്ട് അതിന്റെ പടം പിടിക്കുന്നുണ്ടായിരുന്നു . നമ്മുടെത് ഒരു സാദാ ക്യാമറ. ഒന്നും പോരാഞ്ഞിട്ട് ആ മയിലിന്റെ ഒരു ഗമ, ഒരു സെക്കണ്ട് അടങ്ങി നിന്നാലല്ലേ നല്ല ഫ്രെയിമില്‍ കിട്ടൂ. പീലിയൊക്കെ വിരിച്ച് എന്ത് ഗംഭീരമായിരുന്നു അതിന്റെ പ്രകടനം. നമ്മുടെ ക്യാമറ ക്ലിക്കുമ്പോള്‍ അത് ഫ്രെയിമീന്നു ചാടും.

ഷബീര്‍: നന്ദി ഷബീര്‍

ഷിബു: ഒരു പാട് സന്തോഷം. മയിലിന്റെ കാര്യം പറഞ്ഞു വല്ലോ :)

സ്വപ്ന ജാലകം: ഒരു പാട് നന്ദി. എത്രയും പെട്ടന്ന് വരാം.

സുമി:ഒരു പാട് സന്തോഷം. കേരളത്തില്‍ അല്ലാഞ്ഞിട്ടും മലയാളം നന്ടായി കൈകാര്യം ചെയ്യുന്നതില്‍ അഭിനന്ദനവും സന്തോഷവും.

കുമാര: ഇഞ്ഞി പറ കുമാര:). ദേ ഫോട്ടോയുടെ കാര്യം ഞാന്‍ പറഞ്ഞു വല്ലോ.

ബിലാത്തി: ഒരു പാട് സന്തോഷം മുരളിയേട്ട. എപ്പോഴും വരുന്നുവല്ലോ.

പഥികന്‍: പോകാന്‍ അവസരമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. നന്ദി.

മുല്ല: നന്ദി.

ടൈപ്പിസ്റ്റ്: നന്ദി.

മിനി: നന്ദി ടീച്ചറെ.

ആഫ്രിക്കന്‍ മല്ലു: സന്തോഷം. ബാക്കിയുമായി വേഗം വരാം.
...സസ്നേഹം

ആസാദ്‌ said...

സഞ്ചാരീ, ഇതൊരു ഭാഗ്യം തന്നെ ആണ്.. ഗ്രീക്കിന്റെ ഓരോ മണല്‍ തരികള്‍ക്കും എത്ര കഥകള്‍ പറയാനുണ്ടാവും.. ആ മണല്‍ തരികള്‍ ചവിട്ടി നില്‍ക്കുക എന്ന് പറഞ്ഞാല്‍ അത് ചരിത്രത്തിന്റെ നാഴികക്കല്ലില്‍ കൈ താങ്ങുക എന്ന പോലെ അല്ലെ?
ഇനിയും താങ്കള്‍ സഞ്ചരിക്കുക.. ഞങ്ങള്‍ക്കായി കാഴചകള്‍ കാണുക.. പോസ്റ്റുമ്പോള്‍ അറിയിക്കാന്‍ മറക്കരുത്.. ഇമെയിലില്‍ ലിങ്ക് വന്നാല്‍ വൈകിയാണെങ്കിലും അത് വായിക്കും..:)
(ക്ഷമിക്കണം കേട്ടോ.. എന്റെ തിരക്ക് കൊണ്ടാണ്.)

Kattil Abdul Nissar said...

സുഹൃത്തെ,
ആനുകാലികങ്ങളില്‍ വായിക്കുന്ന
അതെ നിലവാര ത്തില്‍ എഴുതി.
നന്നായി.ആശംസകള്‍

കാഴ്ചകളിലൂടെ said...

യാത്രികന്‍
നല്ല വിവരണം. കൂടുതല്‍ വിശേഷങ്ങലക്കായി കാത്തിരിക്കുന്നു.

ആഷിക്ക് തിരൂര്‍ said...

സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വിവരണം ...ഒപ്പിയെടുത്ത ചിത്രങ്ങള്‍ കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ല കേട്ടോ...ഒരായിരം നന്ദി സുഹൃത്തേ ...വീണ്ടും വരാം .. സസ്നേഹം ..

മനു അഥവാ മാനസി said...
This comment has been removed by the author.
RAJIL RAVINDRAN said...

Ek number .. ! :) Keep postin...

ajith said...

യാത്രയും യാത്രാവിവരണങ്ങളും ഇഷ്ടമാണ്.