Wednesday, October 2, 2013

സംഗീതത്താൽ ഒരുവൻ അനുഗ്രഹിക്കപ്പെടുമ്പോൾ

കഴിഞ്ഞ രണ്ടാഴ്ച്ച  സംഗീതത്തിന്റെ, അവിചാരിത സൌഹൃദങ്ങളുടെ അപ്രതീക്ഷിതാനുഭവങ്ങളുടെ ഒക്കെ കാലമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതലോകവും, അതിലുപരി ലോക സംഗീതലോകവും ഉറ്റുനോക്കുന്ന, മലയാളിയായ ഹിന്ദുസ്ഥാനി സംഗീതഞ്ജൻ ശ്രീ.പോളി വർഗീസ്‌ കഴിഞ്ഞ രണ്ടാഴ്ച്ചകാലം ദുബായിൽ ഉണ്ടായിരുന്നു. എനിക്ക് പോളിയേട്ടനു മായുള്ള സൌഹൃദത്തെപ്പറ്റി മുൻപ് പറഞ്ഞിട്ടുണ്ട്. മൂന്നു ദിവസം അദ്ദേഹം എന്റെ കൂടെയാണ് താമസിച്ചത്. മോഹൻവീണയുടെ മാസ്മരിക സംഗീതം അങ്ങനെ എന്റെ വീട്ടിലും നിറഞ്ഞു


പോളിയേട്ടൻ എന്റെ വീട്ടിൽ കുഞ്ഞു യാത്രികനോപ്പം 

ഈ ദിവസങ്ങൾ പോളിയേട്ടനെ കൂടുതൽഅറിയാനും അദ്ദേഹത്തിന്റെ വിശാലമായ അനുഭവങ്ങളെയും ചിന്തകളെയും അടുത്തറിയാനും അവസരം തന്നു. ക്ലാസിക്കൽ സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പോളിയേട്ടന് സംഗീതത്തിന്റെ കാര്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയും സാധ്യമല്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ " ഇന്ത്യൻ സംഗീതമെന്നാൽ സിനിമാപാട്ടുകൾ ആണെന്ന ധാരണയാണ് ആദ്യം മാറേണ്ടത് ". ഈ സന്ദേശം ഏതവസരത്തിലും കേൾവിക്കാരനിൽ എത്തിക്കാൻ, ഒരു പക്ഷെ അദ്ദേഹത്തെ അടുത്തറിയാത്തവർക്ക് ഒരു അഹങ്കാരിയുടെത് എന്നുപോലും തോന്നിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്താൻ പോളിയേട്ടന് മടിയില്ല. അതിന്  അദ്ദേഹത്തിന് വ്യക്തമായ വിശദീകരണവും ഉണ്ട്. " ഞാൻ ആരുടേയും പാദസേവ ചെയ്തിട്ടല്ല ഒരു ഹിന്ദുസ്ഥാനി സംഗീതഞ്ജൻ ആയത്, അതുകൊണ്ട് തന്നെ എനിക്കാരെയും സുഖിപ്പിക്കേണ്ടതില്ല". നമ്മിൽ പലർക്കും അവിശ്വസനീയം എന്ന് തോന്നിക്കുന്ന അനുഭവങ്ങളിലൂടെയാണ്‌ പോളിയെട്ടന്റെ സംഗീതത്തെ തേടിയുള്ള യാത്രകൾ. ആ അനുഭവ ബാഹുല്യം അതുതന്നെയാണ് അദ്ദേഹത്തിന്റെ കരുത്തും എന്നാണ് എനിക്ക് തോന്നിയത്. തെളിഞ്ഞ ചിന്ത, വ്യക്തമായ രാഷ്ട്രീയ നിലപാട്, അതെവിടെയും തുറന്ന് പറയാൻ അദ്ദേഹത്തിന് മടിയില്ല. പോളിയേട്ടൻ പറഞ്ഞതുപോലെ ആരെയും സുഖിപ്പിക്കുക എന്നത് ലക്ഷ്യമല്ലാത്തിടത്തോളം നിലപാടുകൾ വ്യക്തമാക്കാൻ എന്തിനു ഭയക്കണം? ഒരു നാസ്തികൻ എന്ന ഐഡന്റിറ്റി അദ്ദേഹം അഭിമാനപൂർവം തന്നെ കൊണ്ടുനടക്കുന്നു.

ഞങ്ങളുടെ കുടുംബാംഗങ്ങൾകായി മോഹനവീണ വായിച്ചതടക്കം പലതവണ ആ മോഹന സംഗീതം ആസ്വദിക്കാൻ ഇക്കുറി കഴിഞ്ഞു. ആ കുടുംബ സദസ്സിൽ വച്ച് ഞാൻ വരച്ചു കാത്തു വച്ചിരുന്ന ചിത്രത്തിൽ പോളിയേട്ടൻ കയ്യൊപ്പ് ചാർത്തി, അത് മറ്റൊരു അപ്രതീക്ഷിത സന്തോഷമായി. എന്നെങ്കിലും ആ ചിത്രത്തിൽ ഒപ്പ്  വാങ്ങും എന്ന് ഉറപ്പായിരുന്നു, എന്നാൽ അത്  ഇത്ര പെട്ടെന്ന് പ്രാപ്യമാകും എന്നുകരുതിയില്ല.

പോളിയേട്ടൻ ഒപ്പിട്ട ഞാൻ വരച്ച ചിത്രം 

അങ്ങനെ എന്റെ വീട്ടിൽ താമസിച്ച ഒരു ദിവസമാണ് ജൈസണ്‍ കാർട്ടർനെപ്പറ്റി പോളിയേട്ടൻ പറയുന്നത്. ലോക പ്രശസ്ഥനായ ഹാർപ് ഗിത്താറിസ്റ്റ്  ജൈസണ്‍ ദുബായിൽ ഉണ്ടെന്നും അദ്ദേഹത്തിന് പോളിയേട്ടനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെന്നും പോളിയെട്ടൻ പറഞ്ഞപ്പോൾ അവിടേക്ക് കൊണ്ടുപോവുന്ന കാര്യം ഞാൻ ഏറ്റെന്ന് വാക്ക് കൊടുത്തു. മറ്റാരോടും കൊണ്ടുപോവാൻ പറയണ്ട എന്ന് ഞാൻ പ്രത്യേകം പറഞ്ഞു. മറ്റൊന്നുമല്ല ആ കൂടിക്കാഴ്ചയ്ക് സാക്ഷിയാവുക എന്ന എന്റെ സ്വാർത്ഥത തന്നെ.

Jason Carter

Two Maestros 
അങ്ങനെ ആ ദിവസത്തിനും വഴിയൊരുങ്ങി. വഴിതേടി ഇത്തിരി കറങ്ങി വൈകിയാണെങ്കിലും ഞങ്ങൾ ജൈസണ്‍ താമസിക്കുന്ന സ്ഥലത്തെത്തി. എന്നാൽ പിന്നീടുള്ള ഒന്നരമണിക്കൂറിലധികം കടന്നുപോയത് അറിഞ്ഞതേയില്ല. രണ്ടു സംഗീതഞ്ജരുടേയും ഉപകരണങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ട്. ഹാർപ് ഗിത്താറും, മോഹൻവീണയും ഗിത്താറിൽ നിന്നും ഉരുത്തിരിഞ്ഞ സംഗീതോപകരണങ്ങളാണ്. രണ്ടു പേരും ചേർന്ന് വായിച്ചുതുടങ്ങിയപ്പോൾ എനിക്ക് കിട്ടിയത് ലോകത്താദ്യാമായി ഹാർപ് ഗിത്താറും മോഹൻ വീണയും ഒരുമിച്ച്  പ്ലേ ചെയ്യുന്നതിന് സാക്ഷിയാവുക എന്ന അപൂവ്വ ഭാഗ്യവും.

അപൂർവ  നിമിഷം 

ജൈസണും പോളിയേട്ടനും 
രണ്ടു മഹാരാഥർക്കൊപ്പം യാത്രികൻ 

തീർന്നില്ല ഈ വരവിൽ പോളിയേട്ടൻ എനിക്ക് തന്ന സമ്മാനങ്ങൾ. നസീറും ജയേട്ടനും അടക്കമുളള നല്ല സുഹൃത്തുക്കളെ കൂടി സമ്മാനിച്ചാണ് പോളിയേട്ടൻ മടങ്ങിയത്. 
ഈ വരവിൽ കണ്ടവരുടെയും പരിചയപ്പെട്ടവരുടെയും മനസ്സിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം കൊണ്ട് ശൂന്യതയും ആ മോഹന സംഗീതം കൊണ്ട് മനസ്സും നിറച്ചാണ് പോളിയേട്ടൻ മടങ്ങിയത്. ശ്രീ.വിശ്വമോഹൻ ഭട്ടിനെ പോലെ, ശ്രീ. രവിശങ്കറിനെപോലെ, പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെപോലെ നാളെ ഇന്ത്യൻ സംഗീതത്തിന്റെ അംബാസിഡറായി ലോകം പോളിയേട്ടനെ കാണുന്ന കാലം വിദൂരമല്ല. അടുത്തമാസം വിയന്നയിൽ മൊസാർട്ട് ഫെസ്റ്റിവലിൽ അദ്ദേഹം ചെയുന്ന രണ്ടാമത്തെ പെർഫോർമൻസ് അതിനൊരു മുന്നോടിമാത്രം.മൊസാർട്ട് ഫെസ്റ്റിവലിൽ രണ്ട് വട്ടം പെർഫോം ചെയ്യുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ഖ്യാതിയും പോളിയേട്ടന് സ്വന്തം.  മോഹൻ വീണയുടെ മാന്ത്രിക വാദകൻ പോളിയേട്ടന്  എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.