Tuesday, September 25, 2012

ഫ്രിദാ നിന്റെ ചിത്രങ്ങളെ ഞാന്‍ കേള്‍കുകയായിരുന്നു

കഴിഞ്ഞ ജനുവരിയില്‍ ഒരു സ്വീഡന്‍ യാത്ര ഉണ്ടായിരുന്നു. ഗോഥെന്‍ബര്‍ഗിലേക്ക്‌ ആയിരുന്നു യാത്ര. എട്ടുവര്‍ഷങ്ങള്‍ക് മുന്‍പാണ് ഞാന്‍ ആദ്യമായി ഗോഥെന്‍ബര്‍ഗില്‍ പോയത്. നഗരത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. രണ്ടു ദിവസത്തേക്കുള്ള ഒഫീഷ്യല്‍ യാത്ര ആയതുകൊണ്ടും മുഴുവന്‍ സമയവും ഓഫീസില്‍ തന്നെ ചിലവഴിക്കേണ്ടി വന്നതിനാലും കറങ്ങാനോന്നും സമയമില്ല. എന്നാലും രണ്ടാം ദിവസത്തെ വൈകുന്നേരം ഫ്രീ ആയപ്പോള്‍ ഒന്ന് നടക്കാനിറങ്ങാം എന്ന് കരുതി.ഹോട്ടെലില്‍ നിന്നും ഒരു പത്ത് മിനുട്ട് നടന്നാല്‍ എത്തുന്ന ഗോഥെന്‍ബര്‍ഗ് മ്യൂസിയം ഓഫ് ആര്‍ട്ട് ആയിരുന്നു ലക്‌ഷ്യം. ജനുവരിയിലെ നല്ല്ല തണുപ്പ്. ചെറിയ കാറ്റും കൂടി ആയപ്പോള്‍ ബുദ്ധിമുട്ട് ഏറി. 

മ്യൂസിയത്തിലേക്ക് തിരിയുന്ന തെരുവിന്റെ  തുടക്കത്തില്‍ ഒരു ശില്പമുണ്ട്. ഇരുന്നൂറ്  വര്‍ഷത്തിലേറെയായി ഒരുയുദ്ധം പോലും അനുഭവിച്ചിട്ടില്ലാത്ത സ്വീഡിഷ് ജനതയ്ക്ക് തോക്ക് ചുരുട്ടിവേക്കാന്‍ മാത്രമുള്ളതാവാം.  അതോ നിരായുധീകരണത്തിനായുള്ള പ്രഖ്യാപനമോ    

ഗോഥെന്‍ബര്‍ഗ് മ്യൂസിയം ഓഫ് ആര്‍ട്ട് 

ഞാന്‍ മ്യൂസിയത്തില്‍ എത്തിയപ്പോള്‍ അവിടെ നല്ല തിരക്ക്. ടിക്കെറ്റ് എടുക്കനുള്ളവരുടെ സാമാന്യം നല്ല ക്യൂ. കൂട്ടത്തില്‍ ടീനേജ് പ്രായക്കാരും നന്നേ പ്രായം ചെന്നവരും ഉണ്ടായിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി. ഈ കടുത്ത തണുപ്പത്തും ചിത്ര പ്രദര്‍ശനം കാണാന്‍ തദ്ദേശീയര്‍ വരുന്നു എന്നത് എന്നില്‍ അത്ഭുതവും ആഹ്ലാദവും നിറച്ചു. മുംബൈയിലെ ജീവിതകാലത് ജഹാന്‍ഗീര്‍ ആര്‍ട്ട്  ഗാലറിയില്‍ പലപ്പോഴും കാണാറുള്ള ശുഷ്ക കാണികളെ ഞാന്‍ ഓര്‍ത്തു.  പ്രദര്‍ശനം ആറുമണിവരെ  മാത്രമേ ഉള്ളു. എനിക്ക് ആകെ രണ്ടു മണിക്കൂര്‍ മാത്രമാണ് കിട്ടുക.

ഇത്തരം യാദൃശ്ചിക യാത്രകള്‍ എനിക്ക് സമ്മാനിച്ചിട്ടുള്ള അത്ഭുതങ്ങള്‍ ചില്ലറയല്ല. ഇക്കുറിയും തെറ്റിയില്ല. ഗാലറിയിലെ പ്രദര്‍ശനം എന്താണെന്ന് നോക്കിയ എന്നില്‍ ഒരു ആന്തല്‍ ഉണര്‍ന്നു. എനിക്കായി കരുതിയ അത്ഭുതം അതായിരുന്നു. ഫ്രിദ കൊയ്‌ലോയുടെയും പിന്നെ അവരുടെ   ഭര്‍ത്താവായിരുന്ന ഡീഗോ റിവേരയുടെയും ചിത്രങ്ങള്‍ ആയിരുന്നു പ്രദര്‍ശനത്തില്‍. പക്ഷെ എന്നില്‍ സന്തോഷം നിറച്ചത് ഫ്രിദയുടെ ചിത്രങ്ങള്‍ കാണാന്‍ കഴിയും എന്നത് തന്നെയാണ്.

ചിത്രകലയെ  നെഞ്ചിലേറ്റിയ കാലം മുതല്‍ കലാകാരന്മാരെയും അവരുടെ സൃഷ്ടികളേയും അറിയാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്  മുന്‍പ് നെറ്റില്‍ അത്തരം ഒരു  തെരച്ചിലിനിടയില്‍  ആണ് ഞാന്‍ ഫ്രിദയുടെ ചിത്രങ്ങള്‍ കാണുന്നത്.  ആ ചിത്രങ്ങള്‍ എന്നെ ഒരു പാടാകര്ഷിച്ചു.  ഒരു വല്ലാത്ത ഇഷ്ടം തോന്നി ആ ചിത്രങ്ങളോട്.  മെക്സിക്കന്‍ ഫോക്ക്  ശൈലിയിലുള്ള ചിത്രങ്ങള്‍ കലാകാരിയുടെ നാട്ടിലെ തനതു ശൈലി അവരെ എത്ര സ്വാധീനിച്ചിരിക്കുന്നു എന്ന ചിന്തയാണ് മനസ്സില്‍ ആദ്യം ഓടിയത്. നമ്മുടെ നാട്ടിലെ ചുവര്‍ചിത്രങ്ങള്‍ സ്വാധീനം ചെലുത്തിയ സി.എന്‍.കരുണാകരന്റെ   മനോഹര ശൈലിയെ ഞാന്‍ ഓര്‍ത്തു. പക്ഷെ അതിലുപരി മറ്റൊന്നും ആ കലാകാരിയെ കുറിച്ച് അന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. അവരുടെ ചിത്രങ്ങളുടെ പിന്നിലെ  കഥകളോ  അവര്‍ ഏതു കാലഘട്ടത്തില്‍ ജീവിച്ചിരുന്നു എന്നോ എനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ ഈ പ്രദര്‍ശനം എനിക്ക് ഒരു പഠന യാത്രയായിരുന്നു. ഫ്രിയെക്കുറിച്  അവരുടെ വ്യക്തി ജീവിതത്തെ ക്കുറിച്ച് ഒക്കെ അവിടെ നിന്ന് അറിഞ്ഞപ്പോള്‍ എന്‍റെ മുന്നില്‍ അവരും അവരുടെ ചിത്രങ്ങളും ആകാശം മുട്ടെ വളര്‍ന്നു. അവരെക്കുറിച്ച് ഞാന്‍ അറിഞ്ഞ  കാര്യങ്ങള്‍  ഇവിടെ പങ്കുവെക്കാം. അവരുടെ ചിത്രങ്ങള കൂടുതല്‍ മനസ്സിലാക്കാന്‍ അത് സഹായിക്കും.

മെക്സിക്കന്‍ വിപ്ലവ കാലത്ത് കുഞ്ഞു ഫ്രിദയ്ക് വയസ്സ് മൂന്ന്. ആറാം വയസ്സില്‍ പോളിയോയുടെ വികൃതി ഫ്രിദയുടെ വലംകാല്‍ ഇടം കാലിനേക്കാള്‍  ശോഷിപ്പിച്ചു. പതിനഞ്ചാം വയസ്സില്‍ വിദ്യാര്‍ഥി ആയിരിക്കെ ഉണ്ടായ ബസ്സ് അപകടത്തില്‍ ഫ്രിദയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അതിന്റെ വേദന അവരെ ജീവിതകാലം മുഴുവന്‍ വിടാതെ പിന്തുടര്‍ന്നു. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റു. വയറ്റില്‍ തുളച്ചു കയറിയ കമ്പി ഫ്രിദയുടെ ഗര്‍ഭാശയത്തെയും തുളച്ചു. വേദനകള്‍  മറക്കാന്‍ ആയിരുന്നു ഫ്രിദ പെയിന്റു ചെയ്തു തുടങ്ങിയത്. തന്റെ പെയിന്റിങ്ങിനെക്കുറിച്ച് ഉപദേശങ്ങള്‍ തേടിയാണ് ഫ്രിദ അപ്പോഴേ പ്രശസ്ഥനായിരുന്ന ചുമര്‍ ചിത്ര കലാകാരന്‍ റിവേരയെ സമീപിക്കുന്നത്. ആ പരിചയം വിവാഹത്തില്‍ കലാശിച്ചു. വിവാഹേതര ബന്ധങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടായിരുന്നു. പത്ത് വര്‍ഷത്തിന്  ശേഷം അവരുടെ ബന്ധം വിവാഹമോചനത്തില്‍ കലാശിച്ചു . ഒരു വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും വിവാഹം കഴിച്ചു.           
ഈ വിവരങ്ങള്‍ ഒക്കെ മനസ്സില്‍ വെച്ചുവേണം ഫ്രിദയുടെ ചിത്രങ്ങള്‍ നമ്മള്‍ ആസ്വദിക്കേണ്ടത് എന്ന് തോന്നുന്നു. ഇനി നമുക്ക് ചിത്രങ്ങളിലേക്ക് പോവാം.

തന്റെ വ്യക്തി ജീവിതത്തിലെ വേദനകളാണ് മിക്ക ചിത്രങ്ങളിലെയും പ്രമേയം. അതുകൊണ്ട് തന്നെ  
ചിത്രങ്ങളിലെ പ്രധാന രൂപം ഫ്രിദ  തന്നെയാവും. സര്‍റിയലിസ്റ്റ് ശൈലിയിലുള്ള ആ പോര്‍ട്രെയിറ്റുകള്‍ തന്നെയാണ് ഫ്രിദയുടെ പെയിന്റിങ്ങുകളുടെ പ്രത്യേകതയും അവരെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയതും.  ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളുടെ ഫോട്ടോ എടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല . എന്നാല്‍ മൊബൈല്‍ ക്യാമറ ഫ്ലാഷ് ഇല്ലാതെ ഉപയോഗിക്കാന്‍ അനുവദിച്ചു. അതുകൊണ്ട് ഞാന്‍ ഒന്ന് രണ്ട്  ഫോട്ടോ മാത്രമേ എടുത്തുള്ളൂ. 

ഡിഗോ രിവേരയുടെ  ചില ചിത്രങ്ങള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും എന്റെ മനസ്സും  ചിന്തയും ഫ്രിദയുടെ ചിത്രങ്ങളെ ചുറ്റി നിന്നു. ഡീഗോയോടുള്ള സ്നേഹം ഫ്രിദയുടെ ചിത്രങ്ങളില്‍ നോക്കിയാല്‍ വ്യക്തമാവും. പ്രദര്‍ശനത്തിന്റെ ബ്രോഷറില്‍ ഉണ്ടായിരുന്ന ചിത്രമാണ്  താഴെ.

അതേ ചിത്രം ഞാന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് 

ചിത്രത്തിലെ ഫ്രിദയുടെ നെറ്റിയില്‍ കാണുന്ന ചിത്രം ഡീഗോയുടെതാണ്. ഡീഗോയ്ക് ഏറെ ഇഷ്ടമുള്ള പരമ്പരാഗത വസ്ത്രമാണ് ഫ്രിദ ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്.ഇതുപോലെ ഫ്രിദയുടെ മിക്ക ചിത്രങ്ങളിലും ഒരു അവിഭാജ്യ സാന്നിധ്യമായി ഡീഗോയെ കാണാം. ഫ്രിദയുടെ ഡീഗോയോടുള്ള ആഘാത സ്നേഹത്തിന്റെ മുദ്രകളായി അതിനെ കാണാം.      

ഇനി ഈ ചിത്രം  നോക്കു .ബസ്സപകടത്തില്‍  ഗര്‍ഭാശയത്തില്‍ തുളച്ചുകയറിയ കമ്പി നശിപ്പിച്ചത് ഫ്രിദയുടെ അമ്മയാവുക എന്ന  ആഗ്രഹം കൂടിയാണ്. ആ വേദന എത്ര തീവ്രമായാണ് അവര്‍ ഈ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. 
ചിത്രത്തിന്  കടപ്പാട് വിക്കി 

"My nurse and I" എന്ന ചിത്രം നോക്കു. അമ്മയുടെ മുലപ്പാല്‍ കുടിക്കാന്‍ ഫ്രിദയ്ക് കഴിഞ്ഞിരുന്നില്ല.  പകരം ഫ്രിദയെ  മുലയൂട്ടാനായി ഒരു സ്ത്രീയെ വെച്ചിരുന്നു.ആ ഓര്‍മ്മ വളര്‍ന്ന ഫ്രിദയ്കാണ് ആ ഓര്‍മ്മ.അതാണ്‌ കുട്ടിയുടെ ശരീരവും മുതിര്‍ന്ന ഫ്രിദയുടെ മുഖവും. തന്നെ മുലയൂട്ടാന്‍ വന്ന സ്ത്രീയുടെ മുഖം ഫ്രിദയ്ക്  ഓര്‍മയുണ്ടായിരുന്നില്ല. അതുകൊണ്ട് ശവസംസ്കാര വേളയില്‍ ഉപയോഗിക്കുന്ന  കൊളംബിയന്‍ മാസ്കിന്റെ രൂപമാണ് ആ സ്ത്രീയുടെ മുഖത്തിന്  നല്‍കിയത്.     പ്രകൃതിയില്‍ അലിയാന്‍ വെമ്പുന്ന, മെക്സിക്കന്‍ ചിത്രകലയുടെ അഥവാ തനതു ശൈലിയുടെ  സ്വാധീനം ഈ ചിത്രത്തില്‍ ഏറെ പ്രകടമായിരിക്കുന്നു. ഈ പെയിന്റിങ്ങിനെ പറ്റി ഫ്രിദ  പറഞ്ഞതിങ്ങനെ "I am in my nurse's arms, with the face of a grownup woman and the body of a little girl, while milk falls from her nipples as if from the heavens".
ചിത്രത്തിന്  കടപ്പാട് വിക്കി

"The love embrace of universe" എന്ന ചിത്രം നോക്കു.  ഇതിലെ പല ബിംബങ്ങളും മെക്സിക്കന്‍ മിത്തോളജിയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. ഭൂമിമാതവ് എന്നാ മെക്സിക്കന്‍ സങ്കല്‍പം ആണ് ഇതിന്നാധാരം.അമ്മയാവനുള്ള അവരുടെ അദമ്യമായ ആഗ്രഹാമാവണം ഒരു കൊച്ചു കുട്ടിയെ പോലെ ഡീഗോയെ ചേര്‍ത്ത് പിടിച്ചതിലൂടെ അവര്‍ പറയുന്നത്. കൂടാതെ ഡീഗോ അവര്‍ക്ക് എത്ര പ്രീയപ്പെട്ടതാണ്‌ എന്ന് കൂടി അവര്‍ പറയാന്‍ ശ്രമിച്ചതാവം.  
ചിത്രത്തിന്  കടപ്പാട് വിക്കി

അവിടെ ക്കണ്ട മറ്റൊരു ചിത്രമാണ് താഴെ"Self portrait withe necklace of thorn" . തനതു  മെക്സിക്കന്‍ ശൈലി വിളിച്ചോതുന്ന ചിത്രം. കഴുത്തില്‍ ധരിച്ചിരിക്കുന്നത് മുള്ള് കൊണ്ടുള്ള മാല യേശുവിന്റെ മുള്‍കിരീടത്തെ ഓര്‍മ്മിപ്പിക്കുന്നു. കഴുത്തില്‍ ആഴ്നിറങ്ങിയ മുള്ളുകള്‍ ഡീഗോയുമായി ബന്ധം വേര്‍പെടുത്തിയത്തില്‍ അപ്പോഴും തനിക്കുള്ള  വേദനയെ സൂചിപ്പിക്കുന്നു.ചത്ത ഹമ്മിംഗ് ബേര്‍ഡ് മെക്സിക്കോയില്‍ സ്നേഹത്തിലെ ഭാഗ്യസൂചകമാണ്‌. ആ പക്ഷിയുടെ മേല്‍ ചാടിവീഴാന്‍ ഒരുങ്ങുന്ന കരിമ്പൂച്ച നിര്ഭാഗ്യത്തിന്റെയും മരണത്തിന്റെയും പ്രതീകവും. ഇങ്ങനെ ബിംബങ്ങള്‍ നിറഞ്ഞതാണ്‌ ഫ്രിദയുടെ ചിത്രങ്ങള്‍.   
ചിത്രത്തിന്  കടപ്പാട് വിക്കി

"The wounded deer" ആയിരുന്നു മറ്റൊരു ചിത്രം. അപകടം സമ്മാനിച്ച അടക്കാനാവാത്ത തന്റെ ശാരീരിക വേദന തന്നെയാണ് ഇതിലെയും പ്രമേയം.  തനിക്ക്  സുഖം പ്രാപിക്കാന്‍  അവസരം തരും എന്ന് പ്രതീക്ഷിച്ച ശസ്ത്രക്രീയ പരാജയമായപ്പോള്‍ അവര്‍ ഏറെ നിരാശയായി.ഒരിക്കലും മാറ്റാന്‍ പറ്റാത്ത തന്റെ വിധിയില്‍ അവര്‍ ഏറെ നൊമ്പരപ്പെട്ടു.ചുറ്റും ഇടതിങ്ങി നില്‍കുന്ന മരങ്ങളിലൂടെ, തനിക്കു രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല  എന്ന ഫ്രിദയുടെ ചിന്തയാണ് പ്രകടമാവുന്നത്.
ചിത്രത്തിന്  കടപ്പാട് വിക്കി

ഹാളിനു നടുവിലെ കൊച്ച് ബഞ്ചില്‍ ഇരുന്നു ഫ്രിദയുടെ ചിത്രങ്ങളിലേക്ക് ഉറ്റുനോക്കി ഇരിക്കുമ്പോള്‍  നമുക്ക് ഏറെ പ്രീയപ്പെട്ട ആരോ നമ്മുടെ തോളില്‍ തല ചായ്ച്ചു അടക്കാനാവാത്ത തന്റെ വേദനകള്‍  വിളിച്ചുപറയും പോലെ, ഫ്രിദയുടെ  കണ്ണീരിന്റെ ചൂട് ചുമലില്‍ പടരും പോലെ. അത്ര  തീവ്രമായിരുന്നു ആ പ്രദര്‍ശനത്തിലെ ഓരോ ചിത്രവും. അതെ ഒരര്‍ത്ഥത്തില്‍ ഫ്രിദയുടെ ചിത്രങ്ങള്‍ ഞാന്‍ കാണുകയായിരുന്നില്ല കേള്‍കുകയായിരുന്നു. ഫ്രിദയുടെ പത്തോ പതിനഞ്ചോ  ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. എങ്കില്‍തന്നെയും എനിക്കത് ഒരപ്രതീക്ഷിത സമ്മാനം തന്നെയായിരുന്നു. 

തിരികെ  ഹോട്ടലിലേക്ക് നടക്കുമ്പോള്‍ എന്റെ മനസ്സ് നിറയെ ഫ്രിദയുടെ ചിത്രങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. നല്ല തണുപ്പിലും അവരുടെ വേദന നിറഞ്ഞ പെയിന്റിങ്ങുകള്‍ എന്റെ ശരീരം ചൂട് പിടിപ്പിച്ചു.  അത്ഭുതപ്പെടുത്തിയത്   ഞാന്‍ ജനിക്കുന്നതിനും ഇരുപതു  വര്‍ഷത്തിലേറെ മുന്‍പേ അവര്‍ ഈ ലോകത്തോട്‌ വിടപറഞ്ഞിരുന്നു. എന്നിട്ടും  എനിക്കേറെ പ്രീയപ്പെട്ട ഒരു കൂട്ടുകാരിയുടെ വേദനകള്‍ നിറഞ്ഞ  കവിതകള്‍ വായിക്കുംപോലെയാണ് ആ പ്രദര്‍ശനം എനിക്ക് അനുഭവവേദ്യമായത്. യാത്രകള്‍ സമ്മാനിച്ച അസുലഭ മുഹൂര്‍ത്തങ്ങളുടെ മുന്‍നിരയില്‍ ഇനിമുതല്‍ ഫ്രിദയുടെ ചിത്രങ്ങളും ഉണ്ടാവും.                

23 comments:

Unknown said...

എടോ പരമപെരും ഭാഗ്യവാനേ, അഭിനന്ദനങ്ങള്‍

Unknown said...

വിനീതിന്റെ പഴയ ഒത്തിരി പോസ്റ്റുകള്‍ വായികാനുണ്ട്.

വിനീത് ദയവ് ചെയ്ത് ചിത്രകലയില്‍ ഉപയോഗിക്കുന്ന വിവിധതരം ചിത്രകലരീതിയെപ്പറ്റി ഒന്നു വിശദീകരിക്കുമോ.

എന്നെ ആകര്‍ഷിക്കുന്നത്, റിയലിസ്റ്റിക്ക് ചിത്രങ്ങളാണ്. അബ്ട്ര്ട്രാറ്റ് ചിത്രങ്ങളില്‍ എങ്ങനെയാണ് നിങ്ങള്‍ ചിത്രകാരന്റെ ആശയം വായിച്ചെടുക്കുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഫ്രിദയുടെ ചരിത്രവും ,ചിത്രങ്ങളും
ഒപ്പം ചിത്രകലയുടെ റിയലിസ്റ്റിക് ഭാവങ്ങളും പ്രദർശിപ്പിച്ച് നാളുകൾക്ക് ശേഷം വിനീത് വീണ്ടും ഈ സ്വീഡൻ വിശേഷങ്ങളിലൂടെ ബൂലോഗരെ കോൾമയിർ കോരിത്തരിപ്പിച്ചിരിക്കുകയാണല്ലോ..

അഭിനന്ദനങ്ങൾ..കേട്ടൊ ഭായ്

പട്ടേപ്പാടം റാംജി said...

എനിക്ക് ഇത്തരം വിശേഷങ്ങള്‍ കൂടുതല്‍ ഇഷ്ടമാണ്. കണ്ടതും വായിച്ചതും പോര എന്ന തോന്നല്‍ ബാക്കി.

aboothi:അബൂതി said...

നല്ല വിവരണം..
ഇതുപോല്ലുള്ള നല്ലനല്ല പോസ്റ്റുകള്‍ ഇനിയുമിനിയം പ്രതീക്ഷിക്കുന്നു..

krishnakumar513 said...

ഫ്രിദയുടെ വേദനകള്‍ വിനീത് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരിക്കുന്നു.നല്ലൊരു പോസ്റ്റ് വിനീത്...

മണിലാല്‍ said...

ചിത്രത്തിനൊത്ത എഴുത്ത്,നന്നായി

Unknown said...

പ്രിയപ്പെട്ട യാത്രികൻ... ചിത്രകലയിൽ അല്പം താത്പര്യമൊക്കെ ഉണ്ടെങ്കിലും, പ്രശസ്തരായ ചിത്രകാരന്മാരെയും, ചിത്രകാരികളേക്കുറിച്ചുമൊന്നും ഇതുവരെ മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല.. ശ്രമിച്ചിട്ടില്ല എന്നതാവും ശരി.. ലിയാനോർഡോ ഡാവിഞ്ചിയിലോ, പിക്കാസ്സൊയിലോ മാത്രമായി ഒതുങ്ങിനിൽക്കുന്ന ചെറിയ അറിവിലേയ്ക്ക് ഒരു നല്ല ചിത്രകാരിയേക്കൂടി പരിചയപ്പെടുത്തിയതിന് ഏറെ നന്ദി.. ഒപ്പം അവരുടെ ജീവിതത്തിലെ വിവിധ അവസ്ഥകളേയും, വേദനകളേയും പൂർണ്ണമായി വായനക്കാരിലേയ്ക്ക് എത്തിയ്ക്കുവാനും സാധിച്ചിട്ടുണ്ട്.. ഒരു ചെറിയ യാത്രാവിവരണത്തേക്കാളുപരി, ധാരാളം പുതിയ അറിവുകളും പകരുന്ന ഒരു മനോഹരമായ അക്ഷരക്കൂട്ടുകൾക്കും, എഴുത്തുകാരനും ആശംസകൾ..

സ്നേഹപൂർവ്വം ഷിബു തോവാള.

ഒരു യാത്രികന്‍ said...

അരുണ്‍ : നന്ദി :)

സജു: സമയം പോലെ വായിക്കൂ. അത്തരം ഒരു വിശദീകരണം ഒരിത്തിരി വലിയ പണി തന്നെയാണ്. എന്നെങ്കിലും ശ്രമിക്കാം. അബ്സ്ട്രക്ട്ടില്‍ ഇപ്പോഴും ആശയങ്ങള്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞു എന്ന് വരില്ല.
ചിത്രകാരന്റെ ഒരു ആശയം എന്തെന്ന് പിന്നീടെങ്കിലും മനസ്സിലാക്കുന്നത് ആസ്വാദ്യത കൂടും എന്നാണ് ഞാന്‍ കരുതുന്നത്. ഒരു കവിത പോലെ ചിത്രങ്ങളും ആസ്വാദകന്റെ ഇഷ്ടം പോലെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനുള്ള സാധ്യത ഉണ്ട്.
ബിലാത്തി: ഒരു പാട് സന്തോഷം ബിലാത്തി.

രാംജി: നല്ല വാക്കുകള്ക് നന്ദി.

അബൂതി: നന്ദി. തീര്‍ച്ചയായും ശ്രമിക്കും.

കൃഷ്ണ: വരവിനും നല്ലവാക്കുകല്കും നന്ദി.

മണിലാല്‍: താങ്കളെ പോലുള്ളവരുടെ നല്ലവാക്കുകള്‍ എഴുതാനുള്ള ആവേശം കൂട്ടും :)

ഷിബു: ഇങ്ങനെ മനസ്സിനെ ഒരു പാട് സപര്‍ശിച്ച ചിത്രങ്ങളും ചിത്രകാരന്മാരും ഏറെ ഉണ്ട്. എല്ലാം എഴുതാം എന്നാ പ്രതീക്ഷയിലാണ് ഞാന്‍ . ഒരു പാട് സന്തോഷം

സസ്നേഹം

പള്ളിക്കുളം.. said...

വായിച്ചു. നന്നായിരിക്കുന്നു. [കയ്യീന്ന് കാശ് മുടക്കി കറങ്ങാൻ അയക്കുന്ന ഈ കമ്പനി ഏതാ? ഒന്നു പറഞ്ഞുതരാമോ?] :)

ഒരു യാത്രികന്‍ said...

@പള്ളിക്കുളം : വരവിനും വായനക്കും നന്ദി പള്ളി. കമ്പനി ......അതൊരു രഹസ്യമാണ് :)

Anil cheleri kumaran said...

നല്ല സുന്ദരൻ എഴുത്ത്.. ഇത് പോലെ പോകട്ട്.

വെള്ളിക്കുളങ്ങരക്കാരന്‍ said...

നല്ല വിവരണം..ഇഷ്ട്ടായി.

നാമൂസ് പെരുവള്ളൂര്‍ said...

പഠനാര്‍ഹം,
നന്ദി.

Echmukutty said...

ഒരു പ്രാവശ്യം വായിച്ചാല്‍ പശുക്കുട്ടിക്ക് വിവരം വെക്കില്ല. ഈ പോസ്റ്റ് കൂടുതല്‍ പ്രാവശ്യം വായിച്ച് പഠിക്കട്ടെ....

The Cricket Enthusiast said...

the lover of conflicting passions, a soothing drowsiness, enshrouded in a series of impertinent disarrays, goddamn..she was a marvel

binithadivya said...

ഹൃദയ സ്പര്‍ശിയായിട്ടോ വിവരണം...
ജീവിതത്തില്‍ ആദ്യമായി കേട്ട പേര് ഫ്രിദ......., പക്ഷേ ,പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ആ വേദനയ്ക്ക് മുന്‍പില്‍.................
യാത്രികന് ആശംസകള്‍...

RAJESH REMANAN said...

ഒത്തിരി ഇഷ്ടമായി.....

ഗൗരിനാഥന്‍ said...

എനിക്ക് കരച്ചില്‍ കാരണം എഴുതാന്‍ പറ്റുന്നില്ല, പല ചിത്രങ്ങളും, പ്രത്യേകിച്ച് അമ്മയാകാന്‍ കഴിയാതെ പോയതിനെ വരച്ചത്, യാത്രികന്റെ വിവരണവും കൂടിയായപ്പോള്‍ ഫ്രിദ മൃദുവായി എന്റെ തോളില്‍ ചാഞ്ഞ് സങ്കടം പറയുന്നു എന്നു തന്നെ തോന്നിപ്പോയി, ജീവിതത്തില്‍ ആദ്യമായാണ് ഒരു പെയിന്റിങ്ങിനെ കുറിച്ച് വായിചു കണ്ണു നിറയുന്നതു, ഒത്തിരി നന്ദിയുണ്ട്, നല്ലെഴുത്ത്,

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തീര്‍ച്ചയായും ഒരു പാട് പുതിയ അറിവുകള്‍ നല്‍കുന്ന പോസ്റ്റ്‌ !!
അഭിനന്ദനങ്ങള്‍

ഒരു യാത്രികന്‍ said...

കുമാരന്‍: സന്തോഷം. ഇനിയും മറക്കാതെ വരണം
വെള്ളിക്കുലങ്ങരക്കാരന്‍: എനിക്കും സന്തോഷം.
നാമൂസ് : വരവിനു നന്ദി :)
എച്ചുമു: ബ്ലോഗിന്റെ പ്രീയ കഥാകാരി വന്നതില്‍ സന്തോഷം :)
the tramp: yes she was. thank you very much
ബിനിത: നല്ലവാക്കുകള്‍ക് ഒരു പാട് നന്ദി :)
രാജേഷ്‌: ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം
ഗൌരീ നാഥന്‍: ഈ കുഞ്ഞു കുറിപ്പ് അത്രമേല്‍ സ്പര്‍ശിച്ചു എന്നറിയുമ്പോള്‍ വളരെ സന്തോഷം. ഇനിയും വരണം
ഇസ്മായില്‍ : നന്ദി ഇസ്മായില്‍. :)
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി

ഭാനു കളരിക്കല്‍ said...

ചിത്ര കലയിലൂടെ ഉള്ള യാത്ര ഹൃദ്യം.

raghuvaran.n said...

yaathra pokunnavar orupaadundu.ee yathrikan thande anuhavangale malayaalikaludethu koodi aaki maattunnu... thanikku labhikkunna saubhaagyam mattullavarkkukoodi pankuvekkunna yaathrikane vaanolam pukazthunnu... ende naatilninnu itharam oru yaathrikan ulla vivaram ariyaan vaikiyathil enikku lajjaa thonnunnu. Yathrikane parichayappeduthiya Rajeshnum nanni.