നല്ല തണുപ്പുണ്ടായിരുന്നു എങ്കിലും രാവിലെ 6.15നു തന്നെ ഞാന്‍ ഹോട്ടെലില്‍ നിന്ന് ഇറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു. ട്രെയിനിനു ഇവിടെ Rente എന്ന് പറയും. നടത്തം തുടങ്ങിയപ്പോഴാണ് തണുപ്പിന്റെ കാഠിന്യം മനസ്സിലായത്. റോണ്ടയില്‍ തണുപ്പ് കൂടുതലായിരുന്നു താനും. കഷ്ടകാലത്തിന് ഞാന്‍ ഗ്ലൌസ് എടുത്തിരുന്നില്ല.വഴിയില്‍ പലയിടത്തും നല്ല മൂടല്‍ മഞ്ഞ്.മനോഹരങ്ങളായ പുല്മേടുകളിലൂടെ മരങ്ങള്കിടയിലൂടെ മലകള്കിടയിലൂടെ ട്രെയിന്‍ കടന്നുപോയി. യാത്രക്കിടയിലെ ഒരു ദ്രിശ്യാനുഭവം തന്ന അവാച്യമായ അനുഭൂതി ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. എന്റെ പരിമിതമായ ഭാഷ അത് പൂര്‍ണ്ണമായി എഴുതി ഫലിപ്പിക്കാന്‍ അപര്യാപ്തമാണ്.
യാത്രക്കിടയില്‍ നിര്‍ത്തിയ ഒരു സ്റ്റേഷന്, അത് ഒരു ഹോളിവൂഡ് സെറ്റിനെ അനുസ്മരിപ്പിച്ചു. തികച്ചും പഴയ മാത്രികയിലുള്ള ഒരു കൊച്ചു സ്റ്റേഷന്. മല ഇടിച്ചു നിര്‍മിച്ച പാതയാവണം, മരത്തിന്റെ മേല്‍ക്കൂരയും മരത്തൂണുകളും ഉള്ള സ്റ്റേഷന്‍ന്റെ തൊട്ടുപുറകില്‍ തന്നെ മല. കുറ്റിചെടികളും കുഞ്ഞുമരങ്ങളും നിറയെ ഉണ്ട് മലയില്‍. മരങ്ങള്‍ ശൈത്യ കാലത്തിന്റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന നിറച്ചാര്‍ത്ത് അണിഞ്ഞിരിക്കുന്നു. കാലത്തിന്റെ കയ്യൊപ്പുപോലെ ഭിത്തിയില്‍ ഒരു പഴയ ഘടികാരം. ആരെയോ കാത്തെന്നവണ്ണം സ്റ്റേഷന് ന്റെ രണ്ടറ്റത്തും മഞ്ഞ് വീണു കുതിര്‍ന്ന മരത്തിന്റെ ചാരുബെഞ്ച്.സ്റ്റേഷന്‍ന്റെ അതിരെന്ന വണ്ണം ബെഞ്ച്കള്കുമപ്പുറം പഴയ മാത്രികയിലുള്ള വിളക്കുകാല്. ബെഞ്ച്കള്കിടയില് നടുവിലായി നിറയെ ഇല കാണാത്തവണ്ണം കായ്ച്ചുനില്കുന്ന ഓറഞ്ചു മരം. ഈ കാഴ്ച്ചയെ മുഴുവന്‍ ഒരു നേര്‍ത്ത വെളുത്ത പട്ടു പുതച്ചെന്നപോലെ മഞ്ഞ്. മഞ്ഞിലൂടെ പുറത്തേക്കെത്തിനോക്കുന്ന മഞ്ഞ വെളിച്ചം വിളക്കുകാലിന് മുകളില്‍ ഒരു പ്രഭാവലയം തീര്‍ത്തു. ബെഞ്ചിലെ മഞ്ഞിലും പഴുത്തു തുടുത്ത ഓറഞ്ചിലും ചിതറിവീണ വെളിച്ചപ്പൊട്ടുകള്‍.....തികച്ചും കാല്പനികമായ അന്തരീക്ഷം....ഒരു പെയിന്റിംഗ് പോലെ. ഇതെഴുതുമ്പോഴും ആ ഓര്‍മയില്‍ മനസ്സുകുളിര്‍ക്കുന്നു.
8.45ഓടെ റോണ്ടയില്‍ എത്തി. സമയമിത്രയായിട്ടും സൂര്യന് പുറത്ത് വരാതെ മടിച്ചുനിന്നു.റോണ്ട സ്റ്റേഷനില്‍ ഇരുന്ന് രണ്ടു ചൂടുകാപ്പി കുടിച്ചിട്ടും തണുപ്പ് മാറിയില്ല. കോഫി ഷോപ്പില്‍ അധികമാരും ഉണ്ടായിരുന്നില്ല. അപ്പോഴവിടെ എത്തിയ ഒരാളോടു ഞാന്‍ ബുള്‍ ഫൈറ്റ് റിങ്ങിലേക്കുള്ള വഴി ചോദിച്ചു. സംസരിച്ചുതുടങ്ങിയപ്പോഴാണ് ഞാന്‍ അയാളെ ശ്രദ്ധിച്ചത്. മെലിഞ്ഞു നീണ്ടു താടി വളര്‍ത്തി കണ്ണുകളില്‍ ഒട്ടും സൌഹൃദം സ്ഫുരിക്കാത്ത രൂപം. അടുത്തകാലത്തൊന്നും വെള്ളം കണ്ട ലക്ഷണവും തോന്നിയില്ല. ധരിച്ച ഷര്‍ട്ടിലും പാന്റ്സിലും ഷൂസിലും നിറയെ പെയിന്റ് പുരണ്ടിരിക്കുന്നു. എന്റെ ചോദ്യം അയാള്‍ക്ക് മനസ്സിലായ ലക്ഷണം കണ്ടില്ല. ചോദിയ്ക്കാന്‍ മറ്റാരെയും കാണാത്തത് കാരണം ഞാന്‍ മാപ്പിലെ ബുള്‍ ഫൈറ്റ് റിങ്ങിന്റെ ചിത്രം കാണിച്ചു. ഇക്കുറി അയാളുടെ കണ്ണില്‍ ഒരു ചിരി വിടര്‍ന്നു. വലിച്ചിരുന്ന സിഗരറ്റ് രണ്ടു വട്ടം ആഞ്ഞു വലിച്ചു നിലത്തിട്ടു.കൂടെ ചെല്ലാന്‍ ആംഗ്യം കാണിച്ചു. അയാളുടെ പിക്കപ്പിന്റെ അടുത്തെക്കാണ് എന്നെ കൊണ്ടുപോയത്. വണ്ടിയുടെ പുറകില്‍ നിറയെ പെയിന്റ് ബ്രഷുകളും പെയിന്റ് പാട്ടകളും. ഓ അപ്പോള്‍ രാവിലെ പണിക്കിരങ്ങിയതാണ് കക്ഷി.വണ്ടിയില്‍ കയറാന്‍ വീണ്ടും ആംഗ്യം.ഡോര്‍ തുറന്നപ്പോള്‍ ശരിയായ ആഷ്ട്രേയുറെ മണം.രണ്ടും കല്പിച്ചു കയറിയിരുന്നു.വണ്ടിയിലെ കപ്പ് ഹോള്‍ഡര്‍ നിറയെ ചാരവും സിഗരറ്റ് കുറ്റിയും.വണ്ടി വിട്ടു. വിജനമായ വഴി. ഒരല്പം അസ്വസ്ഥത തോന്നാതിരുന്നില്ല. അധികം ഓടിയില്ല വണ്ടി നിന്നു.പുറത്തിറങ്ങി അയാള്‍ വിരല്‍ ചൂണ്ടി പുഞ്ചിരിച്ചു. അയാള്‍ ചൂണ്ടിയ ദിശയില്‍ അധികം ദൂരത്തല്ലാതെ ബുള്‍ ഫൈറ്റ് റിംഗ്. നല്ല മനുഷ്യന്. ഞാന്‍ അയാള്‍ക്ക് നന്ദി പറഞ്ഞ് പേഴ്സ് തുറന്നു.പണം വാങ്ങാന്‍ അയാള്‍ തയ്യാറായില്ല.എന്തോപറഞ്ഞു ചിരിച്ചുകൊണ്ട് വണ്ടിയില്‍ കയറി.എനിക്ക് നല്ല ദിവസം ആശംസിച്ചതാവം.ഞാന്‍ അയാള്‍ക്ക് കൈ വീശി യാത്രപറഞ്ഞു.
സമയം 9.45 ആയി. തണുപ്പ് അതിന്റെ ഉച്ചകോടിയില്‍ എത്തിയത് പോലെ തോന്നി. കൈവിരലുകള്‍ വേദനിച്ചുതുടങ്ങി. ഇനിയും പതിനഞ്ചു മിനിട്ടുണ്ട് റിംഗ് തുറക്കാന്‍. ചുറ്റിനുമുള്ള പാര്കില് ഒന്ന് കറങ്ങി.അവിടെയാണ് ആ വലിയ കൊക്ക. ഒരു മല നെടുകെ പിളര്ന്നതുപോലെആണത്.അതിനുകുറുകെ ഒരു പാലവുമുണ്ട്. ആ പാലം പുതിയതാണത്രേ . പഴയ പാലം ഒരിത്തിരി ദൂരെ കാണാം. 300m ല്‍ അധികം താഴ്ച തോന്നി ആ കിടങ്ങിനു.അതിനു കുറുകെ താഴെ നിന്നും കെട്ടിപൊക്കിയ ആര്‍ച്ചും ബാല്കണിയും ഒക്കെയായി അതിമനോഹരമായ രീതിയിലാണത്തിന്റെ നിര്‍മ്മിതി. പാലത്തിന്റെ മുകളില്‍ നിന്ന് ഇരുവശത്തും താഴോട്ടുള്ള കാഴ്ച ഒരു ഭീതിജനകമായ സൌന്ദര്യം തന്നെയാണ്. കൌതുകകരമായ കാര്യം ബുള്‍ ഫൈറ്റ് റിങ്ങില്‍ നിന്നും ഈ പലത്തിലേക്കുള്ള വഴിക്ക് ഒരു പേരുണ്ട്. എന്തെന്നല്ലേ " Hemingway". അതെ മഹാനായ ആ എഴുത്തുകാരെന്റെ പേരില്‍ത്തന്നെയാണ് ആ വഴി. ഹെമിംഗ് വെയ്ക് കാളപ്പോരില്‍ ഉണ്ടായിരുന്ന താല്പര്യം, പ്രശസ്തനായ ഒരു കാളപ്പോരുകാരനുമായുള്ള സൗഹൃദം ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം വഴിക്ക് ആ പേരിടാന്‍ കാരണമായത്. പത്തുമണിക്ക് തന്നെ റിംഗ് തുറന്നു . ടിക്കറ്റ് എടുത്ത് ഞാനും അകത്ത് കടന്നു. 60m ഓളം വലുപ്പമുള്ള വലിയ റിംഗ്.സ്പെയിനിലെ ഏറ്റവും പുരാതനമായ റിങ്ങാണ്ത്രേ അത്. റിങ്ങിനോടു ചേര്‍ന്ന് ഒരു മ്യുസിയം ഉണ്ട്. പഴയകാലത്ത് കാളപ്പോരില്‍ ഉപയോഗിച്ചുരുന്ന സാധനങ്ങളും ആയുധങ്ങളും, പ്രശസ്തരായ പോരാളികള്‍ ഉപയോഗിച്ച വസ്ത്രങ്ങളും, ചില ചിത്രങ്ങളും ഒക്കെ സൂക്ഷിച്ചിരിക്കുന്നു. പക്ഷെ ഒരു കാഴ്ച എന്നെ ഒരിത്തിരി നൊമ്പരപ്പെടുത്തി. പോരാട്ടത്തില്‍ കൊല്ലപ്പെട്ട കാളകളുടെ തലകള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു അവിടെ. അവയുടെ കണ്ണുകള്‍ തുറിച്ചു നോക്കുന്നതുപോലെ തോന്നി. ഇടയ്കിടെ പണിമുടക്കിയിരുന്ന എന്റെ ഹാന്റികാം ബുള്‍ ഫൈറ്റ് റിംഗ് കണ്ടിറങ്ങിയതോടെ പൂര്‍ണമായും പണിമുടക്കി.
പിന്നീട് Peinado എന്ന പ്രശസ്ഥ ചിത്രകാരെന്റെ പേരിലുള്ള മ്യുസിയത്തിലെക്കാണ് പോയത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പല ഫോട്ടോകളും പിന്നെ അദ്ദേഹത്തിന്റെ തന്നെ സൃഷ്ടികളുമാണ് അവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്.പികാസോയുടെ Cubisam ശൈലിയാണ് അദ്ദേഹം പിന്തുടര്ന്നത് എന്ന് തോന്നി. nude work കളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. പലതും മുഗള്‍ ശൈലിയില്‍ കാമസൂത്രയ്ക് വേണ്ടി വരച്ചിട്ടുള്ള ചിത്രങ്ങളെ അനുസ്മരിപ്പിച്ചു.
ഇനി മഡോണയുടെ ചര്‍ച്ചിലേക്ക്. വളരെയേറെ പഴക്കം ചെന്നതാണ് ആ ചര്‍ച്ച് . ഞാന്‍ മനസ്സിലാക്കിയത് ശരിയാണെങ്കില്‍ മുന്പവിടെ ഒരു മുസ്ലീം പള്ളി ആയിരുന്നു. പിന്നീട് അത് പൊളിച്ചു ചര്‍ച്ച് ആക്കുകയായിരുന്നു. അധിനിവേശത്തിന്റെ പഴയ കഥകള്‍. അവിടെ വച്ച് ഞാന്‍ ഒരു ചെറിയ സംഘത്തെ പരിചയപ്പെട്ടു. ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു ചെറു സംഘം. അവരുടെ ഗൈഡ്നോട് പള്ളിയില്‍ കണ്ട അതിമനോഹരങ്ങളായ ദാരു ശില്പങ്ങള് ഏതു മരത്തിലാണ് ചെയ്തിരിക്കുന്നത് എന്ന് ചോദിച്ചതാണ് പരിചയപ്പെടാന്‍ കാരണം. Red Pine എന്ന മരമാണത്രെ അത്. അമേരിക്കയില്‍ നിന്നാണ് പോലും ഇതിനാവശ്യമായ മരം കൊണ്ടുവന്നത്. അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മധ്യവയസ്കയും കുലീനത്വം നിറഞ്ഞ മുഖവുമുള്ള ഒരു സ്ത്രീ(Maggy) അവരുടെ കൂടെ കൂടാന്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ഒരു നിമിഷം മടിച്ച് മുന്‍പൊരിക്കല്‍ റോമിന്റെ പ്രവശ്യയായ പലെര്മോയില് വച്ച് എനിക്കുണ്ടായ ദുരനുഭവം പറഞ്ഞു. "പലെര്‍മോ പള്ളിക്കുമുന്പില് ഒരു സംഘത്തോട് ഗൈഡ് സംസാരിക്കുന്നതു ശ്രദ്ധിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ആ ഗൈഡ് എന്നോട് പറഞ്ഞു "you can not stand there and listen to me. This is a paid guide tour" മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ പറ്റാത്തത് കാരണം പലപ്പോഴും എനിക്ക് ഗൈഡ് ടൂറിന്റെ ഭാഗമാവാന്‍ കഴിയാറില്ല. അതുകൊണ്ടാണ് ആ സ്ത്രീയുടെ വിവരണം കേള്കാന് ഞാന്‍ നിന്നത്. നാണക്കേടും സങ്കടവും ഒക്കെ തോന്നി അന്നത് കേട്ടപ്പോള്‍". ഈ കാര്യം ഞാന്‍ മാഗിയോടു പറഞ്ഞു. ആ നല്ല സ്ത്രീ അപ്പോള്‍ തന്നെ അവരുടെ ഗൈഡ്നോട് ചോദിച്ചു " hi Geraldo you dont mind this young man hearing what you are saying, do you??" ആ ഗൈഡ് സന്തോഷപൂര്‍വ്വം എന്നോടു അവരുടെ കൂടെ കൂടാന്‍ പറഞ്ഞു. അത് വലിയ ഉപകാരമായി. ആ ഗൈഡ് വളരെ നല്ല മനുഷ്യനും എല്ലാ വിവരങ്ങളും കൃത്യമായി അറിയുന്ന ആളും ആയിരുന്നു. പിന്നീടുള്ള കറക്കം അവരുടെ കൂടെ ആയിരുന്നു. മാഗിക്ക് ഉയരത്തെ പേടിയായാണ്. ഒരുപാടു നിര്‍ബന്ധിച്ചപ്പോഴാണ് ഹെമിംഗ് വെയിലൂടെ നടക്കാനും വളരെ ഉയരത്തിലുള്ള ആ പാലത്തില്‍ കയറാനും അവര്‍ തയ്യാറായത്. പാലം കടക്കുന്നത് വരെയും അവര്‍ എന്റെ കയ്യില്‍ ഒരു കൊച്ചുകുട്ടിയെ പോലെ ഇറുകെ പിടിച്ചിരുന്നു. ഒരിക്കല്‍ പോലും താഴോട്ടു നോക്കാന്‍ അവര്‍ തയ്യാറായില്ല. അവിടെനിന്നു ഞങ്ങള്‍ നേരെ പോയത് Don bosco house ലേക്കാണ്. സൈന്റ്റ് ഡോണ്‍ ബോസ്കയുടെ പേരാണതിനു നല്‍കിയിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പണിതീര്‍ത്ത ആ വീട് പ്രശസ്തമായ ഗ്രാനട കുടുംബത്തിന്റെതായിരുന്നു. പിന്നീട് രോഗികളും പ്രായമായവരുമായ പുരോഹിതരുടെ ശുസ്രൂഷക്കായി പള്ളിക്ക് വിട്ടുകൊടുക്കുകയായിരുന്നു. റോസസ് എന്ന ചിത്രകാരെന്റെ 200 ല്‍ അധികം വര്‍ഷം പഴക്കം ചെന്ന റിയലിസ്റ്റിക് ശൈലിയിലുള്ള പയിന്റിങ്ങുകള്‍ അവിടെ കണ്ടു. അവ നന്നായി സൂക്ഷിച്ചതായി എനിക്ക് തോന്നിയില്ല. ഇവടെ നിന്ന് പാലത്തിന്റെയും താഴവരയുടെയും കാഴ്ച അവര്‍ണ്ണനീയമായ ഒരു ദ്രിശ്യവിസ്മയം തന്നെയാണ്.
ഇപ്പോള്‍ ഒരു ഹോട്ടെല്‍ ആക്കി മാറ്റിയിട്ടുള്ള ഒരു പഴയ വീട്ടിലേക്കാണ് പിന്നീട് പോയത്. അതിമനോഹരമായ interior. മരത്തില്‍ തീര്‍ത്തിരിക്കുന്ന അതിസുന്ദരമായ സാധന സാമഗ്രികള്‍ ആരുടെയും മനം കവരും. റോണ്ടയുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തെരുവിലെക്കാണ് പിന്നീട് പോയത്. അവിടെ സുവനീര്‍ ഷോപ്പുകളില്‍ ധാരാളമായി കണ്ട രണ്ടു പ്രതിമകള്‍ എന്നില്‍ കൌതുകമുണര്‍ത്തി. കടക്കാരനോട് ഞാന്‍ ചോദിച്ചു "ഇത് പിനോഖ്യയും ഡോണ്‍ ക്വിസോട്ടുമല്ലേ ?" കടക്കാരന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. " അതെ, ഈ കഥാപാത്രങ്ങള്‍ ജനിച്ചത് സ്പെയിനിലാണ്". അതെനിക്ക് ഒരു പുതിയ അറിവായിരുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകങ്ങള്‍ കുഞ്ഞു നാളില്‍ ഒറ്റയിരിപ്പിനു വയിച്ചുതീര്ത്തത് ഇന്നുമോര്‍ക്കുന്നു. അന്നത്തെ മുഖചിത്രത്ത്തിന്റെ ഓര്‍മ്മ തന്നെയാണ് ആ കുഞ്ഞുപ്രതിമകളെ തിരിച്ചറിയാന്‍ എന്നെ സഹായിച്ചത്. ചില സുവനീറുകള്‍ ഞാനും വാങ്ങി.
അവിടെ വച്ച് മാഗിയോടും ഗൈഡ്നോടും ഞാന്‍ വിട പറഞ്ഞു. അവര്‍ എന്നോടു താജ് മഹലിനെപറ്റി ചോദിച്ചു. സ്കൂള്‍ കാലഘട്ടത്തില്‍ കണ്ട താജ് മഹലിനെപറ്റിയും പിന്നെ ഇന്ത്യയെപ്പറ്റിയും കേരളത്തെപ്പറ്റിയും ഒരു ചെറിയ വിവരണം ഞാന്‍ അവര്‍ക്ക് കൊടുത്തു.Gods own country കാണാന്‍ അവരെ ക്ഷണിക്കുകയും ചെയ്തു.
ഇനിമടക്കയാത്ര...നാളെ രാവിലെ 4.30നു ഹോട്ടല്‍ വിടും. മലാഗയില്‍ നിന്നാണ് ഫ്ലൈറ്റ്. മലാഗയില്‍ നിന്നു ബാര്‍സിലോണ അവടെ നിന്ന് ആംസ്റ്റര്‍ഡാം.........ഇനി ഹോളണ്ട് വിശേഷങ്ങള്‍ മറ്റൊരിക്കല്‍
Wednesday, January 6, 2010
Subscribe to:
Post Comments (Atom)
9 comments:
സ്പെയിന് !
സ്പെയിനില്‍ പട്ടിണിയായിരുന്നോ ?
കടുംകാപ്പി മാത്രമേ കഴിച്ചുള്ളോ
ഇനി എഴുത്തില്‍ തീറ്റപ്പണ്ടങ്ങള്‍ കൂടി ഉള്‍പെടുത്തണേ
ഒരിക്കല്‍ ഞാനും പോകും റോണ്ടയിലും, ബാര്‍സിലോണയിലും പിന്നെ അമ്സ്റ്റെര്ഡാമിലും!!
വിവരണം അതിമനോഹരം.
ചിത്രങ്ങളൊന്നും എടുത്തില്ലേ?
അരുണ്‍- ഹ ..ഹ..ഇനിയെഴുതാം. സത്യത്തില്‍ യാത്രക്കിടയില്‍ എന്തെങ്കിലും കഴിച്ചു ഒപ്പിക്കുക എന്നതാണു ശീലം.
വിഷ്ണു - പോകണം മാഷെ. എന്നെ പോലെ ജൊലിക്കിടയിലെ ഓട്ടപ്രദക്ഷിണമായിട്ടല്ല, തികച്ചും ഒരു സഞ്ചാരിയയിട്ടുതന്നെ പോകാന്‍ ക്കഴിയട്ടെ.
ശ്രീ- എണ്റ്റെ പഴയ യാത്രകളില്‍ ഞാന്‍ ഹാണ്റ്റി കാം ആണുപയൊഗിച്ചത്. അതില്‍ നിന്നും ഫോട്ടോ ഉണ്ടാക്കാന്‍ അദ്യം പഠിക്കണം. ഞാന്‍ ശ്രമിക്കാം.
ഒരു യത്രികാ ,താങ്കൾ ഒരു ഛായചിത്രം പോലെ റോണ്ടയിലെ സ്റ്റേഷനും,വീടും ഒക്കെ അക്ഷരങ്ങൾ കൊണ്ടും വരച്ചിട്ടുകണ്ടു...
ഈ യാത്ര വിവരണങ്ങൾ മുഴുവൻ പുസ്തകമാക്കണം കേട്ടൊ.
ഒന്നാം ഭാഗം വായിച്ചു. രണ്ടാം ഭാഗം മുതല്‍ ജര്‍മ്മനി അടക്കമുള്ള എല്ലാ പുതിയ പോസ്റ്റുകളും വായിക്കാന്‍ ബാക്കി കിടക്കുന്നു. സമയം കിട്ടുന്നതുപോലെ എല്ലാം വായിക്കുന്നതാണ്. അതിനായുള്ള സൌകര്യം കൂടെ കണക്കിലെടുത്ത് താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ ചേക്കുന്നു. വിരോധമുണ്ടാകില്ല എന്ന വിശ്വാസത്തോടെ.
സസ്നേഹം
-നിരക്ഷരന്
ബിലാത്തി:- താങ്കള്‍ വന്നതും പോയതും അറിഞ്ഞില്ല. ഒരു പാടു സന്തോഷം .
നിരുജി: എന്റെ പോസ്റ്റ്കളിലേക്കുള്ള താങ്കളുടെ ഓരോ വരവും എനിക്കേറെ വിലപ്പെട്ടതാണ്. എന്റെ ബ്ലോഗ് ലിങ്ക് നിരുജി യുടെ ബ്ലോഗില്‍ ഉണ്ടാവുക എന്നതില്‍ പരം സന്തോഷം മറ്റെന്താണ്....സസ്നേഹം
vayichu mathivarunnilla
muhammed haseeb va
മനോഹരമായിരിക്കുന്നൂ. പാൽപ്പായസ്സത്തിന്റെ വർണ്ണന കേക്കുന്ന കുട്ടിയുടെ അവസ്ഥ യായിരുന്നൂ എനിയ്ക്ക്. ഒരു ഫോട്ടോ എങ്കിലും ചേർക്കാമായിരുന്നൂ.
Post a Comment