Saturday, September 11, 2010

സിങ്കപ്പൂര്‍ - മെര്‍ലയണ്‍ന്‍റെ നാട്.........ഭാഗം 1

നാട്ടില്‍ പോയി, തിരിച്ചെത്തി. 




നാട്ടില്‍  മഴ നല്ലപോലെ ആസ്വദിച്ചു.പെയ്തിറങ്ങിയ മഴ മനസ്സും ശരീരവും വേണ്ടുവോളം കുളിര്‍പ്പിച്ചു.  ഈ മഴകാണാനാണല്ലോ ഞാന്‍ നാട്ടില്‍ പോയതും. ഒരു നിമിത്തം പോലെ ചെന്നതിന്റെ അടുത്തദിവസം തന്നെ ശാന്ത ടീച്ചറുടെ "മോഹ പക്ഷികള്‍" എന്ന കവിത സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ പറ്റി. അതൊരു നല്ല അനുഭവമായി. കണ്ണൂരിലെ ചില ബ്ലോഗ്‌ പുലികളെ കാണാന്‍ പറ്റി. പിന്നീട് ലീല ടീച്ചറുടെ സി.എല്‍ .എസ് ബുക്സിന്റെ രണ്ടു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലും തുടര്‍ന്ന് നടന്ന ബ്ലോഗേര്‍സ് മീറ്റിലും പങ്കുകൊള്ളാന്‍ കഴിഞ്ഞതും ഇത്തവണത്തെ അവധിക്കാലത്തിന്റെ മാറ്റ് കൂട്ടിയ അനുഭവങ്ങളായി. 

മൌറീഷ്യസ് യാത്രയ്ക് ശേഷം സിങ്കപ്പൂര്‍ യാത്രയുമായി ഉടന്‍ വരുന്നു എന്ന് പറഞ്ഞിട്ട് ഇത്തിരി വൈകി എന്ന് തോന്നുന്നു. പക്ഷെ സത്യം, ഞാന്‍ നിരാശപ്പെടുത്തില്ല. 

ഇത് മൂന്നാം തവണയാണ് ഞാന്‍ സിങ്കപ്പൂരില്‍ പോവുന്നത്. പക്ഷെ ഈ യാത്രയില്‍ യാത്രികയും കുഞ്ഞു യാത്രികനും കൂടെ ഉണ്ടെന്ന പ്രത്യേകത ഉണ്ട്. മുന്‍പത്തെ സിങ്കപ്പൂര്‍ യാത്രകളിലെ വിശേഷം കൂടി ഞാന്‍ സാന്ദര്‍ഭികമായി ഉള്‍പെടുത്താന്‍ ശ്രമിക്കാം. 

മെയ്‌ മാസത്തില്‍ "Phontech"  എന്ന കമ്പനയുടെ സെയില്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് എനിക്ക് സിങ്കപ്പൂരില്‍ പോവേണ്ടിയിരുന്നത്. വളരെ നേരത്തെ തന്നെ അറിഞ്ഞ കാര്യമായതുകൊണ്ട് ഞാന്‍ നെറ്റില്‍ എമിറേറ്റ്സ് ഫ്ലൈറ്റ് ടിക്കറ്റ് ചാര്‍ജ് ഒന്ന് ചെക്ക്‌ ചെയ്തു. അവിശ്വസനീയമായ കുറവ്. കോണ്‍ഫറന്‍സിനു ശേഷം വരുന്നത് അവധി ദിവസങ്ങള്‍. എല്ലാം കൊണ്ടും കുടുംബത്തെ കൂടെ കൊണ്ടുപോവാന്‍ പറ്റിയ സാഹചര്യം. അങ്ങനെയാണ് ഈ യാത്ര തീരുമാനിക്കപ്പെട്ടത്‌.  എന്‍റെ എല്ലാ യാത്രകളും പോലെ ഇതും തികച്ചും യാദ്രിശ്ചികം. 

ഞങ്ങളുടെ താമസം സൌകര്യപ്പെടുത്തിയത് സിങ്കപ്പൂരിലെ പ്രധാന ആകര്‍ഷണവും ടൂറിസ്റ്റ് കേന്ദ്രവുമായ സെന്തോസ ഐലന്റ്റില്‍ ആയിരുന്നു. അവിടെ തന്നെ ആയിരുന്നു മീറ്റിങ്ങും. സത്യം പറഞ്ഞാല്‍ "രോഗി ഇഛിച്ചതും പാല് വൈദ്യന്‍ കല്പിച്ചതും പാല്" എന്ന അവസ്ഥ ആയി ഞങ്ങളുടേത്. മറ്റൊന്നുകൊണ്ടുമല്ല, സെന്തോസ ഐലന്റ്റില്‍ താമസിക്കുക എന്നത് ഇത്തിരി, അല്ല ഒത്തിരി ചിലവേറിയ കാര്യമാണ്. അതേതായാലും കമ്പനി ചിലവില്‍ നടക്കുമല്ലോ. അധികമായി താമസിക്കുന്ന ദിനങ്ങള്‍ എന്‍റെ ഒരു സുഹൃത്തിനൊപ്പം ആവാം എന്ന് തീരുമാനിച്ചു. 

അങ്ങനെ മെയ്‌ മാസത്തിലെ ഒരു ഉച്ചസമയത്ത് നീണ്ട ഏഴു മണിക്കൂര്‍ വിമാന യാത്രയ്ക് ശേഷം ഞങ്ങള്‍ സിങ്കപ്പൂരില്‍ എത്തി.  ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ പോര്‍ടുകളില്‍ ഒന്നാണ് സിങ്കപ്പൂരിലേത്. ഏതൊരു ടൂറിസ്റ്റിനെയും തിരികെ വരാന്‍ പ്രേരിപ്പിക്കുന്ന ആതിഥ്യ മര്യാദ എയര്‍പോര്‍ട്ടില്‍ വച്ചുതന്നെ ലഭിക്കും. ഒരു ടാക്സി പിടിച്ചു ഞങ്ങള്‍ സെന്തോസ  ഐലന്റ്റിലേക്ക്‌ തിരിച്ചു. എവിടെയും നിറഞ്ഞു നില്‍കുന്ന പച്ചപ്പ്‌. അത് തന്നെയാണ് സിങ്കപ്പൂര്‍ എന്ന വലിയ നഗരത്തിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. പിന്നെ വൃത്തി. അവിശ്വസനീയമാം വിധം വൃത്തിയുള്ള നഗരം. വൃത്തി ഉറപ്പു വരുത്താന്‍ ചൂയിംഗ് ഗം പോലും നിരോധിച്ച രാജ്യം. 1992 ല്‍ ആണ് സിങ്കപ്പൂരില്‍ ചുയിംഗ് ഗം നിരോധിച്ചത്.  ഞാന്‍ നമ്മുടെ നാട്ടിലെ പാന്‍ പരാഗ് തുപ്പല്‍ നിറം മാറ്റിയ ഗോവണി ചുവടുകളും ചുമരുകളും ഓര്‍ത്തുപോയി. 

Amara sanctuary resort ല്‍ ആയിരുന്നു ഞങ്ങളുടെ താമസം ഏര്‍പ്പെടുത്തിയത്. ഒരു കാടിനു നടുവില്‍ എന്ന് തോന്നും വിധമാണ് റിസോര്‍ട്ടിന്റെ നിര്‍മ്മിതി. ധാരാളം വൃക്ഷങ്ങളും, ജലധാരകളും പക്ഷി മൃഗാദികളും നിറഞ്ഞ ചുറ്റുപാട്.
 സെന്തോസ ഐലന്റ്റും   അതിന്റെ ബീച്ചുകളും സംരക്ഷിച്ചിരിക്കുന്നതും അവിടുത്തെ സന്ദര്‍ശകരെ   ആകര്‍ഷിക്കാനും ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളും  അഭിനന്ദനാര്‍ഹവും നമ്മുടെ നാടിനെ താരതമ്യപ്പെടുത്തുമ്പോള്‍ അസൂയാവഹവുമാണ്. തെറ്റിദ്ധരിക്കേണ്ട നമ്മുടെ നാടിനെ കുറച്ചു കാണിച്ചതല്ല മറിച്ച് സിങ്കപ്പൂരിനെക്കളും എത്രയോ ഇരട്ടി ടൂറിസ്റ്റു സാധ്യത ഉള്ള നമ്മുടെ നാട്ടില്‍ അത് വേണ്ടത്ര ഉപയോഗപ്പെടുത്താതില്‍ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്.  

റിസോര്‍ട് പരിസരത്തെ മയിലും കുഞ്ഞുങ്ങളും    
നാലാമത്തെ നിലയിലായിരുന്നു ഞങ്ങളുടെ മുറി. ആ നിലയില്‍ തന്നെ ഒരു നീന്തല്‍ കുളവുമുണ്ട്. അത് കണ്ടതെ കുഞ്ഞു യാത്രികന് സന്തോഷമായി എന്ന് പ്രത്യേകം പറയേണ്ടല്ലോ. നീന്തല്‍ കുളത്തോടുള്ള അവന്‍റെ ഇഷ്ടം മൌരീഷ്യസ് യാത്രയില്‍ തന്നെ നിങ്ങള്‍ അറിഞ്ഞതാണ്.   ഇന്നും തെറ്റിച്ചില്ല. ഒരല്‍പസമയത്തെ വിശ്രമത്തിനു ശേഷം ഞങ്ങള്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങാന്‍ തയ്യാറായി. നാലാം നിലയിലെ നീന്തല്‍ കുളത്തില്‍ നിന്നും ഉള്ള ദൂര കാഴ്ച അതിമനോഹരമാണ്.
നാലാം നിലയിലെ നീന്തല്‍ കുളത്തില്‍ നിന്നുള്ള ദൂരക്കാഴ്ച

നാലാം നിലയിലെ നീന്തല്‍ കുളത്തില്‍ നിന്നുള്ള മറ്റൊരു ദൂരക്കാഴ്ച!!!

 പഴയത് പോലെ അല്ല, കുഞ്ഞു യാത്രികന് ഒരിത്തിരി പേടിയുണ്ട്. അതുകൊണ്ട് ആഴം കുറഞ്ഞ കുഞ്ഞു കുളമാണ് അവനു കൂടുതല്‍ പഥ്യം. പക്ഷെ എനിക്കാണെങ്കില്‍ നീന്തുക എന്നത് ഏറെ ഇഷ്ടമുള്ള വിനോദവും. അതുകൊണ്ട് തന്നെ നിറഞ്ഞു കവിഞ്ഞ കുളം തന്നെയാണ് എനിക്കിഷ്ടം.  
കുഞ്ഞു യാത്രികനും യാത്രികയും കുഞ്ഞു കുളത്തില്‍ 

എനിക്കിഷ്ടം നീന്തിത്തുടിക്കാന്‍ തന്നെ
 വൈകുന്നേരം സാന്റി (Phontech ലെ cordinator) വിളിച്ചു. വൈകുന്നേരത്തെ Welcome Dinner ല്‍ കുടുംബസമേതം പങ്കുകൊള്ളണം എന്ന് പറയാന്‍. അത്ഭുതപ്പെടുത്തിയ ഒരു വിരുന്നായിരുന്നു അവര്‍ ഏര്‍പ്പെടുത്തിയിരുന്നത്. തായലാന്റ്റിലെ രാജ കൊട്ടാരത്തില്‍ വിരുന്നൊരുക്കുന്ന ഷെഫ് തയ്യാര്‍ ചെയ്ത മെനു ആയിരുന്നു. തികച്ചും വ്യത്യസ്ഥമായ വിഭവങ്ങള്‍. പേരുകള്‍ ഒന്നും ഓര്‍മ്മയില്ല. തുടക്കം തന്നെ ഏതോ ഒരു പച്ചില മന്റെന്തോ ചില സാമഗ്രികളുമായി തിന്നാന്‍ തന്നു. നമ്മുടെ മുറുക്കാന്‍ പോലെ. എനിക്കത് വളരെ രുചികരമായി തോന്നി. ദഹനത്തിന് നല്ലതത്രേ അത്. ഉണക്കചെമ്മീനും തേ ങ്ങാപ്പാലും അന്നത്തെ ഭക്ഷണത്തിലെ പ്രധാന ഘടകങ്ങളില്‍ ഒന്നായിരുന്നു. അഞ്ചു കോഴ്സുകളുള്ള വിഭവ സമൃദ്ധമായ ഭക്ഷണം നല്ല റെഡ് വൈനിന്റെ അകമ്പടിയോടെ കഴിച്ചുകഴിഞ്ഞപ്പോഴേക്കും ഞാന്‍ ക്ഷീണിച്ചു. 

പിറ്റേ ദിവസം ഞാന്‍ മീറ്റിംഗില്‍ പങ്കുകൊള്ളുമ്പോള്‍ യാത്രിക അവിടെ കിട്ടിയ ഒരു കൂട്ടുകാരിയുമൊപ്പം ഹോട്ടലിനു ചുറ്റുമായി പരന്നുകിടക്കുന്ന Sanctuary യിലും പിന്നെ സെന്തോസ ഐലന്റ്റിനു പുറത്ത് മെയിന്‍ ലാന്റ്റിലെ   പ്രധാന ഷോപ്പിംഗ്‌ സെന്ററില്‍ ഒന്നായ "വിവോ സിറ്റി"യിലും കറങ്ങി നടന്നു. പക്ഷെ ദുബായിലെ പടുകൂറ്റന്‍ ഷോപ്പിംഗ്‌ മാളുകള്‍ കണ്ട യാത്രികയ്ക് ഇതൊരു കുഞ്ഞു കടയായെ തോന്നിയുള്ളൂ. 
വിവോ സിറ്റി ഷോപ്പിംഗ്‌  മാള്‍  

അന്ന് വൈകിട്ട് "song of the sea" എന്ന പ്രോഗ്രാമും പിന്നെ പൂള്‍ സൈഡ് ഡിന്നറും ആയിരുന്നു ഞങ്ങള്‍കായി ഒരുക്കിയിരുന്നത്. സെന്തോസ ഐലന്റ്റിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ഇരുട്ടിയ ശേഷം  നടക്കുന്ന "song of the sea " എന്ന പ്രോഗ്രാം. സിലോസോ ബീച്ചിലാണ് നമ്മളെ അത്ഭുത സ്ഥബ്ദരാക്കുന്ന ഈ പ്രോഗ്രാം നടക്കുന്നത്. വെള്ളത്തിലേക്ക് ഇറക്കി ഉയരമുള്ള തൂണുകള്‍ക്ക് മുകളില്‍ പണിതിരിക്കുന്ന ഒട്ടേറെ കുടിലുകളാണ് വേദി. 
സോങ്ങ്‌ ഓഫ് ദി സീ യുടെ വേദി, ഇരുട്ടും മുന്‍പ്
കടലിനടിയില്‍ ഉറങ്ങുന്ന സുന്ദരിയായ രാജകുമാരിയെ പാട്ടുപാടി ഉണര്‍ത്താന്‍ ശ്രമിക്കുന്ന ലീ എന്ന ചെരുപ്പക്കരെന്റെയും കൂട്ടുകാരുടെയും കഥയാണ് ഫൗണ്ടനും, ലേസര്‍ ഷോയും, വെടിക്കെട്ടും ഇടകലരുന്ന ഷോയിലൂടെ ചുരുള്‍ നിവരുന്നത്‌. കുടിലുകള്‍ക് മുകളില്‍ ശക്തിയേറിയ വാട്ടര്‍ ജെറ്റിന്റെ സഹായത്താല്‍ ഉണ്ടാക്കുന്ന ജല ധൂളികളുടെ സ്ക്രീനില്‍ ആണ് ലേസര്‍ കൊണ്ടുള്ള മാസ്മരിക ചിത്രങ്ങള്‍ വിരിയുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം ആറുപേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. അവര്‍ ബീച്ചില്‍ സംഗീതത്തിലൂടെയും സംഭാഷനത്തിലൂടെയും നമ്മെ കഥയിലൂടെ കൈപിടിച്ചു നടത്തുന്നു.

ഷോയിലെ ചില ദ്രിശ്യങ്ങള്‍ താഴെ കാണാം




ലീ ഉണര്‍ത്തിയ രാജകുമാരി ജല ധൂളികളുടെ സ്ക്രീനില്‍ പ്രത്യക്ഷമായപ്പോള്‍

 ഒരു മികച്ച കഥയെന്നോ, മികച്ച അഭിനേതാക്കളെന്നോ ഞാന്‍ പറയില്ല. പക്ഷെ സാങ്കേതിക വിദ്യയുടെ മാസ്മരികത തീര്‍ച്ചയായും നമ്മെ പിടിച്ചിരുത്തും.  അതേ സമയം കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇതൊരു മറക്കാനാവാത്ത അനുഭവമായിരിക്കും. അതുകൊണ്ടുതന്നെ കുഞ്ഞു യാത്രികന്‍ അല്ഭുതലോകത്തെത്തിയ ആലീസിന്റെ അവസ്ഥയിലായിരുന്നു. ഇരുപത്തഞ്ചുമിനുട്ടുള്ള പരിപാടി വളരെ വേഗം തീര്‍ന്നപോലെ തോന്നും. 

അടുത്തപരിപാടി വളരെ പ്രീയപ്പെട്ടത്‌ തന്നെ. പൂള്‍ സൈഡ് ഡിന്നര്‍. രുചികരമായ തനതു സിങ്കപ്പൂര്‍ വിഭവങ്ങള്‍ യഥേഷ്ടം. കൂട്ടിനായി Henikein ബിയറും. ആനന്ദ ലബ്ദിക്കിനിയെന്തു വേണം. പരിചയപ്പെടലുകളും വിശേഷങ്ങളുമായി കുറേ സമയം.
പൂള്‍ സൈഡ് ഡിന്നര്‍
കുഞ്ഞു യാത്രികന്‍ ഉറക്കം തൂങ്ങിത്തുടങ്ങി. ഞങ്ങള്‍ എല്ലാവര്‍ക്കും നല്ല രാത്രി നേര്‍ന്ന് റൂമിലേക്ക്‌ തിരിച്ചു. 
നിങ്ങളാരും പോവല്ലേ. ഒന്നാം ദിവസം ആയതേ ഉള്ളു. ഇനിയല്ലേ വിശേഷങ്ങള്‍ തുടങ്ങുന്നത്..........തുടരും    


  

   

35 comments:

ഒരു യാത്രികന്‍ said...

ഒരു പാട്‌ വിശേഷങ്ങള്‍ ഉണ്ട് പറയാന്‍.........സസ്നേഹം

krishnakumar513 said...

തുടക്കം നന്നായി,അടുത്തത് ഉടനെ ഉണ്ടാകുമല്ലോ അല്ലേ?

പട്ടേപ്പാടം റാംജി said...

ഒന്നാം ദിവസം തന്നെ മോശമല്ലല്ലോ.
അപ്പോള്‍ പിന്നെ അടുത്ത ദിവസങ്ങളില്‍ ഒരുപാട് ഉണ്ടാകും എന്ന് ഊഹിക്കാം. എല്ലാ വിശേഷങ്ങളും പറഞ്ഞു തുടങ്ങിയത് ചിത്രങ്ങളോട് കൂടി തന്നെ നന്നായിട്ടുണ്ട്.

siya said...

സിങ്കപ്പൂര്‍ യാത്രയില്‍ അവിടെ കിട്ടുന്ന നല്ല ഫുഡ്‌ എല്ലാം ഉള്‍പ്പെടുത്തണം കേട്ടോ .ഞാന്‍ അവിടെ ആയിരുന്നപോള്‍,എല്ലാ സണ്‍‌ഡേ ഓരോന്ന് കഴിച്ച് നോക്കും . ,Duck rice ഇന്നും ഓര്‍ക്കുമ്പോള്‍ കൊതിയാവും ,വേറെ ഒന്ന്‌ lotus leaf റൈസ് .അത് ഒരു സംഭവം ആണ് .ഇലയുടെ അകത്ത് .ചോറും ,മീനും എല്ലാം കൂടി പുഴുങ്ങും . മുന്‍പില്‍ കൊണ്ട് വയ്ക്കുമ്പോള്‍ തന്നെ ഒരു മണം ആണ് .കഴിക്കാന്‍വളരെ നല്ലത് ആണ് . സിങ്കപ്പൂര്‍ , അവിടെ കിട്ടുന്ന പല തരം ഭക്ഷണം ,അതേ കുറിച്ച് ഇവിടെ എന്നും പറയും .എന്തായാലും യാത്ര തുടരട്ടെ ..

അലി said...

നല്ല വിവരണം...
തുടരട്ടെ!

ഒഴാക്കന്‍. said...

നീന്തല്‍ കുളത്തിലേക്ക്‌ ദൂര കാഴ്ചയുമായി ഇരിക്കുവാ അല്ലെ

Manikandan said...

നല്ല വിവരണം. കൊതിപ്പിക്കുന്ന വിഭവങ്ങൾ ആണല്ലൊ എല്ലാം. ലേസർ ഷോയിലെ ആ ചിത്രങ്ങൾ ശരിക്കും അൽഭുതപ്പെടുത്തി. അപ്പോൾ അത് നേരിട്ട് കാണുമ്പോഴത്തെ കാര്യമോ. യാത്രയുടെ അടുത്ത വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ബ്ലോഗ് മീറ്റികളിലൂടെ യാത്രചെയ്ത്ചെയ്ത് അവസാനം സിംഗപ്പൂരിന്റെ ഒന്നാം ഖാണ്ഡം പൂർത്തിയാക്കി ബൂലോഗരെ വീണ്ടും കൊതിപ്പിച്ചു തുടങ്ങി അല്ലേ.... ലേസർ കളികളും മറ്റും ആദ്യമായി കാണുകയാണ് കേട്ടൊ

Vayady said...

യാത്രാവിവരണം നന്നായി ആസ്വദിച്ചു. കുഞ്ഞു യാത്രികന്‍ ഭാഗ്യവാനാണ്‌. കുഞ്ഞിലെ തന്നെ എത്ര സ്ഥലങ്ങളാണ്‌ അവന്‌ കാണാന്‍ സാധിക്കുന്നത്. ലേസർ ഷോയിലെ ആ ചിത്രങ്ങൾ ഇഷ്ടമായി.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Anil cheleri kumaran said...

കാത്തിരിപ്പൂ....
കൊതിയോടെ..

അഭി said...

നല്ല വിവരണം
അടുത്ത ഭാഗങ്ങള്‍ വേഗം പോരട്ടെ

ഒരു യാത്രികന്‍ said...

കൃഷ്ണകുമാര്‍: എന്നും ആദ്യ വായനക്കാരനായി എത്തുന്നുവല്ലോ. ഒരുപാടു സന്തോഷം.

റാംജി: നന്ദി. അതേ നല്ല വിശേഷങ്ങള്‍ വരുന്നു

സിയാ: ഇക്കാര്യത്തില്‍ എനിക്ക് സിയയെ നിരാശപ്പെടുത്തെണ്ടി വരും. ഒരു പാട്‌ വിഭവങ്ങള്‍ ഒന്നും എനിക്ക് പരിചയപ്പെടുത്താന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.

അലി: നന്ദി. തുടര്‍ന്നും കൂടെ ഉണ്ടാവണം

ഒഴാക്കാന്‍: നല്ല ദൂരക്കാഴ്ച്ചകളല്ലേ??? :)

മണി: ഒരു പാട്‌ നന്ദി. മെയിലയച്ച്‌ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍ പ്രത്യേക സന്തോഷം. ഇനിയും കൂടെ ഉണ്ടാവണം

ബിലാത്തി: നന്ദി ബിലാത്തി. മറക്കാതെ വരുന്നല്ലോ...

വായാടി: നന്ദി വായാടി. പോവല്ലേ നല്ല വിശേഷങ്ങള്‍ വരുന്നുണ്ട്.

കുമാരന്‍: ഹി..ഹി..കാത്തിരിക്കൂ...കാത്തിരിക്കൂ..

അഭി: നന്ദി അഭി. എത്രയും പെട്ടെന്നുവരാം
വന്നു വായിച്ച എല്ലാവര്ക്കും ഒരുപാടു നന്ദി........സസ്നേഹം

ഒരു നുറുങ്ങ് said...

പ്രിയ വിനോദ്...
ഇന്നലെയാണ്‍ നെറ്റ് തുറന്നത്.
യാത്രികനേയും,യാത്രികയേയും
കൊച്ചുയാത്രികനേയും നേരില്‍ കണ്ടപ്പോള്‍
സിങ്കപ്പൂര്‍യാത്ര ഉടന്‍ പോസ്റ്റുമെന്ന് പറഞ്ഞെങ്കിലും
നിങ്ങടെ സന്ദേശം കിട്ടിയില്ലാ എങ്കില്‍ ഞാന്‍
ഇവിടെത്താനിനിയും വൈകിയേനെ..
ഇത്തവണത്തെ ഈദാഘോഷത്തിന്‍ നല്ലൊരു
വിഭവം തന്നെ ഈ യാത്രാവിവരണം.!
നന്നായിട്ടുണ്ട് പോട്ടംസും..എല്ലാം കൊതിയൂറും കാഴ്ചകള്‍ തന്നെ,അടുത്ത ഭാഗങ്ങളും
ഉടന്‍ പോരട്ടെ..
ആശംസകളോടെ,ഹാരൂണ്‍ക്ക.

Kalavallabhan said...

നേരിൽ കണ്ടത് ഇങ്ങനെയെങ്കിലും ഒന്നു കാട്ടിത്തരുന്നതിനു നന്ദി.

ഒരു നുറുങ്ങ് said...

പ്രിയ വിനീത്
പേര്‍ തെറ്റി..ക്ഷമീ,ഇനി തെറ്റൂല്ലാ!
തെറ്റിയത് അക്ഷരമാ..പേര്‍ തെറ്റില്ലാ.
സാരല്യാ,വിനീതാളൊരു വിനോദ
സഞ്ചാരി തന്യല്ലേ..
ഒരാശംസ കൂടി !

Jazmikkutty said...

NICE PICTURES....

Unknown said...

viniyetta, adipoli ayitundu

vijayakumarblathur said...

ലേസർ ഷോ കാണാൻ കൊതി തോന്നി...അസൂയ തുടരുന്നു,,, യാത്രക്ക് വീണ്ടും ആശംസകൾ

K@nn(())raan*خلي ولي said...

പോകുന്നിടത്തെ ചില നല്ല പാചകത്തെപ്പറ്റിയും അതിന്റെ റീസിപ്പിയും ചേര്‍ക്കൂ.. (നോക്കട്ടെ, തിന്നാന്‍ പറ്റുമോന്നു!)

ജസ്റ്റിന്‍ said...

ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത്. സൈകതത്തിലെ ലിങ്ക് കണ്ട്. വ്യത്യസ്ത യാത്രകളും അവ വിവരിച്ചിരിക്കുന്നതിലെ മേന്മയും വളരെ ഹൃദ്യമായി തോന്നി. തുടര്‍ വായനക്ക് വീണ്ടും വരാം.

ജയരാജ്‌മുരുക്കുംപുഴ said...

chithrangalum, vivaranavum assalayittundu.......... aashamsakal............

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...
This comment has been removed by the author.
Echmukutty said...

നിങ്ങളാരും പോവല്ലേന്ന്........പോണംന്ന് വിചാരിച്ചാലും പറ്റുമോ? പടങ്ങളൊക്കെ കണ്ട് കണ്ണഞ്ചി നിൽക്കുകയാണു ഞാൻ. എവിടെ പോകാനാണ് ബാക്കി വായിയ്ക്കാതെ?
വേഗം എഴുതി പോസ്റ്റ് ചെയ്യൂ.

Jishad Cronic said...

nammale ingane chummaa kothippicholutto? nannayittundu...

Anonymous said...

ഒരു യാത്ര കഴിഞ്ഞു വന്ന പ്രതീതി ഇത് വായിച്ചു തീര്‍ന്നപ്പോള്‍ ...നല്ല പടംസ് ..:)...

jyo.mds said...

നന്നായിരിക്കുന്നു-ലേസര്‍ ഷോ തിര്‍ത്ത മാസ്മരലോകം ഭംഗിയായി.അടുത്ത പൊസ്റ്റിനായി കാത്തിരിക്കുന്നു.

വീകെ said...

ദിവസം മോശമല്ല.....
ആശംസകൾ....

Jithin Raaj said...

നന്ദി

എന്റെ ബ്ലോഗ് ഒന്നു നോക്കി കമ്മന്റ് ചെയ്ത് ഫോള്ളോ ചെയ്തേക്കു

www.jithinraj.in

ഭായി said...

വായനക്കാരൻ യാത്ര ചെയ്ത പ്രതീതിയുളവാക്കുന്ന ആ രചനാശൈലിക്ക്, ഒരു കുപ്പി ഇറ്റാലിയൻ റോസ്സോ വൈൻ എന്റെ വഹ :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നേരില്‍ കണ്ടപ്പഴേ തോന്നി-ആളൊരു 'ചുറ്റിയടി 'പാര്‍ട്ടി ആണെന്ന്. വിശദമായി ബാക്കി കൂടി എഴുതുക.
ആ 'വീശുന്ന'പരിപാടി അങ്ങ് നിര്‍ത്തിയേക്കു. ഇളംകൂമ്പ് വാടിപ്പോകും.

muhammadhaneefa said...

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഇടയ്ക്ക്‌ വരച്ച ലൈഫ്‌ ചിത്രങ്ങളുമാകാം.

K.P.Sukumaran said...

പ്രിയ വിനീത് , രണ്ടാം ഭാഗത്തില്‍ നിന്നാണ് ഇവിടെ എത്തി വായിച്ചത്. എല്ലാം കൊണ്ടും മനോഹരം, വിവരണവും ഫോട്ടോകളും. നാലാം നിലയിലെ സ്വിമ്മിങ്ങ് പൂളില്‍ നിന്നുള്ള വിദുരദൃശ്യം ഫോട്ടോവില്‍ തന്നെ അപാരം. അപ്പോള്‍ നേരില്‍ കണ്ട് ആസ്വദിക്കുമ്പോഴോ ... ആരേയും അസൂയപ്പെടുത്തുന്നതാണ് യാത്രകള്‍ ചെയ്യാന്‍ വിനീതിന് ലഭിക്കുന്ന അവസരങ്ങള്‍ . എന്നാലോ പേര് അന്വര്‍ത്ഥമാകുന്ന പെരുമാറ്റവും. കൂടുതല്‍ ഒന്നും പറയുന്നില്ല, മുഖസ്തുതിയായിപ്പോകും :)

അടുത്ത ഭാഗം വായിക്കട്ടെ...

ഐക്കരപ്പടിയന്‍ said...

സിങ്കപൂരിലേക്ക് ടിക്കറ്റിനു എത്രയാ..എനിക്കിപ്പോ പോകണം..!
കൊതിപ്പിക്കുന്ന വിവരണം..!

എന്‍.ബി.സുരേഷ് said...

അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നും സുഖത്തിനായ് വരേണം എന്ന് ശ്രീനാരായണ ഗുരു പറഞ്ഞത് യാത്രപോകുന്നവരെ ഉദ്ദേശിച്ച് കൂടിയാണ് എന്ന് വേണമെങ്കിൽ പറയാം. സിംഗപ്പൂരിന്റെ ശുദ്ധ(വൃത്തി)സ്ഥലങ്ങളിൽ പോവാൻ ഒരിക്കലും പറ്റാത്ത എന്നെപ്പോലുള്ളവർക്ക് യാത്രികന്റെയൊക്കെ വായന തന്നെ ശരണം. നല്ല ചിത്രങ്ങളും എഴുത്തും.

നിരക്ഷരൻ said...

ഞാൻ ഒരുപാട് വൈകി ഈ വഴി എത്താൻ. ക്ഷമിക്കണം. രണ്ട് പ്രാവശ്യം സിങ്കപൂർ പോകാനുള്ള ഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ട്. ലേസർ ഷോ ഒരിക്കൽ നേരിട്ട് കാണാനുമായിട്ടുണ്ട്. ശരിക്കും തരിച്ചിരുന്നുപോയിട്ടുണ്ട്. പക്ഷെ അതിന്റെ ഒരു ഫോട്ടോ പോലും യാത്രികൻ എടുത്തിരിക്കുന്നതുപോലെ നന്നായിട്ടെടുക്കാൻ എനിക്കായിട്ടില്ല. വിവരണം തീർന്ന് നിൽക്കുകയാണല്ലോ ? ഞാൻ ഓരോ പോസ്റ്റായി ഓരോ ദിവസം വെച്ച് വായിച്ചോളാം :)