Tuesday, December 14, 2010

സിങ്കപ്പൂര്‍ - മെര്‍ലയണ്‍ന്‍റെ നാട്...ഭാഗം 3

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കൂ: ഒന്നാം ഭാഗം , രണ്ടാം ഭാഗം 
പിറ്റേ ദിവസം പുലര്‍ന്നത് ഞങ്ങളെ ഒരിത്തിരി ഭയപ്പെടുത്തികൊണ്ടാണ്. കുഞ്ഞു യാത്രികന് നല്ല പനി. ഞങ്ങള്‍ ഒരു ടാക്സി വിളിച്ചു ആശുപത്രിയിലേക്ക് പോയി. ഞങ്ങള്‍ ചെന്ന് കാര്യം പറഞ്ഞതെ ഞങ്ങള്‍ മൂന്നു പേരെയും അവര്‍ മാസ്ക് ധരിപ്പിച്ചു. വൃത്തിക്ക് പേരുകേട്ട സിങ്കപൂരില്‍  ആശുപത്രികളുടെ കാര്യം പ്രത്യേകം പറയണ്ടല്ലോ. പിന്നെ അകത്തു കടന്നപ്പോള്‍ പറഞ്ഞു അവിടെ കുട്ടികളെ ചികിത്സിക്കില്ലത്രേ. അതിനു കുട്ടികള്‍ക്കായുള്ള കെ. കെ. ആശുപത്രിയില്‍ പോവണമത്രേ. ടാക്സി ഡ്രൈവര്‍ അക്കാര്യം സൂചിപ്പിച്ചിരുന്നു. എന്തായാലും കുറച്ച്‌  അഭ്യര്‍ത്തിച്ചപ്പോള്‍ അവര്‍ പരിശോധിക്കാന്‍ തയ്യാറായി. ഞങ്ങളോട് അവര്‍ രോഗവിവരം ചോദിക്കയും കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്യുകയും ചെയ്തു. പിന്നീടു കമ്പ്യൂട്ടറില്‍ നിന്ന് തന്നെ തെരഞ്ഞെടുത്ത ഒരു കുത്ത് മരുന്നുകള്‍  തന്നു. തിരിച്ച്‌  റൂമില്‍ എത്തിയപ്പോഴേക്കും പനി വിട്ടിരുന്നു.  അതുകൊണ്ട് തന്നെ തന്നിരുന്ന നിരവധി മരുന്നുകളില്‍ പനിയുടെ ഒഴിച്ച് മറ്റൊരു മരുന്നും കൊടുക്കേണ്ട എന്ന് തീരുമാനിച്ചു. പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്കും കുഞ്ഞു യാത്രികന്‍ ഉഷാറായി. ഹോട്ടെലില്‍ നിന്നും ചെക്ക് ഔട്ട്‌ ചെയ്തു സാധനങ്ങള്‍ അവിടെത്തന്നെ സൂക്ഷിക്കുവാനേല്പിച്ചു. ആ പകല്‍ കൂടി സെന്തോസ ഐലന്‍ഡില്‍ ചിലവഴിക്കാതെ കാഴ്ചകള്‍ കണ്ടു തീരില്ല എന്ന് മനസ്സിലായി. ഐലന്‍ഡില്‍ താമസിക്കുന്നവര്‍ക് ബസ്‌, മോണോ റയില്‍ സര്‍വിസുകള്‍ ഫ്രീ ആയി ഉപയോഗിക്കാം. അതിനുള്ള കാര്‍ഡുകള്‍ ഹോട്ടെലില്‍ നിന്ന് നേരത്തെ തന്നിരുന്നു. ഞങ്ങള്‍ ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു. സാമാന്യം നല്ല ചൂട് ഉണ്ടായിരുന്നു. നേരെപോയത്  സിങ്കപ്പൂര്‍ അക്വേറിയം കാണാന്‍ ആയിരുന്നു. നിങ്ങളില്‍ പലരും സിങ്കപൂര്‍ ടൂറിസത്തിന്റെ പരസ്യങ്ങളില്‍ കണ്ടിട്ടില്ലേ ഒരു അണ്ടര്‍ വാട്ടര്‍ ടണല്‍?. അതിവിടെയാണ്. ഞങ്ങള്‍ ചെന്ന സമയത്ത് ഡോള്‍ഫിന്‍ ഷോ തുടങ്ങാറായിരുന്നു. അത് കണ്ടിട്ടാവാം ബാക്കി കാഴ്ചകള്‍ എന്ന് തീരുമാനിച്ചു. ഞങ്ങളും കുളത്തിനു ചുറ്റുമുള്ള ഗാലറിയില്‍ ഇടം പിടിച്ചു.
 ഏറെ വൈകാതെ ഗാലറി നിറഞ്ഞു. വിസിലുമായി ട്രയിനെര്‍സ് എത്തി. പിന്നീടുള്ള അരമണിക്കൂര്‍ ഏറെ രസകരമായിരുന്നു. ഒരു പക്ഷെ എന്നെക്കാളേറെ അതാസ്വദിച്ചത് കുഞ്ഞു യാത്രികനാണ്. ചിരിക്കുന്ന മുഖവുമായി ഡോള്‍ഫിനുകള്‍ കുളത്തില്‍ തിമര്‍ക്കുന്നത് മറക്കാനാവാത്ത കാഴ്ചയായി. 
ഓരോ പ്രകടനവും പൂര്‍ത്തിയാക്കുമ്പോള്‍ സമ്മാനമായി ട്രൈനെര്‍ അവര്‍ക്ക് മീന്‍ കൊടുത്തുകൊണ്ടിരുന്നു. ഇടയ്ക് പ്ലാസ്റ്റിക്ക് മീനിനെ കൊടുത്തപ്പോള്‍ ഡോള്‍ഫിനുകള്‍ കാര്യം മനസ്സിലായതുപോലെ പ്രതിഷേധിച്ചത് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു. നൃത്തം വച്ചും, വളയത്തിലൂടെ ചാടിയും, ബോളുകളിച്ചും ഡോള്‍ഫിനുകള്‍ ഏവരുടയും മനം കവര്‍ന്നു. പിന്നീടെത്തിയ കടല്‍ സിംഹങ്ങളും രസകരമായ ചില പ്രകടനങ്ങളൊക്കെ നടത്തി. 
 പരിപാടി കഴിഞ്ഞപ്പോള്‍ കാശുകൊടുത്താല്‍ കടല്‍ സിംഹങ്ങളുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാം എന്ന അറിയിപ്പ് വന്നു. എന്തായാലും കാശുകൊടുത്തുള്ള ഫോട്ടോ എടുപ്പ് വേണ്ടാ എന്ന് ഞങ്ങള്‍ തീരുമാനിച്ചു. തിരികെ അക്വേറിയത്തിലേക്ക് . അക്വേറിയത്തില്‍ ആദ്യ ശ്രദ്ധ ആകര്‍ഷിക്കുക ഗ്രേറ്റ്‌ വൈറ്റ് ഷാര്‍ക്കിന്റെ   തടിയെല്ലാണ്. Jaws എന്ന വിഖ്യാത സിനിമയെ ഓര്‍മിപ്പിച്ചു അത്. 
ഗ്രേറ്റ്‌ വൈറ്റ് ഷാര്‍ക്കിന്റെ താടിയെല്ല്.   
 മത്സ്യങ്ങളും , ഞണ്ടുകളും, നീരാളികളും അടക്കമുള്ള ഒരു വലിയ ജൈവ വൈവിധ്യം ഭൂമിക്ക് അവകാശികള്‍ ഏറെ ഉണ്ടെന്നു ഓര്‍മ്മപ്പെടുത്തുന്നു. പക്ഷെ ഞാന്‍ സ്പെയിനില്‍ കണ്ടത്രയും  വൈവിധ്യം ഇവടെ ഇല്ല എന്നത് വാസ്തവം. പക്ഷെ യാത്രികയ്കും കുഞ്ഞു യാത്രികനും അതൊരു പുത്തന്‍ അനുഭവം തന്നെ ആയിരുന്നു. ചില കാഴ്ചകളെ പരിചയപ്പെടുത്താം. 
പച്ചില പോലെ തോന്നിക്കുന്ന കടല്‍ കുതിര 
ഭീമന്‍ ഞണ്ടിന്റെ പുറം തോടിനോപ്പം യാത്രിക   
 
വെള്ളത്തിനടിയിലെ ഗ്ലാസ്‌ ടണല്‍ ഒരു കാഴ്ച  
യാത്രികന്‍ ഗ്ലാസ് ടണലില്‍. പിന്നില്‍ സ്രാവുകള്‍ 
ഞണ്ടും യാത്രികനും 
അവിടെ നിന്നും പുറത്തിറങ്ങി ഞങ്ങള്‍ സിലോസോ ഫോര്‍ടിലേക്ക് പോയി. അകത്ത് കയറി കാണാന്‍ നിന്നില്ല. തുറമുഖ സംരക്ഷണത്തിനായി പലയിടങ്ങളില്‍ കോട്ടയും വെടിക്കോപ്പുകളും സജ്ജീകരിക്കാന്‍  ബ്രിട്ടീഷുകാര്‍ തീരുമാനിച്ചപ്പോള്‍ കെപ്പെല്‍ തുറമുഖത്തേക്ക് പടിഞ്ഞാറ് നിന്നുമുള്ള കടല്‍ പാതയെ സംരക്ഷിക്കാനായി നിര്‍മ്മിച്ചതാണ് സിലോസോ കോട്ട.   
പിന്നീട് ഞങ്ങള്‍ Luge & Skyride ലേക്കാണ് പോയത്. 
ലൂജ് ആന്‍ഡ്‌ സ്കൈറൈഡ്   പ്രവേശന കവാടം 
ആദ്യം പോയത് ലൂജില്‍ ആണ്. തറയോടു വളരെ പതിഞ്ഞു നില്‍ക്കുന്ന യന്ത്ര സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത വണ്ടിയില്‍ ചെങ്കുത്തായ വളഞ്ഞു പുളഞ്ഞ പാതയിലൂടെ അതിവേഗമുള്ള  ഒരു യാത്രയാണിത്. ഹാന്‍ഡില്‍ പിന്നോട്ട് വലിച്ച് വണ്ടിയുടെ വേഗം കുറയ്ക്കുകയോ നിര്‍ത്തുകയോ ആവാം. വളരെ രസകരമായിരുന്നു ഇത്. ഏതു മുതിര്‍ന്നവരെയും കുട്ടികളാക്കുന്ന അതീവ രസകരമായ ഒരു റൈഡ്ആണിത്.
 ലൂജ് അവസാനിക്കുന്നിടത്ത്നിന്നും സ്കൈ റൈഡ് തുടങ്ങുകയായി. വളരെ ഉയരത്തില്‍ വലിച്ച് കെട്ടിയിരിക്കുന്ന ഇരുമ്പ് വടത്തില്‍ ബന്ധിച്ച കസേരയില്‍ ഇരുന്ന് കൊണ്ടുള്ള ഒരു ആകാശ യാത്രയാണിത്. ഉയരത്തെ ഭയമുള്ളവര്‍ ഇതില്‍ കയറാതിരിക്കുകയാവും നല്ലത്. 
ആകാശക്കസേരകള്‍ 
  ആ ഉയരത്തില്‍നിന്നുമുള്ള സെന്തോസ ഐലന്റ്റിന്റെ  കാഴ്ച മനോഹരം തന്നെ. കുഞ്ഞു യാത്രികന് ഇടയ്കിത്തിരി  ഭയം തോന്നി. എന്തായാലും വലിയ പ്രശ്നങ്ങളൊന്നും കക്ഷി ഉണ്ടാക്കിയില്ല. 
യാത്രികയും കുഞ്ഞു യാത്രികനും ആകാശയാത്രയില്‍ 
 ഇനിയുള്ളത് ഐലന്റിലെ ഒരു സുപ്രധാന കാഴ്ചയാണ്. സെന്തോസ ഐലന്റിലെ മെര്‍ലയണ്‍. ഈ പോസ്റ്റുകളുടെ തലക്കെട്ടിനു നിദാനവും മറ്റൊന്നല്ല.  മെര്‍ലയണിനെ കാണാതെ സിങ്കപൂര്‍ കാഴ്ച പൂര്‍ണ്ണമാവില്ല എന്നാണ് പറയുക. സിങ്കപൂരിന്റെ ഭാഗ്യ ചിന്നമായ മെര്‍ലയണിന്റെ അഞ്ചു "ഔദ്യോഗിക" ശില്പങ്ങളാണ് സിങ്കപൂരില്‍ പലയിടത്തായി ഉള്ളത്. അതില്‍ ഒന്നാണ് സെന്തോസ ഐലന്റില്‍ ഉള്ളത്.
മെര്‍ലയണിന്റെ പിന്നിലെ കഥ പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല എന്ന് തോന്നുന്നു. 
Fraser Brunner എന്ന വ്യക്തിയാണ് 1964 ല്‍ മെര്‍ലയണിനെ രൂപ കല്പന ചെയ്തത്.   Fraser Brunner ന്‌ അതിനുള്ള പ്രചോദനം ലഭിച്ചതിനു പിന്നിലുള്ള കഥയ്ക് സിങ്കപൂര്‍ എന്ന പേരിനോളം പഴക്കമുണ്ട് എന്ന് തോന്നുന്നു.
സിങ്കപൂര്‍ കണ്ടെത്തിയത് മലായി രാജകുമാരനായ "സാങ്ങ് നില ഉത്തമ" നാണ്. ഒരു പുതിയ പട്ടണം പണിയാനായി സുമാത്ര ദ്വീപുകള്‍ക് സമീപത്തായി പറ്റിയ സ്ഥലം തേടി നടക്കുകയായിരുന്നു അദ്ദേഹം. ഒരു ദ്വീപില്‍ മാനിനെ വേട്ടയാടിക്കൊണ്ടിരിക്കുംമ്പോള്‍ വെളുത്ത വസ്ത്രം വിരിച്ചിട്ടതുപോലുള്ള തീരത്തോട് കൂടിയ മറ്റൊരു ദ്വീപ് അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടു. തെമാസെക് എന്ന ദ്വീപ് ആയിരുന്നു അത്. അദ്ദേഹം അങ്ങോട്ട്‌ പോകുവാന്‍ തീരുമാനിച്ചു. യാത്രക്കിടയില്‍ കപ്പല്‍ കൊടുങ്കാറ്റില്‍ പെട്ട് മുങ്ങിത്തുടങ്ങി. കപ്പലിലെ പല സാധനങ്ങളും കടലില്‍ എറിഞ്ഞെങ്കിലും കപ്പല്‍ മുങ്ങി കൊണ്ടേ ഇരുന്നു. അവസാനം രാജകുമാരന്‍ തന്റെ ഭാരമേറിയ കിരീടം കടലില്‍ എറിയുകയും കൊടുങ്കാറ്റ് അടങ്ങുകയും ചെയ്തുവത്രേ. സുരക്ഷിതനായി ആ ദ്വീപില്‍ എത്തിയ രാജകുമാരന്‍ അവിടെ വേട്ടയാടാന്‍ തുടങ്ങി. വേട്ടക്കിടയില്‍ അദ്ദേഹം കറുത്ത തലയും ചുവന്ന ഉടലും വെളുത്ത മാറിടവുമുള്ള വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വിചിത്ര ജീവിയെ കണ്ടുവത്രെ. അത് സിംഹമാണെന്നാണ് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നത്. (ഏതായാലും പിന്നീടുള്ള പഠനങ്ങളില്‍ തെളിഞ്ഞത് ആ പ്രദേശത്ത് സിംഹങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ്. അതുകൊണ്ട് തന്നെ അദ്ദേഹം കണ്ടത് ഒരു പക്ഷെ പുലിയെ ആയിരിക്കാം എന്നാണ് നിഗമനം). എന്തായാലും രാജകുമാരന് അതൊരു നല്ല ലക്ഷണമായി കരുതുകയും ആ ദ്വീപില്‍ തന്നെ നഗരം സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം ആ ദ്വീപിനെ സിംഹങ്ങളുടെ നാട് എന്ന അര്‍ത്ഥത്തില്‍  "സിംഗ പുര" എന്നുവിളിക്കുകയും ചെയ്തു. പിന്നീട് ആ രാജ്യം അദ്ദേഹം അമ്പതു വര്‍ഷത്തോളം ഭരിക്കുകയും ചെയ്തു. രസകരമായ കഥ അല്ലെ.
 Mount Imbiah യുടെ മുകളിലാണ് സെന്തോസ ഐലന്റിലെ മെര്‍ലയണ്‍ ഉള്ളത്. 37m ആണ് ഈ ശില്പത്തിനുള്ളത്. ഇതിന്റെ മുകളില്‍ കയറാനും വായില്‍ നിന്ന് ചുറ്റുപാടും കാണുവാനുമുള്ള സൌകര്യവുമുണ്ട്. 


യാത്രികനും, യാത്രികയും കുഞ്ഞു യാത്രികനും 
രാത്രി കാലങ്ങളില്‍ വിവിധ വര്‍ണ്ണവെളിച്ചത്താല്‍ ഈ ശില്പത്തെ കൂടുതല്‍ സുന്ദരമാക്കാറുണ്ട് . ശില്പത്തിന്റെ ചുവട്ടില്‍ നിന്നും താഴെ ബീച്ചിലേക്ക് നീളുന്ന മൊസൈക് പാത അതീവ സുന്ദരം തന്നെ.
മൊസൈക് പാത 
 പാതയുടെ മധ്യഭാഗത്തുടനീളം ജലധാരയാലും പാമ്പുകളുടെയും മറ്റും ശില്പങ്ങളാലും ആകര്‍ഷണീയമാക്കിയിരിക്കുന്നു. 
യാത്രികനും കുഞ്ഞു യാത്രികനും മൊസൈക് ശില്പങ്ങള്‍കൊപ്പം
 അല്‍പസമയം ആ പാതയില്‍ ചിലവഴിച്ച ശേഷം ഐലന്റിലെ അവസാനത്തേതും ഞങ്ങള്‍ ഏറ്റവും ആസ്വദിച്ചതുമായ കാഴ്ച കാണാന്‍ തയ്യാറായി, "യൂണിവേര്‍സല്‍ സ്റ്റുഡിയോ".


അതീവ രസകരമായ യൂണിവേര്‍സല്‍ സ്റ്റുഡിയോ കാഴ്ചകള്‍ ഈ പോസ്റ്റില്‍ ഉള്‍പെടുത്തണം എന്ന് കരുതിയതാണ്. പക്ഷെ പോസ്റ്റ്‌ ദീര്‍ഘമായി പോവും. അതുകൊണ്ട് ആ വിശേഷങ്ങള്‍ നാലാം ഭാഗത്തില്‍ ആവാം അല്ലെ??  ദേ കണ്ടില്ലേ, അകത്ത് കയറിയാലോ !!!!!!??????

29 comments:

ഒരു യാത്രികന്‍ said...

ഇത്തിരി നീളം കൂടി പോയോ ??? ഏയ്‌, ഇല്ല അല്ലെ??

Jazmikkutty said...

വായിച്ചുതീര്‍ന്നത് അറിഞ്ഞില്ല..മനോഹരമായ പോസ്റ്റ്.അടുത്ത വിശേഷങ്ങള്‍ക്കായി അക്ഷമയോടെ...

Yasmin NK said...

നല്ല യാത്ര.ആശംസകള്‍

Unknown said...

യാത്രികനോട് ഒരു രഹസ്യം പറയട്ടെ? എനിക്ക് തന്നോട് അസൂയ തോന്നുന്നു!
യാത്രാ വിവരണങ്ങളും, അതിലേറെ ചിത്രങ്ങളും, വളരെ മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!

മൻസൂർ അബ്ദു ചെറുവാടി said...

യാത്രികാ. യാത്രാ വിവരണമാകുമ്പോള്‍ ഇങ്ങിനെ കൂടെ കൊണ്ടുപോണം. കണ്ട കാഴ്ചകള്‍ ഒന്നിച്ചിരുന്നു കണ്ട പോലെ തോന്നണം. വിവരണവും ചിത്രങ്ങളും ആ ധര്‍മ്മം നിറവേറ്റി.
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ആ ഞണ്ടും ഞാനും എന്ന പടത്തിൽ രണ്ടുപേരും ചുള്ളന്മാർ തന്നെയാണ് കേട്ടൊ വിനീത്...!

പിന്നെ എത്രനാൾ വെച്ചുതമസിപ്പിച്ചിട്ടാണ് ഗെഡീ പോസ്സ്റ്റുകൾ ഇടുന്നത്....
ഇവിടെ ഈ ഭാഗങ്ങളീൽ കൂടി പിന്നെ സിങ്കപ്പൂരിന്റെ പല തനിമകളും നേരിട്ട് പകർത്തി തന്നതിന് അഭിനന്ദനം കേട്ടൊ

mini//മിനി said...

നീളമൊന്നും കൂടിയിട്ടില്ല, അടുത്തത് പോരട്ടെ, കാത്തിരിക്കുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അടുത്ത പോസ്റ്റ്‌ ഇടാനുള്ള സമയത്തിന്റെ നീളം കൂട്ടണ്ട

ഹാപ്പി ബാച്ചിലേഴ്സ് said...

കഴിഞ്ഞ തവണ നാരങ്ങാ വെള്ളം കുടിച്ചതിന്റെ ക്ഷീണം മാറാന്‍ ഇത്രേം ദിവസമെടുത്തു അല്ലേ??
ഹും. പോസ്റ്റ്‌ ഫോട്ടോകളാലും നല്ല വരികലാലും സമൃദ്ധം. ഇനി രണ്ടു മൂന്ന് മാസം കഴിഞ്ഞു കാണാം. :-)

krishnakumar513 said...

നന്നാകുന്നു വിനീത്.സെന്റോസയിലെ കാഴ്ചകള്‍ പലതും പണം വസൂലാക്കാനുള്ള ഒരു തരം പ്രീഫാബ് പ്രോഗ്രാംസ് ആയിട്ടാണു എനിക്ക് തോന്നിയത്

sijo george said...

വായിച്ചിട്ട് കൊതിയാകുന്നു മാഷേ.. എന്നെങ്കിലും പോകാ‍ൻ പറ്റുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല വിവരണം.

Anil cheleri kumaran said...

....യാത്രികന്‍ ഗ്ലാസ് തണലില്‍. പിന്നില്‍ സ്രാവുകള്‍ .....

ശരിക്കും പിന്നില്‍ നോക്കിയാട്ടെ....

siya said...

സെന്തോസ ഐലന്റിലെ മെര്‍ലയണ്‍ കുറച്ച് നേരം ഇരുട്ടിയപ്പോള്‍ ആണ് ഞാന്‍കണ്ടത് .അതിന്‍റെ ഭംഗി എപ്പോളും ഓര്‍ക്കുന്നു ..കണ്ടിട്ടുള്ള നല്ല കാഴ്ച്ച ഒന്ന്‌ അതായി മനസ്സില്‍ എപ്പോളും ഉണ്ട്

.ഈ വിവരണം വളരെ നന്നായി .കൊച്ചു യാത്രികന്‍ ഏത് ക്ലാസ്സില്‍ ആണ് പഠിക്കുന്നത് ?

Manju Manoj said...

യാത്രികന്‍.... എന്താണ് ഞാന്‍ ഈ ബ്ലോഗ്‌ ഇത്ര കാലം കാണാഞ്ഞത് എന്നാണ് ഇപ്പോള്‍ ആലോചികുന്നത്.... വലിയൊരു നഷ്ടമായിപോയി അത്....എങ്കിലും ഒറ്റ ഇരുപ്പിനു എല്ലാം വായിച്ചു....എല്ലാം വളരെ നന്നായിരിക്കുന്നു.ഇനി മുതല്‍ കറക്റ്റ് ആയി വന്നു വായികുന്നതാണ് ട്ടോ.....

പട്ടേപ്പാടം റാംജി said...

നീലമോന്നും തീരെ കൂടിയിട്ടില്ല. അത് ചിലപ്പോള്‍ മൂന്നുനാല് ചിത്രങ്ങള്‍ അടുപ്പിച്ച് ചേര്‍ത്തപ്പോള്‍ തോന്നിയതാകും. ആദ്യം ഡോള്‍ഫിന്റെ ഒപ്പം യാത്ര തുടങ്ങിയ ഒരു ഇത് ലഭിച്ചു.
ഭംഗിയായി.

ഒരു യാത്രികന്‍ said...

ജാസ്മിക്കുട്ടി: നന്ദി, ജാസ്മി. വേഗം വരാം കേട്ടോ..

മുല്ല: നന്ദി. വീണ്ടും വരൂ..

അപ്പച്ചന്‍: ഒരു പാട് സന്തോഷം. അസൂയയെ ഞാന്‍ സ്നേഹമായി സ്വീകരിക്കുന്നു..

ചെറുവടി: നല്ല വാക്കുകള്‍ക്‌ ഒരു പാട് നന്ദി.

ബിലാത്തി: ഒന്ന് വെച്ചു അല്ലെ. എന്ത് ചെയ്യാനാ മാഷേ എഴുതി തീരുന്നില്ല.

മിനി: ടീച്ചറെ വളരെ സന്തോഷം. കഴിവതും വേഗം വരാം.

ഇസ്മു: ഹി..ഹി..ശ്രമിക്കാം

ഹാപ്പി ബാച്ചീസ്: സന്തോഷം. എന്തായാലും അത്ര വെച്ച് താമസിപ്പിക്കില്ല.


കൃഷ്ണ: സത്യം തന്നെയാണ് താങ്കള്‍ സൂചിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് എന്റ ആദ്യ പോസ്ടില്‍ ഞാന്‍ പറഞ്ഞതും "തെറ്റിദ്ധരിക്കേണ്ട നമ്മുടെ നാടിനെ കുറച്ചു കാണിച്ചതല്ല മറിച്ച് സിങ്കപ്പൂരിനെക്കളും എത്രയോ ഇരട്ടി ടൂറിസ്റ്റു സാധ്യത ഉള്ള നമ്മുടെ നാട്ടില്‍ അത് വേണ്ടത്ര ഉപയോഗപ്പെടുത്താതില്‍ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്." എന്ന്.

സിജോ: നന്ദി സിജോ. കൂടെ ഉണ്ടാവണം.

കുമാര: ഹ..ഹ..എന്റെ കുമാര ഞാന്‍ ആദ്യം കരുതി "ടണല്‍" നു പകരം "തണല്‍" എന്നെഴുതിയ അക്ഷരതെറ്റ് ചൂണ്ടിക്കാണിച്ചതാണ് എന്നാണ് കരുതിയത്‌. പിന്നയല്ലേ കാര്യം മനസ്സിലായത്. കൊച്ചുഗള്ളന്‍ ...

സിയാ: രാത്രി കാഴ്ച ഞാന്‍ ദൂരെ ഹോട്ടലില്‍ നിന്ന് കണ്ടതെ ഉള്ളു. വരവിനു നന്ദി സിയാ

മഞ്ജു: വൈകിയാണെങ്കിലും വന്നല്ലോ. സന്തോഷം.
കൂടെ വന്ന എല്ലാവര്ക്കും നന്ദി.....സസ്നേഹം

ഒരു യാത്രികന്‍ said...

റാംജി: മുടങ്ങാതെ വരുന്നുവല്ലോ. ഒരു പാട് സന്തോഷം.

സസ്നേഹം

ഐക്കരപ്പടിയന്‍ said...

യാത്ര വിവരണങ്ങള്‍ക്കുള്ള ഒരു പ്രശ്നം അവ എവിടെയെങ്കിലും ഏതെങ്കിലും തെരുവില്‍ നിര്‍ത്താല്‍ പറ്റില്ല എന്നതാണ്. അതിനാല്‍ നീളം കൂടിപ്പോകും. ഇവിടെയും അത് സംഭവിച്ചു, എനിക്കും സംഭവിച്ചു. പക്ഷെ നല്ല ജീവസ്സുറ്റ വിവരണവും നല്ല ചിത്രങ്ങളും വായന അയസരഹിതമാക്കി..ആശംസകള്‍..
അവിടേക്ക് വാന്നെ, യൂറോപ്യന്‍ ടൂര് സ്പെയിനില്‍ എത്തി..

jyo.mds said...

വളരെ നല്ല ചിത്രങ്ങളും വിവരണവും.സിംങ്കപ്പൂര്‍ കാണാന്‍ പോകാന്‍ ആശ തോന്നി.

ഹംസ said...

അടിപൊളി ചിത്രങ്ങള്‍ .... ചെറുവാടി പറഞ്ഞ പോലെ യാത്രാവിവരണം ആവുമ്പോള്‍ ഇങ്ങനെ കൂടെ കൊണ്ട് പോവണം ...

Echmukutty said...

വൈകിയാണ് ഞാനെത്തിയതെങ്കിലും മൂന്ന് പോസ്റ്റും ഒന്നിച്ച് വായിച്ച് മിടുക്കിയായി.

നന്നായിട്ടുണ്ട്.
പടങ്ങൾ ഗംഭീരം.
അഭിനന്ദനങ്ങൾ.

ഒരു നുറുങ്ങ് said...

യാത്രികാ,യാത്രയിലുടനീളം കൂടെയുള്ളത് പോലെ ഒരനുഭൂതിയിലാ...അപൂര്‍വ ഫോട്ടോകള്‍ തന്നെ..!!
കൃസ്തുമസ് നവവത്സരാശംസകളോടെ,ഹാറൂണ്‍ക്ക.

Villagemaan/വില്ലേജ്മാന്‍ said...

വിവരണം സുന്ദരം..ചിത്രങ്ങള്‍ അതിലേറെ സുന്ദരം.

വീണ്ടും വരാം

ആശംസകള്‍...

ഒരു യാത്രികന്‍ said...

സലിം: വരവിനും നല്ല വാക്കുകല്കും ഒരുപാട് നന്ദി.

ജ്യോ: വന്നതില്‍ സന്തോഷം.

ഹംസ:: വളരെ സന്തോഷം ചെറുവാടി.

എച്ച്മുക്ട്ടി: ഈ വരവില്‍ വളരെ സന്തോഷം ഉണ്ട്.എനിക്കേറെ ഇഷ്ടമുള്ള കഥാകാരിയാണല്ലോ എച്മു...

നുറുങ്ങു: നന്ദി ഇക്ക. ഇക്കയുടെ വരവ് ഏറെ സന്തോഷം തരുന്നു.

വില്ലെജ്മാന്‍: നന്ദി.വീണ്ടും വരുമെന്നറിഞ്ഞതില്‍ സന്തോഷം
വന എല്ലാവര്ക്കും നന്ദി.....സസ്നേഹം

Manikandan said...

കൊതിപ്പിക്കാൻ തന്നെ തീരുമാനിച്ചു അല്ലെ. യാത്ര തുടരട്ടെ. ആശംസകൾ

ഒരു യാത്രികന്‍ said...

മണീ.. സന്തോഷം. തിരുത്തുകലോന്നും ഇല്ലേ മണീ?? ഞാന്‍ നന്നായോ....സസ്നേഹം

ശ്രീ said...

ഞാന്‍ ഈ പോസ്റ്റും മിസ്സ് ചെയ്തിരുന്നു. :(

നിരക്ഷരൻ said...

വേറേ ചില രാജ്യങ്ങളിൽ പനി എന്നൊക്കെ പറഞ്ഞ് ചെന്നാൽ ‘ലൈഫ് ത്രെട്ടനിങ്ങ് സിറ്റുവേഷൻ ഒന്നും അല്ലല്ലോ? ‘ എന്ന് ചോദിച്ച് പാരസിറ്റമോൾ കഴിച്ചോളാൻ പറഞ്ഞ് വിടും. യാത്രക്കിടയിൽ അസുഖങ്ങൾ വന്നാൽ പ്രത്യേകിച്ചും കുട്ടിയാത്രികർക്ക്.... എല്ലാ മൂഡും പോകും.

യാത്രികൻ പറഞ്ഞത് കറൿറ്റ് - സ്പെയിനിലെ അക്വേറിയം വെച്ച് നോക്കിയാൽ സിംഗപ്പൂർ പോരാ എന്ന് തോന്നും.

മെർ ലയണിന്റെ വായിൽ കയറി നോക്കിയോ ?

ചോദ്യത്തിന്റെ ഉത്തരമൊന്നും ഇനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. കമന്റ് ഫോളോ അപ്പ് ചെയ്യാൻ പറ്റണില്ല. ഗൂഗിൾ ഓരോന്ന് മാറ്റിമറിച്ച് ഇപ്പോ ഒന്നുമില്ലാത്ത കോലമാക്കി.

Manikandan said...

ശരിയാണ് മനോജേട്ടാ, ഇപ്പോൾ കമന്റ് ഓപ്ഷനുകളിൽ Full Page, Pop-up Window എന്നീ രണ്ട് ഓപ്ഷനുകളിലും കമന്റ് ഫോളഓ ചെയ്യാൻ സാധിക്കുന്നില്ല. Embedded below post എന്ന ഓപ്ഷനിൽ മാത്രമാണ് കമന്റ് ഫോളോ ചെയ്യാൻ സാധിക്കുന്നത്.
Dash Board > Blog Name > Settings > Comments