കഴിഞ്ഞ പോസ്റ്റില്‍ Edvard Munch നെ പ്പറ്റിയാണ് പറഞ്ഞു നിര്‍ത്തിയത്. നോര്‍വേയില്‍ നിന്നാണ് കഴിഞ്ഞ ഭാഗം പോസ്റ്റ് ചെയ്തത് എന്നും സൂചിപ്പിച്ചുവല്ലോ. നോര്‍വേയില്‍ കാര്യമായ കറക്കം ഒന്ന് സാധിച്ചില്ല. പക്ഷെ നോര്‍വേകാരുടെ പ്രീയ ചിത്രകാരനായ Edvard Munch ന്റെ മ്യൂസിയത്തില്‍ പോവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ കലാജീവിതത്തെ പറ്റി കൂടുതല്‍ അറിയാന്‍ അത് സഹായിച്ചു. ഏറ്റവും വലിയ കാര്യം അദ്ദേഹത്തിന്റെ മാസ്റര്‍ പീസ് എന്നറിയപെടുന്ന "Screem "എന്ന ചിത്രം ഇവിടെ കാണാന്‍ കഴിഞ്ഞു. ആധുനിക മനുഷ്യന്റെ വിഹ്വലതകള്‍ ഇത്ര ഭംഗിയായി ആവിഷ്കരിക്കപ്പെട്ട മറ്റൊരു ചിത്രം ഇല്ല എന്നാണു കലാലോകം ഈ ചിത്രത്തെ വിലയിരുത്തുന്നത്. സ്ക്രീമിന്റെ ഒരു നല്ല ചിത്രം എന്തോ എന്റെ ക്യാമറയില്‍ പതിഞ്ഞില്ല. കിട്ടിയ ചിത്രം താഴെ ചേര്‍ക്കുന്നു. കൂടെ ഒരു കവി കൂടിയായ Edvard Munch ന്റെ വരികളും.
സ്ക്രീം- ഇതിനെ ചുവടു പിടിച്ചാവണം സൂപ്പര്‍ ഹിറ്റ് ഹോളി വുഡ് ചിത്രം സ്ക്രീമിലെ മാസ്ക് ചെയ്തത്.
Edvard Munch ന്റെ വരികള്‍
"Hamburger Kunsthalle" എനിക്കായി കാത്തുവെച്ച അത്ഭുതങ്ങള്‍ തീര്‍ന്നിരുന്നില്ല. ചില ചിത്രങ്ങള്‍ക് ശേഷം കണ്ട ഒരു ഒരു ശൈലി എനിക്കേറെ പരിചിതമായി തോന്നി. ഇല്ല തെറ്റിയില്ല, പിക്കാസോയുടെ വര്‍ക്ക് തന്നെ. പിക്കാസോയുടെ മൂന്നു പെയിന്റിങ്ങുകള്‍ ഉണ്ടായിരുന്നു അവിടെ. ആദ്യമായാണ് പിക്കാസോയുടെ പെയിന്റിങ്ങിന്റെ ഒറിജിനല്‍ കാണുന്നത്. പിക്കാസോയും സുഹൃത്ത് Georges Braque ഉം കൂടിയാണ് പിന്നീട് പിക്കാസോയുടെ പെയിന്റിങ്ങുകളിലൂടെ ഏറെ പ്രശസ്തമായ ക്യുബിസം എന്ന ശൈലി രൂപപ്പെടുത്തിയത്. ഒരു പക്ഷെ ഇരുപതാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, ശ്രദ്ധിക്കപ്പെട്ട ഒരു കലാകാരനാണ് പിക്കാസോ. ക്യുബിസത്തിലുള്ള മറ്റുചില ചിത്രങ്ങള്‍ കൂടി കണ്ടു അവിടെ.
Man with Guitar (Pablo Picasso)
Max Beckmann ( 1884 – 1950) ന്റെ "Olysses and Calypso" എന്ന പെയിന്റിംഗ് ആണ് എന്നെ ആകര്‍ഷിച്ച മറ്റൊരു ചിത്രം. ഡള്ളായ നിറങ്ങള്‍ മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. ഒരു എക്സ്പ്രഷനിസ്റ്റ് ചിത്രകാരനായാണ് ഈ ജര്‍മ്മന്‍ കലാകാരനെ കരുതിയിരുന്നത്. പക്ഷെ അത്തരം ഒരു ചട്ടക്കൂട് അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പരമ്പരാഗതമായ ഫിഗരേറ്റിവ് ശൈലിയുടെ സ്വാധീനം അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ദൃശ്യമാണ്.
Olysses and Calypso
എഴുതാനാണെങ്കില്‍ ഇനിയും ഏറെയുണ്ട് കലാകാരന്മാരും അവരുടെ ചിത്രങ്ങളും. അത്രയേറെ വിശാലമായ ഒരു പ്രദര്‍ശനമായിരുന്നു അത്. ഞാന്‍ ചെന്ന സമയത്ത് അവിടെ ജര്‍മ്മനിയുടെ പ്രീയ കലാകാരനായിരുന്ന Runge യുടെ 200 ആം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഒരു ഗംഭീര പ്രദര്‍ശനം നടക്കുന്നു. അതും കഴിഞ്ഞ മുപ്പതുകൊല്ലത്തിനിടയില് ആദ്യമായാണ് Rubge യുടെ ഇത്രയും സമഗ്രമായ ഒരു പ്രദര്‍ശനം നടക്കുന്നത്. കൃത്യമായും ആ സമയത്ത് തന്നെ ഒരു ജര്‍മ്മന്‍ സന്ദര്‍ശനം ഒത്തുവന്നത് മഹാ ഭാഗ്യം എന്നല്ലാതെന്തു പറയാന്‍ . അതുകൂടെ പറഞ്ഞു ചിത്രകാരന്മാരെ പറ്റിയുള്ള വിശേഷങ്ങള്‍ നിര്‍ത്താം. 1777 -1810 ഘട്ടത്തില്‍ ജീവിച്ചിരുന്ന കാല്പനിക ചിത്രകാരനാണ് Runge . ജര്‍മ്മനിയിലെ ഏറ്റവും നല്ല കാല്പനിക ചിത്രകാരനെന്ന പേര് വളരെ വൈകി ചിത്രകല തുടങ്ങുകയും വളരെ നേരത്തെ തന്നെ ജീവിതവും അവസാനിച്ച Runge യ്ക്ക് സ്വന്തം. ഈ ചുരുങ്ങിയ കാലയളവില്‍ അദ്ദേഹം ഒരു ഫാക്ടറി പോലെ പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് തോന്നി. അത്രയേറെ ഉണ്ട് സൃഷ്ടികള്‍. പെയിന്റിംഗ്, പെന്‍സില്‍ സ്കെച്ചുകള്‍, ഡിസൈനുകള്‍, Silhouettes (കടലാസില്‍ മുറിച്ചെടുത്ത് ചിത്രങ്ങള്‍ ഉണ്ടാക്കുന്ന രീതി.) തുടങ്ങി ആയിരക്കണക്കിന് വര്‍ക്കുകള്‍.
പ്രശസ്ഥ ജര്‍മ്മന്‍ സാഹിത്യകാരന് ഗോയിഥെയുമായി Runge വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഗോയിഥെയെ ക്കുറിച്ച് കഴിഞ്ഞ ജര്‍മ്മന്‍ യാത്രയില്‍ എഴുതിയിരുന്നു.
ഇനി വ്യത്യസ്ത ശൈലികളിലുള്ള അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ കാണാം.
Runge - Self Portrait
Head of the dying saint Cecilia
The Triumph of Amor
മുകളിലത്തെ ചിത്രം കാണുമ്പോള്‍ ഒരു പ്ലാസ്റ്റര്‍ ഓഫ് പാരീസ് വര്‍ക്ക് എന്ന് തോന്നിയോ? എന്നാല്‍ ഇത് ഓയില്‍ പെയിന്റില്‍ കാന്‍വാസില്‍ ചെയ്തതാണ്.
മാലാഖയും കുഞ്ഞും
മുകളിലെ ചിത്രം നോക്കു. ചിത്രത്തിന്റെ ഫ്രെയിമും വരച്ചിരിക്കുന്നു. ഇത്തരം ഒരു പാട് ഫ്രെയിം ഡിസൈനുകള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.
Saint Peter On the Sea
Runge യുടെ Silhouettes വര്‍ക്ക്
കലയിലെ Runge യുടെ പരീക്ഷണ വൈവിധ്യം ഒന്ന് മനസ്സിലാക്കാനാണ് ഇത്രയും ചിത്രങ്ങള്‍ ചേര്‍ത്തത്.
Silhouettes രീതി ജര്‍മ്മനിയില്‍ വളരെ പ്രചാരത്തിലുള്ളതായി തോന്നി. തീര്‍ച്ചയായും Runge യുടെ സ്വാധീനം തന്നെയാവണം അതിനു കാരണം. അത്തരം ഒരു പാട് വര്‍ക്കുകള്‍ അവിടെ കണ്ടു. സങ്കീര്‍ണ്ണമായ Silhouettes വര്‍ക്കുകള്‍ അവിടെ ഉണ്ടായിരുന്നു. താഴെയുള്ള ചിത്രം നോക്കു. അത് ഒരു Ink ല്‍ ചെയ്ത ചിത്രം ആണെന്ന് കരുതിയെങ്കില്‍ തെറ്റി. കറുത്ത കടലാസ്സില്‍ വെട്ടിയെടുത്താണ് ഈ ചിത്രം ചെയ്തിരിക്കുന്നത്. മോഡേണ്‍ ആര്‍ട്ട് , ഇന്സ്റ്റലേഷന് വിഭാഗത്തിലാണ് ഈ ചിത്രം കണ്ടത്.
ഒരു Silhouettes വര്‍ക്ക്
Hamburger Kunsthalle യിലെ നിന്നും ഇറങ്ങിയപ്പോള്‍ സൂര്യ വെളിച്ചം മങ്ങി തുടങ്ങിയിരുന്നു. സമയം പോയത് അറിഞ്ഞതെ ഇല്ല. നേര്‍ത്ത തണുത്ത കാറ്റ് വീശുന്നു. Kunsthalle യുടെ മുന്നിലെ സ്റ്റേജിനു സമാനമായ തുറന്ന സ്ഥലത്ത് നിന്നാല്‍ അങ്ങ് ദൂരെ തടാകം കാണാം. അതിന്റെ പടവുകളില്‍ ഞാന്‍ ഒരല്പനേരം ഇരുന്നു. ആളും ബഹളവുമില്ലാത്ത ശാന്തമായ അന്തരീക്ഷം. സ്കേറ്റിംഗ് ബോര്‍ഡുമായി ഒരു കൌമാരക്കാരന് അവിടെ വന്നു പരിശീലനം തുടങ്ങി. കുറച്ചുനേരം അവന്റെ പ്രകടനങ്ങള്‍ കണ്ടു നിന്നു. പിന്നെ സ്റ്റെഷനിലേക്ക് നടന്നു. മനസ്സില്‍ ഏറെ തൃപ്തി തന്ന ഒരു ദിവസം അങ്ങനെ അവസാനിച്ചു.
പിറ്റേന്ന് രാവിലെ ബസ്സിലുള്ള ഒരു ഗൈഡഡ് ടൂര്‍ ആണ് ഞാന്‍ തീരുമാനിച്ചത്. അങ്ങനെ പത്തുമണിക്ക് മുന്നേ തന്നെ ഞാന്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി. സ്റ്റേഷനില്‍ എത്തിയപ്പോള്‍ നല്ല മഴ. കൂനില്‍മേല്‍ കുരു പോലെ കാറ്റും. പത്തുമണിക്കുള്ള ബസ്സാണെങ്കില്‍ ജര്‍മ്മന്‍ ഭാഷയിലുള്ള ടൂറും. അതുകൊണ്ട് ഇംഗ്ലീഷ് ടൂറിനായി പിന്നെയും ഒരു മണിക്കൂറോളം കാത്തു നില്കേണ്ടി വന്നു. നല്ല തണുപ്പത്തുള്ള കാത്തുനില്പ് ഒട്ടും സുഖകരമായിരുന്നില്ല. അതിനിടയില്‍ സ്റ്റേഷനുമുന്നില്‍ ജ്യൂക് ബോക്സ് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് അന്നത്തെ അന്നം തേടുന്ന ഒരു വൃദ്ധന് എന്റെ ശ്രദ്ദയാകര്ഷിച്ചു. അയാള്‍ക് മുന്നിലെ ഭിക്ഷാ പാത്രത്തില്‍ കുറച്ചു നാണയങ്ങള്‍ നിക്ഷേപിച്ചു ഞാന്‍ ചിത്രങ്ങള്‍ എടുത്തു.
ജ്യൂക് ബോക്സ്മായി വൃദ്ധന്
ബസ്സ് വന്നപ്പോള്‍ ഞാന്‍ മുകളിലത്തെ നിലയില്‍ കയറി ജനാലയ്കരികില്‍ ഇടം പിടിച്ചു. മഴ തോരുന്ന ലക്ഷണം കാണുന്നില്ല. അതുകൊണ്ട് ജനാല തുറക്കാനോ നല്ല ചിത്രങ്ങളെടുക്കാനോ കഴിഞ്ഞില്ല. നഗര പ്രാന്തങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണമായിരുന്നു ആ യാത്ര. സുപ്രധാന ഇടങ്ങളെ ഒക്കെ സ്പര്‍ശിച്ചുകൊണ്ടുള്ള ഒരു യാത്ര. എവിടെയും ഇറങ്ങി കാണുവാനുള്ള അവസരമില്ല. മൊത്തമായി ഒരേകദേശ ധാരണ ഈ യാത്രയില്‍ കിട്ടും. അത്ര തന്നെയെ ഞാനും പ്രതീക്ഷിച്ചിരുന്നുള്ളൂ. 1903 ല്‍ സ്ഥാപിതമായ ഇംപീരിയല്‍ സ്റ്റേഷന് മുന്നിലൂടെ ഞങ്ങള്‍ നീങ്ങി. ഏറെ ദൂരത്തല്ലാതെ നാല്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹാംബര്‍ഗ് സര്‍വകലാശാല. പിന്നീട് നഗരത്തില്‍ നിന്നു വിട്ട് ഇമാം അലി മോസ്കിനു മുന്നിലെത്തി. ജര്‍മ്മനിയിലെ ഏറ്റവും പഴക്കം ചെന്ന ഷിയാ പള്ളിയാണിത്. പഴക്കം എന്ന് പറഞ്ഞാല്‍ ഏറെയില്ല, 1965 ല്‍ ആണ് ഈ പള്ളിയുടെ പണി പൂര്‍ത്തിയായത്. പിന്നെ കുറച്ചു ദൂരം Alster Lake ന് അരികിലൂടെയായി യാത്ര. തടാകക്കരയില്‍ നിറയെ ഇലപൊഴിഞ്ഞ മരങ്ങളും ആരെയോ കാത്തിരിക്കുന്ന മര ബെഞ്ചുകളും. ഒരു വല്ലാത്ത കാല്പനിക ഭംഗി ഉണ്ടായിരുന്നു ആ കാഴ്ചക്ക്. പക്ഷെ പുറത്തിറങ്ങി ആ തീരത്ത് ഒന്ന് നടക്കാനുള്ള, ആ ബെഞ്ചില്‍ ഒന്നിരിക്കാനുള്ള ആഗ്രഹം മഴ നിഷ്കരുണം നിഷേധിച്ചു. 160 ഹെക്ടറാണ് 13 ആം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ഈ കൃത്രിമ തടാകത്തിന്റെ വലുപ്പം. പക്ഷെ കൌതുകകരമായ സംഗതി എന്തെന്നോ?, ഈ തടാകത്തിന്റെ ഏറ്റവും ആഴം കൂടിയ ഭാഗത്തിനു പോലും രണ്ടര മീറ്റര്‍ മാത്രമേ ആഴമുള്ളൂ. ഞങ്ങള്‍ യാത്ര തുടര്‍ന്നു. 1558 ല്‍ സ്ഥാപിതമായ സ്റ്റോക്ക് എക്സ്ചേഞ്ച് ഉം പിന്നിട്ടു ഞങ്ങള്‍ Ware House District ല്‍ എത്തി. 1883 ല്‍ ആണ് ഇതിന്റെ നിര്‍മ്മാണം. ഓക്ക് മരത്തടിയില്‍ നിര്‍മ്മിക്കപ്പെട്ട അതിവിശാലമായ പാണ്ടികശാലകലാണിവിടെ. 1991 മുതല്‍ ഇത് സംരക്ഷിത സ്മാരകമാക്കി പ്രഘ്യാപിച്ചു. ഇടയിലുള്ള കനാലുകളടക്കം 26 ഹെക്ടറില്‍ പരന്നു കിടക്കുന്നു ഈ കെട്ടിട സമുച്ചയം. ഇന്ന് ഒരു പാട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പഴയ ഫ്രീ പോര്‍ട്ട് കൂടി ഉള്‍പെടുന്ന ഹാഫന്‍ സിറ്റിയിലൂടെ ഞങ്ങള്‍ തിരിച്ച് സെന്‍ട്രല്‍ സ്റ്റേഷന് മുന്നില്‍ എത്തി.
എന്റെ അടുത്ത ലക്ഷ്യം MKG Hamburg ല്‍ (Museum for Kunst and Gewerbe) അപ്പോള്‍ നടക്കുന്ന രണ്ടു പ്രദര്‍ശനങ്ങളായിരുന്നു. 1877 ല്‍ ആണ് MKG തുറന്നത്. യൂറോപ്പിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങളില്‍ ഒന്നാണിത്. രണ്ടു പ്രദര്‍ശനങ്ങളില്‍ ഒന്ന് 50 years of chair എന്ന പ്രദര്‍ശനവും മറ്റൊന്ന് Gods and Idols എന്ന പ്രദര്‍ശനവും ആയിരുന്നു. 1960 മുതല്‍ ഇന്നുവരെയുള്ള കസേരകളുടെ വ്യത്യസ്ഥതയുള്ള ഡിസൈന്‍സ് ആയിരുന്നു ആദ്യ പ്രദര്‍ശന വിഷയം. അവിടെ ഉണ്ടായിരുന്ന എല്ലാ കസേരകളും അതിന്റെ പ്രഥമോദ്ദേശ്യം നിറവേറ്റാന്‍ ഉള്ളതാണെന്ന് കരുതരുത്. കസേര എന്നത് ഇവിടെ ഒരു പ്രചോദനോപാധി മാത്രം. ഒരു രാഷ്ട്രീയ വിമര്‍ശനമായോ, ഒരു പുത്തന്‍ വ്യാപാരാശയമായോ, പ്രകൃതി സംരക്ഷണാശയ പ്രകടനമായോ ഒക്കെ ഒരു കലാ സൃഷ്ടിയായി ആണ് ഇവിടെ ഈ കസേരകള്‍ വര്‍ത്തിക്കുന്നു. എനിക്ക് കൌതുകം തോന്നിയ ചില ഡിസൈനുകള്‍ ഇവിടെ കാണാം.
മറ്റു ചില മുറികളിലായി ചില പുരാവസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. പ്രധാനമായും ഏറെ പഴക്കംചെന്ന പിയാനോകള്‍, പൈപ്പ് ഓര്‍ഗന്‍ തുടങ്ങിയവ. പിന്നെ ഗ്രീസില്‍ നിന്നും റോമില്‍ നിന്നും ഉള്ള ചില ശില്പങ്ങളും, ഏറെയും ശിരസ്സുകള്‍. പേര്‍ഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ഉള്ള പാത്രങ്ങളും ചൈനീസ് സില്കിലുള്ള തുണിത്തരങ്ങളും. എന്തായലും അവയൊന്നും എന്നെ അത്രകണ്ട് ആകര്‍ഷിച്ചില്ല. മറ്റൊരു മുറിയില്‍ BMW കാറുകളുടെ ആദ്യകാല ഡിസൈനുകളുടെ യഥാര്‍ത്ഥ രേഖാചിത്രങ്ങളും ചില മാതൃകകളും രസകരമായി തോന്നി.
ഡ്രോയിംഗ് ബോര്‍ഡിലെ BMW
ഞാന്‍ Gods and Idols എന്ന പ്രദര്‍ശനം നടക്കുന്ന മുറിയിലേക്ക് നടന്നു.ബി.സി. 5000 തൊട്ട് എ.ഡി 300 വരെയുള്ള കാലഘട്ടത്തിലെ കല്ലിലും, കളി മണ്ണിലും, മാര്‍ബിളിലും, ലോഹത്തിലും നിര്‍മ്മിച്ച വിവിധ ശില്പങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. മിക്കവയും പഴയകാല നാഗരികതയുടെ പ്രതിനിധാനങ്ങള്‍. ആരാധാനാ ബിംബങ്ങളോ അല്ലെങ്കില്‍ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രൂപങ്ങളോ ആയിരുന്നു ആ അതി പുരാതന പ്രതിമകള്‍.
ഇന്നത്തെ സിറിയയില്‍ നിന്നാണ് ബി.സി.200 ലെ ഈ ശില്പം ലഭിച്ചത്. പണ്ടത്തെ മേസോപോട്ടെമിയ, അതായാത് യൂഫ്രട്ടീസിനും ടയിഗ്രീസിനും ഇടയിലുള്ള പ്രദേശം.
ബ്രോണ്‍സിലുള്ള ഈ ശില്പമാവട്ടെ ബി.സി.8 -7 കാലഘട്ടത്തിലുള്ളതാണ്. ഇത് പുരാതന ലോറിസ്ഥാന് പ്രവശ്യയില്‍ നിന്നുമാണ് ലഭിച്ചത്. ഇന്നത്തെ പടിഞ്ഞാറന്‍ ഇറാന് പ്രദേശം.
ഇത് ബി.സി.664 - 340 കാലഘട്ടത്തില്‍ ഈജിപ്തില്‍ ഉണ്ടായിരുന്നവ.
ബി.സി.2500 - 2300 കാലഘടത്തിലെതാണ് ഈ ശില്പം. Bronze age നും മുന്നിലുണ്ടായിരുന്ന Cycladic സംസ്കാരത്തിന്റെ ഭാഗം. പല നഗരികതകളിലൂടെയും സംസ്കാരത്തിലൂടെയും ഉള്ള ആ എത്തി നോട്ടം എനിക്കിഷ്ടപ്പെട്ടു. അത്രയും പഴക്കം ചെന്ന മനുഷ്യ നിര്‍മിത വസ്തുക്കള്‍ ഞാന്‍ ആദ്യമായാണ് കാണുന്നത്.
തല്കാലം അന്നത്തെ പകല്‍ കറക്കം ഞാന്‍ അവസാനിപ്പിച്ച് ഹോട്ടെലിലേക്ക് തിരിച്ചു. വൈകിട്ട് സൈന്റ്റ്. പോള്‍ ജില്ലയിലെ പ്രസിദ്ധ തെരുവായ "റീപ്പര്‍ബാന്‍" ലേക്ക് പോവാനാണ് പരിപാടി. യൂറോപ്പിലെ ഏറ്റവും വലിയ ചുവന്ന തെരുവകളില്‍ ഒന്നാണ് റീപ്പര്‍ബാന്‍. ഹാംബര്‍ഗ് യാത്രയില്‍ റീപ്പര്‍ബാന്‍ കണ്ടില്ലെങ്കില്‍ ആ യാത്ര പൂര്‍ണ്ണമല്ല എന്നാണ് ഇവിടുത്തുകാര്‍ പറയുക. ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് എല്ലാവര്‍ഷവും ഇവിടെ എത്തുന്നത്. അതുകൊണ്ട് തന്നെ ഹാംബര്‍ഗിന്റെ സന്ദര്‍ശക ഭൂപടത്തില്‍ സുപ്രധാന സ്ഥാനമാണ് റീപര്ബാനിനുള്ളത്. സൈന്റ്റ്. പോള്‍ സ്റ്റേഷനില്‍ ഇറങ്ങി പുരത്തുകടന്നാല് ഒരു നാല്കവലയാണ് മുന്നില്‍. മുന്നിലെ സിഗ്നല്‍ മുറിച്ചുകടന്നാല്‍ പിന്നെ റീപര്‍ബാന്‍ തെരുവ് തുടങ്ങുകയായി. റീപര്ബാനിലെ Davidwache പോലീസ് സ്റ്റെഷനടുത്തുനിന്നും എട്ടു മണിക്ക് ഒരു ഗൈഡഡ് ടൂര്‍ ഉണ്ടെന്നു ഒരു ലെഗുലേഖയില് കണ്ടു. അവര്‍ റീപര്ബാനിന്റെ ചരിത്രവും, വേശ്യ തെരുവിന്റെ ചിരത്രവും പറഞ്ഞുതരും. കൂടാതെ ഒരു വേശ്യ ഗൃഹ സന്ദര്‍ശനവും അവരുടെ കൂടെ നിന്നുള്ള ഫോട്ടോ എടുപ്പും ടൂറിന്റെ ഭാഗമാണത്രേ. അത്തരം ഒരു ടൂറില്‍ പങ്കു കൊള്ളാനാണ് ഞാന്‍ എട്ടുമണിക്ക് മുന്നേ തന്നെ അവിടെ എത്തിയത്. ചെറുപ്പക്കാര്‍ തൊട്ട് വൃദ്ധന്മാര് വരെയുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു ചെറുതല്ലാത്ത കൂട്ടം അവിടെ സന്നിഹിതരായിട്ടുണ്ടായിരുന്നു. എട്ടുമണിക്ക് തന്നെ ടൂറിന്റെ ആള്കാര് എത്തി. പക്ഷെ എന്നെ നിരാശപ്പെടുത്തിക്കൊണ്ട് അവര്‍ പറഞ്ഞു ടൂര്‍ പൂര്‍ണ്ണമായും ജര്‍മ്മന്‍ ഭാഷയിലാണ്. അതുകൊണ്ട് കാശു കൊടുത്ത് അവരുടെ കൂടെ പോവുന്നതില്‍ അര്‍ത്ഥമില്ല.
Davidwache പോലീസ് സ്റ്റെഷന്
ഞാന്‍ തനിയെ നടന്നു കാണാന്‍ തീരുമാനിച്ചു. ആളും ബഹളവും ഏറിത്തുടങ്ങി. ഒട്ടും ഭയക്കാനില്ല ഇവിടെ. തികച്ചും സന്ദര്ശകസൌഹൃദപരമായ അന്തരീക്ഷം. നേരെത്തെ സൂചിപ്പിച്ചു വല്ലോ ടൂര്‍ തുടങ്ങുന്നത് തന്നെ പോലീസ് സ്റ്റേഷന് മുന്നിലാണെന്ന്. എല്ലാവിടെയും പോലീസുകാര്‍ ഉള്ളത് കൊണ്ട് ഒട്ടും ഭയം തോന്നിയില്ല. എട്ടുമണി കഴിഞ്ഞപ്പോഴേക്കും ഇരപിടിക്കാന്‍ മൃഗങ്ങള്‍ വരുന്നത് പോലെ ഇരുട്ടില്‍ നിന്നും വിവിധ വേഷത്തില്‍ ലൈഗിക തൊഴിലാളികള്‍ പോലീസ് സ്റ്റെഷനരികിലുള്ള തെരുവില്‍ സ്ഥാനം പിടിച്ചു. ഈ കൊടും തണുപ്പില്‍ അവര്‍ക്കെങ്ങനെ അല്പ വസ്ത്ര ധാരിണികളായി നില്കാന് കഴിയുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ തെരുവിലൂടെ മുന്നോട്ടു നടന്നു. എവിടയും ധാരാളമായി വര്‍ണാഭമായ ബോര്‍ഡുകള്‍. ടേബിള്‍ ഡാന്‍സ്, പീപ് ഷോ,പോള്‍ ഡാന്‍സ്, ബാര്‍, ലൈവ് ഷോ, സെക്സ് ഷോപ്സ് അങ്ങനെ നീളുന്നു പട്ടിക. ആളുകളെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് ഓരോ സ്ഥാപനത്തിന്റെയും മുന്നില്‍ അവരുടെ ആളുകള്‍. നമ്മളെ വിളിച്ചാകര്ഷിക്കുന്ന വഴിവാണിഭക്കാരെ ഓര്‍മ്മിപ്പിച്ചു അവര്‍.
റീപ്പര്‍ബാന്‍ ഒരു ദൃശ്യം.
റീപ്പര്‍ബാന്‍ മറ്റൊരു ദൃശ്യം.
സെക്സ് ഷോപ്പിലൊക്കെ സൂപര്മാര്ക്കറ്റിലേതുപോലെ തിരക്ക്. പ്രായ ലിംഗ ഭേദമില്ലാതെ കൌമാരക്കാരും വൃദ്ധന്മാരും ഒക്കെയുണ്ട്. സന്ദര്‍ശകരാവും കൂടുതലും ഏതെങ്കിലും ടൂര്‍ പാക്കേജിന്റെ ഭാഗമായി വന്നവര്‍. എല്ലാവിടെയും ഒന്ന് കയറി ഇറങ്ങി ഒരു രെസ്റ്റൊരെന്റ്റില് നിന്നും ബീറിന്റെ അകമ്പടിയോടെ രാത്രിഭക്ഷണവും കഴിച്ച് ഞാന്‍ തിരികെ സ്റ്റെഷനിലേക്ക് നടന്നു. രാത്രിവൈകുന്തോറും ആളും ബഹളവും ഏറി. ക്ലബ്ബുകളില്‍ നിന്നും വര്‍ധിച്ച ശബ്ദഘോഷങ്ങള്‍ ഇടയ്ക് വാതില്‍ തുറക്കുമ്പോള്‍ പുറത്തേക്ക് തെറിച്ചു വീഴുന്നു. എന്തായാലും തനിച്ചു ആ തെരുവുകളിലൂടെയുള്ള രാത്രിയാത്ര ഹംബര്‍ഗിലെ വേറിട്ട ഒരനുഭവമായി.
തുടരും.....
27 comments:
തിരക്കുകള്‍ കാരണം ഒരു പാട് വൈകി നാലാം ഭാഗം പോസ്റ്റ് ചെയ്യാന്‍. ഇത്ര വലിയ ഇടവേള വായനയുടെ തുടര്‍ച്ച നഷ്ടപ്പെടുത്തും എന്നറിയാം.സദയം ക്ഷമിക്കൂ.......സസ്നേഹം
എങ്കിലും , ഒരു സഞ്ചാരപ്രിയനായ ഞാൻ മുഴുവൻ(ഇരുന്ന്) വായിച്ചു. കുറെ ഏറെ അറിവുകൾ കിട്ടി. ആശംസകളോടെ......
സഞ്ചരിക്കാൻ ഒരുപാടിഷ്ടമുള്ളതു കൊണ്ടാവും മുഴുവനും വായിച്ചു...മനസ്സു കൊണ്ട് ജർമ്മനി കണ്ടു വന്ന പ്രതീതി...ആശംസകൾ
ഒരുപാട് പുതിയ അറിവുകള്‍...
നന്ദി മാഷേ
ഒരു പാട് പുതിയ കാര്യങ്ങള്‍ അറിയാന്‍ ഉപകരിച്ചു.
ആശംസകള്‍
informative.. . ആശംസകള്‍..
കൊള്ളാം യാത്രികന് ....വളരെ നന്നായിരിക്കുന്നു.....അതികം താമസിക്കാതെ ബാക്കി കൂടി പോരട്ടെ.......
"The Triumph of Amor" ഒരുപാടിഷ്ടമായി.
വിവരണവും ചിത്രങ്ങളും എല്ലാം നന്നായി
എല്ലാം വായിക്കുന്നുണ്ട്.
Alster Lake ചിത്രങ്ങള്‍ കാണുവാനാകാത്തതില് വിഷമം.പക്ഷെ ആ വിഷമം വിവരണം വായിച്ചപ്പോള്‍ മാറി വിനീത്
Vayikkunnudu,tto.
വായന ഇഷ്ട്ടപ്പെട്ടു. പോകാന്‍ ഭാഗ്യം കിട്ടുമെന്ന് തോന്നുന്നില്ല; അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള പോസ്റ്റുകളോടും അത് എഴുതുന്ന ആളുകളോടും വല്ലാത്ത അസൂയയുമാണ്.പക്ഷെ ഈ പോസ്റ്റിലെ ഒരു കാര്യം എന്തോ പിടിച്ചില്ല. ആ പടം, തുണിയുടുക്കാത്ത പെണ്ണിന്റെ പടം. അവള്‍ക്കു തുണി ഇല്ലാഞ്ഞത് കൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്! ഇതിനെക്കാളുമൊക്കെ മനോഹരമായി നമ്മുടെ നാടന്‍ വരപ്പുകാര്‍ വരയ്ക്കാറുണ്ട്. നമ്മുടെ നാട്ടില്‍ ട്രെയിനിലും ഒക്കെ അവരുടെ ആ കഴിവ് അവര്‍ തന്നെ മിസ്യൂസ് ചെയ്യുന്നത് കണ്ടിട്ടില്ലേ?
ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധയോടെ ഒപ്പിയെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ.
sm Sadique :വായനക്കും ആദ്യ കമന്റിനും നന്ദി..
സീത: നല്ല വാക്കുകള്ക് ഒരു പാട് നന്ദി. തുടര്‍ന്നും വായിക്കൂ
ശ്രീ: വരവിനും കമന്റിനും ഒരു പാട് നന്ദി.
ഇസ്മു: നന്ദി ഇസ്മു.
ജെഫു: നന്ദി.
ഷിബു: നന്ദി. അധികം വൈകാതിരിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം.
ആഫ്രിക്കന്‍ മല്ലു: അതെ , ഒരു വ്യത്യസ്ഥതയുള്ള ചിത്രം, നന്ദി.
മിനി: സന്തോഷം ടീച്ചറെ
കൃഷ്ണ: ഓര്‍മ്മക്കായി ആ ചിത്രം ഇല്ലാത്തതില്‍
എനിക്കുമുണ്ട് വിഷമം.
എഴുത്തുകാരി: വളരെ സന്തോഷം.
ആളവന്താന്: നന്ദി. മാഷേ ചിത്രത്തെ കുറിച്ച് പറഞ്ഞത് തമാശയാവും അല്ലെ. ആളവന്താന് പറഞ്ഞത് കൊണ്ട് അങ്ങനെ കരുതട്ടെ.
കുമാരാ: ഒരുപാട് നന്ദി.
.......സസ്നേഹം
ഞാനും ഒരു ജർമ്മങ്കാരി ഗെഡിച്ചിയെ കിട്ടിയൽ ഈ ആര്യന്മാരുടെ നാട്ടിൽ പോകും,ഇതെല്ലാം നേരിട്ട് കാണുകയും ചെയ്യും...
ഒട്ടിക്കോ കേട്ടൊ വിനീതെ
ഇനി എന്നാ ബിലാത്തി കാണാൻ വരുന്നതെന്റെ ഗെഡി..?
നല്ല വിവരണവും മഹോഹരങ്ങളായ ചിത്രങ്ങളും... ഷെയര്‍ ചെയ്തതിനു നന്ദി...
ജർമനീലായിരുന്നു, ഇതുവരെ ഇപ്പോ ദാ ഇങ്ങട് വന്നേയുള്ളൂ.....
വളരെ ഇഷ്ടമായി. യാത്ര ചെയ്യാൻ വലിയ മോഹമായതുകൊണ്ട് ഇത്തരം കുറിപ്പുകൾ രണ്ടും മൂന്നും തവണയൊക്കെ വായിയ്ക്കും.
വളരെ നല്ല ചിത്രങ്ങളും എഴുത്തും.
ആശംസകൾ
തഥാഗഥനെ മനസ്സിലായി. പക്ഷേ താങ്കൾ ഉദ്ദേശിച്ചതെന്താണെന്നു മനസ്സിലായില്ല. പറഞ്ഞു തരണം. ഞാൻ താങ്കളുടെ ബ്ലോഗ് വായിച്ചു. ഒരു യാത്രികൻ മനോഹരം. ചിത്രകലയെക്കുറിച്ചുള്ള ഒരു ആധികാരിക റഫറൻസ് പുസ്തകം പോലെയുണ്ട്. ചിത്രകാരനായ യാത്രികനെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. സമയം കിട്ടുന്ന മുറക്ക് യാത്രാവിവരണവും ചിത്രലോകം പരിചയപ്പെടുത്തലും വായിച്ചുകൊള്ളാം. അഞ്ചാം ഭാഗം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് വായിച്ചു തീർക്കാമെന്ന് കരുതുന്നു. ആശംസകൾ.....
ഇഷ്ടപ്പെട്ടു ട്ടോ..മുഴുവനും വായിക്കാന്‍ സമയം കിട്ടിയില്ല. ഇനിയും ഈ വഴി വരാം
ഒന്ന് ഓടിച്ച് വായിച്ചു. വിശദമായ വായന്യ്ക്ക് പിന്നീട് വരാം..
ആശംസകൾ
യാത്രകൾ ഒരു സ്വപ്നമായും ചിത്രകലയുടെ ലോകം ഒരു ലഹരിയായും ഉള്ളിൽ കൊണ്ടുനടക്കുന്നതുകൊണ്ടാവണം,ഈയിടം വല്ലാതെയിഷ്ടപ്പെട്ടു.ജർമൻ യാത്രയുടെ നാലു ഭാഗങ്ങളും ഒറ്റയിരിപ്പിനു വായിച്ചു.ഇനിയുമൊരുപാട് നല്ലനല്ല യാത്രാനുഭവങ്ങൾ ഉണ്ടാവട്ടെ..അഭിനന്ദനങ്ങൾ!!
നന്നായിരിക്കുന്നു ആശംസകള്‍
നല്ല വിവരണം !!.വായിക്കാന്‍ വളരെ വൈകി പോയി .
ഈ പോസ്റ്റ് ഇപ്പോഴാ കണ്ണിൽ പെട്ടത്...പതിവു പോലെ മനോഹരമായ വിവരണം....ഹാംബുർഗിൽ ഇത്രയൊക്കെ കാണാനുണ്ടോ ?
:)
ബിലാത്തി: നിങ്ങളതും ചെയ്യും:). ബിലാത്തിലെന്തായാലും വരണം. എപ്പോഴാണാവോ..
ലിപി: നല്ലവാക്കുകള്‍ക്ക് നന്ദി ലിപി
എച്മു: ഒരു പാട് സന്തോഷം. ഇനിയും വരണം
കലാവല്ലഭന്‍: ഒരു പാട് സന്തോഷം
ഇലപോഴിയുംപോള്: ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം
തൃശൂര്‍ കാരന്: സന്തോഷം. തീര്‍ച്ചയായും വരണം.
ബഷീര്‍ പി.ബി.:സന്തോഷം.
ജാസി: നന്ദി ജാസി
കാഴ്ചകളിലൂടെ: നന്ദി മാഷെ
സിയാ: സസന്തോഷം. വൈകിയാലും വായിച്ചല്ലോ.;)
പഥികന്:വന്നതില്‍ ഒരു പാട് സന്തോഷം
ആ ചിത്രമെടുത്തു ബ്ലോഗിലിട്ടതിനു ശേഷമാണ് Van Gogh ന്റെ പ്രശസ്തമായ പെയിന്റിംഗ് മനസിലേക്ക് വന്നത് .അതുവഴി താങ്കളുടെ ബ്ലോഗില്‍ എത്താന്‍ കഴിഞത് നന്നായി എന്ന് തോന്നുന്നു കാരണം പെയന്റിങ്ങുകള്‍ വിഷയമാക്കുന്ന മലയാളം ബോള്ഗുകള് കുറവാണല്ലോ അതും ഒറിജിനല്‍ കണ്ടതിനു ശേഷം എഴുതുന്നവ . എല്ലാ ആശംസകളും നേരുന്നു
Post a Comment