Monday, September 5, 2011

ജര്‍മനിയിലെ ഹാംബര്‍ഗില്‍... ഭാഗം 5

മുന്‍ ഭാഗങ്ങള്‍ : ഭാഗം 1, ഭാഗം 2ഭാഗം 3, ഭാഗം 4
ഹാംബര്‍ഗിലെ അവസാന ദിവസമാണിന്ന്ഇന്നും മഴക്കോളുതന്നെ. റിസപ്ഷനില്‍ നിന്നും ഒരു കുട കടം വാങ്ങി ഞാന്‍ ഇറങ്ങി. സൈന്റ്റ്‌. മൈക്കല്‍ ചര്‍ച്ച് ആയിരുന്നു ലക്‌ഷ്യം. ഒരു പാട് കഥകള്‍ പറയാനുണ്ട് ആ അതിപുരതന ചര്‍ച്ചിന്.  
സൈന്റ്റ്‌. മൈക്കല്‍ ചര്‍ച്ച്, പാര്‍ശ്വ വീക്ഷണം 
Baum wall സ്റ്റേഷനില്‍ ഇറങ്ങിയതെ സാമാന്യം നല്ല ചാറ്റല്‍ മഴ, കൂനിമേല്‍ കുരുവെന്ന പോലെ കാറ്റും. ചര്‍ച്ചിന്റെ പേരെഴുതിയ ചൂണ്ടുപലക വഴികാട്ടിയായി. നനഞ്ഞു കുതിര്‍ന്ന വഴിയില്‍  അധികമാരെയും കണ്ടില്ല . ഭൂമിയുടെ നാഡീ ഞരമ്പുകള്‍ പോലെ ഇലപോഴിഞ്ഞ മരങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്കുന്നു. ഏറെ ദൂരമില്ല നടക്കാന്‍. പക്ഷെ കടുത്ത കാറ്റില്‍ കുടയും പിടിച്ചുള്ള നടപ്പ് ഇത്തിരി ബുദ്ധിമുട്ടിച്ചു. ചര്‍ച്ചിന് ചുറ്റും ഒന്ന് വലം വച്ചു. ക്യാമറ നനയാതെ ചിത്രമെടുക്കാന്‍ ഞാന്‍ കുറച്ചൊന്നുമല്ല വിഷമിച്ചത്.വളരെ ബൃഹത്തായ ഒരു ചര്‍ച്ചാണിത്. ഹംബര്‍ഗിലെ ഏറ്റവും വലിയ പള്ളി. മിഖായേല്‍ മാലാഖ ചെകുത്താനെ വധിക്കുന്ന ഒരു വലിയ ബ്രോന്‍സ് ശില്‍പം ഈ ചര്‍ച്ചിന്റെ പ്രവേശന കവാടത്തിനു മുകളില്‍ ഉയര്‍ന്നു നില്കുന്നു.  
മിഖായേല്‍ മാലാഖ ചെകുത്താനെ വധിക്കുന്ന ഒരു വലിയ ബ്രോന്‍സ് ശില്‍പം
പള്ളിക്കകത്ത് രേഖപ്പെടുത്തിയിരിക്കുന്നത് 
 1647 - 1669 കാലഘട്ടത്തില്‍ ആണ് ഈ ചര്‍ച്ചിന്റെ നിര്‍മ്മിതി. 1750 മാര്‍ച്ചില്‍ ഉണ്ടായ ഒരു ഇടിമിന്നല്‍ ഈ ചര്‍ച്ചിനെ മുച്ചൂടും എരിച്ചു കളഞ്ഞു. 1751 ല്‍ തന്നെ പുനര്‍നിര്‍മാണം തുടങ്ങി വച്ചു. എന്നാല്‍ 1786 ഒക്ടോബറില്‍ ആണ് ടവര്‍ അടക്കം പണി പൂര്‍ത്തിയായത്. പക്ഷെ ചര്‍ച്ചിന്റെ കാലക്കേട് തീര്‍ന്നിരുന്നില്ല. 1906 ജൂലായ്‌ 3, മനോഹരമായ ഒരു ശരത്കാല ദിനം, തൊഴിലാകള്‍ ക്ലോക്ക് ടവറിന്റെ തെക്ക് ഭാഗത്തുള്ള കുറെയേറെ ചെമ്പ് തകിടുകള്‍ മാറ്റുന്ന തിരക്കിലായിരുന്നു. പെട്രോള്‍ ബ്ലോ ടോര്‍ച് ഉപയോഗിച്ചാണ് പണിചെയ്തിരുന്നത്. ആ സമയത്ത് ക്ലോക്കില്‍ ജോലിചെയ്തുകൊണ്ടിരുന്ന ആള്‍ക് എന്തോ കത്തുന്ന മണം  തോന്നി. അത് അയാള്‍ അപ്പോള്‍ അവിടെ കാവലില്‍ ഉണ്ടായിരുന്ന ആളെ അറിയിക്കുകയും ചെയ്തു. അദ്ദേഹം മുന്‍പ് അഗ്നി ശമന സേനയില്‍ ജോലിചെയ്തിരുന്നു. അദ്ദേഹം ഉടന്‍ തന്നെ ഫയര്‍ അലാറം മുഴക്കി. പക്ഷെ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. പള്ളിയും ടവറും പൂര്‍ണ്ണമായി തന്നെ കത്തി നശിച്ചു. പാവം കാവല്‍ക്കാരനും ആ അഗ്നിയില്‍ വെന്തു മരിച്ചു. തൊട്ടടുത്ത ദിവസം തന്നെ സിറ്റി പാര്‍ലമെന്റ്, പള്ളി പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പഴയ പ്ലാന്‍ തന്നെ ഉപയോഗിക്കാനായിരുന്നു തീരുമാനം. ഒരു വെത്യാസം, ടവറിന്റെയും മേല്കൂരയുടെയും പണിക്ക് ഇക്കുറി മരത്തിനു പകരം ഇരുമ്പും കോണ്‍ക്രീറ്റും  ഉപയോഗിച്ചു.  അങ്ങനെ 1912 ഒക്ടോബറില്‍ പണി പൂര്‍ത്തിയായി. സമാധാനിക്കാന്‍ വരട്ടെ, കഷ്ടകാലം പിന്നെ വന്നത് യുദ്ധത്തിന്റെ രൂപത്തില്‍. 1943 ല്‍ ചര്‍ച്ചിന്റെ ചുറ്റുപാടും മിക്കവാറും നശിപ്പിക്കപ്പെട്ടു. 1944 ല്‍ ഒരു ബോംബിങ്ങില്‍ നിന്ന് കഷ്ടി രക്ഷപ്പെട്ടു. 1945 ല്‍ യുദ്ധം അവസാനിക്കുന്നതിനു കുറച്ചുമുന്‍പ് വീണ ബോംബ്‌ പള്ളിയുടെ മേല്കൂരയ്ക്കും അകത്തളങ്ങള്‍കും കാര്യമായ കേടുപാടുകള്‍ വരുത്തി. 1952 ഒക്ടോബറില്‍ കേടുപാടുകള്‍ തീര്‍ത്ത് പള്ളി വീണ്ടും തുറന്നു.
തീപ്പിടുത്തത്തില്‍ കത്താതെ ബാക്കിയായ ദാരുശില്പതിന്റെ ഭാഗം    
 നമുക്കിനി അക ക്കാഴ്ച്ചകളിലേക്ക് ഒന്ന് കണ്ണോടിക്കാം. വെളുത്ത നിറത്തിലുള്ള ചുമരും മേല്‍കൂരയും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അലങ്കാര പണികളാല്‍ മനോഹരമാക്കിയിരിക്കുന്നു. യൂറോപ്പിലെ മിക്കവാറും എല്ലാ പള്ളികളിയും പോലെ ഇവിടെയും ബരോക് ശൈലിയാണ് അനുവര്‍ത്തിച്ചിരിക്കുന്നത്.
പ്രസംഗ വേദി 
 പ്രൌഡ ഗംഭീരമായ അള്‍ത്താരയും മനോഹരമായ കൊത്ത്പണികളാല്‍ സമൃദ്ധമായ ഇരിപ്പിടങ്ങളും പള്ളിയുടെ അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നു. 
അള്‍ത്താര 
എടുത്തു പറയേണ്ട മറ്റൊരു കാഴ്ച അതി മനോഹരങ്ങളായ വലിയ മൂന്നു പൈപ്പ് ഓര്‍ഗന്‍ ഉണ്ടിവിടെ. മച്ചില്‍ ദീര്‍ഘ വൃത്താകൃതിയില്‍ തുളകളോട് കൂടിയ ഒരു നിര്‍മ്മിതി കാണാം. അതിനെപ്പറ്റി അവിടെ കണ്ട ഒരാളോട് ചോദിച്ചു. ഉത്തരം എന്നെ അത്ഭുദപ്പെടുത്തി. മച്ചിന് മുകളില്‍ ഓര്‍ഗണിന്റെ  ശബ്ദം ഈ തുളകള്‍ വഴി അകത്തേക്ക് നിറയും വിധത്തില്‍ ടണല്‍ വഴി ക്രമീകരിച്ചിരിക്കുന്നു.
ഓര്‍ഗണിന്റെ ശബ്ദം അകത്തേക്ക് വരാനുള്ള മച്ചിലെ സംവിധാനം     
പൈപ്പ് ഓര്‍ഗണ്‍  
പൈപ്പ് ഓര്‍ഗണ്‍  
 ആ വിശാലമായ അകത്തളത്തില്‍ വലിയ പൈപ്പ് ഓര്‍ഗനില്‍ നിന്നുള്ള ശബ്ദം നിറയുംബോഴുള്ള ശബ്ദ സൌന്ദര്യം എന്തായിരിക്കും എന്ന് ഞാന്‍ ഓര്‍ത്തു. പൈപ്പ് ഓര്‍ഗന്‍ യൂറോപ്പിലെ ഒരു പാട് പള്ളികളില്‍ കണ്ടിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ എനിക്കിതുവരെ പൈപ്പ് ഓര്‍ഗന്റെ ശബ്ദം നേരില്‍ ശ്രവിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയുള്ള മറ്റൊരു പ്രത്യേകത പള്ളിയുടെ അടിയിലുള്ള (ഭൂഗര്‍ഭ മാതൃകയില്‍ ) ശവക്കല്ലറകളാണ്. 1751 ല്‍ കത്തിയെരിഞ്ഞ പള്ളി പുനര്‍നിര്‍മ്മിച്ചപ്പോള്‍ പ്രധാന ശില്പിയായിരുന്ന Ernst George Sonnin ആണ് ഈ ഭൂഗര്‍ഭ കല്ലറകള്‍ നിര്‍മ്മിച്ചത്. 
ഭൂഗര്‍ഭ കല്ലറ
ഒട്ടേറെ പ്രശസ്തര്‍ ഈ കല്ലറകളില്‍ അന്ത്യ വിശ്രമം കൊള്ളുന്നു. ഈ ഭൂഗര്‍ഭ കല്ലറകള്‍ നിര്‍മ്മിച്ചതിനു പിന്നിലും ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. കല്ലറകള്‍ വില്‍കുക വഴി സമാഹരിക്കപ്പെടുന്ന പണം പള്ളിയുടെ നിര്‍മ്മാണത്തിനു ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ലക്‌ഷ്യം. പക്ഷെ ആ ആശയം അത്രകണ്ട് വിജയിച്ചില്ല. കാരണം 1812 ല്‍ പട്ടണത്തിനകത്തുള്ള ശവസംസ്കാരം നിര്‍ത്തി, കൂട്ടത്തില്‍  ഈ ഭൂഗര്‍ഭ കല്ലറയിലെ ശവസംസ്കാരവും. നാലുമീറ്റര്‍ ആഴമാണ് ഈ കല്ലറകള്‍കുള്ളത്. ആ ഭൂഗര്‍ഭ അറയില്‍ പ്രവേശിച്ചതെ എന്നില്‍ എന്തോ അസ്വസ്ഥത നിറയുംപോലെ. നമ്മള്‍ നടക്കേണ്ടത് കല്ലറകള്‍ക്ക് മുകളിലൂടെയാണ്‌.  നമ്മള്‍ നടക്കുന്ന വലിയ കല്പാളികള്‍ക്ക് മുകളില്‍ അടക്കം ചെയ്യപ്പെട്ടവരുടെ പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്നു. 
അധികനേരം അവിടെ ചിലവിടാതെ ഞാന്‍ പുറത്തേക്കിറങ്ങി. ഇനിയുള്ളത് ക്ലോക്ക് ടവര്‍ ആണ്. 132m ആണ് ഇതിന്റെ ഉയരം. ലിഫ്റ്റ്‌ ഉണ്ടെങ്കിലും ഞാന്‍ പടവുകള്‍ കയറി മുകളിലെത്താന്‍ തീരുമാനിച്ചു. അതുകൊണ്ട് ചില നല്ല കാഴ്ചകള്‍ കാണാന്‍ പറ്റി. ക്ലോക്കിന്റെ വലിയ മണികള്‍ സ്ഥാപിച്ചിരിക്കുന്നത് ഈ ടവറിനുള്ളിലാണ്. കയറുന്ന വഴിക്ക് ആ വലിയ ആറ് മണികള്‍ കാണാം. 1.1 ടണ്‍ മുതല്‍ 7.5 ടണ്‍ വരെ വിവിധ ഭാരമുള്ള ആറ് മണികള്‍. 
മണികളില്‍ ചിലത് 
വലിയ പല്‍ചക്രങ്ങളും ഹൈഡ്രോളിക് സംവിധാനങ്ങളും ഉള്ള ക്ലോക്കിന്റെ  മെക്കാനിസവും ഇവിടെ കാണാം. 
ക്ലോക്കിന്റെ  മെക്കാനിസം 
ക്ലോക്കിന്റെ  മെക്കാനിസം 
ടവറിന്റെ മുകളില്‍ എത്തിയപ്പോഴാണ് ശരിക്കും പെട്ടുപോയത്. കാറ്റ്, കാറ്റെന്നു പറഞ്ഞാല്‍ ഉറച്ചു നില്‍കാന്‍ പോലും പറ്റാത്ത വിധം കടുത്ത കാറ്റ്. അസഹനീയമായ തണുപ്പും. എന്നാലും അവിടെ നിന്നുമുള്ള നഗരക്കാഴ്ച മനോഹരം തന്നെ.
ടവറിന്റെ മുകളില്‍ നിന്നുള്ള നഗരക്കാഴ്ച 
 അധികം നേരം നില്‍കാന്‍ ഒരു തരത്തിലും നിര്‍വാഹമില്ല, അത്രയ്ക്കുണ്ട് തണുപ്പ്. താഴേക്കുള്ള ഇറക്കം ഞാന്‍ ലിഫ്റ്റ്‌ വഴിയാക്കി. ഞാന്‍ പള്ളിക്ക് പുറത്തെത്തിയപ്പോള്‍ വലിയ ക്ലോക്കില്‍ പന്ത്രണ്ടു മണിക്കുള്ള മണിമുഴങ്ങി. മിനുട്ടുകളോളം നീണ്ടു നിന്ന, കാതിനേറെ  ഇമ്പം പകര്‍ന്ന സംഗീത സമാനമായ മണിമുഴക്കം. ഇനിവാങ്ങാന്‍ സമയം കിട്ടിയില്ലെങ്കിലോ എന്ന് കരുതി തൊട്ടടുത്തുള്ള കടയില്‍ നിന്ന് ഞാന്‍ ചില സുവനീറുകള്‍ വാങ്ങി. മണിയും കപ്പുമാണ് ഞാന്‍ ഈയിടെയായി സാധാരണ വാങ്ങാറ്. 
പള്ളിയിലെ ഒരു സ്റ്റെയിന്‍ഡ് ഗ്ലാസ്‌ വര്‍ക്ക്‌  
സ്റ്റേഷനിലേക്ക് തിരികെ നടക്കെ കാറ്റ് കടുത്തു. തുറന്നു പിടിച്ച എന്റെ കുടയുടെ കമ്പികള്‍ കാറ്റ് പറ്റുന്നത്ര ഒടിച്ച് മടക്കി. ഇനി ചാറ്റല്‍ മഴ കൊള്ളാതെ രക്ഷയില്ല. ഞാന്‍ കുട പറ്റുംപോലെ മടക്കിക്കെട്ടി. കളയാന്‍ വയ്യ, ഹോട്ടെലില്‍ തിരിച്ചു കൊടുക്കേണ്ടതല്ലേ. പക്ഷെ വഴിയില്‍ കണ്ട ചവറു കൊട്ട കണ്ടപ്പോള്‍ മനസ്സിലായി ഞാന്‍ തനിച്ചല്ല. എന്തെന്നോ? ചവറുകൊട്ടയില്‍ ഒടിഞ്ഞു മടങ്ങിയ മൂന്നു നാല് കുടകള്‍ കിടക്കുന്നു. കാറ്റ് പലര്‍ക്കും ഭംഗിയായി പണി കൊടുത്തിരിക്കുന്നു. 

ഞാന്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി. ഇവിടെ ബാക്കി വച്ച ഒരു കാഴ്ചയുണ്ട് കാണാന്‍, ടൌണ്‍ ഹാളിന്റെ വിശദമായ കാഴ്ച. 
 ടൌണ്‍ ഹാള്‍ 
ഞാന്‍ അകത്തേക്ക് കടന്നു.ടൌണ്‍ ഹാളിന്റെ മുറികളിലൂടെയുള്ള ഇഗ്ലീഷിലുള്ള ഗൈഡഡ് ടൂറിന് ഇനിയും സമയ ഉണ്ട്. ഞാന്‍ പ്രവേശനം അനുവദിക്കപ്പെട്ട ഇടങ്ങളിലൂടെ ഒന്ന് കറങ്ങി. കെട്ടിടത്തിന്റെ നടുവിലായി നടുമുറ്റം പോലെയുള്ള ഒരിടമുണ്ട്‌. അതിന്റെ മധ്യത്തിലായി അതിമനോഹരമായ ശില്പ സമുച്ചയത്തോട് കൂടിയ ജലധാര. ശില്പങ്ങളെല്ലാം ബരോക്ക് ശൈലിയിലുള്ളവ തന്നെ. ശില്പങ്ങളിലെ വിശദാംശങ്ങള്‍ ചെയ്തത് അതിമനോഹരം. ഞാന്‍ നമ്മുടെ നാട്ടിലെ ചില സമീപകാല വാര്‍ത്തകള്‍ ഓര്‍ത്തുപോയി. നമ്മുടെ നാട്ടിലായിരുന്നെങ്കില്‍  സദാരചാര കാവല്‍കാര്‍ ഈ അതിസുന്ദര ശില്പങ്ങളെയും തുണിയുടുപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയേനെ. 
നടുമുറ്റവും ജലധാരയും 
ജലധാരയിലെ ശില്‍പം, സമീപ ദൃശ്യം  
ജലധാരയിലെ മറ്റൊരു ശില്‍പം, സമീപ ദൃശ്യം 
ഞങ്ങളുടെ ഗൈഡ് വന്ന് എല്ലാവരോടും കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടു.  ടൌണ്‍ ഹാളിന്റെ ചരിത്രവും പ്രത്യേകതകളും സരസമായി വിവരിച്ചുകൊണ്ട് ആ സ്ത്രീ ഞങ്ങളെ മുറികളിലൂടെ നയിച്ചു.  
1842 ലെ അഗ്നിബാധയില്‍ കത്തിനശിച്ച പഴയ ടൌണ്‍ ഹാളിനു പകരമായാണ് ഇന്ന് കാണുന്ന ടൌണ്‍ ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1886 -1897 കാലഘട്ടത്തിലാണ് ഈ മനോഹര സൌധം നിര്‍മ്മിച്ചത്. 182986 സ്ക്വയര്‍ ഫീറ്റ്‌ ആണ് കെട്ടിടത്തിന്റെ ആകെ വിസ്തൃതി. നിയോ റിനൈസെന്‍സ് ശൈലിയിലാണ് ഈ കെട്ടിടത്തിന്റെ ബാഹ്യ നിര്‍മ്മിതി. 647 മുറികളാണ് ഈ കെട്ടിടത്തില്‍ ഉള്ളത്.  എല്ലാ മുറികളിലും പ്രവേശനമില്ല. അനുവദനീയമായ പ്രധാനപ്പെട്ട മുറികളിലൂടെ ഞങ്ങള്‍ കയറിയിറങ്ങി. ഒന്നിനൊന്നു വ്യത്യസ്തമായ ശില്പഭംഗിയും പ്രത്യകതകളും ഉള്ള മനോഹരമായ മുറികള്‍. പലമുറികളിലും  ഉള്ള വാതിലുകളില്‍ മരത്തിലും ലോഹത്തിലും ചെയ്തിരിക്കുന്ന ഡിസൈന്‍സ് നമ്മെ അത്ഭുതപ്പെടുത്തും. 
വര്‍ക്കുകള്‍ നിറഞ്ഞ വാതില്‍  
മറ്റൊരു വാതില്‍
മച്ചില്‍ ചെയ്തിരിക്കുന്ന പെയിന്റിങ്ങുകളും മച്ചില്‍ തൂങ്ങിക്കിടക്കുന്ന ബഹുശാഖ വിളക്കുകളും അതിമനോഹരം. മനോഹരമായ കൊത്തുപണികള്‍ നിറഞ്ഞ ഒരു മുറിയെപ്പറ്റി ഗൈഡ്
 പറഞ്ഞത് അത്ഭുതപ്പെടുത്തി. ആ മുറിയിലെ എല്ലാ കൊത്തുപണികളും ചെയ്തതത് കുറ്റ കൃത്യങ്ങള്‍ക് ശിക്ഷിക്കപ്പെട്ടു ജെയിലില്‍ കഴിയുന്ന കുട്ടികള്‍ ചെയ്തതാണത്രെ. അവരവര്‍ ചെയ്ത വസ്തുക്കളില്‍ സ്വന്തം പേരും രേഖപ്പെടുത്താന്‍ കുട്ടികളെ അനുവദിച്ചിരുന്നു. സൂക്ഷിച്ചുനോക്കിയാല്‍ പേര് ആലേഖനം ചെയ്തിരിക്കുന്നത് കാണാം. തടവുകഴിഞ്ഞു പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് നല്ലൊരു കൈത്തിഴില്‍ വശമാക്കാനും ഇത് വഴിയൊരുക്കി. ആ റൂമിലെ ഡിസൈനില്‍ പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മതയും പൂര്‍ണ്ണതയും അത്രയ്ക് മനോഹരമായിരുന്നു.
തടവുകാരായ കുട്ടികള്‍ വര്‍ക്ക് ചെയ്ത വാതില്‍
 പലമുറികളിലെയും ചുമരില്‍ ചെയ്തിരിക്കുന്നത് തുകലും വെള്ളിയും കൊണ്ടുള്ള ടൈല്‍ വര്‍ക്കിനു സമാനമായ ഡിസൈനുകള്‍.ഒട്ടേറെ പഴക്കം ഉള്ളത് കൊണ്ട് ആ ചുവരുകളിലൊന്നും സ്പര്‍ശിക്കരുത് എന്ന് ഗൈഡ് പ്രത്യേകം നിര്‍ദേശിക്കുന്നുണ്ടായിരുന്നു.
മച്ചില്‍ ചെയ്തിരിക്കുന്ന പെയിന്റിങ്ങുകളില്‍ ഒന്ന്  
ഒരു വലിയ മുറിയില്‍ ചിത്രാലങ്കൃതമായ മച്ചിനുമുകളില്‍ , ഹാംബര്‍ഗിനു പണ്ടുകാലത്ത് വാണിജ്യ ബന്ധം ഉണ്ടായിരുന്ന രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ശില്പങ്ങള്‍. ഇന്ത്യയെ സൂചിപ്പിക്കുന്ന ശില്പത്തില്‍ ഒരു പാമ്പാട്ടിയും സുന്ദരിയും പുലിത്തോലും പിന്നെ ഒരു മയിലും. 
ഭാരതത്തെ പ്രതിനിധാനം ചെയ്യുന്ന മച്ചിലെ ശില്‍പം
അമേരിക്കയെ പ്രതിനിധാനം ചെയ്യുന്ന കൌ ബോയും റെഡ് ഇന്ത്യനും 
മറ്റൊരിടത്ത് മനോഹരമായ  സ്റ്റാന്റില്‍ ഒരു ശില്‍പം. അതെന്താണെന്നു അത്ഭുതം കൂറി നില്കവേ ഗൈഡ്  പറഞ്ഞു, ഈ സൃഷ്ടി അഗ്നിയുടേത്. 1942 ലെ തീപ്പിടുത്തത്തില്‍ കത്തിനശിച്ച പഴയ ടൌണ്‍ ഹാളിലെ വെള്ളി ഉരുപ്പടികള്‍ ഉരുകി കൂടിചെര്‍ന്നത് ഒരു സ്മരണാര്‍ത്ഥം എടുത്തു വച്ചിരിക്കുന്നതാണത്രെ. 
ഉരുകിയ വെള്ളി സ്റ്റാന്റില്‍ വെച്ചിരിക്കുന്നു 
താഴെ കാണുന്ന ചിത്രത്തിലുള്ളത് അംഗങ്ങളുടെ ഔദ്യോഗിക വേഷമാണ്. ചിത്രത്തില്‍ എല്ലാവരും തൊപ്പി കയ്യില്‍ പിടിച്ചിരിക്കുനതിനു തന്ന വിശദീകരണം ചിരിപ്പിച്ചു. ആ വസ്ത്രത്തിനു തന്നെ 35 കിലോയോളം ഭാരം ഉണ്ടത്രേ. അപ്പൊ ഇനി തൊപ്പി കൂടി വെച്ച് ഭാരം വര്‍ദ്ധിപ്പിക്കേണ്ടല്ലോ എന്ന് കരുതിയാവം എന്ന്. 
ഇങ്ങനെ രസകരവും കൌതുകകരവുമായ അറിവുകളും കാഴ്ചകളും നിറഞ്ഞ ആ ഗൈഡഡ് ടൂര്‍ വളരെപ്പെട്ടന്ന് അവസാനിച്ചത് പോലെ തോന്നി. അല്ലെങ്കിലും ചരിത്രസ്മാരകങ്ങളിലൂടെയുള്ള യാത്രകള്‍ എപ്പോഴും ഒരു തിരിഞ്ഞു നോട്ടത്തിന് അവസരം നല്‍കുന്നു. കടുത്ത പരീക്ഷണങ്ങളുടെയും, ഉയിര്‍ത്തെഴുന്നെല്പുകളുടെയും, മായാത്ത മുറിവുകളുടെയും നശിക്കാത്ത രേഖപ്പെടുത്തലുകളായി അവ നമ്മുടെ ഇടയില്‍ നിലനില്കുന്നു.
 ഇനി മടക്കയാത്ര, പതിവുപോലെ കാണാന്‍ ബാക്കിവെച്ച കാഴ്ചകളിലേക്ക് എന്നെങ്കിലും തിരിച്ചുവരാം എന്ന പ്രതീക്ഷയോടെ.

അവസാനിച്ചു 

21 comments:

ഒരു യാത്രികന്‍ said...
This comment has been removed by the author.
ഒരു യാത്രികന്‍ said...

നീളം ഇത്തിരി കൂടി പോയോ?? ഒരു പാട് വൈകിയതല്ലേ. അതുകൊണ്ട് ഇക്കുറി തീര്‍ക്കാം എന്ന് വിചാരിച്ചു.......സസ്നേഹം

K.P.Sukumaran said...

ആശംസകള്‍ വിനീത്, ബ്ലോഗ് സഞ്ചാരസാഹിത്യത്തിന് ഒരു മുതല്‍‌ക്കൂട്ട് തന്നെയാണ് വിനീതിന്റെ കുറിപ്പുകള്‍ ..

സസ്നേഹം,

siya said...

ആ വിശാലമായ അകത്തളത്തില്‍ വലിയ പൈപ്പ് ഓര്‍ഗനില്‍ നിന്നുള്ള ശബ്ദം നിറയുംബോഴുള്ള ശബ്ദ സൌന്ദര്യം എന്തായിരിക്കും എന്ന് ഞാന്‍ ഓര്‍ത്തു..

യാത്രികാ,ഇനിയുള്ള യാത്രകളില്‍ അത് കേള്‍ക്കാന്‍ കഴിയട്ടെ ...

ഈയാത്രയും,വളരെനന്നായി എഴുതി തീര്‍ത്തു .നന്ദി

Sumi said...

very nice vinietta! got to read most of ur blogs ...there r some more to catch up! Oru yathrikande katha thudaratte! ;)

സീത* said...

നല്ല വിവരണം ട്ടോ...നീളം കൂടീന്നു തോന്നീല്യാ..ആ ചിത്രങ്ങളിലൂടെ വിവരണങ്ങളിലൂടെ കടന്നു പോയപ്പോ..
ഓണാശംസകൾ

പഥികൻ said...

ജർമ്മനിയിലെ ദീർഘകാലവാസത്തിനിടക്കും ഹാംബുർഗിൽ പോകാൻ അവസരമുണ്ടായിട്ടില്ല. പല നാളായി കാണണം എന്നു കരുതുന്നതാണ്‌ ജർമ്മനിയിലെ ഈ തുറമുഖനഗരം.

പതിവുപോലെ നന്നായി വിവരണം.....ആശംസകൾ..

ദൃശ്യ- INTIMATE STRANGER said...

thank you for this post

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു തുറമുഖനഗരത്തിന്റെ തുറന്ന മുഖം..!

പിന്നെ വീടിന്റെ ഉമ്മറത്ത് നടക്കുന്ന മീറ്റിന്റന്ന് മീറ്റാൻ പറ്റ്വോ..വിനീത്?

ബഷീർ said...

ചിത്രന്ങളും വിവരണന്ങളും അവിടെ പോയി കണ്ട പ്രതീതിയുണ്ടാക്കി. ഒരാവർത്ത് കൂടി വായിക്കാൻ വീണ്ടും വരാം.. നന്ദി ഈ പോസ്റ്റിന്

krishnakumar513 said...

പതിവുപോലെ മനോഹര കാഴ്ചകള്‍ ആശംസകൾ..

Midhin Mohan said...

Nice work yaathrikaa...... Yathra thudaroooo....
Aashamsakal.........

ഒരു യാത്രികന്‍ said...

കെ.പി.എസ: സുകുമാരേട്ട ആദ്യ കമന്റിനു ഒത്തിരി നന്ദി.

സിയാ: നന്ദി സിയാ. എന്നെങ്കിലും നടക്കും എന്ന് അന്ജനും ആശിക്കുന്നു

സുമി: വായിക്കുന്നു എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം.

സീത: വളരെ സന്തോഷം സീത.

പഥികന്‍: ജര്‍മ്മനിയിലാനല്ലേ. ഇനി വരുമ്പോള്‍ കാണാന്‍ ശ്രമിക്കാം

intimate stranger : thank you very much for the comment

ബിലാത്തി:നന്ദി മുരളിയേട്ട:ഇല്ല ഉന്ദാവീല. ഞാന്‍ നാട്ടില്‍ നിന്നും തിരിച്ചെത്തി

ബഷീര്‍: നല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തെ

കൃഷ്ണ കുമാര്‍ : സന്തോഷം കൃഷ്ണ

മിധിന്‍: ഇവിടെ ആദ്യമായാനല്ലേ. നന്ദി . ഇനിയും വരൂ

MT Manaf said...

സഞ്ചാരം
അനിര്‍വചനീയമായ അനുഭവമാണ്
ചിത്രങ്ങളായും വരികളായും
അതു പങ്കുവെച്ചതില്‍ സന്തോഷം!

Anees said...

യാത്രാവിവരണങ്ങള്‍ എനിക്കൊരുപാടിഷ്‌ടമാണ്‌. അതുകൊണ്ടുതന്നെ വീണ്ടും ഈ വഴി വരാം. :)

blog.aneez.in

African Mallu said...

വിവരണം നന്നായി :-)

Manikandan said...

ജർമ്മൻ വിവരങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്. ഇത്രയും വിശദമായി വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി.

Anonymous said...

great...
Welcome to my blog
nilaambari.blogspot.com
if u like it follow and support me

Echmukutty said...

വരാൻ വൈകിയാലും സാരമില്ല, ഞാൻ പതുക്കെ വായിച്ച് തീർത്തോളാം....യാത്രാവിവരണങ്ങൾ എനിയ്ക്ക് വലിയ ഇഷ്ടമാണ്....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തികച്ചും വിജ്ഞാനപ്രദം ..
ആ ക്ലോക്കിന്റെ മെക്കാനിസം ശരിക്കും വിസ്മയിപ്പിച്ചു!

ഫൈസല്‍ ബാബു said...

ഈ വവരണം വായിച്ചപ്പോള്‍ ഏഷ്യാനെറ്റിലെ എനികിഷ്ടമുള്ള സഞ്ചാരം എന്ന പ്രോഗ്രാം പോലെ തന്നെ തോന്നിച്ചു !! അല്‍പ്പം പോലും ബോറടിക്കതെയുള്ള നല്ല പോസ്റ്റ്‌ !!