മുന്ഭാഗങ്ങള്: ഭാഗം 1, ഭാഗം 2
കഴിഞ്ഞ ദിവസം തന്നെ മാപ്പില്‍ അടയാളപ്പെടുത്തിയിരുന്ന Lycabet tus Hill ഞങ്ങളുടെ ശ്രദ്ദ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ആദ്യ യാത്ര അങ്ങോട്ടാവാം എന്ന് തീരുമാനിച്ചു. ഒമോണിയയില്‍ നിന്നും സിന്റാഗ്മയിലേക്ക് പോവുമ്പോള്‍ Panepistimiou റോഡില്‍ നിന്നും ഇടതു വശത്തേക്ക് കുന്നിന് മുകളിലേക്ക് നീളുന്ന അനേകം റോഡുകള്‍ ഉണ്ട്. ഞങ്ങള്‍ മാപില്‍ നോക്കി ഏകദേശം കുന്നിനു നേരെ എന്ന് തോന്നിയ ഒരു റോഡിലേക്ക് കയറി. നല്ലകയറ്റമുള്ള വഴിയാണ്. ഇരു വശത്തും ധാരാളം കടകളും വീടുകളും. തട്ട് തട്ടുകളായാണ് കുന്നിന് മുകളിലേക്ക് കെട്ടിടങ്ങളുടെയും പ്രധാന തെരുവുകളുടെയും നിര്‍മ്മിതി. ഞങ്ങള്‍ മറ്റൊരു പ്രധാന റോഡ് ആയ "Akadimias" ലേക്ക് ചെന്ന് കയറി. റോഡ് മുറിച്ചു കടന്നു ഞങ്ങള്‍ അടുത്ത തെരുവിലൂടെ കയറ്റം തുടര്‍ന്നു അല്പനേരത്തെ നടത്തത്തിനു ശേഷം ഞങ്ങള്‍ ചെന്ന് കയറിയത് " Skoufa " റോഡിലെ St. Dionissios ചര്‍ച്ചിന് മുന്നില്‍ ആണ്.
കഴിഞ്ഞ ദിവസം തന്നെ മാപ്പില്‍ അടയാളപ്പെടുത്തിയിരുന്ന Lycabet
St. Dionissios ചര്‍ച്ച്
നിര്‍മ്മാണ ശൈലികൊണ്ട് മുന്‍പേ കണ്ട ചര്ച്ചിനെകാളും ഗ്രീക്ക് ശൈലിയോട് അടുത്ത് നില്കുന്നതാണ് ഈ ചര്ച്ചിന്റെത്. അതുകൊണ്ട് തന്നെ മുന്‍തീരുമാനം ഇല്ലായിരുന്നെങ്കില്‍ പോലും കയറിക്കാണാന്‍ തീരുമാനിച്ചു. ഞായറാഴ്ചയായത് കൊണ്ടും മറ്റെന്തോ പ്രത്യേക പരിപാടി ആയതു കൊണ്ടും പള്ളിയില്‍ നല്ല തിരക്ക് ആയിരുന്നു. സവിശേഷ വസ്ത്രം ധരിച്ച വൈദികരും വീഡിയോ ഗ്രാഫെര്സും ഒക്കെ ഉണ്ടായിരുന്നു അവിടെ. 1886 കാലം തൊട്ടേ അവിടെ ഒരു ചെറിയ ചര്‍ച്ച് ഉണ്ടായിരുന്നു. ഇന്നുകാണുന്ന വലിയ ചര്‍ച്ചിന്റെ നിര്‍മ്മിതിക്കായി 1900 ല്‍ ആ ചെറിയ പള്ളി പൊളിക്കുകയായിരുന്നു. 1921-1932വരെ ആയിരുന്നു പള്ളിയുടെ നിര്‍മ്മാണ കാലഘട്ടം. അതായത് ഏറെ പഴക്കമില്ലാത്ത ഒരു ചര്‍ച്ച് എന്നര്‍ത്ഥം. സമചതുരാകൃതിയുള്ള കുരിശിന്റെ രൂപമാണ് ചര്‍ച്ചിനുള്ളത്. അതിമനോഹരമായ മൊസൈക് വര്‍ക്കും, മാര്‍ബിള്‍ വര്‍ക്കുകളും ഏറെ ശ്രദ്ദേയം. വളരെപ്പെട്ടന്ന് തിരിച്ചറിയാവുന്ന ഒരു ശൈലി ഗ്രീക്ക് ഫിഗര്‍ വര്ക്കുകള്കും അലങ്കാരപ്പണികള്കും ഉണ്ട്. യൂറോപ്പിലെ മറ്റു പുരാതന പള്ളികളിലെ ചിത്രരചനാ ശൈലിയായ ബരോക്ക് ശൈലിയില്‍ നിന്ന് മാറി തനതാതായ ഗ്രീക്ക് ശൈലിയില്‍ തന്നെയാണ് ഇവിടുത്തെ ചിത്രപ്പണികള്‍. ചര്‍ച്ചിന്റെ വരാന്തയുടെ മുകളിലെ മച്ചില്‍ കാണുന്ന മൊസൈക് വര്‍ക്ക് അതിമനോഹരം.
മൊസൈക് വര്‍ക്ക്
മൊസൈക് വര്‍ക്ക്
അധികം പഴക്കമില്ല ഈ വര്‍ക്കുകള്‍ക്കൊന്നും. വിശാലമായ അകത്തളത്തില്‍ മരത്തില്‍ ചെയ്തിരിക്കുന്ന ചിത്രപ്പണികള്‍ എത്രകണ്ടാലും മതിവരില്ല. അത്രമനോഹരമായ അലങ്കാരങ്ങളാണ് കാര്‍വ് ചെയ്തിരിക്കുന്നത്.
ചിത്രപ്പണികള്‍ ചെയ്ത മരപ്പാളിയാണ് മുന്നില്‍
മച്ചില്‍ മുഴുവന്‍ നിറഞ്ഞു നില്കുന്ന മനോഹരമായ പെയിന്റിങ്ങുകള്‍. ഒന്ന് ശ്രദ്ദിച്ചാല്‍ മനസ്സിലാകും ഈ ചിത്രങ്ങള്‍ക് ബരോക്ക് ശൈലിയില്‍ നിന്നുള്ള വ്യത്യാസം. Byzantine ആര്‍ട്ട് എന്ന ഗ്രീസിലെ പുരാതന ചിത്രകല രീതിയാണ് ഇവിടെയും അനുവര്ത്തിച്ചിരിക്കു ന്നത് എന്ന് തോന്നുന്നു. എന്തായാലും ഭംഗിയുള്ള ആ അകത്തളത്തിന്റെ നല്ല ചിത്രങ്ങളൊന്നും എന്റെ ക്യാമറയില്‍ പതിഞ്ഞില്ല.
പള്ളിയില്‍ നിന്നും ഇറങ്ങി ഞങ്ങള്‍ നടത്തം തുടര്‍ന്ന്. വഴി വളഞ്ഞു പുളഞ്ഞു കുന്നിന് മുകളിലേക്ക് നീണ്ടു കിടന്നു. മുകളിലെത്തും തോറും വീടുകള്‍ കുറഞ്ഞു. പകരം വശങ്ങളില് പൈന്‍ മരങ്ങള്‍. പേരറിയാത്ത ചെടികള്‍ പൂത്തിരിക്കുന്നു.
വഴിയോരത്തെ പൂക്കള്‍
തികഞ്ഞ ഏകാന്തതയിലും നിശബ്ദതയിലും ഉള്ള നടത്തം ഏറെ സുഖകരമായിരുന്നു. പക്ഷികളുടെ കളകൂജനം മാത്രമായിരുന്നു ആ നിശബ്ദതയ്ക് ഭംഗം വരുത്തിയിരുന്നത്. മുന്നൂറ്റി നാല് മീറ്റര്‍ ഉയരമുള്ള Lycabettus കുന്നിന് മുകള്‍ വരെ നടന്നുപോവാമെങ്കിലും ഇത്തിരി താഴെ നിന്ന് മുകളിലേക്ക് ഒരു Funicular റെയില്‍ സംവിധാനം ഉണ്ട്. മുകളിലേക്ക് Funicular റെയിലില്‍ പോവാം എന്ന് തീരുമാനിച്ചു. നടത്തം കുഞ്ഞു യാത്രികനേയും ഇത്തിരി മടുപ്പിച്ചിരുന്നു. ഞങ്ങള്‍ അങ്ങോട്ടേക്ക് നടന്നു. അത്രവലുതല്ലാത്ത ഒരു മുറിയിലേക്കാണ് നമ്മള് കയറിച്ചെല്ലുക. ഇടതു വശത്തായി സുവനീറും മറ്റും വില്‍ക്കുന്ന ഒരു കടയുണ്ട്. നേരെമുന്നില്‍ മുകളിലേക്ക് നീളുന്ന റെയില്‍ കാണാം. ആ കടയില്‍ നിന്ന് തന്നെയാണ് ടിക്കറ്റ് എടുക്കേണ്ടത്. ചെന്നപ്പോള്‍ ഞങ്ങള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ ഇനിയും കുറച്ചു നേരം കാത്തിരിക്കെണ്ടിയിരിക്കുന്നു . അല്പം കഴിഞ്ഞപ്പോള്‍ ബെല്‍ജിയത്തില്‍ നിന്നുമുള്ള മധ്യ വയസ്സ് കഴിഞ്ഞ ദംബതികളുമെത്തി. അതുവരെയുള്ള നടത്തം രണ്ടുപേരെയും വല്ലാതെ തളര്‍ത്തിയിരിക്കുന്നു. കിതയ്ക്കുനുണ്ടായിരുന്നു അവര്‍. ഞങ്ങള്‍ പരിചയപ്പെട്ടു സംസാരിച്ചു, ഒരു മാസമായത്രേ അവര്‍ വീട് വിട്ടിട്ട്. പലയിടത്തും കറങ്ങി ഗ്രീസില്‍ എത്തിയതാണവര്‍. അവര്‍ക്ക് ഇന്ഗ്ലീഷ് അത്ര വശമില്ലാത്തത് കൊണ്ട് സംസാരം അത്ര സുഗമമായിരുന്നില്ല. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ടിക്കറ്റ് വാങ്ങിക്കൊള്ളാന്‍ കടയിലെ സ്ത്രീ വന്നു പറഞ്ഞു. ആ കടയില്‍ നിന്ന് തന്നെയാണ് ടിക്കറ്റ് എടുക്കേണ്ടത്. ഞങ്ങള്‍ ടിക്കറ്റ് എടുത്തു കാബിനില്‍ ഇടം പിടിച്ചു. വളരെ മെല്ലെ തുരംഗത്തിലൂടെ വണ്ടിനീങ്ങി ത്തുടങ്ങി. രണ്ട് മിനിട്ടോ മറ്റോ മാത്രമേ ആ യാത്ര നീണ്ടുള്ളൂ. നൂറോ നൂറ്റന്പതോ മീറ്റര്‍ മാത്രമേ ആ തുരംഗ റെയിലിന് ദൈഘ്യം കാണൂ.
Funicular റെയില്‍ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി പടവുകള്‍ കയറി മുകളിലെത്തിയ ഞങ്ങളെ കാത്തിരുന്നത് ഏഥന്‍സിന്റെ മനം മയക്കുന്ന ദൂരക്കാഴ്ച. തണുത്ത കാറ്റ് ഞങ്ങളെ കെട്ടിപ്പുണര്‍ന്നു.
യാത്രികനും കുഞ്ഞു യാത്രികനും
Lime stone rock നിറഞ്ഞതാണ് Lycabettus ഹില്‍. മുകളില്‍ സൈന്റ്റ് ജ്യോര്ജിന്റെ 1885 ല്‍ നിര്മ്മിതമായവെള്ളച്ചായം പൂശിയ ഒരു കൊച്ചു പള്ളിയുമുണ്ട്. ഇത് പ്രോഫെറ്റ് എലിയാസിന്റെ പേരിലാണ് നിര്‍മ്മിതമായത്.
കുന്നിന്മുകളിലെ കൊച്ചു പള്ളി
പിന്നീട് ചെറിയ കൂടിചെര്ക്കലുകളോടെ സൈന്റ്റ് ജ്യോര്ജിനു വേണ്ടിയും സമര്‍പ്പിക്കപ്പെട്ടു. അത്കൊണ്ട് ഇപ്പോള്‍ പള്ളിയുടെ പകുതിയോളം പ്രോഫെറ്റ് എലിയസിനായും ബാക്കി പകുതി സൈന്റ്റ് ജ്യോര്ജിനായും മാറ്റിയിരിക്കുന്നു. ഞങ്ങള്‍ പള്ളിയുടെ അകത്തേക്ക് കയറി.
കൊച്ചു പള്ളിയുടെ അകത്തളം
മുന്‍പ് സൂചിപ്പിച്ച തരത്തിലുള്ള ഗ്രീക്ക് ശൈലിയിലുള്ള പെയിന്റിങ്ങിനാല് മനോഹരമാക്കിയിരിക്കുന്നു പള്ളിക്കകം. പെയിന്റിങ്ങുകള്‍ പരമ്പരാഗത ശൈലിയില്‍ നിന്നും ഒരല്പം വേറിട്ട് ക്യുബിസവുമായൊക്കെ ചേര്‍ന്ന് നില്കുന്ന ശൈലിയായി എനിക്കുതോന്നി. എനിക്കതിഷ്ടമാവുകയും ചെയ്തു.
ചുമരിലെ പെയിന്റിംഗ്
പെയിന്റിങ്ങുകള്‍ കണ്ടിട്ട് അവയ്ക്ക് പള്ളിയോളം പഴക്കം ഉണ്ടോ എന്നത് തീര്‍ച്ചയില്ല. യാത്രികയും കുഞ്ഞു യാത്രികനും അകത്തളത്തില്‍ മെഴുകുതിരി കത്തിച്ചുവെക്കാന്‍ വെക്കാന്‍ ഒരുക്കിയയിടത്ത് കുറച്ചു മെഴുകുതിരികള്‍ കത്തിച്ചു വെച്ച് പള്ളിയില്‍ നിന്നും പുറത്ത് കടന്നു.
മെഴ്കുതിരികള് കത്തിക്കുന്ന യാത്രികയും കുഞ്ഞു യാത്രികനും
അടുത്ത് തന്നെയായി ഒരു മണി ഗോപുരവും ഉണ്ട്. ഞങ്ങള്‍ ആ കുന്നിന് മുകളില്‍ നിന്നുള്ള ദൂരക്കാഴ്ച്ചകളിലേക്ക് കണ്ണ് നട്ടു.
മണിഗോപുരം
ഏഥന്‍സിലെ പരന്നു കിടക്കുന്ന കെട്ടിട സമുച്ചയങ്ങള്ക് നടുവില്‍ അങ്ങ് ദൂരെ ഒരു മേശത്തട്ടുപോലെ ഉയര്‍ന്നു നില്കുന്ന അക്രോപോളിസ് കാണാം. അതിനും അപ്പുറം അതിരിട്ടുകൊണ്ട് നീലക്കടലും.
അക്രോപോളിസിന്റെ ദൂരക്കാഴ്ച
പനാത്തിനായിക്ക സ്റ്റേഡിയത്തിന്റെ ദൂരക്കാഴ്ചയാണ് മറ്റൊരു വശത്ത് നമ്മെ കാത്തിരിക്കുന്നത്.
പനാത്തിനായിക്ക സ്റ്റേഡിയത്തിന്റെ ദൂരക്കാഴ്ച
അവിടെ നിന്നുള്ള ഏഥന്‍സ് നഗരത്തിന്റെ ദൂരക്കാഴ്ച അത്ര മനോഹരം. നഗരത്തിലെ ദേശീയ ഉദ്യാനവും അവിടെ നിന്ന് കാണാം. കുന്നിന് മുകളില്‍ നിന്നും അല്പം താഴെയായി ഒരു ഓപ്പണ്‍ എയര്‍ തീയേറ്ററും ഉണ്ട്. ഒരു പാട് പരിപാടികള്‍ അവിടെ നടക്കാറുണ്ടത്രെ. ഞങ്ങള്‍ കുന്നിന് ചെരുവിലൂടെ അങ്ങോട്ട് നീളുന്ന പാതയിലൂടെ നടന്നു. സിമന്റ് തേച്ച ചെങ്കുത്തായ പാതയിലൂടെ വേഗം നടക്കാന്‍ യാത്രിക ഇത്തിരി ബുദ്ധിമുട്ടി. ആ പാതയിലൂടെ നടക്കുമ്പോള്‍ അവര്‍ക്ക് ബാലന്‍സ് തെറ്റും പോലെ തോന്നുന്നത്രേ. എനിക്കും കുഞ്ഞുയാത്രികനും അതൊരു ചിരിക്കുള്ള വകയായി.കൈവരിയില്‍ പിടിച്ചു പിച്ചവച്ച് യാത്രിക
വഴിയോരത്ത്
കുന്നിന് ചെരുവിലുള്ള പൂക്കള്‍ കൊണ്ട് ഞാന്‍ ഒരു കുഞ്ഞു ബൊക്കെ ഉണ്ടാകി യാത്രികയ്കു കൊടുത്തു. കുശുംബന്‍, കുഞ്ഞു യാത്രികന് അത് സഹിച്ചില്ല. അങ്ങനെ അവനും ഒന്ന് ഉണ്ടാക്കി കൊടുത്തു. തീയേറ്ററിന്റെ ഗേറ്റ് അടച്ചിട്ടിരുന്നു. ഞങ്ങള്‍ അവിടം ചുറ്റിനടന്നു കണ്ടു. തീയേറ്റര്‍
അവിടെ അതി വിശാലമായ ഒരു പാര്‍ക്കിംഗ് ഇടം ഉണ്ട്. അവിടെ ഒരാള്‍ ഫെറാറി അതിവേഗം ഓടിച്ച് അഭ്യാസം കാണിക്കുന്നു. നമ്മളിതെത്ര കണ്ടതാ എന്ന ഭാവം വരുത്തി ഞങ്ങളും ആ അഭ്യാസം കണ്ടു. തീയേറ്ററിന് അടുത്തുള്ള പൂമരം
സാമാന്യം നല്ല തണുപ്പുണ്ടായിരുന്നു എങ്കിലും അവിടെ ചിലവഴിച്ച സമയം ഞങ്ങള്ക് തന്ന അനുഭൂതി അവാച്യം. ഞങ്ങള്‍ Funicular സ്റ്റേഷനിലേക്ക് തിരികെ നടന്നു. അല്പ സമയത്തിനുള്ളില്‍ ട്രെയിന്‍ വന്നു. ഞങ്ങള്‍ തിരികെ താഴെയെത്തി. താഴെ സ്റ്റേഷന് അടുത്ത് നിര്‍ത്തിയിട്ട കാറുകളില്‍ ഒന്ന് കണ്ട് കുഞ്ഞുയാത്രികന് വിളിച്ചു പറഞ്ഞു. "അച്ഛാ മിസ്റ്റര്‍ ബീനിന്റെ കാറ്". പിന്നെ കാറിന്റെ കൂടെ നിന്ന് ഒരു ഫോടോ എടുത്തപ്പോള്‍ അവന് ഹാപ്പിയായി.
കുഞ്ഞു യാത്രികനും മി. ബീനിന്റെ കാറും
അക്രോപോളിസ് ആണ് അടുത്ത ലക്ഷ്യം. ഞങ്ങള്‍ കുന്നിറങ്ങി. വന്ന വഴിവിട്ട് കുറേ പടികളുള്ള മറ്റൊരു വഴിയിലൂടെയാണ് ഞങ്ങള്‍ തിരിച്ചിറങ്ങിയത്. നടന്നു സിന്റാഗ്മ ചത്വരത്തില്‍ എത്തിയപ്പോള്‍ അവിടെ ഗാര്‍ഡുകളുടെ ഊഴം മാറ്റം നടക്കുന്നു. മുന്‍ഭാഗത്ത് അതിനെ പ്പറ്റി വിശദമായി പ്രദിപാതിച്ചത് ഓര്‍ക്കുമല്ലോ. എന്നാല്‍ ഇന്നു ഞായറാഴ്ച ആയതുകൊണ്ടാവണം ചില മാറ്റങ്ങള്‍ ശ്രദ്ദേയമാണ്. അവരുടെ അന്നത്തെ വെളുത്ത വസ്ത്രത്തിന് കൂടുതല്‍ ഭംഗിയുണ്ട്. മറ്റൊരു പ്രത്യേകത അന്നത്തെ ദിവസം മറ്റ് ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗാര്‍ഡിനോട് ചേര്‍ന്ന് നിന്ന് ഫോടോ എടുക്കാം എന്നതാണ്. ഞായറാഴ്ച ആയതു കൊണ്ടാവണം ചത്വരത്തില്‍ ഗാര്‍ഡു മാറ്റം കാണാനും ഫോട്ടോ എടുക്കാനും നല്ല തിരക്കായിരുന്നു. ഞങ്ങളും ഊഴം കാത്ത് നിന്നു. ഞാനും കുഞ്ഞു യാത്രികനും ഗാര്‍ഡിന്റെ അരികിലേക്ക് ചെന്നു. ഞങ്ങള്‍ പോസ് ചെയ്യുമ്പോള്‍ കുഞ്ഞുയാത്രികാന് അടക്കാന്‍ വയ്യാത്ത ചിരി. അവന് പൊട്ടി പ്പൊട്ടി ചിരിച്ചു. കാരണമെന്തന്നോ? അവന് മിസ്റ്റര്‍ ബീനിനെ വീണ്ടും ഓര്‍ത്തു. ഒരു ഗാര്‍ഡിന്റെ കൂടെനിന്ന് മിസ്റ്റര്‍ ബീന്‍ ഫോടോ എടുക്കാന്‍ ശ്രമിക്കുന്ന രസകരമായ ചിത്രം ഓര്‍ക്കുന്നുണ്ടാവുമല്ലോ? അവന് കാര്യം പറഞ്ഞപ്പോള്‍ എനിക്കും ചിരി അടക്കാനായില്ല.
26 comments:
ഒരു യാത്രാവിവരണ പരമ്പരയ്ക് ഒട്ടു അഭികാമ്യമല്ലാത്ത ഇടവേളകള്‍ എന്റെ പോസ്റ്റുകള്‍ തമ്മില്‍ വരുന്നു എന്നറിയാം. നിവൃത്തികേട് കൊണ്ടാണ് സദയം ക്ഷമിക്കൂ. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും തുടര്ര്ന്നു പ്രതീക്ഷിക്കുന്നു.....സസ്നേഹം
കൊള്ളാം..
ഒരു കാലത്ത് ശാസ്ത്ര ലോകത്തിന്റെ തലസ്ഥാനമായിരുന്ന ഈ യവന സാമ്രാജ്യത്തില്‍ അതിന്റെ തുടിപ്പുകള്‍ ഇന്നും ബാക്കി കിടപ്പുണ്ടോ??
Well done..
എല്ലാം കൂട്ടി വച്ചു നമുക്ക് പുസ്തകമാക്കണം.
പ്രിയ യാത്രികൻ.....തീർച്ചയായും ചോദിക്കണമെന്ന് കരുതിയിരുന്ന ഒരു കാര്യമായിരുന്നു പോസ്റ്റുകൾ തമ്മിലുള്ള ഇടവേളകൾ. കാരണം ഇടവേളകൾ നീണ്ടുപോകുമ്പോൾ വായനയുടെ മൂഡ് നഷ്ടപ്പെടുന്നു. അല്ലെങ്കിൽ പഴയ പോസ്റ്റ് ഒരിക്കൽക്കൂടി വായിക്കേണ്ടതായി വരും...ബാക്കിയുള്ള വിവരണങ്ങൾ ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു കുഞ്ഞൂയാത്രികന്റെ യാത്രാവിവരണങ്ങൾക്കൂടി ഉടൻ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു.. :)ഈ പുതിയ വർഷത്തിലും ധാരാളം യാത്രകൾ നടത്തുവാനും, അത് ഞങ്ങൾക്കായി പങ്കുവയ്ക്കുവാനും ഇടയാകട്ടെ. എല്ലാ ആശംസകളും നേരുന്നു..സ്നേഹപൂർവ്വം ഷിബു തോവാള.
നന്ദി ഓക്കെ. സാമ്പത്തികമാന്ദ്യത്ത്തില് പെട്ട് ഉഴലുകയാണവര്‍. നഷ്ട പ്രതാപങ്ങള്‍ മാത്രമേ ബാക്കി ഉള്ളു.
സന്തോഷം അനിമൂ...ഒരു പുസ്തകത്തിനുള്ള കെട്ടും മറ്റും എന്റെ കുറിപ്പുകള്ക് ഉണ്ടെന്നു ഇതുവരെ തോന്നിയിട്ടില്ല.
ഷിബു: നന്ദി ഷിബു. ഇനിയുള്ള ഭാഗങ്ങള്‍ പെട്ടന്ന് തന്നെ പോസ്ടാന്‍ ശ്രമിക്കാം. ഈ വര്‍ഷത്തെ ആദ്യ യാത്ര ജനുവരി 16 നു
...സസ്നേഹം
കൊള്ളാം..
ചില കൊത്തുപണികളും ചിത്രങ്ങളും കണ്ടാല്‍ ഏറെ നേരം നോക്കിയിരുന്നു പോകും. പ്രത്യേകിച്ചും അമ്പലങ്ങളും പള്ളികളും ഒക്കെ ആവുമ്പോള്‍. ആ പൂമരം അതിമനോഹരം.
യാത്രികാ - ഇതിനു മുന്‍പുള്ള പോസ്റ്റും കൂടി വായിച്ചു .പിന്നെ, ന്യൂ ഇയര്‍ ആശംസകള്‍ കൂടി പറയുന്നു .വരാന്‍ കുറച്ചു വൈകി പോയി .
ഈ യാത്രയില്‍ ,യാത്രികന് കുടുംബത്തോടൊപ്പം യാത്ര ചെയ്തു കൊണ്ടിരുന്നപ്പോള്‍ പാര്‍ക്കിംഗ് ഇടത്തില്‍ ഫെറാറി യുടെ വിശേഷം വായിച്ചപ്പോള്‍ ചിരിച്ചു പോയിട്ടോ ..
ഇനിയും അടുത്ത യാത്രാവിശേഷവുമായി എളുപ്പം വരൂ ..
മുമ്പുള്ള പോസ്റ്റും വായിച്ചു... വായന കഴിഞ്ഞപ്പോള്‍ എനിക്ക് നിങ്ങളോട് ശരിക്കും അസൂയ തോന്നുന്നു...
തുടരുക കൂട്ടുകാരാ.... യാത്രകളും യാത്രാവിവരണങ്ങളും വല്ലാതെ കൊതിപ്പിക്കുന്നവയാണ്.....
യാത്രയും യാത്രാവിവരണങ്ങളും തുടർന്നുകൊണ്ടിരിക്കട്ടെ.
കാണാത്ത കാഴ്ചകൾ ഇനിയും കാണാൻ , എഴുതാൻ ആശംസകൾ
കാണാകാഴ്ചകളുമായി ഉടനെ വരൂ,പ്രിയ വിനീത്
വളരെ സൂക്ഷ്മമായി തന്നെ വിവരിച്ചു .നന്നായിട്ടുണ്ട് .ഇടയ്ക്കു എഴുത്തിന്റെ ശൈലി സന്ജാര൦ പ്രോഗ്രാമ്മിന്റെ വിവരണം പോലെ തോന്നിപ്പിച്ചു
കാര്ന്നോര്: സന്തോഷം ഈ വരവിനു. ഇനിയും വരൂ.
രാംജി: ഒരു പാട് നന്ദി നല്ല വാക്കുകള്ക്.
സിയാ: മുന്‍ പോസ്റ്റുകളും വായിച്ചു എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം.
പ്രദീപ്: ഈ അസൂയ സ്നേഹത്തില്‍ പൊതിഞ്ഞതായത് കൊണ്ട് സന്തോഷം ഏറുന്നു. ഒരു പാട് നന്ദി.
Typist : നന്ദി . :)
കൃഷ്ണ; തീര്‍ച്ചയായും വേഗം വരാം
ആഫ്രിക്കന്‍ മല്ലു: നല്ല വാക്കുകള്ക് ഒരുപാട് നന്ദി.
നീണ്ട ഇടവേളക്ക് ശേഷമാണെങ്കിലും ...
ഈ വായനയിലൂടെ ; നല്ല പടങ്ങളുടെ അകമ്പടിയോടെ യവനസാമ്രാജത്തിന്റെ തുടിപ്പുകൾ ഞങ്ങൾ വായനക്കാരും തൊട്ടറിയുന്നൂ...കേട്ടോ വിനീതെ
നന്നായി..അക്രോപോളിസിന്റെ ചിത്രം അസ്സലായി...ആ്ശംസകൾ
ഇനി അഥവാ ഈ സ്ഥലങ്ങളൊക്കെ കാണാൻ ഭാഗ്യം സിദ്ധിച്ചാലും ഇങ്ങനെ വിവരിച്ചു തരാൻ ഒരു ഗൈഡിനെ കിട്ടണമെന്നില്ലല്ലോ. പടങ്ങളും വിവരണവും നന്നായി. ഇടവേളയില്ലാതെ എഴുതൂ.. ഇടവേളയിട്ട് വായിച്ചോളാം..
യാത്രകളും യാത്രാവിവരണങ്ങളും എപ്പോളും മനസ്സിന് സന്തോഷം തരുന്ന ഒന്നാണ് ..കാണാത്ത കാഴ്ചകൾ ഒക്കെ കാണാൻ സാധിക്കുന്നത് നിങ്ങള്‍ കുറെ പേരുടെ ബ്ലോഗ് വായനയില്‍ കൂടെ നിക്ക് സാധിക്കുന്നുണ്ട് ട്ടോ .. ഇനി അടുത്ത പോസ്റ്റ് ഇടുമ്പോള്‍ അറീക്ക ട്ടോ ...
ആള് ശരിക്കും പുലിയാണ് കേട്ടാ ......
ഈ ബ്ലോഗ് ഞാന്‍ ഫോളോ ചെയ്തു മാസങ്ങള്‍ ആയി ..
ഇത്രയും നല്ല ഒരു യാത്ര വിവരണം ഇവിടെ ഇട്ടു ഒരു മെയില്‍ പോലും അയക്കാതിരുന്ന ആളെ ഞാന്‍ എന്ത് വിളിക്കും ...?
കടുത്ത അസൂയ .. പ്രദീപ് മാഷ് പറഞ്ഞ പോലെ ...
ഇത്തരം കണ്ണിനു കുളുര്മയെകുന്ന സ്ഥലങ്ങള്‍ അല്ലെങ്കില്‍ സംഭവങ്ങള്‍ കണ്ടാല്‍ അസൂയ വരാതിരിക്കുന്നതെങ്ങിനെ ?
ആശംസകള്‍ ... സുഹൃത്തേ
അക്രോപോളിസിന്റെ ദൂരക്കാഴ്ച യുടെ ഫോട്ടോ കണ്ടാല്‍ തന്നെ അവിടെ എത്തിയ പ്രതീതിയായി..പൈന്‍ മരങ്ങളുടെ ഫോട്ടൊ കൂടി ഇടാമായിരുന്നു
യാത്ര തുടരട്ടെ....
good, excellent.
goog
യാത്രികന്റെയും കുഞ്ഞു യാത്രിക്ന്റെയും യാത്രാ വിവരണം നന്നായി..ഇനിയും ഇത്തരത്തിലുള്ള യാത്രാ വിവരണങൾ പ്രതീക്ഷിക്കുന്നു.
യവന സാമ്രാജ്യം മൂന്നു ഭാഗങ്ങളും ഒന്നിച്ചു വായിച്ചു. എന്റെ അടുത്ത ഒരു സുഹൃത്ത് ഈയിടെ യവനരെ കാണാൻ പോയിരുന്നു. ആ അനുഭവ വിവരണത്തിനു ശേഷം ഈ ലേഖനം വായിച്ചപ്പോൾ വളരെ പ്രത്യേകത തോന്നി.
ഗ്രീസിനെക്കുറിച്ച് ഒത്തിരി വായിയ്ക്കുകയും സ്വപ്നം കാണുകയും ചെയ്തിട്ടുണ്ട്. ഈ പോസ്റ്റു വായിച്ചുണ്ടായ മനസ്സു നിറഞ്ഞ ആഹ്ലാദം അറിയിക്കട്ടെ.
യാത്രികയെ അവർ എന്ന് രേഖപ്പെടുത്തിക്കണ്ടതിൽ വലിയ ആദരവുണ്ട് യാത്രികനോട്. വളരെ അപൂർവം പേർ മാത്രം ചെയ്യുന്ന ഒന്നാണ് അത്.......
പിന്നെ യാത്രാ വിവരണങ്ങൾ ഒരു ബുക്ക് ആക്കണം. ആക്കുമ്പോഴുടനെ ഞാൻ വാങ്ങീച്ചുകൊള്ളാം.
വിവരണം മനോഹരം, മാഷേ
Post a Comment