Tuesday, July 24, 2012

യവന സാമ്രാജ്യത്തിലൂടെ ഒരു പടയോട്ടം....ഭാഗം 5

മുന്‍ഭാഗങ്ങള്‍ഭാഗം 1ഭാഗം 2 , ഭാഗം 3, ഭാഗം 4     
ഞങ്ങള്‍ രാവിലെ എഴുന്നേറ്റ് തയ്യാറായി. ദ്വീപുകളിലേക്കുള്ള യാത്രയായത് കൊണ്ട് യാത്രികയും കുഞ്ഞു യാത്രികനും ആവേശത്തിലാണ്.  ഭക്ഷണം പതിവുപോലെ റൊട്ടിയും മുട്ടയും പിന്നെ പാന്‍ കേക്കും. അല്പം ഇരുണ്ട പ്രഭാതമായിരുന്നു അന്ന്. മഴ പെയ്തേക്കുമോ എന്ന് ഞങ്ങള്‍ സംശയിച്ചു. ഏറെ വൈകാതെ ഞങ്ങളെ പോര്‍ട്ടിലേക്ക് കൊണ്ടുപോവാനുള്ള ബസ്സ് വന്നു. വഴിയില്‍ ഒന്ന് രണ്ടു ഹോട്ടെലില്‍ നിര്‍ത്തി ചിലരെ കൂടി എടുത്ത് ഒരു നാല്പത്തഞ്ച് മിനിട്ടുകൊണ്ട് ഞങ്ങള്‍ പോര്‍ട്ടില്‍ എത്തി. ഞങ്ങളെ കാത്ത് കപ്പല്‍ അവിടെ തയ്യാറായി നില്കുന്നു. ദിവസങ്ങള്‍ നീണ്ട കപ്പല്‍ യാത്രകള്‍ ഞാന്‍ എണ്ണ ക്കപ്പലില്‍ പലതവണ ചെയ്തിടുണ്ട്. പക്ഷെ ഉല്ലാസ നൌകയിലെ യാത്ര വേറിട്ട അനുഭവം തന്നെ. എല്ലാവരും കയറി, അധികം വൈകാതെ കപ്പല്‍ തുറമുഖം വിട്ടു.
ഞങ്ങള്‍ യാത്ര ചെയ്ത നൌക 

യാത്രികയും കുഞ്ഞു യാത്രികനും കപ്പലില്‍ 


 തണുപ്പുണ്ട്, എങ്കിലും അസഹനീയമല്ല. യാത്ര തുടങ്ങി അധികം വൈകും മുന്‍പ് കപ്പലിന്റെ താഴെത്തെ ഡെക്കില്‍ എല്ലാവരെയും വിളിച്ചു കൂട്ടി ഗൈഡായ സ്ത്രീ ഇന്നത്തെ യാത്രയുടെയും പരിപാടികളുടെയും വിശദാംശങ്ങള്‍ ധരിപ്പിച്ചു. പോറോസ്, ഹൈഡ്ര പിന്നേ എയ്ജീന എന്നീ മൂന്ന് ദ്വീപുകള്‍ സന്ദര്‍ശിക്കാനായിരുന്നു പരിപാടി.  


ആദ്യം പോയത് കൂട്ടത്തില്‍ ഏറ്റവും ചെറിയ ദ്വീപ്‌ ആയ പോറോസിലേക്കായിരുന്നു. ഏകദേശം രണ്ടു മണിക്കൂറുകൊണ്ട് ഞങ്ങള്‍ പോറോസില്‍ എത്തി.  തീരത്തിനരികില്‍ നീണ്ടു കിടക്കുന്ന ഒരു കൊച്ച് പട്ടണം. സത്യത്തില്‍ പട്ടണം എന്ന് വിശേഷിപ്പിക്കാന്‍ പറ്റാത്തത്ര ചെറിയ പട്ടണം. പഴയ മാതൃകയിലുള്ള കെട്ടിടങ്ങളും പുറകിലേക്ക് നീളുന്ന കുന്നും മലകളും ആകെ കൂടി കഥകളിലൂടെ മനസ്സില്‍ രൂപപ്പെട്ട ഏതോ സുന്ദര ഭൂമിയുടെ 
തനിപ്പകര്‍പ്പ്‌. 
പോറോസിലെ ക്ലോക്ക്  ടവര്‍ 

ഞങ്ങള്‍ കടകളില്‍ കയറി ഇറങ്ങി തീരത്ത് കൂടി നടന്നു. അകം മുഴുവന്‍ തടിയില്‍ തീര്‍ത്ത ഒരു മദ്യ വില്പന ശാലയില്‍ ഞങ്ങള്‍ കയറി. എത്ര സുന്ദരമായ ഇന്റീരിയര്‍. കുഞ്ഞു കള്ളികളുള്ള മര അലമാരകളില്‍ വൈന്‍ കുപ്പികള്‍ നിരത്തിയിരിക്കുന്നു. ഒരു ബിയര്‍ വാങ്ങി ഞങ്ങള്‍ പുറത്ത് കടന്നു. നടപ്പാതയില്‍ ഉള്ള മര ബെഞ്ചില്‍ ഇരുന്ന് മെല്ലെ ബിയര്‍ നുണഞ്ഞു.  മുന്നില്‍  ഉരുകിയ വെള്ളി പോലെ വെള്ളം ഓളം വെട്ടുന്നു.  നല്ലവെയില്‍, ചെറിയ തണുത്ത കാറ്റ്. തെളിഞ്ഞ ആകാശത്തിന് നല്ല നീല നിറം. ചുറ്റും നിറഞ്ഞു  നില്‍ക്കുന്ന നിശ്ശബ്ദത. എന്‍റെ മനസ്സ് കാറു കണ്ട മയിലിനെ പോലെ വല്ലാതെ തുടിച്ചു. എത്ര സുന്ദരമായ പ്രകൃതി. 

പോറോസിന്റെ തീരം 

യാത്രികനും കുഞ്ഞു യാത്രികനും പോറോസില്‍ 

അല്‍പനേരം കൂടി ഞങ്ങള്‍ നടന്നു, പിന്നേ അടുത്തുള്ള ഒരു കൊച്ച് പള്ളിയില്‍ കയറി. Church of annunciation of Madonna ആയിരുന്നു ചെറിയ പള്ളി. ചുമര്‍ നിറയെ തനത് ഗ്രീക്ക് ശൈലിയിലുള്ള ചുമര്‍ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു. സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ലോഹ നിര്‍മ്മിത തൂക്കു അലങ്കാര വിളക്കും മെഴുകുതിരിക്കാലുകളും മറ്റും ആ ചെറിയ അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നു. ഇവിടെയും മെഴുകുതിരി തെളിയിക്കാന്‍ ആയിരുന്നു കുഞ്ഞു യാത്രികന് ഉത്സാഹം. പള്ളിയെക്കുറിച്ചുള്ള  വിശദവിവരങ്ങള്‍ ലഭിക്കാന്‍ എന്തെങ്കിലും ലഘുലേഖയോ മറ്റോ കിട്ടുമോ എന്ന് നോക്കി. ഒന്നും കിട്ടിയില്ല. ചോദിക്കാം എന്ന് വച്ചാല്‍ ആരെയും കണ്ടുമില്ല. പള്ളിയുടെ പുറത്ത് വാതിലുനുമുകളില്‍ കണ്ട മനോഹരമായ ടയില്‍ വര്‍ക്ക് പരാമര്‍ശിക്കാതെ വയ്യ. ഗബ്രിയേല്‍ മാലാഖ കന്യാ മറിയത്തെ   യേശുവിന്റെ മാതാവകാന്‍ പോവുന്ന കാര്യം പറയുന്നതാണ് അതില്‍ ചിത്രീകരിച്ചിരിക്കുന്നത്. പള്ളിയില്‍ നിന്നിറങ്ങി അല്‍പ സമയത്തിനുള്ളില്‍ എല്ലാവരും കപ്പലില്‍ തിരിച്ചു കയറി. ആ ദ്വീപിന്റെ മറ്റ് ഭാഗങ്ങളിലെക്കൊന്നും  ഞങ്ങള്‍ പോവുകയുണ്ടായില്ല. പക്ഷെ ആ നിശബ്ദതയും സൌന്ദര്യവും ഒരു രാത്രിയെങ്കിലും ആ ദ്വീപില്‍ ചിലവഴിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വല്ലാതെ മനസ്സിനെ മോഹിപ്പിച്ചു. 
Church of annunciation of Madonna

മെഴുകുതിരി  തെളിയിക്കുന്ന കുഞ്ഞു യാത്രികന്‍ 

ചിത്രങ്ങള്‍ നിറഞ്ഞ പള്ളിയുടെ അകം 

വാതിലിനു മുകളിലെ ടൈല്‍  ചിത്രം 

  കപ്പലില്‍ ഉച്ചഭക്ഷണം വിളമ്പി. മെക്സിക്കോയില്‍ നിന്നും ഗ്രീസ്  കാണാനിറങ്ങിയ യുവാവും യുവതിയുമായിരുന്നു തീന്മേശയില്‍ ഞങ്ങള്‍ക്ക്  കൂട്ട്.അവര്‍  വിവാഹിതരല്ല, എങ്കിലും കുറച്ചു കാലമായി ഒരുമിച്ചു കഴിയുന്നു. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. 


കാലാവസ്ഥ മോശമായത് കൊണ്ട് ഹൈഡ്ര എന്ന ദ്വീപിലേക്കുള്ള യാത്ര ഉണ്ടാവില്ല എന്ന് അറിയിപ്പ് വന്നു. അപ്പൊ ഇനി കൂട്ടത്തില്‍ ഏറ്റവും വലിയ ദ്വീപ് ആയ  എയ്ജീനയിലേക്കാണ് യാത്ര. അല്പനേരത്തെ യാത്രക്കൊടുവില്‍ ഞങ്ങള്‍ എയ്ജീനയില്‍ എത്തി. ധനികരായ പല ഏതന്‍‌സ് നിവാസികള്‍കും ഈ ദ്വീപില്‍ ഒരു രണ്ടാം വീടുണ്ടത്രേ. പ്രധാനമായും ഈ മനോഹര ദ്വീപില്‍ വേനല്‍ കാലം ചിലവഴിക്കാനാണ്  രണ്ടാം വീട് ഉപയോഗിക്കുക. സൌന്ദര്യവും നിശ്ശബ്ദതയും ആണ് ദ്വീപുകളുടെ മുഖമുദ്ര.
എയ്ജീന ദ്വീപ്‌ 

എയ്ജീനയിലെ ഷിപ്‌ ബര്‍ത്തില്‍ നിന്നുമുള്ള ദൃശ്യം 

ആദ്യം   തന്നെ Saint Nectarios (1846-1920) പേരിലുളള പള്ളികാണാനാണ് പോയത്. മനോഹരമായ ഭൂപ്രദേശങ്ങള്‍ താണ്ടിയുള്ള ഒരല്പം നീണ്ട ബസ്സ് യാത്ര യായിരുന്നു അത്. ദ്വീപിലെ പ്രകൃതിയില്‍ നിന്നും കണ്ണ് പറിക്കാനെ തോന്നില്ല. അത്രയ്ക്ക് മോഹിപ്പിക്കുന്ന പ്രകൃതി ഭംഗി. ഒരു കുന്നിന്‍ മുകളിലാണ് പള്ളിയും സൈന്റ്റ്‌ നെക്ടാരിയോസ് അവസാന കാലം ചിലവഴിച്ച ആശ്രമവും ഒക്കെ ഉള്ളത്. 

Saint Nectarios അവസാന കാലം ചിലവിട്ട ആശ്രമം 

Saint Nectarios ചര്‍ച്ച് 

Saint Nectarios ചര്‍ച്ച് പാര്‍ശ്വ വീക്ഷണം 

ഇപ്പോഴും പള്ളിയുടെ അകത്തളങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മരത്തില്‍ ചെയ്തിരിക്കുന്ന അതിമനോഹരമായ അലങ്കാര വേലകളാണ് ഇവിടെ എന്ന ഏറെ ആകര്‍ഷിച്ചത്. പുതിയ കാലഘട്ടത്തിലെ പള്ളിയാണെങ്കിലും പഴയകാല ശില്പ ചാതുരി ഇവിടെയും അനുവര്‍ത്തിക്കാന്‍ ശ്രദ്ദിച്ചിരിക്കുന്നു.

പള്ളിക്കകത്തെ ദാരു ശില്പ വേല 

സൈന്റ്റ്‌ നെക്ടാരിയോസിന്റെ ഭൌതിക ശരീരവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഒരു പക്ഷെ ഈ ദ്വീപില്‍ ഏറ്റവും അധികം സന്ദര്‍ശകര്‍ വരുന്നതും ഇവിടെ തന്നെ. രോഗ ശാന്തിയാണ് സൈന്റ്റ്‌ നെക്ടാരിയോസിന്റെ പ്രത്യേകതയായി  ഏറെ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ വര്‍ഷം തോറും അനുഗ്രഹം തേടി എത്തുന്നത്. 
Saint Nectarios ഇന്റെ ഭൌതിക ശരീരം സൂക്ഷിച്ച പേടകം 

അതിപുരാതനമായ അഫായയുടെ ക്ഷേത്രവശിഷ്ടങ്ങള്‍ കാണുകയായിരുന്നു അടുത്ത ലക്‌ഷ്യം. വീണ്ടും വളഞ്ഞു പുളഞ്ഞ വഴികളിലൂടെ കൂടുതല്‍ ഉയരത്തിലേക്ക്, പാന്‍ ഗ്രീക്ക് സൂയസ് മലമുകളിലേക്ക് .പൈന്‍ മരങ്ങള്‍ തണല്‍ വിരിച്ച മിക്കവാറും കാട് എന്ന് പറയാവുന്ന രീതിയിലാണ് ക്ഷേത്ര പരിസരം. വഴിയിലെങ്ങും അത്ര ജനവാസം ഉള്ളതായി തോന്നിയില്ല. എന്നാല്‍ ഒരു ചരിത്രസ്മാരകം എന്ന നിലയില്‍ ഏറ്റം ഭംഗിയായി തന്നെ ക്ഷേത്രാവശിഷ്ടവും പരിസരവും സംരക്ഷിച്ചിരിക്കുന്നു.അഫായയുടെ ആരാധന തീര്‍ത്തും എയ്ജീനയില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു എന്നതാണ് ഏറെ കൌതുകകരം. സിയൂസിന്റെ മകളായി കരുതപ്പെട്ടിരുന്ന അഫായ  പ്രജനനത്തിന്റെയും കൃഷിയുടെയും ദേവതയായാണ്‌ ആരാധിക്കപ്പെട്ടിരുന്നത്. ഇന്നു കാണുന്ന ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് 500 BC യിലാണ്.അത് നിര്‍മ്മിച്ചിരിക്കുന്നതാവട്ടെ BC570 ല്‍ നിര്‍മ്മിച്ച്‌ BC 510 ല്‍ ഒരു തീ പിടുത്തത്തില്‍ മിക്കവാറും നശിച്ചു പോയ ക്ഷേത്രാവ ശിഷ്ടങ്ങള്‍ക്ക് മുകളിലും. തകര്‍ക്കപ്പെടലിനും പുനര്‍ നിര്‍മ്മാണത്തിനും മറ്റ് പല പുരാതന നിര്‍മ്മിതികള്‍കും സംഭവിച്ചതുപോലെ ഈ ക്ഷേത്രവും വിധേയമായിടുണ്ട്. 

അഫായയുടെ ക്ഷേത്രം 

ഇവിടെനിന്നും ദൂരെക്കുള്ള കാഴ്ച  അവര്‍ണ്ണനീയം. അങ്ങ് ദൂരെ കുന്നിന്റെ താഴ്വാരത്ത് തീരത്തെ ചുംബിച്ചു നില്‍ക്കുന്ന കടല്‍. അവരുടെ സ്വര്യ വിഹാരത്തിന് മറയെന്നോണം പടര്‍ന്നു നില്‍കുന്ന പച്ചപ്പ്‌. ഏതൊരു പ്രകൃതി സ്നേഹിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന കാഴ്ച. പൈന്‍ മരത്തിന്റെ സുഗന്ധവും പേറിയെത്തുന്ന തണുത്ത കാറ്റ് ഇടയ്ക്കിടെ നമ്മെ പുണര്‍ന്ന് കടന്നു പോവും. അല്‍പസമയം സ്വയം മറന്ന് നിന്നുപോയി. 

ക്ഷേത്രപരിസരത്ത്‌നിന്നുമുള്ള താഴ്വാര ക്കാഴ്ച 

അധികം വൈകാതെ അവിടെനിന്നും തിരിച്ചു. ഇന്നത്തെ അവസാന ലക്ഷ്യമായ പിസ്ത തോട്ടത്തിലേക്കായിരുന്നു പിന്നീട് പോയത്. അ ദ്വീപിലെ പ്രധാന കൃഷിയാണ് പിസ്ത. യൂറോപ്പിലെ ഏറ്റവും മികച്ച പിസ്തകളില്‍ ഒന്നാണത്രേ ആ ദ്വീപില്‍ കൃഷി ചെയ്യുന്നത്. ടൂറിസ്റ്റുകള്‍ പിസ്ത വാങ്ങും എന്ന ഗൂഡ ലക്ഷ്യവും ഞങ്ങളെ അങ്ങോട്ട്‌ കൊണ്ടുപോയതിന്റെ പിന്നില്‍ ഉണ്ടാവാം. എന്തായാലും ഞങ്ങള്‍ വാങ്ങിയ പിസ്ത മുഴുവന്‍ മടക്കയാത്രയില്‍ തിന്നു തീര്‍ത്തു. അയ്യായിരത്തില്‍ അധികം പിസ്ത ചെടികള്‍ ഉണ്ട് ആ തോട്ടത്തില്‍ . പിസ്ത കൃഷിയുടെ തുടക്കം മുതല്‍ പാക്കിംഗ് വരെയുള്ള വിവധ ഘട്ടങ്ങള്‍ അവിടെ നിന്നും വിശദീകരിച്ചു തന്നു. 

തിരികെ    കപ്പലിലേക്ക്. ഡാന്‍സും പാട്ടും ഒക്കെയായി രസകരമായ മടക്കയാത്ര. കഴിഞ്ഞ ഏതന്‍‌സ് ഒളിംപിക്സിന്റെ ഉത്ഘാടന ചടങ്ങില്‍ നൃത്തമൊക്കെ അവതരിപ്പിച്ച ഒരു പെണ്‍കുട്ടിയാണ് ഞങ്ങള്‍കായി ഗ്രീസിന്റെ  തനത് ശൈലിയിലുള്ള ഡാന്‍സും മറ്റും ചെയ്തത്.  കാണികളെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രസകരമായാണ് അവര്‍ ആ ഡാന്‍സ് ചെയ്തത്. കുഞ്ഞു യാത്രികനും ആവേശപൂര്‍വ്വം അതില്‍ പങ്കു കൊണ്ടു. തരിച്ചു കരയില്‍ എത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. 
ഞങ്ങള്‍കായി നൃത്തം ചെയ്ത ഗ്രീക്ക് നര്‍ത്തകര്‍ 

കുഞ്ഞു യാത്രികന്‍ ഉത്സാഹത്തിലാണ് 
ഹോട്ടലില്‍ തിരിച്ചെത്തി ഞങ്ങള്‍ പിറ്റേന്നുള്ള മടക്കയാത്രക്കായി തയ്യാറെടുത്തു. സാധനങ്ങളെല്ലാം പാക് ചെയ്തു. കാണണം എന്ന് കരുതിയെങ്കിലും വിട്ടുപോയ ഒരു സ്ഥലം ഉണ്ടായിരുന്നു, അക്രോപോളിസ് മ്യൂസിയം. എന്തായാലും നാളെ മടങ്ങും മുന്‍പ് അതും കൂടി കാണാം എന്ന് തീരുമാനിച്ചു. 
അക്രോപോളിസ് മ്യൂസിയത്തിന്റെ പ്രവേശന കവാടം 

പിറ്റേന്ന് രാവിലെ തന്നെ ഞങ്ങള്‍ അക്രോപോളിസ് മ്യൂസിയത്തിലേക്ക് തിരിച്ചു. കണ്ടില്ലെങ്കില്‍ ഒരു പക്ഷെ വലിയ നഷ്ടം ആവുമായിരുന്നു എന്ന് മ്യൂസിയം കണ്ടിറങ്ങിയപ്പോള്‍ തോന്നി. ഇപ്പോഴും പര്യവേഷണം നടക്കുന്ന സ്ഥലത്തിനു മുകളിലാണ് മ്യൂസിയം പടുത്തിരിക്കുന്നത്. ചിലയിടങ്ങളില്‍ ഗ്ലാസ്‌ ഫ്ലോരിനു താഴെ ശ്രദ്ധാപൂര്‍വ്വം പര്യവേഷണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കാണാം. 
ഇപ്പോഴും പര്യവേഷണം നടക്കുന്ന മ്യൂസിയത്തിന്റെ അടിഭാഗം 

അക്രോപിളിസിലെ ശിലപങ്ങളും മറ്റും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന്റെ തകര്‍ന്ന മുകള്‍ ഭാഗം ഇവിടെ ചേര്‍ത്ത് വെച്ചിരിക്കുന്നു. സിംഹം കാളക്കുട്ടിയെ വേട്ടയാടുന്നതും മറ്റുമുള്ള ശില്പങ്ങള്‍ ഇവിടെ ഉണ്ട്. ആ ശില്പങ്ങളിലെ വിശദാംശങ്ങള്‍ അതിമനോഹോരം. മൂന്നു നിലകളിലായി പരന്നു കിടക്കുന്നു ഈ മ്യൂസിയം. മ്യൂസിയത്തിന് അകത്തു ഫോട്ടോ എടുക്കല്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. 
 Kore എന്നും Kouroi എന്നും അറിയപ്പെടുന്ന സ്ത്രീ പുരുഷ ശില്പങ്ങള്‍ ഒരു പാടുണ്ടിവിടെ. പ്രത്യേക ശൈലിയിലുള്ള ഗ്രീസിലെ പുരാതന ശില്പങ്ങള്‍ ആണ് Kore യും Kouroi യും. സ്ത്രീ രൂപങ്ങളെ Kore എന്നും പുരുഷരൂപങ്ങളെ Kouroi എന്നും അറിയപ്പെടുന്നു. അക്രോപോളിസില്‍ നിന്നും സമീപ പ്രദേശത്തെ മറ്റു നിര്‍മ്മിതികളിലും ഉണ്ടായിരുന്ന നൂറുകണക്കിന് ശില്പങ്ങള്‍ ഇന്ന് മ്യൂസിയത്തിന്റെ സുരക്ഷിതം. ഗ്രീക് പുരാണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു മിക്കവാറും എല്ലാശില്പങ്ങളും. പോറസ് സ്റ്റോണിലും പിന്നെ പാരിയന്‍ മാര്‍ബിളിലുമാണ് മിക്കവാറും ശില്പങ്ങളും ചെയ്തിരിക്കുന്നത്. 
സമയം വൈകിയതോടെ ഒരു ഓട്ടപ്രദക്ഷിണമായാണ് മ്യൂസിയത്തിലെ എല്ലാ നിലകളിലും കയറി ഇറങ്ങിയത്. 


ഇനി മടക്കയാത്ര. ഒരു പാട് കാഴ്ചകളും അനുഭവങ്ങളും അറിവുകളും രുചികളും ഹൃദയത്തില്‍ നിറച്ചാണ് ഞങ്ങള്‍ മടങ്ങുന്നത്. എനിക്കാകട്ടെ കുഞ്ഞുനാളിലെ നെഞ്ചിലേറ്റിയ ഒരു സ്വപ്നം പൂവണിഞ്ഞ അഭിമാനവും സന്തോഷവും. 
ബാക്കി വെച്ച കാഴ്ചകള്‍ കാണാന്‍ എന്നെകിലും തിരിച്ചുവരാന്‍ ആഗ്രഹിച്ചുകൊണ്ടാണ് ഈ യാത്രയും അവസാനിച്ചത്. 


ശുഭം. 


18 comments:

ഒരു യാത്രികന്‍ said...

അവസാനം അവസാന ഭാഗം പോസ്റ്റ്‌ ചെയ്തു.......സസ്നേഹം

Unknown said...

പ്രിയ യാത്രികൻ.. ഏറെക്കാലത്തിനുശേഷമാണല്ലോ ഒരു പോസ്റ്റുമായി എത്തുന്നത്.. പതിവുപോലെ മനോഹരമായ വിവരണങ്ങളും ചിത്രങ്ങളും..പ്രത്യേകിച്ച് സെന്റ്റ്‌ നെക്ടാരിയോസ് പള്ളിയും, പോറോസിന്റെ തീരവും ഏറെ ഇഷ്ടപ്പെട്ടു.. കുഞ്ഞുയാത്രികനും ഒരു യാത്രാപ്രേമിയാണല്ലേ..ഇനിയും ധാരാളം യാത്രകൾ നടത്തുവാൻ സാധിക്കട്ടെ എന്ന് ആസംസിയ്ക്കുന്നു.
സ്നേഹപൂർവ്വം ഷിബു തോവാള.

sm sadique said...

ഒരു യാത്രാനുഭവം കിട്ടിയപോലെ. ആശംസകൾ.......

Typist | എഴുത്തുകാരി said...

ഒരുപാട് വൈകിയല്ലോ, ഞാന്‍ കരുതി ഞാന്‍ കാണാത്തതാണെന്നു്. രസകരങ്ങളായ യാത്രകള്‍ ഇനിയും ഉണ്ടാവട്ടെ.

പട്ടേപ്പാടം റാംജി said...

അറിയാന്‍ കഴിയാത്ത കുറെ വിശേഷങ്ങളാണ് അറിയുന്നത്. അടുത്തത് എവിടേക്കാണ്?

mini//മിനി said...

കാലം കുറെ കഴിഞ്ഞതുപോലെ,, യാത്രികക്കും, കുഞ്ഞ് യാത്രികനും പ്രത്യേക അന്വേഷണം,,, കുഞ്ഞ് വലുതാവുന്നുണ്ട്...

ബിന്ദു കെ പി said...

അവസാന ഭാഗവും ആസ്വദിച്ചു. അങ്ങനെ നിങ്ങളോടൊപ്പം യവനസാമ്രാജ്യത്തിലൂടെ മൊത്തത്തിലൊന്നു ചുറ്റിവന്ന പ്രതീതി..
കുഞ്ഞുയാത്രികന്റെ ഉത്സാഹം വാക്കുകളിലൂടെ ശരിക്കും കാണാനായി.

ajith said...

ആരറിഞ്ഞു ഇങ്ങിനെയൊരു യാത്ര നടക്കുന്ന കാര്യം. ഇനിയിപ്പോ പഴയതൊക്കെയൊന്ന് വായിക്കട്ടെ

ഒരു യാത്രികന്‍ said...

ഷിബു: ഒരു പാട് വൈകി, ശരിയാണ്. സമയം ഒരു വലിയ പ്രശ്നം ആണ്. വന്നതിലും നല്ലവാക്കുകള്‍ കുരിച്ചതിലും ഒരു പാട് നന്ദി.

സാദിഖ്‌ : ഒരു പാട് നന്ദി സുഹൃത്തെ

എഴുത്തുകാരി: യാത്രാവിവരണത്തിനു ഇത്രയും കാല താമസം ഒട്ടും നന്നെല്ലെന്നു അറിയാം. ഇനിയെങ്കിലും കൃത്യമായി പോസ്ടാന്‍ ശ്രമിക്കും. നന്ദി.

രാംജി: വന്നതില്‍ ഒരു പാട് സന്തോഷം. രണ്ടു യാത്രകള്‍ കഴിഞ്ഞു. അധികം വൈകാതെ എഴുതിത്തുടങ്ങും

മിനി: അന്വേഷണം പറയാം ടീച്ചറെ. നന്ദി.

ബിന്ദു: നല്ലവാക്കുകള്‍ക് നന്ദി. കുഞ്ഞു യാത്രികന് ചിലപ്പോഴെങ്കിലും എന്റെയീ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തേക്കൊക്കെയുള്ള യാത്ര ബോറടി ആവാറുണ്ട്. :)

അജിത്‌: ഈ വരവിനു നന്ദി. സമയം പോലെ ഒക്കെ വായിച്ചു അഭിപ്രായം അറിയിക്കൂ.
.....സസ്നേഹം

പഥികൻ said...

വൈകിയാണെങ്കിലും വായിച്ചു..അവാ‍ാനവരികളിൽ ഫോണ്ട് ശരിയായിട്ടില്ല...

Unknown said...

യാത്രികൻ... പോസ്റ്റിന്റെ പകുതി ഭാഗം മുതൽ ഫോണ്ടിന്റെ പ്രശ്നം അനുഭവപ്പെടുന്നുണ്ട്... എന്റെ സിസ്റ്റത്തിന്റെ പ്രശനമാകുമെന്ന് കരുതിയാണ് അദ്യകമന്റിൽ സൂചിപ്പിയ്ക്കാതിരുന്നത്.. കൂടാതെ വേറെ ആരും ആ പ്രശ്നത്തെക്കുറിച്ച് പറഞ്ഞുമില്ല.. ഇപ്പോൾ പഥികനും ഫോണ്ട് ശരിയായിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്.. അതൊന്ന് പരിഹരിയ്ക്കുവാൻ ശ്രമിയ്ക്കുമല്ലോ.. വളരെ കഷ്ടപ്പെട്ടാണ് ആ ഭാഗങ്ങൾ വായിച്ചു തീർത്തത്.. :)

ഒരു യാത്രികന്‍ said...

നോക്കിയിട്ട് ഒരു പ്രശ്നവും കാണുന്നില്ലല്ലോ. എവിടം തോട്ടാണെന്നു പറയാമോ?

siya said...

യാത്രികന്‍ കുടുംബത്തോടൊപ്പം ഇപ്പോള്‍ എല്ലാരും എത്ര എത്ര യാത്രകള്‍ ചെയ്തു !!ഇനിയും യാത്രകള്‍ തുടരട്ടെ
ഈ യാത്രാ വിശേഷങ്ങളും നന്നായി ട്ടോ ..
അവിടെ എല്ലാര്ക്കും സ്നേഹം നിറഞ്ഞ തിരുവോണ ആശംസകളും ..

Unknown said...

ആദ്യമേ ഓണാശംസകള്‍ നേരട്ടെ ... ഫോട്ടോസ് കിടിലന്‍ ! ... ബ്ലോഗില്‍ ജോയിന്‍ ചെയ്യുന്നു ... പുതിയ പോസ്റ്റ്‌ ഉടനുണ്ടാവുമോ ?
.പിന്നെ താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി...കഥകള്‍ മാത്രം കിട്ടുന്ന കഥചരക്കുകട ...(പക്ഷെ ഫ്രീയാണ് ട്ടോ) ...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു..(ക്ഷണിക്കുവാന്‍ വൈകിപ്പോയി എങ്കിലും ഒന്നവിടം വരെ വരണേ ..) :))

പള്ളിക്കുളം.. said...

യാത്രികാ... സംഗതി കാലങ്ങൾക്ക് ശേഷമാണെങ്കിലും എഴുതിത്തീർത്തു അല്ലേ? കൊള്ളാം നന്നായിരിക്കുന്നു.

ഒരു യാത്രികന്‍ said...

@സിയാ: കൂടുതല്‍ യാത്രകള്കായി ശ്രിക്കയാണ് സിയാ. ഒരു പാട് നന്ദി നല്ലവാക്കുകള്‍ക്.
@കഥപ്പച്ച : നന്ദി
@ പള്ളിക്കുളം: എന്തായാലും വന്നു വായിച്ചല്ലോ. നന്ദി :)

Echmukutty said...

യവനരെ കണ്ട് വന്ന് ദാ ഇപ്പോ വിമാനം ഇറങ്ങീട്ടേയുള്ളു......
ഇത്ര സുഖമായി ഇങ്ങനെ ഒരു യാത്ര തരപ്പെടുമെന്ന് കരുതിയില്ല.വളരെ സന്തോഷം..

പോസ്റ്റും വിവരണങ്ങളും ചിത്രങ്ങളും ഒക്കെ വളരെയേറെ ഇഷ്ടപ്പെട്ടു......അഭിനന്ദനങ്ങള്‍ കേട്ടോ..

അടുത്ത യാത്ര എപ്പോഴാ? എങ്ങോട്ടാ? ഞാന്‍ ടിക്കറ്റ് എടുത്ത് റെഡി........

ജയരാജ്‌മുരുക്കുംപുഴ said...

പതിവ് പോലെ മനോഹരമായി................................. ബ്ലോഗില്‍ പുതിയ പോസ്റ്റ്‌......... വികസ്സനത്തിന്റെ ജനപക്ഷം ........................ വായിക്കണേ.............