മുൻഭാഗങ്ങൾ: ഭാഗം 1
ജസ്റ്റിൻ പൊന്മണിയുടെ “ Done and dusted” എന്ന വീഡിയൊ ഇൻസ്റ്റലേഷൻ ശ്രദ്ദിക്കാതെ
തരമില്ല. മുകളിൽ നിന്നും തൂക്കിയിട്ടിട്ടുള്ള അഭിമുകമായി നിൽകുന്ന രണ്ട് വലിയ
കുഴലിന്റെ മുഖത്തുള്ള കോൺകേവ് പ്രതലത്തിലാണ് ഇവിടെ വീഡിയൊ പ്രൊജക്ട്
ചെയ്തിരിക്കുന്നത്. തുമ്മുകയും കോട്ട്
വായി ഇടുകയും ഒക്കെ ചെയ്യുന്ന ഒരു പ്രായം ചെന്ന ആളിന്റെ മുഖമാണ് ഇവിടെ കാണുക. തുമ്മലിനൊപ്പം
മുന്നിൽ ഇട്ടിരിക്കുന്ന മേശ വലിയ ശബ്ദത്തോടെ വറയ്ക്കും. കൃത്യമായ ടൈമിങ്ങിൽ
പ്രവർത്തിക്കുന്ന ഒരു മൊട്ടോർ മേശയുടെ അടിയിൽ ഘടിപ്പിക്കുകവഴിയാണ് ഇതു
സാധ്യമാക്കിയിരിക്കുന്നത്. ഇതിനെക്കുറിച്ച് സൂരജ് എഴുതിയിരിക്കുന്ന മനോഹരമായ ഒരു
ലേഖനം ഉണ്ട്. അത് ഇവിടെ വായിക്കാം. അതുകൊണ്ട് ഞാൻ കൂടുതൽ എഴുതുന്നില്ല.
ചൈനീസ് കലാകാരനായ Sun Xun ന്റെ “Some actions
which I haven’t been defined yet in the revolution” എന്ന കുഞ്ഞു സിനിമ മഷിയിൽ വരച്ച ചിത്രങ്ങൾ കൊണ്ടു് തീർത്ത അനിമേഷൻ ചിത്രമാണ്.
സംഭവങ്ങളിൽ നിന്ന് സംഭവങ്ങളിലേക്ക് നീങ്ങുന്ന രീതിയിലാണ് ഇതു ചെയ്തിരിക്കുന്നത്.
ഇതിന്റെ വിശദാംശങ്ങൾ അറിയാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഒരു നല്ല അസ്വാദനം സാധിച്ചു
എന്നു പറയാൻ വയ്യ.
അനന്ദ് ജോഷിയുടെ “ Three simple steps” ആയിരുന്നു വ്യത്യസ്തമായ മറ്റൊരു
ഇൻസ്റ്റലേഷൻ. ഗന്ധമാണ് ഇവിടെ ആസ്വാദകർക്കായി കാത്ത് വെച്ചിട്ടുള്ളത്. ഒരു ക്ഷേത്ര
രൂപത്തിലാണ് ഇവിടെ നിർമ്മിതി. ചുറ്റുവിളക്കുകൾ പോലെ പിടിപ്പിച്ചിരിക്കുന്ന
നൂറുകണക്കിന് വൈദ്യുത മൊസ്കിറ്റൊ റിപ്പലന്റിൽ നിന്നും വിവിധ ഗന്ധങ്ങൾ ഉയരും.
നടുവിലെ കുഞ്ഞു ശ്രീകോവിലിൽ ഉരുക്കിയ പ്ലാസ്റ്റിക്ക് കളിപ്പാട്ടങ്ങളാൽ തീർത്ത പ്രതിഷ്ഠയ്ക്ക് സമാനമായ നിർമ്മിതി ബുദ്ധ പാദുകങ്ങളെ ഒർമ്മിപ്പിക്കുന്നതായിരുന്നു.
Three simple steps. ചിത്രത്തിന് കടപ്പാട് rediff.com
ഏറെ വൈകാതെ ഞങ്ങൾ ഉച്ചഭക്ഷണത്തിനായി നീങ്ങി. അവിടെ വെച്ച് ഫൈസ് ബുക്ക് സുഹൃത്തായ എഡ്വിനെ ആദ്യമായി കണ്ടു. ജോലിപോലും ഇട്ടെറിഞ്ഞ് ബിയന്നാലെയിൽ
വളൻഡിയറായി നില്കയാണ് എഡ്വിൻ. വനിതാദിനത്തിന്റെ ഭാഗമായുള്ള ഒരു ചിത്ര രചനയും
കഴിഞ്ഞു വരുന്ന ശ്രീ.വത്സൻ കൊല്ലേരിയെയെയും ശ്രീ. ജ്യോതി ബാസുവിനെയും അവിടെ വെച്ച് പരിചയപ്പെട്ടു.
ഭക്ഷണത്തിനു് ശേഷം നടത്തം തുടർന്നു. പെപ്പർ ഹൌസ് ആയിരുന്നു അടുത്ത
ലക്ഷ്യം. ആസ്പിൻ വാളും, മൊയ്തു ഹെറിറ്റേജുമൊക്കെ അടങ്ങുന്ന ബിയന്നാലേ വേദികൾ
വർഷങ്ങളായി അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളാണെന്ന അറിവ് എന്നെ കുറച്ചൊന്നുമല്ല
അല്‍ഭുതപ്പെടുത്തിയത്. ബിയന്നാലെ ഈ ഇടങ്ങളുടെ മുഖച്ചായ തന്നെ മാറ്റിയിരിക്കുന്നു.
അനിത ദുബെയുടെ “ Splitting the subject” എന്ന ഇൻസ്റ്റലേഷൻ ഇവിടെയാണ്. വലിയ
ഹാളുണ്ടായിട്ടും അനിത തന്റെ ഇൻസ്റ്റലേഷൻ ഒരുക്കാൻ തെരഞ്ഞെടുത്തത് ആ ഹാളിന്റെ
മച്ചിന് മുകളിലാണ്. ഹാളിൽ രണ്ട് മൂന്നിടങ്ങളിൽ സ്താപിച്ചിരിക്കുന്ന ഇരുമ്പ് ഗോവണി
വഴി കയറിയാൽ നമുക്കു മച്ചിലുണ്ടാക്കിയിരിക്കുന്ന വിടവിലൂടെ മച്ചിന്റെ മുകളിലെ
കാഴ്ചയിലേക്ക് കണ്ണോടിക്കാം. അങ്ങനെ ഹാളിലെ കാഴ്ച്ച കാണാനെത്തുന്ന ആസ്വാദകന്റെ
കാഴ്ചാശീലങ്ങളെ തുടക്കത്തിലേ വെല്ലുവിളിക്കുന്നു അനിത.
കെ.പി.റെജിയുടെ “തുമ്പിങ്കൽ ചാത്തൻ” എന്ന വലിയ എണ്ണ്ച്ചായാചിത്രം ഒരു മനോഹര
സൃഷ്ടിയാണ്. പുലയനായ തുമ്പിൻകൽ ചാത്തൻ എന്ന
കർഷകന്റെ ത്യാഗത്തിന്റെ കഥയെ ആധാരമാക്കിയാണ് ഈ പെയിന്റിങ്ങ് ചെയ്തിട്ടുള്ളത്.
തുമ്പിങ്കൽ ചാത്തൻ
പാക്കിസ്താൻ കലാകാരനായ ബാനി ആബിദിയുടെ “Death at a 30-degree angle” വീഡിയൊ ഇൻസ്റ്റലേഷൻ ഏറെ രസകരമായി തോന്നി.
രാഷ്ട്രീയ നേതാക്കന്മാരുടെ മുഷ്കിന്റെയും ആത്മപ്രശംസയുടെയും കഥ പറയുകയാണ്
ഇന്ത്യയിൽ ഷൂട്ട് ചെയ്ത ഈ വീഡിയോയിലൂടെ.
ഇബ്രാഹിം ഖുറൈഷിയുടെ "ഇസ്ളാമിക് വയലിൻ" എന്ന
ഇൻസ്റ്റലേഷൻ തൂക്കിയിട്ടിരിക്കുന്ന അനേകം വെളുത്ത വയലിനുകളാണ്. നിശ്ശബ്ദമായ
സമാധാനത്തിന്റെ സംഗീതം മനസ്സിൽ നിറയ്ക്കുന്നു ആ വയലിനുകളുടെ കാഴ്ച.
ഇസ്ളാമിക് വയലിൻ
എല്ലാ വർക്കുകളെപ്പറ്റിയും ഞാൻ പരാമർശിക്കുന്നില്ല. അവിടെ നിന്നും ഞങ്ങൾ താഴെ പെപ്പർ ഹൗസിന്റെ പ്രവേശനവാടത്തിൽ തന്നെയുള്ള ബിയന്നാലെയൊടൊപ്പം തുടങ്ങിയ
കൊഫീ ഷോപ്പിലേക്ക് നടന്നു. അതിനോട് ചേർന്ന് ഒരു കുഞ്ഞു പുസ്തകശാലയുമുണ്ട്. ഞങ്ങൾ
ചായക്ക് കാത്തിരിക്കുമ്പോഴാണ് ശ്രീ.
വിവേക് വിലാസിനി അങ്ങോട്ട് വന്നത്. പോളിയുടെ സുഹൃത്താണ് വിവേക്. പോളി വിളിച്ചപ്പോൾ
അദ്ദേഹം ഞങ്ങൾക് അരികിലേക്കു് വന്നു. ഒരു ലൈമും ഓർഡർ ചെയ്ത് അദ്ദേഹം ഞങ്ങളുടെ
കൂടെ ഇരുന്നു. അതു മറ്റൊരപ്രതീക്ഷിത അനുഭവത്തിനാണ് വഴിവെച്ചത്. പിന്നീടങ്ങോട്ട് വിവേകും ഞങ്ങളുടെ കൂടെ
ഉണ്ടായിരുന്നു.
ഒരു യാത്രികൻ, നിരക്ഷരൻ ,ശ്രീ. വിവേക് വിലാസിനി , ശ്രീ.പോളി വർഗ്ഗീസ്
ശ്രീ. വിവേക് വിലാസിനി
സമയം വൈകിത്തുടങ്ങിയിരുന്നു. അദ്ദേഹത്തിന് കാണണം എന്ന് പറഞ്ഞതനുസരിച്ചാണ്
ആസ്ത്രേലിയയിൽ ജനിച്ച് പാരീസിൽ ജീവിക്കുന്ന ആൻചലിക്ക മെസിറ്റിയുടെ വീഡിയോ
ഇൻസ്റ്റലേഷൻ കാണാൻ പോയത്. മൊയ്തു ഹെറിറ്റേജിലാണ് ആ ഇൻസ്റ്റലെഷൻ ഒരുക്കിയിരുന്നത്. “സിറ്റിസൺ ബാന്റ്” എന്നു പേരിട്ടിരിക്കുന്ന 22 മിനുറ്റ്
ദൈർഘ്യം ഉള്ള പ്രദർശനമായിരുന്നു അത്. ഒരു മുറിയുടെ നാല് ചുമരുകളിലായി ഒന്നിനു
പിറകേഒന്നായി നാല് സംഗീത പ്രകടനം പ്രദർശിപ്പിക്കുന്നു. തറയിൽ ഇരുന്ന് ഒരു ചുമരിലെ പ്രദർശനം കഴിയുമ്പോൾ അടുത്ത ചുമരിലേക്ക് തിരിഞ്ഞ്
കാണുക എന്നത് തന്നെ വ്യത്യസ്തമായ അനുഭവമായി. തികച്ചും വ്യത്യസ്തമായ നാല് സംഗീത
പ്രകടനം. ഹൃദയത്തെ തൊട്ടുണർത്തുന്ന സംഗീതം. സ്വിമ്മിങ്ങ് പൂളിലെ വെള്ളത്തിൽ കൈ
കൊണ്ടടിച്ച് ഒരു സ്ത്രീ സൃഷ്ടിച്ച താള വിസ്മയം കൂടി കണ്ടിറങ്ങുമ്പോൾ മനസ്സ് വല്ലതെ
നിറഞ്ഞിരുന്നു.
സിറ്റിസൺ ബാന്റിൽ നിന്നും
മൊയ്തു ഹെറിറ്റേജിന് മുന്നിൽ
പിന്നീട് വിവേക് പറഞ്ഞതനുസരിച്ചു് പ്രശസ്ത ചൈനീസ് കലാകാരനായ എയ് വെയ് യുടെ ലോകശ്രദ്ദയാകർഷിച്ച “ So sorry”, “Disturbing
the peace” എന്നീ വീഡിയൊകൾ കാണാനാണ് ഞങ്ങൾ പോയത്. ഒരു നെടുവീർപ്പോടെയല്ലാതെ അ വീഡിയോകൾ
കണ്ടുതീർക്കാനാവില്ല. ഏറെക്കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സിഷ്വാൻ ഭൂകംബം. എന്നാൽ ഭൂകംബം ഇത്രയേറെ മരണത്തിന് വഴിവെച്ചത്
തീർത്തും നിലവാരം കുറഞ്ഞ നിർമ്മിതികളാണെന്നും അതിന്റെ പിന്നിൽ വലിയ അഴിമതി
നടന്നിട്ടുണ്ട് എന്നും മനസ്സിലാക്കിയ എയ് വെയ് സ്വന്തം ജീവൻ പോലും പണയപ്പെടുത്തി
നടത്തിയ പോരാട്ടങ്ങളുടെ നേർക്കാഴ്ചയാണ് ആ വീഡിയോകൾ നമുക്കായി കാത്ത്
വെച്ചിരിക്കുന്നത്. സമയം ആറുമണിയായി.ഇന്നത്തെ പ്രദർശനങ്ങൾ അവസാനിക്കുന്നു. ഞങ്ങൾ
റോഡിലേക്കിറങ്ങി. ഒരു ചായ കൂടി ആവാം.
തീരുമാനം നാലുപേർക്കും സമ്മതം. രാവിലെ മുതലുള്ള നടത്തം ഒരല്പം തളർത്തിയിട്ടുണ്ട്,
എന്നാൽ ഇന്നത്തെ കാഴ്ചകൾ ഉള്ളിൽ നിറച്ച ഊർജ്ജം ചെറുതല്ല.
അടുത്തു കണ്ട ഹോട്ടെലിന്റെ മൂന്നാം നിലയിലുള്ള മട്ടുപ്പാവിലെ
റെസ്റ്റോറെന്റിലേക്ക് ഞങ്ങൾ കയറി. പിന്നീടങ്ങോട്ട് രണ്ടരമണിക്കൂറിലേറെ നീണ്ട
സംസാരം. ലൈം റ്റീപോട്ട് പലവട്ടം നിറഞ്ഞൊഴിഞ്ഞു. ലോകമറിയുന്ന കലാകാരൻമാരായ പോളി
വർഗ്ഗീസിനും വിവേക് വിലാസിനിക്കുമൊപ്പം ചിലവഴിച്ച ആ രണ്ടര മണിക്കൂർ മാത്രം മതി
ബിയന്നാലെ കാണുവാൻ മാത്രമായി കൊച്ചിയിലേക്ക് തിരിച്ച എന്റെ യാത്ര സാർത്ഥകമാവാൻ. വിവേകും പോളിയും
അവരുടെ സൌഹൃദത്തിന്റെയും കൽകത്താ ജീവിതത്തിന്റെയും കഥകൾ പങ്കുവെച്ചു. ഈ
നിലയിലെത്താനുള്ള പരിശ്രമങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും വലിയൊരു ഭാണ്ഡമാണ് അവർ
എനിക്കും നിരക്ഷരനും മുന്നിൽ തുറന്നു വെച്ചത്. ഇന്നു ലോകമറിയുന്ന ഈ കലകാരന്മാരുടെ
ഉയരങ്ങളിലേക്കുള്ള യാത്ര സുഗമമായിരുന്നില്ല. ലക്ഷ്യങ്ങളും തീരുമാനങ്ങളും
പങ്കുവെച്ചപ്പോൾ വിവേകിന്റെ കണ്ണിൽ കണ്ട നിശ്ചയ ദാർഡ്യത്തിന്റെ തിളക്കം ആരെയും
പ്രചോദിപ്പിക്കാൻ പോന്നതായിരുന്നു.
ഞങ്ങളുടെ നല്ല സന്ധ്യ
എട്ടര കഴിഞ്ഞിരുന്നു അവിടെനിന്നും ഇറങ്ങുമ്പോൾ. എല്ലാവരും വീണ്ടും
നിരക്ഷരന്റെ വണ്ടിയിലേക്ക്. വിവെകിനെ അദ്ദേഹത്തിന്റെ വണ്ടിക്കരികിൽ വിട്ടു.
ഇത്രനല്ല ഒരു സായഹ്നം സമ്മാനിച്ചതിന് നന്ദി പറഞ്ഞ് ശുഭരാത്രി നേർന്ന് ഞങ്ങൾ തേവരയിലേക്കു തിരിച്ചു. അവിടെയാണ്
പോളി തല്കാലം താമസിക്കുന്നത്. പക്ഷെ ഇന്നത്തെ ദിവസം എനിക്കായി കാത്തുവെച്ച അല്ഭുതങ്ങൾ
തീർന്നിരുന്നില്ല. ഒരല്പനേരം എനിക്കായി മോഹന വീണ വായിക്കണമെന്ന നിരക്ഷരന്റെ
അഭ്യർത്തന പോളി സമ്മതിച്ചു. ഞങ്ങളെ തേവര
സേക്രട് ഹാർട്ട് കോളേജ് കന്റീനിനരുകിൽ വിട്ട് നിരക്ഷരൻ യാത്രയായി. ഞങ്ങൾ കന്റീനിൽ
കയറി. കാന്റീൻ അടച്ചു തുടങ്ങിയിരുന്നു. പോളിയെ അറിയാവുന്ന അവർ ഞങ്ങൾക് ഭക്ഷണം
വിളംബാൻ തയ്യാറായി. നല്ല കഞ്ഞിയും, ചമ്മന്തിയും പപ്പടവുമായിരുന്നു വിഭവങ്ങൾ. ഏറ്റം
ലളിതമായി ഏറെ അറിയപ്പെടുന്ന ഒരു കലാകാരനൊപ്പം അവിടെയിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ രുചി ഇരട്ടിയായിരുന്നു.
പിന്നീട് തൊട്ടടുത്തുതന്നെയുള്ള അദ്ദേഹം തല്കാലം താമസിക്കുന്ന ഫ്ളാറ്റിലേക്ക് നടന്നു.
വസ്ത്രം മാറിവന്ന് അദ്ദേഹം മോഹനവീണ കയ്യിലെടുത്തു. മഴയുടെ മുന്നൊരുക്കം കണ്ട
വേഴാമ്പലിനെപോലെ തുടിക്കുന്ന ഹൃദയവുമായി ഞാൻ അദ്ദേഹത്തിനരികിൽ നിലത്ത് ചമ്രം
പടിഞ്ഞിരുന്നു. സംഗീതത്തെ കുടിയിരുത്തിയ ആ വിരലുകൾ മെല്ലെ തന്ത്രികളെ തൊട്ടുണർത്തി. പിന്നീടങ്ങോട്ട്
നേർത്ത തണുപ്പുള്ള ചാറ്റൽ മഴയായി ആ മോഹനസംഗീതം എന്നിലേക്ക് പെയ്തിറങ്ങുകയായിരുന്നു.
വായിക്കുന്നതിനിടയിൽ എപ്പഴോ ഒരു കമ്പി പൊട്ടി.
ഞാനൊന്നന്തിച്ചു. എന്റെ മുഖം മാറിയോ?!! ത്രിശ്ശൂർ ചുവ കലർന്ന ഭാഷയിൽ അദ്ദേഹം സ്നേഹപൂർവ്വം എന്നെ സമാധാനിപ്പിച്ചു, “നീ റ്റെൻഷനടിക്കൻട്ര”. ക്ഷമയോടെ പൊട്ടിയ
കമ്പി മാറ്റിക്കെട്ടി അദ്ദേഹം വായന തുടർന്നു. സമയം പതിനൊന്നാവുന്നു. അദ്ദേഹം
ഇനിയും വായന തുടർന്നേക്കും ഞാൻ കേട്ടുകൊണ്ടേയിരിക്കും. പക്ഷെ ഇനിയും അദ്ദേഹത്തെ
ബുദ്ദിമുട്ടിക്കുന്നത് ശരിയല്ല എന്ന തോന്നൽ, ഞാൻ ഇറങ്ങാൻ തീരുമാനിച്ചു.
എനിക്കായിതന്ന ആ സനേഹസമ്മാനത്തിന് നന്ദി പറയാൻ വാക്കുകൾ പോരാതെ വന്നു. ഒന്ന്
കെട്ടിപ്പുണർന്ന് ഞാൻ യാത്രപറഞ്ഞു. ഞാൻ ഒട്ടോയിൽ കയറുന്നത് വരെ അദ്ദേഹം ഗേറ്റിൽ നില്പുണ്ടായിരുന്നു. ഒരു വലിയ കലാകാരന്റെ സ്നേഹസംഗീതം ആവോളം
നുകർന്ന് ആ മാന്ത്രിക സംഗീതത്തിന്റെ ഒരു തുണ്ടും നെഞ്ചിലേറ്റി ഞാൻ മടങ്ങി. ഏറെ
വൈകാതെ കോരിച്ചൊരിയുന്ന മഴ കൂട്ടായെത്തി. എന്റെ സന്തോഷത്തിൽ പ്രകൃതിയും പങ്കുചേരുംപോലെ.....
തുടരും....
16 comments:
അനുഭവങ്ങൾ നിറഞ്ഞ ഒരു ദിനം തീരുന്നു...
തുടരട്ടെ...
ഓരോ യാത്രയും ഓരോ പ്രണയമാണ്
ഓരോ പ്രണയവും സ്വന്തം ആതാമാവിലെക്കുള്ള പ്രയാണവും
സ്നേഹത്തോടെ പോളി
വളരെ നന്നായിരിക്കുന്നു
രണ്ടാം ഭാഗം പെട്ടെന്ന് വന്നല്ലോ
കൊള്ളാം
ബാക്കി കൂടി പോന്നോട്ടെ.
എനിക്കുവേണ്ടി പോളി വർഗ്ഗീസ് ആദ്യമായി മോഹന വീണ മീട്ടിയപ്പോൾ കൊച്ചി കിടുങ്ങി വിറങ്ങലിച്ചു പോയ മഴയാണ് പെയ്തത്. കുഴൂരിന്റേയും ശൈലന്റേയും പുസ്തകങ്ങൾ ഡീസീ പ്രസീദ്ധീകരിച്ച മഴയിൽ കുതിർന്ന ആ സന്ധ്യ ഓൺലൈൻ സുഹൃത്തുക്കൾ ആരും മറന്ന് കാണാൻ വഴിയില്ല.
പറഞ്ഞ് വന്നത്.. ഓ..ബിയനാലെയെപ്പറ്റി.. :)
ബിയനാലെ നടത്തി വിജയിപ്പിച്ച് കാണിച്ച് കൊടുത്തിട്ടും മാദ്ധ്യമപ്രവർത്തകർക്ക് ഒരാൾക്കെങ്കിലും കലിപ്പ് തീരാതെ നടക്കുന്നുണ്ട്. നല്ലതൊന്നും കാണാതെ മനസ്സിലാകാത്തത് പലതും ചീത്തയാണെന്ന് പെരുപ്പിച്ച് പറഞ്ഞ് , സ്വയം അവഹേളിച്ചുകൊണ്ടിരിക്കുന്നതും ചിലർക്ക് ഒരു ആനന്ദമാണെന്ന് വേണം മനസ്സിലാക്കാൻ. വിനീതിന്റെ ഇതുവരെയുള്ള രണ്ട് ബിയനാലെ പോസ്റ്റുകളും മഞ്ഞക്കണ്ണട വെക്കാതെ ഒന്ന് വായിച്ചുനോക്കണം അത്തരക്കാർ എന്ന് മാത്രമാണ് പറയാനുള്ളത്.
ഭാഗ്യവാൻ.. മിനിമം ഒരു പത്തു കൊല്ലത്തേയ്ക്കുള്ള ഇന്ധനം കിട്ടി അല്ലെ!
എത്ര വലിയ മിസ്സിങ്ങാണിത്
ബിനാലെക്ക് നാട്ടില്‍ വേണമായിരുന്നു
thudaruuu...pinnaleyund.
ഇനി രണ്ട് കൊല്ലത്തിന് ശേഷം കൊച്ചിയിൽ തന്നെയാണോ ബിയനാലെ നടത്തുക..?
വളരെ മനോഹരമായി എഴുതിയിരിക്കുന്നു. യാത്രികന് ബിനാലെ കാണാനും അറിയാനും അനുഭവമാക്കാനും കാണിച്ച അതീവ താല്‍പ്പര്യവും പ്രാധാന്യ ബോധവും അതിശയിപ്പിക്കുന്നതായിരിക്കുന്നു. ലോകത്തിലെവിടെയായിരുന്നാലും സ്വന്തം നാട്ടില്‍ ആദ്യമായൊരു ബിനാലെ സംഘടിക്കപ്പെടുംപ്പോള്.... കലയുടെ സാമൂഹ്യ സാംസ്ക്കാരിക പ്രധാന്യത്തെക്കുറിച്ച് ബോധമുള്ളവര്‍ക്ക് അതില്‍ നിന്നും വിട്ടു നില്‍ക്കാനാകില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന വരവും പോക്കും ! അതിലുപരി കലാസാഹിത്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് സ്വന്തം ബോധമണ്ഡലം കാലത്തിനനുസരിച്ച് വികസിപ്പിക്കുന്നതിനായുള്ള/പൊളിച്ച് പണിയാനുള്ള അസുലഭാവസരം കൂടിയാണ് ബിനാലെ നിമിത്തമായത്. ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!
ശരിയാണ് നമ്മുടെ മാധ്യമങ്ങളുടെ പുറം തിരിഞ്ഞ് നിൽക്കൽ ബിനാലെയെ ചെറുതായി ബാധിച്ചിട്ടുണ്ട്.
ബിനാലെയെകുറിച്ചുള്ള വിവാദങ്ങൾ വഴിയാണ് ആദ്യം കേട്ട് മനസ്സിലായതും ഒരു മുന്‍വിധിയോടെ പ്രതിഷേധരൂപത്തിൽ ചിന്തിച്ചതും. ബിനാലെ അടുത്തടുത്ത് വരികയും അനുബന്ധവാർത്തകളും ഫീച്ചറുകളും വായിക്കുകയും വഴി മനസ്സിൽ ഒരു നഷ്ടബോധത്തിന് വിത്തു പാകി. നിരക്ഷരന്റെ പോസ്റ്റുകൾ വഴി അത് പടർന്ന് പന്തലിച്ചു.
രണ്ട് ഭാഗങ്ങളും വായിച്ചു. സചിത്രമായ ഈ മനോഹര വിവരണം യാത്രയും കലയും ഇഷ്ടപ്പെടുന്ന ആരുടെയും മനസ്സിൽ തങ്ങി നിൽക്കും വിധം മനോഹരവും ജീവസ്സുറ്റതുമാണ്. പേരുകേട്ട കലാകാരന്മാർക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചല്ലോ? ഭാഗ്യവാൻ
ബിനാലെ കാണാന്‍ പറ്റി അല്ലേ? കാണണമെന്നെനിക്കും മോഹമുണ്ടായിരുന്നു.ഇതെന്താണെന്നൊന്നറിയാന്. പക്ഷേ നടന്നില്ല.
സാഹിത്യ ഭംഗി ചോരതെയുള്ള വിവരണം.
ശ്രീ: തുടരാം :)
ഭാനു: Thank you
പോളി : പോളിയേട്ട, എനിക്കുള്ള വിലയേറിയ കമന്റ്. വിലമതിക്കാനാവാത്ത സമ്മാനമാണ് എനിക്ക് തന്നത് :)
അബൂതി : സന്തോഷം. മൂന്നാം ഭാഗം വൈകും :)
അജിത് : നന്ദി
റാംജി : വരവിനു നന്ദി. ബാക്കി വരും.
നിരക്ഷരൻ : നന്ദി നീരു. അപൂർവാനുഭാവങ്ങളല്ലേ യാത്രകളെ സാർത്ഥകമാക്കുന്നത്. ഒരു മിച്ചൊരു യാത്ര ഞാൻ കൊതിക്കുന്നുണ്ട്.
അനിമു: സത്യം. വല്ലാത്തൊരു ഊർജമാണ് തന്നത്. ഇനിയത് കെടാതെ നോക്കണം.
ഷാജു: വരവിനു നന്ദി
ജന്മ സുകൃതം: തുടരാം :)
ബിലാത്തി: അതെ. അതും നഷ്ടപ്പെടുത്താതെ നോക്കണം
ചിത്രകാരൻ: വിശദമായ കമന്റിനു ഒരു പാട് നന്ദി. ബോധമണ്ഡലം വികസിക്കുമെന് പ്രത്യാഷിക്കാം :)
ചീരമുളക്: വരാവിനും കമന്റിനും ഒരു പാട് നന്ദി.
എഴുത്തുകാരി: അത് നഷ്ടപ്പെടുത്തരുതായിരുനു.
പൊട്ടാൻ: സന്തോഷം
...... സസ്നേഹം
Post a Comment