Monday, April 29, 2013

കലയിലലിഞ്ഞ് ബിയന്നാലെയിലൂടെ ..... ഭാഗം 3

മുൻഭാഗങ്ങൽ: ഭാഗം 1, ഭാഗം 2   
ഒരു സ്വപ്നമെന്നോണം കഴിഞ്ഞ തലേദിവസത്തിന്റെ മുഴുവൻ ഊർജ്ജത്തൊടെയാണ് രാവിലെ ഉണർന്നത്. ആസ്പിൻ വാളിൽ ഇന്നലെ കാണാതെ വിട്ട ചില വർക്കുകൾ കാണണം. അവിടെ പ്രദർശനം  തുറക്കുമ്പോൾ പത്തുമണിയാവും. അതുകൊണ്ട് നേരെ കാൽവത്തി ജെട്ടിയിലേക്ക് തിരിച്ചു. അവിടെയാണ് റീഗൊ എന്ന പൊച്ചുഗീസ് കലാകരന്റെ ഇൻസ്റ്റലേഷൻ ഉള്ളത്. വാസ്കൊ ഡാ ഗാമ യുടെ നമുക്കറിയാത്ത എന്നാൽ പൊർച്ചുഗലിൽ അറിയുന്ന ചരിത്രവുമായി ഒരു കോർത്തെടുക്കലാണ് "എക്കൊ അർമഡ" എന്ന ഇൻസ്റ്റലേഷനിലൂടെ കലാകാരൻ ലക്ഷ്യം വെക്കുന്നത്.
എക്കൊ അർമഡ

എക്കൊ അർമഡ

വനനശീകരണവും, വന്യമൃഗങ്ങളുടെ കാടിറക്കവും ഉന്നം വെച്ചുള്ള മറ്റൊരു ഇൻസ്റ്റലേഷൻ . ചെയ്തത് ആരെന്നു മനസ്സിലായില്ല.

അവിടെ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു.

ഗസ്സ് ഹൂ എന്ന പേരിൽ ചെയ്ത രസകരമായ ഗ്രാഫിറ്റികൾ ഓണ്‍ലൈനിൽ വളരെ പ്രചാരം നേടിയിരുന്നു. എന്നാൽ കാൽവത്തിയിലെ വർക്കു നശിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിരിക്കുന്നു. രവിവർമ്മയുടെ ശകുന്തളയെ ആസ്പദമാക്കി ചെയ്ത വർക്കായിരുന്നു അത്.
ഗസ്സ് ഹൂ വിന്റെ രവിവർമ്മയുടെ ശകുന്തളയെ ആസ്പദമാക്കി ചെയ്ത വർക്കായിരുന്നു ഇവിടെ 

സമയം പത്ത് കഴിഞ്ഞിരുന്നു. ഞാൻ ആസ്പിൻ വാളിലേക്ക് നടന്നു. പോകും വഴിയാണ് അരവിന്ദ് രാജു, ബിജു, ഇർഷാദ്, മുഹമ്മദ് റിയാസ്, പ്രശാന്ത് , ഷാന്റോ, സുജീന്ദ്രൻ എന്നിവർ ചേർന്നു ചെയ്ത
"പറ്റുകാരുടെ ശിഷ്ടകാലം എന്ന ബൃഹത്തും ഡീറ്റൈൽസ് നിറഞ്ഞതുമായ ഗ്രാഫിറ്റി കണ്ടത്.
മനോഹരമായി ചെയ്തിരിക്കുന്നു.
പറ്റുകാരുടെ ശിഷ്ടകാലം

ടിക്കറ്റ് എടുത്ത് അകത്ത് കയറി. നല്ല തിരക്കു്. ഈ തിരക്ക് സന്തോഷം തരുന്നതാണ്. തങ്ങളുടെ കാഴ്ചാശീലങ്ങളെക്കുറിച്ച് ഒന്ന് മാറിചിന്തിക്കാൻ ഏറെ ആളുകൾ വരുന്നത് തന്നെ നല്ല ലക്ഷണം. കലണ്ടർ ചിത്രങ്ങളിൽ തന്റെ ചിത്രകലാസ്വാദന കാഴ്ചപ്പാട് കൊരുത്തിട്ടുപോയ  ബഹുഭൂരിപക്ഷം മലയാളികൾ പുതിയ രീതികൾ അറിയാൻ എത്തുന്നു എന്നത് കേരളത്തിലെ കലാലോകത്തിന് ഒരു പുത്തനുണർവു നല്കും എന്ന കാര്യത്തിൽ സംശയമില്ല.

ശ്രീ. വെങ്കണ്ണയുടെ പഞ്ചമഹാഭൂതങ്ങൾ എന്ന എന്നവർക്ക് പെയിന്റിങ്ങും, ശില്പ്നങ്ങളും ഒക്കെ ഉൾപ്പെട്ടതാണു. യുദ്ധങ്ങളും, യുദ്ധക്കെടുതികളും, മനുഷ്യൻ നശിപ്പിച്ചൂകൊണ്ടിരിക്കുന്ന പഞ്ചഭൂതങ്ങളുടെ ഇന്നത്തെ അവസ്ഥയും ഒക്കെ വിളിച്ചുപറയാൻ ശ്രമിക്കയാണ് കലാകാരൻ ഇവിടെ.
പഞ്ചമഹാഭൂതങ്ങളിൽ നിന്ന് 

വൽസൻ കൊല്ലേരിയുടെ "  No Death " എന്ന ഇൻസ്റ്റലേഷൻ ചാരവും, പൊടിയും, കൊതുമ്പും, ചില്ലും, പൂഴിയും കരിയും തുടങ്ങി നമുക്കു പരിചിതമായ ഒട്ടേറെ വസ്തുക്കൾ നിറഞ്ഞതാണ്. ഒരു വസ്തുവും എന്നന്നേക്കുമായി നശിക്കുന്നില്ല മറിച്ച് രൂപമാറ്റങ്ങൾക് വിധേയമാവുന്നേഉള്ളു എന്ന ചിന്തയാണ് ഈ സൃഷ്ടിക്ക് പിന്നിൽ.
No Death

അനൂപ് മാത്യു തോമസിന്റെ ഫോട്ടോ പ്രദർശനം വ്യത്യസ്ഥമായ ഒരനുഭവമായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചില വസ്തുക്കളിലൂടെ വാർത്തകളിലൂടെ നമ്മുടെ കൈപിടിച്ച് നടത്തുകയാണ് അനൂപ്.

ബാഗ്ദാദിൽ ജനിച്ച് നെതർലാൻഡ്സിൽ താമസിക്കുന്ന ജൊസഫ് സെമയുടെ "72 പ്രിവിലേജസ്" എന്ന ഇൻസ്റ്റലേഷൻ നമ്മുടെ നാടിന്റെ ചരിത്രവുമായി ഇഴപിരിഞ്ഞിരിക്കുന്നു. ചേരമാൻ പെരുമാൾ ജൂത ക്രിസ്തീയ സമുദായങ്ങൾക് നല്കിയ 72 വിശേഷാധികാരങ്ങളെ ഒർമ്മപ്പെടുത്താനും, ആ ചരിത്രത്തെ പുനരാവിഷ്കരിക്കാനും ശ്രമിക്കയാണ് തന്റെ ഇൻസ്റ്റലേഷനിലൂടെ ജോസഫ് സെമ.
22 മീറ്റർ നീളമുള്ള ഒരു മര മേശയും അതിനുമുകളിൽ ഉറപ്പിച്ച 72 ചെമ്പ് തകിടുകളും , പിന്നെ ആ തകിടുകളെ ബന്ധിപ്പിക്കുന്ന 5000മീറ്റർ നീളമുള്ള വെളുത്തനൂലും അടങ്ങുന്നതാണ് ഇൻസ്റ്റലേഷൻ. ഇതിലേക്കു കൂടുതൽ ഉൾകാഴ്ച്ച തരാനായി താൻ വരച്ച ഒട്ടേറെ ചിത്രങ്ങളും സെമ ഇവിടെ ഒരുക്കിയിട്ടുണ്ട്.
72 പ്രിവിലേജസ്

കറാച്ചിയിൽ ജനിച്ച നളിനി മലാനിയുടെ വീഡിയോ പ്രദർശനം അമേരിക്ക കേന്ദ്രീകൃതമായ ഒരു ഭൂപടത്തിലാണ് ചെയ്തിരിക്കുന്നത്. സ്ത്രീകൾക് നേരെയുള്ള അതിക്രമങ്ങളെയാണ് " ഇൻ സെർച് ഒഫ് വാനിഷ്ഡ് ബ്ലഡ്" എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇൻസ്റ്റലേഷനിലൂടെ കാണിച്ചുതരുന്നത്.
ഇൻ സെർച് ഒഫ് വാനിഷ്ഡ് ബ്ലഡ്

കൊച്ചിയെ തന്നെ വിഷയമാക്കിയുള്ള രണ്ട് വലിയ പെയിന്റിങ്ങുകളാണ്  ജ്യോതിബസുവിന്റെതായി പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
 ജ്യോതിബസുവിന്റെ പെയിന്റിംഗ് 

തന്നെക്കുറിച്ചും തന്റെ വേരുകളെ കുറിച്ചുമുള്ള ഒരന്വേഷണമാണ് പാരീസ് വിശ്വനാഥന്റെ "സാൻഡ് ആൻഡ് അതർ എലിമെന്റ്സ്". പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ പ്രൊജെക്ഷനും ഇന്ത്യയിലെ വിവിധ ഇടങ്ങളിൽനിന്നും ശേഖരിച്ച മണലുകൊണ്ട് തീർത്ത "സാൻഡ്" എന്ന വർക്കുമാണ് അദ്ദേഹം നമുക്കായി ഒരുക്കിയിരുന്നത്.
സാൻഡ്

ഇന്നലെ എഡ്വിൻ പറഞ്ഞിരുന്നു അവന്റെ ഒരു സുഹൃത്തിന്റെ വർക്ക് കമ്മീഷൻ ചെയ്തിട്ടുണ്ടെന്ന്. അതനുസരിച്ചാണ് വിപിൻ ദനുർധരന്റെ വർക്ക് കാണാൻ പോയത്. ഒരു യുവകലാകാരൻ എന്ന നിലയിൽ ബിയനാലെയിൽ ഏറെ ശ്രദ്ദിക്കപ്പെട്ട ഒരു വർക്കായിരുന്നു ലളിതവും അർത്ഥസമ്പുഷ്ടവുമായ വിപിന്റെ ഇൻസ്റ്റലേഷൻ.താഴേയുള്ള പാത്രത്തിൽ കുറച്ച് സ്വർണ്ണ മത്സ്യങ്ങളെ ഇട്ടിരിക്കുന്നു. ആ പാത്രത്തിലെ വെള്ളം ഇറ്റിറ്റായി കായലിലേക്ക് വീഴുന്നു.
വിപിന്റെ ഇൻസ്റ്റലേഷൻ

തൊട്ടടുത്തായി ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.

പിന്നീട് ഡേവിഡ് ഹാളിലെ പ്രദർശങ്ങൾ കാണാനായി പോയി. പുസ്തകങ്ങളും, പ്രശസ്ഥമായ കവിതകളുടെ ഓഡിയൊ പിന്നെ ഗോണ്ട്,  കലംകാരി ശൈലിയിലുള്ള ചിത്രങ്ങൾ തുടങ്ങിയവയാണ് അവിടെ ഉണ്ടായിരുന്നത്. Joana Hadjithomas & Khalil Joreige എന്നിവരുടെ "A letter can always reach its destinationഎന്ന വീഡിയൊ ഇൻസ്റ്റലേഷനായിരുന്നു ഡേവിഡ് ഹാളിലെ ശ്രദ്ദേയമായ മറ്റൊരു പ്രദർശനം. വർഷങ്ങളായി ശേഖരിച്ച സ്പാം മെയിലുകൾ ഉപയോഗിച്ചുള്ള ഒരു വീഡിയോ ഇൻസ്റ്റലേഷനായിരുന്നു അത്,

അവിടെനിന്ന് തിരിച്ച് വീണ്ടും ആസ്പിൻ വാൾ ഏരിയയിലേക്ക് നടന്നു. കൊച്ചി കാർണിവൽ ഓഫീസ് ചുമരിലും മറ്റും ആസ്ത്രേലിയൻ കലാകാരനായ ഡാനിയൽ  കൊണ്ണേൽ ചെയ്ത പോർട്രൈറ്റുകൾ കാണുക എന്നതായിരുന്ന ലക്ഷ്യം. ബിയന്നാലെ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ  ഒന്നിൽ അദ്ദീഹം വരച്ച ചിത്രം നശിപ്പിക്കാൻ നടത്തിയ ശ്രമം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. കൊച്ചി കാർണിവൽ ഓഫിസ് ചുവരിൽ അതിനു തൊട്ടടുത്തായി ചായക്കട നടത്തുന്ന അച്ചു എന്നയാളുടെ വലിയ പോർട്രൈറ്റ്‌  ആണ് നശിപ്പിക്കാൻ ശ്രമം നടന്നത്.  എന്നാൽ ഡാനിയേൽ ആ നശിപ്പിക്കപ്പെട്ട ചിത്രം പുനർ നിർമ്മിക്കുകയും കൂടുതലായി ഒട്ടേറെ ചിത്രങ്ങൾ വരക്കുകയും ചെയ്തു. എല്ലാം അവിടുത്തെ സ്ഥലവാസികളുടെ ചിത്രങ്ങൾ. കല സാധാരണ ജനങ്ങളെ തൊടുന്നില്ല എന്ന പരാതിക്കുള്ള മറ്റൊരു മറുപടിയായാണ്‌ ഡാനിയെലിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയത്.
ഡാനിയൽ  കൊണ്ണേൽ ചെയ്ത പോർട്രൈറ്റുകൾ 

ഡാനിയൽ  കൊണ്ണേൽ ചെയ്ത പോർട്രൈറ്റുകൾ 

കാണാൻ ബാക്കി വെച്ച ചില വർക്കുകൾ കൂടിയുണ്ട്. ഞാൻ മൊയ്തു ഹെറിറ്റെജിലെക്ക് നടന്നു.  അവിടെ എർനെസ്റ്റൊ നെറ്റൊ എന്നാ ബ്രസീലിയൻ കാലാകാരന്റെ " Life is a river" എന്ന ഇൻസ്റ്റലെഷൻ മച്ചിന് മുകളിൽ  ഒരുക്കിയിരിക്കുന്നു. കൊച്ചിയിൽ നിന്ന് തന്നെയുള്ള തുണികളാണ് ഇതിനായി കലാകാരന ഉപയോഗിച്ചത്. പുഴപോലെ ഒഴുകുന്ന ജീവിതത്തിന്റെ അനിശ്ചിതത്വത്തെ തന്റെ കലയുമായി കൂട്ടിയിണക്കുകയാണിവിടെ. ഇന്ത്യയിലെ പുരാണ കഥാപാത്രങ്ങളും, സംസ്കാരവും തന്റെ സൃഷ്ടിയുടെ പ്രചോദനമായിരുന്നു എന്ന് എർനെസ്റ്റൊ  പറയുന്നു.      
കടപ്പാട് : കൊച്ചി ബിയന്നാലെ ഫൗണ്ടേഷൻ 

മച്ചിൻ മുകളിൽ നിന്നുള്ള കാഴ്ച 

മറ്റുചില വർക്കുകൾ കൂടി കണ്ടതിനു ശേഷം ഞാൻ വീണ്ടും ആസ്പിൻ വാളിലേക്ക്  നടന്നു. പ്ലസ് സുഹൃത്തായ ജിതിൻ  അവിടെ വരുമെന്ന് പറഞ്ഞിരുന്നു. ജിതിനെയും ആദ്യമായാണ് കാണുന്നത്. അല്പസമയത്തിനുള്ളിൽ ജിതിൻ വന്നു. ആദ്യമായി കാണുകയാണെന്ന ചിന്തപോലും മനസ്സിൽ വന്നില്ല. ഏറെ കാലം കൊണ്ട് അറിയുന്ന ഒരു അടുത്ത സുഹൃത്തിനെ കാണും പോലെ തൊന്നി.അത്രയ്ക്കുണ്ട് പ്ലസ്സിലെ സൌഹൃദത്തിന്റെ ഇഴയടുപ്പം.
യാത്രികനും ജിതിനും 

ഒരുമിച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞു ജിതിനാണ് അവിടെ തന്നെയുള്ള സെയിന്റ് ഫ്രാൻസിസ് പള്ളിയിൽ  പോവാമെന്നു പറഞ്ഞത്. 1503 ൽ  ഇന്ത്യയിലെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന അൽഫോൻസോ ഡി അൽബുക്കർക്ക് കൊച്ചിരാജാവിന്റെ അനുവാദത്തോടെ പണികഴിപ്പിച്ചതാണ്‌ ഈ പള്ളി. ആദ്യകാലത്ത് തടിയിൽ ആയിരുന്നു ഈ പള്ളി പണിതത്. വാസ്കോഡ ഗാമയെ അടക്കം ചെയ്തത് ഈ പള്ളിയിൽ ആയിരുന്നു. എന്നാൽ പതിനാല് വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ഭൌതീകാവശിഷ്ടങ്ങൾ പൊർചുഗീസിലെക്കു കൊണ്ടുപോയി. എന്റെ കൂടെ ഒരല്പസമയം കൂടി  ചിലവിട്ട്  എന്നെ ചില ഷോപ്പിങ്ങിനായി വിട്ട് ജിതിൻ യാത്ര പറഞ്ഞു.
വാസ്കോഡ ഗാമയെ അടക്കം ചെയ്ത ഇടം 


അലപ്സമയം കൂടി ആസ്പിൻവാൾ പരിസരത്ത് ചിലവിട്ട് ഞാൻ ബീച്ചിലേക്ക് നടന്നു.  ചിത്രങ്ങളിൽ മാത്രം കണ്ട ചീന വലകളെയും  അവയുടെ  പ്രവർത്തനവും നോക്കി കുറേ നേരം ബീച്ചിൽ ചിലവിട്ട് ഞാൻ റൂമിലേക്ക് തിരിച്ചു.
ചീന വല 

സന്ധ്യമയങ്ങിയപ്പോൾ അന്റോണിയോയോടും കുടുംബത്തോടും യാത്രപറഞ്ഞു . അത്താഴം നിരക്ഷരന്റെ വീട്ടിലായിരുന്നു. നിരക്ഷരന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ആതിഥ്യവും നുകർന്ന് എയർപൊർട്ടിലെക്ക് തിരിക്കുമ്പോൾ മനസ്സുനിറയെ ആഹ്ലാദമായിരുന്നു. അടുത്ത ബിയന്നാലെ കാണാനും ഞാൻ വരും എന്ന് മനസ്സ് മന്ത്രിച്ചു. അപൂർവാനുഭവങ്ങൾ സമ്മാനിച്ച ഈ യാത്ര എനിക്കെന്നും ഏറെ പ്രീയപ്പെട്ടതാവും.  

                                                                                                                   അവസാനിച്ചു

  








14 comments:

ഒരു യാത്രികന്‍ said...

ഇനിയും ചൂടാറിയിട്ടില്ല എന്നാണ് എന്റെ തോന്നൽ. ഒരല്പം വൈകിയെങ്കിലും ഇതാ അവസാനഭാഗം ....സസ്നേഹം

Anonymous said...

പല ചിത്രങ്ങൾക്കും മുന്നിൽ വാ പൊളിച്ചിരിക്കുന്ന,
ഇൻസ്റ്റലേഷനുകളെ പരിഹാസത്തോടെ  മാത്രം കാണുന്ന എന്നൊപ്പോലുള്ളവരെക്കുറിച്ച് ഈ പറഞ്ഞത് ഇഷ്ടപ്പെട്ടു, 
അതാണ് സത്യവും- " കലണ്ടർ ചിത്രങ്ങളിൽ തന്റെ ചിത്രകലാസ്വാദന കാഴ്ചപ്പാട് കൊരുത്തിട്ടുപോയ ബഹുഭൂരിപക്ഷം മലയാളികൾ". പുതിയ രീതികളുടെ മുന്നിൽ അമ്പരപ്പോടെ, അൽപ്പം പുച്ഛത്തോടെ 
നിൽക്കുമ്പോൾ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട് നമ്മുടെ തലക്ക് ഇത് 
ദഹിപ്പിക്കാനുള്ള രസം സ്റ്റോക്കില്ല എന്ന്! 
മൂന്നാം ഭാഗവും നന്നായി, എന്നാൽ ആദ്യ രണ്ടിനും ഒപ്പം നിൽക്കില്ല. 
എഴുതി മടുപ്പ് പിടിച്ചപോലെ. 
അതോ വായനാസമയത്തെ എന്റെ മൂഡോ?

ഒരു യാത്രികന്‍ said...

@ചീരാമുളക്: വൈകിയത് എഴുത്തിന്റെ ഒഴുക്ക് കുറച്ച് എന്നത് സത്യം തന്നെ:(.

ajith said...

ഞാന്‍ സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് മൂന്നോ നാലോ കളര്‍ ചോക്കുകള്‍ കൊണ്ട് വഴികളിലും ഭിത്തികളിലും മനോഹര ചിത്രങ്ങള്‍ വരയ്ക്കുന്ന ഒരു ഭ്രാന്തനുണ്ടായിരുന്നു. ഈ “ഇന്‍സ്റ്റലേഷന്‍” പലതും കണ്ടപ്പോള്‍ ആ ഭ്രാന്തനെ ഓര്‍ത്തുപോയി

mini//മിനി said...

ബിനാലെ എന്താണെന്ന് തിരിച്ചറിയുന്നു.

Lazar D'silva said...

താങ്കൾക്ക് കലകളോട് പ്രത്യേകിച്ചൊരു മമതയുണ്ടെന്ന് അറിയായ്കയല്ല. എങ്കിലും വിമാനം പിടിച്ച് ബിനാലെ കാണാൻ മാത്രമായി പോയികളയും എന്ന് പ്രതീക്ഷിച്ചില്ല...

റിനി ശബരി said...

സൂപ്പറായേട്ടൊ .. അറിയാതെ ഒഴുകി പൊയി മനം അങ്ങൊട്ട് ..
മനസ്സില്‍ തിരയടിക്കുന്ന പലതും ഈ യാത്രികന്റെ
വരികളിലൂടെ , കാഴ്ചകളിലൂടെ പുറത്ത് വരുന്നുണ്ട് ..
ഒരു കാഴ്ചയില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നുവല്ലെ ..
ഈ മനസ്സിന് ഒരുപാട് അഭിനന്ദനങ്ങള്‍ ..
സ്നേഹപൂര്‍വം , ഒരുപാട് ഇഷ്ടായീ

Muralee Mukundan , ബിലാത്തിപട്ടണം said...

പടങ്ങൾ കണ്ടു..
എഴുത്തുകൾ വായിച്ചു...

Unknown said...

എന്താണ് പറയുക പ്രിയ യാത്രികൻ..... കാണാതെപോയ അനേകമനേകം കാഴ്ചകൾ, ചിത്രങ്ങളിലൂടെയും, അക്ഷരങ്ങളിലൂടെയും വരച്ചുകാണിച്ചതിന് ഏറെ നന്ദി... ഒപ്പം അഭിനന്ദനങ്ങളും.. കലയോടുള്ള ആവേശം മൂത്ത്, ബിയനാലെ കാണുവാൻ മാത്രം നാട്ടിലെത്തി, അത് ഞങ്ങൾക്കായി എഴുതി അവതരിപ്പിച്ചതിന് ഈ അഭിനന്ദനം മാത്രം മതിയാകില്ല എന്നറിയാം...

കലയുടെ അടുത്ത മാമാങ്കത്തിലെങ്കിലും, കണ്ടുമുട്ടി, ഒന്നിച്ചാസ്വദിയ്ക്കുവാൻ സാധിയ്ക്കുമെന്ന് കരുതുന്നു... :)

സ്നേഹപൂർവ്വം ഷിബു തോവാള.

നാട്ടുമ്പുറത്തുകാരന്‍ said...

സത്യം പറഞ്ഞാല്‍ എനിക്ക് ചിലരുടെ ബ്ലോഗ്‌ വായിച്ചാല്‍ ഭയങ്കര അസൂയ തോന്നും യാത്രക്കാരാ നിങ്ങളും എന്നെ വല്ലാതെ അസൂയപ്പെടുതുന്നു ...............ആശംസകളോടെ സ്നേഹത്തോടെ ....അനി ചെങ്ങളായി

ഇട്ടിമാളു അഗ്നിമിത്ര said...

ഞാൻ വായിച്ചതാ ... അന്നേ ..വായിച്ചപ്പൊ തോന്നി ഞാനൊന്നും കണ്ടില്ലാരുന്നെന്ന് :(

നിരക്ഷരൻ said...
This comment has been removed by the author.
നിരക്ഷരൻ said...

ബിയനാലെയിലെ കലാരൂപങ്ങളും ഇൻസ്റ്റലേഷനുകളുമൊക്കെ എല്ലാവർക്കും ഇങ്ങനെ പരിചയപ്പെടുത്തിക്കൊടുത്തത് വലിരൊരു കാര്യം തന്നെയാണ് യാത്രികൻ. ജനങ്ങൾക്ക് അവർക്കറിയാത്ത കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കാൻ ഒരാളെങ്കിലും ഉണ്ടായാൽ അടുത്ത പ്രാവശ്യം കൂടുതൽ നല്ല പ്രതികരണമാവും ഉണ്ടാകുക. ഹാറ്റ്സ് ഓഫ്.

അപ്പോൾ ശരി എല്ലാം പറഞ്ഞത് പോലെ. അടുത്ത ബിയനാലെയ്ക്ക് കാണാം. അതിനിനി അധികം സമയമില്ല കേട്ടോ ?

വീകെ said...

ബിയന്നാലെയെക്കുറിച്ച് ഇത്രയും വിശദമായി ഇപ്പോഴാണ് വായിക്കുന്നത്.
ആശംസകൾ...