Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Wednesday, October 2, 2013

സംഗീതത്താൽ ഒരുവൻ അനുഗ്രഹിക്കപ്പെടുമ്പോൾ

കഴിഞ്ഞ രണ്ടാഴ്ച്ച  സംഗീതത്തിന്റെ, അവിചാരിത സൌഹൃദങ്ങളുടെ അപ്രതീക്ഷിതാനുഭവങ്ങളുടെ ഒക്കെ കാലമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതലോകവും, അതിലുപരി ലോക സംഗീതലോകവും ഉറ്റുനോക്കുന്ന, മലയാളിയായ ഹിന്ദുസ്ഥാനി സംഗീതഞ്ജൻ ശ്രീ.പോളി വർഗീസ്‌ കഴിഞ്ഞ രണ്ടാഴ്ച്ചകാലം ദുബായിൽ ഉണ്ടായിരുന്നു. എനിക്ക് പോളിയേട്ടനു മായുള്ള സൌഹൃദത്തെപ്പറ്റി മുൻപ് പറഞ്ഞിട്ടുണ്ട്. മൂന്നു ദിവസം അദ്ദേഹം എന്റെ കൂടെയാണ് താമസിച്ചത്. മോഹൻവീണയുടെ മാസ്മരിക സംഗീതം അങ്ങനെ എന്റെ വീട്ടിലും നിറഞ്ഞു. 


പോളിയേട്ടൻ എന്റെ വീട്ടിൽ കുഞ്ഞു യാത്രികനോപ്പം 

ഈ ദിവസങ്ങൾ പോളിയേട്ടനെ കൂടുതൽഅറിയാനും അദ്ദേഹത്തിന്റെ വിശാലമായ അനുഭവങ്ങളെയും ചിന്തകളെയും അടുത്തറിയാനും അവസരം തന്നു. ക്ലാസിക്കൽ സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പോളിയേട്ടന് സംഗീതത്തിന്റെ കാര്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയും സാധ്യമല്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ " ഇന്ത്യൻ സംഗീതമെന്നാൽ സിനിമാപാട്ടുകൾ ആണെന്ന ധാരണയാണ് ആദ്യം മാറേണ്ടത് ". ഈ സന്ദേശം ഏതവസരത്തിലും കേൾവിക്കാരനിൽ എത്തിക്കാൻ, ഒരു പക്ഷെ അദ്ദേഹത്തെ അടുത്തറിയാത്തവർക്ക് ഒരു അഹങ്കാരിയുടെത് എന്നുപോലും തോന്നിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്താൻ പോളിയേട്ടന് മടിയില്ല. അതിന്  അദ്ദേഹത്തിന് വ്യക്തമായ വിശദീകരണവും ഉണ്ട്. " ഞാൻ ആരുടേയും പാദസേവ ചെയ്തിട്ടല്ല ഒരു ഹിന്ദുസ്ഥാനി സംഗീതഞ്ജൻ ആയത്, അതുകൊണ്ട് തന്നെ എനിക്കാരെയും സുഖിപ്പിക്കേണ്ടതില്ല". നമ്മിൽ പലർക്കും അവിശ്വസനീയം എന്ന് തോന്നിക്കുന്ന അനുഭവങ്ങളിലൂടെയാണ്‌ പോളിയെട്ടന്റെ സംഗീതത്തെ തേടിയുള്ള യാത്രകൾ. ആ അനുഭവ ബാഹുല്യം അതുതന്നെയാണ് അദ്ദേഹത്തിന്റെ കരുത്തും എന്നാണ് എനിക്ക് തോന്നിയത്. തെളിഞ്ഞ ചിന്ത, വ്യക്തമായ രാഷ്ട്രീയ നിലപാട്, അതെവിടെയും തുറന്ന് പറയാൻ അദ്ദേഹത്തിന് മടിയില്ല. പോളിയേട്ടൻ പറഞ്ഞതുപോലെ ആരെയും സുഖിപ്പിക്കുക എന്നത് ലക്ഷ്യമല്ലാത്തിടത്തോളം നിലപാടുകൾ വ്യക്തമാക്കാൻ എന്തിനു ഭയക്കണം? ഒരു നാസ്തികൻ എന്ന ഐഡന്റിറ്റി അദ്ദേഹം അഭിമാനപൂർവം തന്നെ കൊണ്ടുനടക്കുന്നു.

ഞങ്ങളുടെ കുടുംബാംഗങ്ങൾകായി മോഹനവീണ വായിച്ചതടക്കം പലതവണ ആ മോഹന സംഗീതം ആസ്വദിക്കാൻ ഇക്കുറി കഴിഞ്ഞു. ആ കുടുംബ സദസ്സിൽ വച്ച് ഞാൻ വരച്ചു കാത്തു വച്ചിരുന്ന ചിത്രത്തിൽ പോളിയേട്ടൻ കയ്യൊപ്പ് ചാർത്തി, അത് മറ്റൊരു അപ്രതീക്ഷിത സന്തോഷമായി. എന്നെങ്കിലും ആ ചിത്രത്തിൽ ഒപ്പ്  വാങ്ങും എന്ന് ഉറപ്പായിരുന്നു, എന്നാൽ അത്  ഇത്ര പെട്ടെന്ന് പ്രാപ്യമാകും എന്നുകരുതിയില്ല.

പോളിയേട്ടൻ ഒപ്പിട്ട ഞാൻ വരച്ച ചിത്രം 

അങ്ങനെ എന്റെ വീട്ടിൽ താമസിച്ച ഒരു ദിവസമാണ് ജൈസണ്‍ കാർട്ടർനെപ്പറ്റി പോളിയേട്ടൻ പറയുന്നത്. ലോക പ്രശസ്ഥനായ ഹാർപ് ഗിത്താറിസ്റ്റ്  ജൈസണ്‍ ദുബായിൽ ഉണ്ടെന്നും അദ്ദേഹത്തിന് പോളിയേട്ടനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെന്നും പോളിയെട്ടൻ പറഞ്ഞപ്പോൾ അവിടേക്ക് കൊണ്ടുപോവുന്ന കാര്യം ഞാൻ ഏറ്റെന്ന് വാക്ക് കൊടുത്തു. മറ്റാരോടും കൊണ്ടുപോവാൻ പറയണ്ട എന്ന് ഞാൻ പ്രത്യേകം പറഞ്ഞു. മറ്റൊന്നുമല്ല ആ കൂടിക്കാഴ്ചയ്ക് സാക്ഷിയാവുക എന്ന എന്റെ സ്വാർത്ഥത തന്നെ.

Jason Carter

Two Maestros 
അങ്ങനെ ആ ദിവസത്തിനും വഴിയൊരുങ്ങി. വഴിതേടി ഇത്തിരി കറങ്ങി വൈകിയാണെങ്കിലും ഞങ്ങൾ ജൈസണ്‍ താമസിക്കുന്ന സ്ഥലത്തെത്തി. എന്നാൽ പിന്നീടുള്ള ഒന്നരമണിക്കൂറിലധികം കടന്നുപോയത് അറിഞ്ഞതേയില്ല. രണ്ടു സംഗീതഞ്ജരുടേയും ഉപകരണങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ട്. ഹാർപ് ഗിത്താറും, മോഹൻവീണയും ഗിത്താറിൽ നിന്നും ഉരുത്തിരിഞ്ഞ സംഗീതോപകരണങ്ങളാണ്. രണ്ടു പേരും ചേർന്ന് വായിച്ചുതുടങ്ങിയപ്പോൾ എനിക്ക് കിട്ടിയത് ലോകത്താദ്യാമായി ഹാർപ് ഗിത്താറും മോഹൻ വീണയും ഒരുമിച്ച്  പ്ലേ ചെയ്യുന്നതിന് സാക്ഷിയാവുക എന്ന അപൂവ്വ ഭാഗ്യവും.

അപൂർവ  നിമിഷം 

ജൈസണും പോളിയേട്ടനും 
രണ്ടു മഹാരാഥർക്കൊപ്പം യാത്രികൻ 

തീർന്നില്ല ഈ വരവിൽ പോളിയേട്ടൻ എനിക്ക് തന്ന സമ്മാനങ്ങൾ. നസീറും ജയേട്ടനും അടക്കമുളള നല്ല സുഹൃത്തുക്കളെ കൂടി സമ്മാനിച്ചാണ് പോളിയേട്ടൻ മടങ്ങിയത്. 
ഈ വരവിൽ കണ്ടവരുടെയും പരിചയപ്പെട്ടവരുടെയും മനസ്സിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം കൊണ്ട് ശൂന്യതയും ആ മോഹന സംഗീതം കൊണ്ട് മനസ്സും നിറച്ചാണ് പോളിയേട്ടൻ മടങ്ങിയത്. ശ്രീ.വിശ്വമോഹൻ ഭട്ടിനെ പോലെ, ശ്രീ. രവിശങ്കറിനെപോലെ, പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെപോലെ നാളെ ഇന്ത്യൻ സംഗീതത്തിന്റെ അംബാസിഡറായി ലോകം പോളിയേട്ടനെ കാണുന്ന കാലം വിദൂരമല്ല. അടുത്തമാസം വിയന്നയിൽ മൊസാർട്ട് ഫെസ്റ്റിവലിൽ അദ്ദേഹം ചെയുന്ന രണ്ടാമത്തെ പെർഫോർമൻസ് അതിനൊരു മുന്നോടിമാത്രം.മൊസാർട്ട് ഫെസ്റ്റിവലിൽ രണ്ട് വട്ടം പെർഫോം ചെയ്യുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ഖ്യാതിയും പോളിയേട്ടന് സ്വന്തം.  മോഹൻ വീണയുടെ മാന്ത്രിക വാദകൻ പോളിയേട്ടന്  എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.    

          

Monday, July 1, 2013

പോളിയേട്ടൻ, മോഹനവീണയുടെ മാന്ത്രിക വാദകൻ

               ഓരോ യാത്ര കഴിയുമ്പോഴും ഞാൻ അടുത്തയാത്രയെപ്പറ്റി സ്വപ്നം കണ്ടു തുടങ്ങും. കാരണം മറ്റൊന്നുമല്ല, കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയ യാത്രയിലും ഉണ്ടാവും നമ്മെ ആശ്ചര്യപ്പെടുത്തുന്ന നേർകാഴ്ച്ചകൾ, കണ്ടുമുട്ടലുകൾ, ത്രസിപ്പിക്കുന്ന അനിശ്ചിതത്വങ്ങൾ. യാത്ര തീർന്നാലും മനസ്സിൽ നിന്നും പടിയിറങ്ങാൻ മടിച്ചുനില്കുന്ന ആ അനുഭവങ്ങളുടെ  ലഹരി ഒന്നു മാത്രം മതി അടുത്ത യാത്രക്കായി മനസ്സ് വെമ്പാൻ. 

ബിയാന്നാലെ കാണാനായുള്ള എന്റെ കൊച്ചിയാത്രയും മറിച്ചായിരുന്നില്ല. അന്നത്തെ യാത്ര എനിക്ക് സമ്മാനിച്ച വിലയേറിയ അനുഭവമായിരുന്നു ശ്രീ. പോളിയുമായുള്ള സൗഹൃദം, സൌഹൃദമെന്നാൽ പോളിയെട്ടാ എന്ന് സംബോധന ചെയ്ത് എപ്പോൾ വേണമെങ്കിലും വിളിക്കാനുള്ളത്ര സൗഹൃദം. ഈ സൗഹൃദത്തിനു വഴിയൊരുക്കിയ നിരക്ഷരന് ഹൃദയം നിറഞ്ഞ നന്ദി. 

പോളി ആരെന്നല്ലേ? അദ്ദേഹത്തെപ്പറ്റി ബിയന്നാലെ യാത്രാവിവരണത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. വിശേഷണങ്ങൾ ഏറെയുണ്ട് അദ്ദേഹത്തിന് . ഇന്ത്യയിലെ ആദ്യ ഗ്രാമി അവാർഡ്  ജേതാവായ ശ്രീ. വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യൻ. അദ്ദേഹം തന്നെ രൂപകൽപന ചെയ്ത മോഹന വീണ എന്ന വാദ്യോപകരണവും വാദന രീതിയും പോളിയുടെ കയ്കളിൽ സുരക്ഷിതമാവും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. വെറുതെയല്ല  അദ്ദേഹത്തിന്റെ വാദന ശൈലി പിന്തുടരുന്ന ലോകത്തിലെ ആകെ നാല് പേരിൽ ഒരാളാവാൻ പോളി വർഗീസ്‌ എന്ന കലാകാരന് കഴിഞ്ഞത്. കഴിഞ്ഞ മൊസാർട്ട്  ഫെസ്റ്റിവലിൽ പെർഫോം ചെയ്യാൻ ക്ഷണിക്കപ്പെട്ട കലാകാരൻമാരിൽ ഒരാളായി പോളിയുമുണ്ടായിരുന്നു. അന്നേ അവർ അദേഹത്തെ കണ്ണ് വെച്ചിരുന്നു എന്നതിന് തെളിവാണ് ഈ വർഷവും മൊസാർട്ട് ഫെസ്റ്റിവലിന് വിയന്നെയിലേക്ക് പോളിക്ക്  കിട്ടിയ ക്ഷണം. 

ഒരവധൂതനെപ്പോലെ അദ്ദേഹം നടത്തിയ ഏകാന്ത യാത്രകളുടെ കഥകൾ ഒരു യാത്രികൻ എന്ന നിലയിൽ  എന്നെ മോഹിപ്പിച്ചത് ഒട്ടൊന്നുമല്ല. ചിലപ്പോഴെങ്കിലും പകൽ  സമയങ്ങളിൽ അദ്ദേഹം സ്കൈപ്പിൽ ഓണ്‍ലൈനിൽ ഉണ്ടാവും. അപ്പോഴൊക്കെ ഓഫീസിലിരുന്ന് അദേഹം മോഹന വീണ പ്രാക്ടീസ് ചെയുന്നത് കേൾക്കാനുള്ള അപൂർവ്വ ഭാഗ്യവും എനിക്ക് കിട്ടാറുണ്ട്. കൊച്ചിയിൽ എനിക്കായി അദ്ദേഹം മോഹന വീണ മീട്ടിയത് മുതൽ ഇങ്ങോളം പലതവണ ഓണ്‍ലൈനിൽ ഞാൻ അദേഹത്തിന്റെ മാന്ത്രിക സംഗീതം പലതവണ നുകർന്നു.

സപ്തസ്വരങ്ങളെ തന്റെ വിരൽതുമ്പിൽ കുടിയിരുത്തിയ, പലപ്പോഴും ആ സ്നേഹ സംഗീതം എനിക്കായി പകർന്നുനൽകിയ പോളിയേട്ടനെ ഞാൻ സപ്തവർണങ്ങളിൽ അല്ലാതെ എങ്ങിനെ വരക്കും. അദ്ദേഹത്തെ വരക്കാനിരുന്നപ്പോൾ ആ മോഹന സംഗീതവും കൂട്ടായി ഉണ്ടായിരിന്നു 
പോളിയെട്ടനെ അടുത്തതവണ കാണുമ്പോൾ  ഈ ചിത്രവും ഉണ്ടാവും എന്റെ കൂടെ, അതിൽ അദ്ദേഹത്തിന്റെ ഒരൊപ്പുചേർക്കാൻ......

മീഡിയം: കളർ പെൻസിൽ ഓണ്‍ ഡ്രോയിംഗ് പേപ്പർ
സൈസ് : 12" X 15" 


Friday, June 11, 2010

മൌറീഷ്യസ്- നവദമ്പതികളുടെ പറുദീസ.....ഭാഗം 2

 ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കൂ              
 Plaines wilhelms ജില്ലയിലെ Curepipe എന്ന സ്ഥലത്താണ് Trou Aux Cerfs. അന്നൂറുമീറ്ററിലധികം ഉയരവും മുന്നൂറ്‌ മീറ്ററിലധികം വിസ്താരവും ഉണ്ട് ഈ ഉറങ്ങുന്ന സുന്ദരിക്ക്. ഉറങ്ങുന്ന സുന്ദരി എന്ന് പറയാന്‍ കാരണമുണ്ട്, ആയിരം വര്‍ഷത്തിനിടയില്‍ അവള്‍ വീണ്ടും ഉണര്‍ന്നേക്കാമത്രേ. ലാവ ഒഴുകിയ പ്രദേശങ്ങള്‍ ഫലഭൂയിഷ്ടമായിരിക്കും എന്ന് കേട്ടിട്ടുണ്ട്. അതിനുള്ള ഉത്തമ ദ്രിഷ്ടാന്തമാണ് ഇവിടം. ഒരു കാലത്ത് തീയും പുകയും വമിച്ചു ഉഗ്രരൂപിണി ആയിരുന്ന ഇവളുടെ മുകളില്‍ അതിനു തെളിവായുള്ളത് നൂറു മീറ്ററോളം ആഴമുള്ള ഒരു ഗര്‍ത്തം. ആ ഗര്‍ത്തവും ചുറ്റുപാടും ഒരു കൊച്ചു വനമായിമാറിയിരിക്കുന്നു. അതിമനോഹരമായ ചെടികളും പൂക്കളും കൊണ്ട് സമൃദ്ധം. ഞങ്ങള്‍ കാണുമ്പോള്‍ അതിന്റെ മധ്യ ഭാഗം നിറയെ വെളുത്ത പൂക്കള്‍ പൂത്തുനില്‍കുന്ന കുഞ്ഞു ചെടികളാല്‍ നിറഞ്ഞിരിക്കുന്നു. അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു അത്. 
Crater ലെ വെളുത്ത പൂക്കള്‍ 
താഴെനിന്നും ചെടികളെയും പൂക്കളെയും തഴുകിയെത്തുന്ന ഇളം കാറ്റ് നമ്മളെയും പുണരും. ആ പ്രഭാതത്തില്‍ അവിടെ നില്‍കുമ്പോള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ അവളുടെ കരങ്ങളാല്‍ താലോലിക്കപ്പെടുന കുഞ്ഞുങ്ങളായി മാറുന്നു നമ്മളെല്ലാം എന്ന് തോന്നി.
പിന്നില്‍ Crater ഉം വനവും 
 താഴെ അഗ്നിപര്‍വത  മുഖത്തേക്കിറങ്ങാന്‍ ആരെയും അനുവദിക്കുന്നില്ല, അതപകടകരമാണത്രെ. കുന്നിന്മുകളില്‍ ഒരു കൊച്ചു വിശ്രമ മന്ദിരവുമുണ്ട്. തടികള്‍ ഉറപ്പിച്ചു കെട്ടിയുണ്ടാക്കിയ വേലികളും, മന്ദിരവും എല്ലാം അവിടുത്തെ പ്രകൃതിയുമായി നന്നേ ചേര്‍ന്ന് പോവുന്നു.  എവിടെയും ഫോട്ടോ എടുക്കുന്നതില്‍ മുഴുകിയ യുവ മിഥുനങ്ങള്‍.
വിശ്രമ മന്ദിരത്തിനരികില്‍ 

കുഞ്ഞുയാത്രികന്‍ ദില്ലിയില്‍ നിന്നെത്തിയ ദംബതികള്‍കൊപ്പം
വിശ്രമ മന്ദിരത്തിനരികില്‍ നിന്നു കുഞ്ഞു യാത്രികനെ മുകളിലേക്കെറിഞ്ഞ് എടുത്തത്   
 ഇവടെ വച്ചാണ് ഞാന്‍  ഡൊഡൊ പക്ഷിയെ പറ്റി ആദ്യമായി കേട്ടത്. തികച്ചും മനുഷ്യന്‍ കാരണം ഈ ഭൂമുഖത്തുനിന്നും നാമാവശേഷ മാകേണ്ടി വന്ന ഒരു പാവം പക്ഷി വര്‍ഗ്ഗം. 1681ല്‍ മൌരീഷ്യസ്സില്‍ മാത്രം ഉണ്ടായിരുന്ന ഈ പക്ഷി വര്‍ഗ്ഗത്തിലെ അവസാന അംഗവും ചത്തു. പറക്കാന്‍ കഴിവില്ലാത്ത ഒരു മീറ്ററോളം ഉയരവും ഇരുപതു കിലോയോളം ഭാരവുമുണ്ടായിരുന്ന ഈ പാവങ്ങള്‍ ദ്വീപില്‍ ആദ്യമായെത്തിയ ഡച്ചുകാരോടും തികഞ്ഞ സൌഹൃദമായിരുന്നു വത്രേ. മനുഷ്യനെ ഭയപ്പെടണമെന്ന് അതിനറിയില്ലായിരുന്നു. അങ്ങനെ ഡച്ചുകാരും അവര്‍ ആ ദ്വീപിലേക്ക് കൊണ്ടുവന്ന മറ്റ് മൃഗങ്ങളും ഒത്തു ചേര്‍ന്ന് ഉത്സാഹിച്ചു കൊന്നു തിന്നപ്പോള്‍ വംശനാശം സംഭവിച്ച ഒരു പക്ഷിയായി ഡൊഡൊ മാറി.      
സുവനീര്‍ ആയി വാങ്ങിയ ഡൊഡൊ
ഇനിപോവുന്നത്   മൌറിഷ്യസിലെ പ്രധാന ഹൈന്ദവ   തീര്‍ത്ഥാടന കേന്ദ്രമായ Ganga Talao യിലേക്കാണ്. Grand Bassin ല്‍ ആണ് ഗംഗ തലാവ് എന്ന തടാകം.ഗ്രാന്‍ഡ്‌ ബസ്സിനില്‍ എത്തുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുന്നത് കൈലാസനാഥന്റെ പടുകൂറ്റന്‍  ശില്പമാണ്. 108 അടിയാണ്‌ ഈ പൂര്‍ണകായ ശില്പത്തിന്റെ ഉയരം. വളരെ ദൂരെ നിന്നു തന്നെ ഈ ശില്‍പം നമ്മുടെ കണ്ണില്‍ പെടും.



ചിത്രത്തിനു കടപ്പാട് - Trek Earth
 ഈ തടാകത്തിനു പിന്നില്‍ രസകരമായ ഒരു ഐതിഹ്യവുമുണ്ട്‌. പാര്‍വതീസമേതനായി യാത്ര ചെയ്യുകയായിരുന്നു ഭഗവാന്‍ ശിവന്‍. യാത്രക്കിടയില്‍ കണ്ട മനോഹരമായ ദ്വീപില്‍ ഒന്നിറങ്ങാന്‍ തീരുമാനിച്ചു ഗൌരീനാഥന്‍.ഇറങ്ങുന്നതിനിടയില്‍ തലയിലെ ഗംഗയില്‍ നിന്നും ഒരിത്തിരി അവിടെ തൂവിപ്പോവുകയും അവിടെ ഒരു തടാകമുണ്ടാവുകയും ചെയ്തുവത്രേ. എന്തായാലും തന്റെ ജലം ആ ജനവാസമില്ലാത്ത സ്ഥലത്ത് പതിച്ചത് ഗംഗാദേവിക്ക്  ഇഷ്ടമായില്ല. അപ്പോള്‍ ഭഗവാന്‍ ഗംഗയെ ഇപ്രകാരം സമാധാനിപ്പിച്ചു, ഗംഗാ തീരത്ത് വസിക്കുന്നവര്‍ ഒരിക്കല്‍ ഇവിടെ എത്തുകയും ഇവിടെയും ഗംഗ പൂജികപ്പെടുമെന്നും. നല്ല കഥ അല്ലെ. എന്തായാലും വര്‍ഷത്തില്‍ നടത്താറുള്ള ഉത്സവത്തില്‍ പങ്കു കൊള്ളാന്‍ ഇന്ത്യക്ക് വെളിയില്‍ നിന്നുള്ള ധാരാളം ഹൈന്ദവര്‍ ഇവിടെ എത്താറുണ്ടത്രെ.  ധാരാളം മത്സ്യങ്ങളുള്ള ഈ തടാകത്തില്‍ മത്സ്യ ബന്ധനം തീര്‍ത്തും വിലക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഭയമേതുമില്ലാതെ പടവുകള്‍കരികില്‍ കൂട്ടമായി എത്തുന്ന മത്സ്യങ്ങള്‍ ഒരു കൌതുക കാഴ്ചയാണ്. കുഞ്ഞുയാത്രികന് അത് വളരെ ഇഷ്ടമായി. 
തടാകക്കരയിലെ ക്ഷേത്രങ്ങളില്‍ ഒന്ന് 
ശിവന്‍ ആണ് മുഖ്യ പ്രതിഷ്ഠ, ഗണേശനും, ലക്ഷ്മിയും, ഹനുമാനുമൊക്കെ ഇവിടെ പ്രതിഷ്ഠകളായുണ്ട്. തികച്ചും ഉത്തരേന്ത്യന്‍ രീതിയിലുള്ള ക്ഷേത്രവും, പ്രതിഷ്ഠകളും പൂജാ രീതികളും. അതുകൊണ്ടുതന്നെ ഒരു ടൂറിസ്റ്റ് സ്പോട്ട് എന്നതിലുപരി ഭക്തിയോ അത്തരമോരന്തരീക്ഷമോ എനിക്കനുഭവപ്പെട്ടില്ല.പിന്നെ അവിടെ വരുന്ന മദാമ്മമാരുടെയും ഇന്ത്യന്‍ മദാമ്മമാരുടെയും വസ്ത്ര ധാരണ രീതിയും ഭക്തി എനിക്കൊരു കിട്ടാക്കനിയാക്കി. ഹനുമാന്റെ മുന്നില്‍ ചെന്ന് "ആഞ്ജനേയാ കണ്ട്രോള് തരണേ" എന്ന് മാത്രം പറഞ്ഞു. പക്ഷെ ശാന്തമായി പരന്നുകിടക്കുന്ന തടാകവും അതിലേറെ ശാന്തമായ ചുറ്റുപാടും നമ്മുടെ മനസ്സിലും ശാന്തത നിറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
യാത്രികനും കുടുംബവും തടാകക്കരയില്‍ 
പിന്നീട് ഒരിത്തിരി നീണ്ട യാത്ര യായിരുന്നു, Chamarel ഗ്രാമത്തിലേക്ക്.കരിമ്പിന്‍ പാടങ്ങള്‍കിടയിലൂടെ, പരന്നുകിടകുന്ന കൃഷിയിടങ്ങളിലൂടെ നമ്മുടെ നാടിലേതിനു സമാനമായ ഗ്രാമങ്ങളിലൂടെ Chamarel വെള്ള ചാട്ടത്തിന്റെ സൌന്ദര്യം നുണയാനായുള്ള യാത്ര. വഴിയില്‍ ഒരിടത്ത് ഭക്ഷണം കഴിക്കാന്‍ ഒരിത്തിരി സമയം നിന്നു. അവിടെയും നല്ല തിരക്കായിരുന്നു. ഒരു വിധം ഞങ്ങള്‍ ഒരു ടേബിള്‍ ഒപ്പിച്ചു. അല്പം നീണ്ട യാത്രക്കൊടുവില്‍ ഞങ്ങള്‍ ഒരു താഴ്വാരത്തില്‍ എത്തി. അവിടെ നിന്നും കുന്നിന്‍ മുകളിലേക്ക് വളഞ്ഞു പുളഞ്ഞു കിടക്കുന്ന വീതി കുറഞ്ഞ പാത. ഒരു കാട്ടുപാത പോലെ. മുകളില്‍ എത്തിയാല്‍ അങ്ങുദൂരെ 100 മീറ്ററിലധികം താഴ്ചയില്‍ അലച്ചു വീഴുന്ന വെള്ളച്ചാട്ടം. വെള്ളം  കുറവായത് കാരണം വെള്ളച്ചാട്ടത്തിനു വലുപ്പം കുറവായി തോന്നി. അത് അതിന്റെ വന്യ സൌന്ദര്യത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നു പറയാതെ വയ്യ.   
നീരൊഴുക്ക് കുറഞ്ഞ വെള്ളച്ചാട്ടം 
ഇവിടെ ആളുകള്‍ കുളിക്കാനിറങ്ങാറുണ്ടത്രെ!!!    
chamarel ഗ്രാമത്തിലെ മറ്റൊരു പ്രാധാന ആകര്‍ഷണം seven coloured earth  ആണ്. അവിടെ ഒരു സ്ഥലത്ത് കുറച്ചുഭാഗം സ്ഥലം വേലി കെട്ടി തിരിച്ചിരിക്കുന്നു.മണ്ണ് ഇളക്കിയിട്ടിരിക്കുന്ന ആ ഭൂമിയില്‍ മണ്ണിനു പല വര്‍ണങ്ങള്‍. ഏഴു നിറങ്ങളും വേര്‍തിരിച്ചെടുക്കാമത്രെ. പ്രകൃതിയുടെ മറ്റൊരത്ഭുതം. അഗ്നിപര്‍വതത്തില്‍ നിന്നുമുള്ള ലാവ പൊടിഞ്ഞുള്ള മണ്ണായതിനാലാണ് ഈ വര്‍ണ്ണ ഭംഗി ആ ഭാഗത്തെ ഭൂമിക്കു കിട്ടിയതത്രേ. മറ്റൊരത്ഭുതം ഈ വിവിധ നിറമുള്ള മണ്ണിനെ കലര്‍ത്തിയിട്ടാല്‍ അല്പസമയത്തിനുള്ളില്‍ ഓരോ നിറവും വീണ്ടും വേറിട്ട്‌ നില്‍കുമത്രേ. 
ഏഴു വര്‍ണ്ണങ്ങളുള്ള മണ്ണ് 
ഏഴു വര്‍ണ്ണങ്ങളുള്ള മണ്ണ്, മറ്റൊരു ചിത്രം (കടപ്പാട് - Trek Earth)
ഇതിനോട് ചേര്‍ന്ന് ഒരു കൊച്ചു പാര്‍ക്കുമുണ്ട്. അവിടെ കണ്ട ഭീമന്‍ ആമ കുഞ്ഞു യാത്രികന് ഏറെ ഇഷ്ടമായി. പക്ഷെ വല്ലാത്ത നാറ്റം എന്ന് അവന്‍ പരാതിപ്പെട്ടു.
കുഞ്ഞുയാത്രികന് ഇഷ്ടപ്പെട്ട ഭീമന്‍ ആമ   
 കുറച്ചു നേരം ഞങ്ങള്‍ അവിടെ ചിലവഴിച്ചു.  വൈകുന്നെരമായിത്തുടങ്ങി. ഇലച്ചാര്‍ത്തുകളില്‍, പാര്‍ക്കിലെ ബെഞ്ചില്‍ അരുണ കിരണങ്ങള്‍ നീണ്ട ചിത്രങ്ങള്‍ വരച്ചുതുടങ്ങി. Chamarel ഗ്രാമത്തിനോട് ഞങ്ങള്‍ വിട പറഞ്ഞു.  


ഇനി ഒരു ദിവസം കൂടി. ആ വിശേഷങ്ങളുമായി ഉടനെ വരാം......
തുടരും... 
   

Monday, May 24, 2010

മൌറീഷ്യസ്- നവദമ്പതികളുടെ പറുദീസ.....ഭാഗം 1

                    യാത്രകളില്‍ കൂടെ കൂട്ടാറില്ല എന്ന യാത്രികയുടെ പരാതി തീര്‍ക്കുക എന്നതായിരുന്നു ഈ യാത്രയുടെ ലക്‌ഷ്യം. മറ്റുചില കാര്യങ്ങള്‍ കൂടി ഒത്തുവന്നപ്പോള്‍ മൌറീഷ്യസിലേക്ക് തന്നെയാവം യാത്ര എന്ന് തീരുമാനിക്കപ്പെട്ടു. മറ്റൊരുപ്രത്യേകത കൂടി ഈ യാത്രക്കുണ്ട്. യാത്രികനും യാത്രികയും കുഞ്ഞുയാത്രികനും ഒരുമിച്ച്‌ ദുബായില്‍ നിന്നുമുള്ള ആദ്യ വിദേശയാത്രയുമാണ്.


         ഒരു ഫെബ്രുവരി മാസത്തില്‍ നട്ടപ്പാതിരക്കു ഞങ്ങള്‍ ദുബായില്‍ നിന്നു പുറപ്പെട്ടു. പിറ്റേന്ന് ഉച്ചയോടെ ധാരാളം പച്ചപ്പുനിറഞ്ഞ, വഴിയോരം നിറയെ പൂത്ത വൃക്ഷങ്ങളുള്ള വശ്യസുന്ദരമായ മൌറിഷ്യസില്‍ ഞങ്ങള്‍ ചെന്നിറങ്ങി.ഇന്ത്യകാര്‍ക്ക് വിസ എയര്‍ പോര്‍ട്ടില്‍ നിന്നു തന്നെ കിട്ടും. അതിനധികം ചിലവുമില്ല. അവിടുത്തെ കറന്‍സിയും രൂപയാണ്. പക്ഷെ നമ്മുടെ രൂപയേക്കാളും മൂല്യമേറും. പുറത്ത് ഞങ്ങളെ ഹോടലിലേക്ക് കൊണ്ട്പോവാനായി ഡ്രൈവര്‍ കാത്ത് നിലപുണ്ടായിരുന്നു . എയര്‍ പോര്‍ട്ടില്‍ നിന്നും ഏകദേശം ഒരുമണിക്കൂറോളം യാത്രയുണ്ടായിരുന്നു ഹോട്ടലിലേക്ക്. ഗ്രാന്‍ഡ്‌ ബേ എന്ന സ്ഥലത്തായിരുന്നു ഹോട്ടെല്‍.
             
                      ഗ്രാന്‍ഡ്‌ ബേ യില്‍ നിന്നുമുള്ള ഒരു കാഴ്ച                                      
കോട്ടെജു മാത്രികയിലുള്ള തരക്കേടില്ലാത്ത ഹോട്ടെല്‍. ഹോട്ടെലിനകത്ത് കടന്നതെ നീന്തല്‍ കുളം കണ്ട കുഞ്ഞുയാത്രികന്‍ ഉത്സാഹത്തിലായി.

                 അന്ന് പ്രത്യേകിച്ച് മറ്റുപരിപാടികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് അല്‍പസമയം വിശ്രമിച്ച്‌ സ്വിമ്മിംഗ് പൂളിലിറങ്ങി. കുഞ്ഞുയാത്രികന്റെ സന്തോഷത്തിന്നതിരില്ല. സാമാന്യം നല്ല തണുപ്പുണ്ടായിരുന്നു വെള്ളത്തിനു. പക്ഷെ എനിക്കുതോന്നിയ തണുപ്പൊന്നും കുഞ്ഞു യാത്രികന് ഒരു പ്രശ്നമായിരുന്നില്ല. അവന്‍ മുകളില്‍ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടും. ഞാന്‍ പിടിക്കും എന്ന ധൈര്യത്തില്‍. പക്ഷെ രണ്ടരവയസ്സുകാരന്‍ കുഞ്ഞു യാത്രികന്റെ ധൈര്യമൊന്നും യാത്രികയ്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നീന്തല്‍ അറിയാത്ത യാത്രിക ആഴം കുറഞ്ഞ ഭാഗത്തിരുന്ന് കൈകളില്‍ വെള്ളം കോരി ശകുന്തളയ്ക് പഠിച്ചുകൊണ്ടിരുന്നു.


               പിറ്റേന്ന് രാവിലെ ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിഞ്ഞ് തയ്യാറായി. ഞങ്ങളെ മൌറീഷ്യസ് കാഴ്ചകള്‍ കാണിക്കാന്‍ വണ്ടി വരും. പറഞ്ഞ സമയത്ത് തന്നെ വാന്‍ വന്നു. വാനില്‍ ഞങ്ങളെ കൂടാതെ ഏഴു കുടുംബങ്ങള്‍ വേറെയും ഉണ്ടായിരുന്നു. പക്ഷെ കുഞ്ഞുള്ളത് ഞങ്ങള്ക് മാത്രം, ബാക്കിയെല്ലാവരും പുതുമോടിക്കാര്‍. പലരും വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ മാത്രമായവര്‍. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് കുഞ്ഞു യാത്രികന്‍ അവരുടെ കണ്ണിലുണ്ണിയായി മാറി. പക്ഷെ മൂന്നു ദിവസത്തെ ചുറ്റിക്കറങ്ങലില്‍ ചെല്ലുന്നിടത്തെല്ലാം നവദമ്പതികള്‍ മാത്രം. എല്ലായിടത്തും ഒരു കുഞ്ഞു കൂടെ ഉള്ളത് ഞങ്ങള്ക് മാത്രം.  കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നു തന്നെ. വളരെ ചുരുങ്ങിയ ചിലവില്‍ ഇന്ത്യയില്‍ നിന്നും മൌറീഷ്യസിലേക്ക് ഹണി മൂണ്‍ പാക്കേജ് ട്രിപ്പുകള്‍ ലഭ്യമാണെന്ന് അവരില്‍ നിന്നും മനസ്സിലാക്കി. അതുകൊണ്ടുതന്നെയാണ് മൌറീഷ്യസിനെ നവദംബതികളുടെ പറുദീസ എന്ന് ഞാന്‍ വിശേഷിപ്പിച്ചതും.


                ആദ്യ യാത്ര സിറ്റഡെല്‍ ഫോര്‍ടിലേക്കയിരുന്നു. മൌറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട്‌ ലൂയിസിന് അടുത്തുതന്നെയാണ് സിറ്റഡെല്‍. ഒരു കുന്നിന്‍ മുകളിലാണ് citadel Fort. പതിനെട്ടാം നൂറ്റാണ്ടില്ലാണ് കരിങ്കല്ലില്‍ ഈ കോട്ട പണിതത്. ബ്രിട്ടീഷ്‌ റോയല്‍ ആര്‍മിയിലെ എന്‍ജിനീയര്‍മാരാണത്രെ ഈ കോട്ടയുടെ പണി പൂര്‍ത്തിയാക്കിയത്. ഫ്രെഞ്ചുകാര്ടെ കടന്നുകയറ്റം തടയാനും കൂടി ആ കോട്ടയെ സുസജ്ജമാക്കിയിരുന്നത്രേ.
 
                          സിറ്റഡെല്‍ ഫോര്‍ട്ട്‌ (കടപ്പാട്: വിക്കിപീടിയ)                                                    
ഒരു ജെയില്‍ ആയും ഈ കോട്ട ഉപയോഗിച്ചിരുന്നു എന്ന് ഗൈഡു പറഞ്ഞതായി ഓര്‍ക്കുന്നു. പക്ഷെ അതിന്റെ ആധികാരികത അത്ര വ്യക്തമല്ല. ഫോര്‍ടില്‍ നിന്നും ചുറ്റുമുള്ള കാഴ്ച അതിമനോഹരമാണ്. പോര്‍ട്ട്‌ ലൂയിസും അതിനുമപ്പുറം കടലും എല്ലാം മനോഹരമായ ഒരു ദൂര കാഴ്ചയാണ്.
യാത്രികയും യാത്രികനും  കുഞ്ഞു യാത്രികനും കോട്ടയ്ക് മുകളില്‍ 
കുഞ്ഞു യാത്രികന്‍ കോട്ടയ്ക് മുന്നില്‍ 
അല്‍പസമയം കോട്ടയുടെ മുകളിലൊക്കെ കറങ്ങി നടന്ന് ഞങ്ങള്‍ ഞങ്ങള്‍ പോര്‍ട്ട്‌ ലൂയിസിലേക്ക് തിരിച്ചു. മനോഹരമായ തുറമുഖ പട്ടണമാണ് തലസ്ഥാനം കൂടിയായ പോര്‍ട്ട്‌ ലൂയിസ്. വാട്ടര്‍ ഫ്രന്റ്‌ എന്ന ഷോപ്പിംഗ്‌ മാള്‍ അവിടുത്തെ പ്രധാന ആകര്‍ഷണമാണ്.
വാട്ടര്‍ ഫ്രന്റ്‌ എന്ന ഷോപ്പിംഗ്‌ മാള്‍
പക്ഷെ വാങ്ങാന്‍ മാത്രം പ്രത്യേകത ഉള്ള ഒന്നും ഞങ്ങള്‍കവിടെ കണ്ടെത്താനായില്ല. അല്‍പസമയം അവിടമൊക്കെ കറങ്ങി നടന്നു. പിന്നെ ഞാനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഡല്‍ഹിയില്‍ നിന്നുമുള്ള മറ്റൊരു കുടുംബവുമൊത്ത് ഒരു ബോട്ട് യാത്ര നടത്തി.
ബോട്ടു യാത്രക്കിടെ (പോര്‍ട്ട്‌ ലൂയിസ് )
പോര്‍ട്ട്‌ ലൂയിസിലെ പോര്‍ട്ട്‌ തന്നെയാണ് മൌറീഷ്യസിന്റെ പ്രധാന വരുമാനമാര്‍ഗം. ഫ്രെഞ്ച്‌കാരാല്‍ രൂപീകൃതമായ ഈ പോര്‍ട്ട്‌ ഇന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും കൂടുതല്‍ കണ്‍ടൈനര്‍ കയറ്റിറക്ക് നടക്കുന്ന പോര്‍ട്ട്‌ കൂടിയാണ്. ടൂറിസത്തിലൂടെയുള്ള വരുമാനത്തെ പറ്റി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. കൊച്ചുമലകളാല്‍ ചുറ്റപ്പെട്ട പോര്‍ട്ട്‌ ലൂയിസ് സുന്ദരി തന്നെ.
ബോട്ടു യാത്രക്കിടെ (പോര്‍ട്ട്‌ ലൂയിസ് )
പിന്നെ അവിടുത്തെ ഒരു ഇന്ത്യന്‍ റെസ്റ്റോരെന്റില്‍ കയറി ഒരു ബീറിന്റെ അകമ്പടിയോടെ തരക്കേടില്ലാത്ത ഭക്ഷണവും കഴിച്ചു. റെസ്റ്റോരെന്റില്‍ നിന്നും ഇറങ്ങിയശേഷം കുറച്ചുസമയം കൂടി കടല്‍ കാറ്റേറ്റ് അവിടെ വെറുതെ കറങ്ങി നടന്നു, പിന്നെ ഞങ്ങള്‍ ഹോട്ടെലിലേക്ക് തിരിച്ചു.
പോര്‍ട്ട്‌ ലൂയിസില്‍ 
               കൂടുതല്‍ രസകരവും സാഹസികവുമായ മൌറീഷ്യസ് കാഴ്ചകളും അനുഭവങ്ങളും തുടങ്ങിയത് അടുത്ത ദിവസം തൊട്ടാണ്. രാവിലെ തന്നെ ഞങ്ങള്‍ തയ്യാറായി. അന്ന് പക്ഷെ വണ്ടി എത്താന്‍ പറഞ്ഞതിലും ഒത്തിരി വൈകി. അത് ഞങ്ങളെ ഒരിത്തിരി ചൊടിപ്പിക്കാതിരുന്നില്ല .
              ഇന്നത്തെ ആദ്യ യാത്ര ലക്‌ഷ്യം കെട്ടടങ്ങിയ ഒരു അഗ്നിപര്‍വതം അവശേഷിപ്പിച്ച അതിമനോഹരമായ ഒരു ഭൂപ്രദേശതേക്കായിരുന്നു. പോകും വഴിയില്‍ ഞങ്ങള്‍ ആദ്യം ബോട്ടുകളുടെ മനോഹരമായ മാതൃകകള്‍ ഉണ്ടാക്കുന്ന ഒരു വ്യവസായശലായില്‍ കയറി. അതിമനോഹരമായിരുന്നു അവിടുത്തെ നിര്‍മ്മിതികള്‍. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന കപ്പലുകളുടെയുംയും പായകപ്പലുകളുടെയും ബ്ലൂ പ്രിന്റുകളെ അടിസ്ഥാനമാക്കി അവയുടെ പല വലിപ്പത്തിലുള്ള ചെറു മാതൃകകളാണ് അവിടെ നിര്‍മ്മിച്ചിരുന്നത്. തീര്‍ത്തും തേക്ക് തടിയില്‍ തീര്‍ത്ത അവയുടെ നിര്ര്‍മ്മിതിയുടെ വിവിധ ഘട്ടങ്ങള്‍ ഞങ്ങള്‍കായി വിശദീകരിച്ചു തന്നു. അവയുടെ മനോഹാരിത പോലെ തന്നെ വിലയും ഏറെയായിരുന്നു. എങ്കിലും ഒന്നുരണ്ടു കുഞ്ഞു സാധനങ്ങള്‍ ഞാനും വാങ്ങി.
ഇനി നമ്മള്‍ പോകുന്നത് കോപമടങ്ങി ശാന്ത സുന്ദരിയായി വിരാജിക്കുന്ന  Trou Aux Cerfs ലേക്കാണ്. അവിടുത്തെ കാഴ്ചകളുമായി ഉടനെ വരാം...
തുടരും. 

Friday, April 16, 2010

അനിക്കുട്ടന്‍ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു


അങ്ങനെ അനിക്കുട്ടനില്ലാത്ത ആദ്യത്തെ വിഷു കടന്നു പോയി. കുഞ്ഞിക്കൈകളില്‍ കൈനീട്ടം വച്ചു കൊടുത്തപ്പോള്‍ ഇനിയൊരിക്കലും തേടിവരാത്ത അനിക്കുട്ടന്‍റെ കൈകളെ ഓര്‍ത്തു. 

അനിക്കുട്ടാ... നന്ദുക്കുട്ടനും മനുക്കുട്ടനും സ്കൂളില്‍ പോയി തുടങ്ങി. നന്ദു കെ.ജി 2ലും മനുക്കുട്ടന്‍ കെ.ജി 1ലും. രണ്ടുപേരും ഒരേ സ്കൂളിലാണ്‌. അവരുടെ കൂടെ സ്കൂളില്‍ പോവന്‍ പക്ഷെ നീ കാത്തുനിന്നില്ലല്ലൊ?. അവര്‍ നിന്നെ ചോദിക്കാറുണ്ട്‌. അനിക്കുട്ടന്‍ അമ്മമ്മയുടെ കൂടെ നാട്ടിലാണെന്നാണ്‌ അവരോട്‌ പറഞ്ഞിട്ടുള്ളത്‌. 

ഓ.. ഞങ്ങളുടെ അനിക്കുട്ടനെ നിങ്ങള്‍ക്കറിയില്ലല്ലൊ?..... 
എഴുതാനാവാതെ, അറിയാതൂര്‍ന്നുവീഴാതെ കാത്തുവച്ച വാക്കുകള്‍...ഇനിയും അതിന്‍റെ ഭാരം താങ്ങാന്‍ കഴിയില്ല...കൂട്ടിവച്ച വിങ്ങല്‍, ഒളിച്ചുവച്ച തേങ്ങലുകള്‍ എല്ലാം വരികളായി വരകളായി തീര്‍ന്നെ പറ്റൂ... 

പലതവണ വേണ്ട, പറ്റില്ല എന്നുകരുതി മാറ്റിവെച്ചെങ്കിലും മനസ്സിന്‍റെ സമ്മര്‍ദ്ദം താങ്ങാവുന്നതിലേറെ ആയപ്പോഴാണ് അനിക്കുട്ടനെ ഞങ്ങള്‍ അവസാനമായി ചെന്നൈയില്‍ വച്ച്‌ കണ്ടപ്പോള്‍ എടുത്ത ചിത്രവുമായി ഞാന്‍ വരക്കാനിരുന്നത്‌. വരയുടെ പുരോഗതികാണാന്‍ ഇടയ്ക്കിടെ എത്തിയ എന്‍റെ മകന്‍ നന്ദുവിന്‌ ചോദ്യങ്ങളേറെ..."അച്ഛാ അനിക്കുട്ടനെപ്പാ വെരുവാ?"ഞാന്‍ പറഞ്ഞു വരും..."അച്ഛാ അനിക്കുട്ടന്‍റെ കയ്യിലെന്തിനാ കെട്ടിവച്ചിരിക്ക്ന്ന് ?" മരുന്നു കൊടുക്കുവാന്‍ കയ്യില്‍ പിടിപ്പിച്ചിരിക്കുന്ന സ്ഥിരം സംവിധാനം കണ്ടാണ്‌ നന്ദു ചോദിച്ചത്‌. നാലരവയസ്സുകാരന്‍ നന്ദുവിന്‌ ഇനിയും ചോദ്യങ്ങളുണ്ടെന്നു അവന്‍റെ മുഖം കണ്ടാലറിയാം. ഞാന്‍ ശ്രദ്ധിക്കാഞ്ഞതിനാലാവണം കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ടന്നു വച്ചത്‌.
       ---------------------------------------
ജീവിതത്തിന്‍റെ  പച്ചപ്പുതേടി അലഞ്ഞ്‌ ഇന്ത്യയില്‍ പലയിടത്തായി പറിച്ചു നടപ്പെട്ട സഹോദരങ്ങുളുടെ കുട്ടികളുടെ ഞാനടക്കമുള്ള ആദ്യ തലമുറ.......കുട്ടികളേറെ ഉണ്ടെങ്കിലും അവധിക്കാലത്ത്‌ തറവാട്ടില്‍ ഒത്തുകൂടുമ്പോള്‍ മാത്രമാണ്‌ ഞങ്ങള്‍ പരസ്പരം കണാറ്‌. ആ വേളകള്‍ ഞങ്ങള്‍ക്കെന്നും ഉത്സവമായിരുന്നു. മുന്‍തലമുറയെ അനുകരിച്ച്‌ ഞങ്ങളും ജീവിത യാത്ര തുടങ്ങിയപ്പോള്‍ ആ കൂടിക്കാഴ്ച്ചകളുടെ ഇടവേളകള്‍ പലപ്പോഴും വര്‍ഷങ്ങള്‍ നീണ്ടു. അങ്ങനെ തികച്ചും യദൃശ്ചികമായി ഞങ്ങളില്‍ ചിലരെ എങ്കിലും ഒരുമിപ്പിക്കാന്‍ വിധി വഴിയൊരുക്കി, അതും നാട്ടില്‍ നിന്ന്‌ ഒത്തിരി ദൂരെ എണ്ണകിനിയുന്ന അറബിനാട്ടില്‍. വര്‍ഷങ്ങള്‍ക്മുമ്പ്‌ ഇളയമ്മയും കുടുംബവും ആണ്‌ ആദ്യമെത്തിയത്‌. പിന്നീട്‌ അവരെ പിന്‍പറ്റി ഞങ്ങളും ഇവിടെ എത്തി, പതിയെ കുടുംബം പടുത്തു. ഞാനും കുടുംബവും, എന്‍റെ നേര്‍പെങ്ങളും കുടുംബവും, ഇളയച്ചന്‍, മറ്റൊരു ഇളയച്ചന്‍റെ   മകളും കുടുംബവും, ഇനിയൊരു ഇളയമ്മയുടെ മകനും കുടുംബവും, വല്ല്യച്ചന്‍റെ മകനും കുടുംബവും, അങ്ങനെ നീളുന്നു പട്ടിക. ഇങ്ങനെ ഒരു വലിയ കുടുംബത്തിന്‍റെ  ഭാഗമായതിനാല്‍ പ്രവാസ ജീവിതത്തിന്‍റെ  വിരസത ഞങ്ങളില്‍ നിന്നകന്നു. 

ഈ വലിയ കുടുംബത്തിലെ പുതിയ തലമുറയുടെ ആദ്യ വസന്തമായി എനിക്കൊരു മകന്‍ ജനിച്ചു, നന്ദു(ദേവ നന്ദന്‍). മൂന്ന്‌ മാസങ്ങള്‍കുശേഷം രണ്ടാമനായി ഇളയച്ചന്‍റെ  മകള്‍ക്‌ ഒരു മകന്‍ ജനിച്ചു, അനിക്കുട്ടന്‍ (അനിഷ്‌). ഏറെ വൈകാതെ അടുത്തമൂന്നുമാസത്തിനു ശേഷം മൂന്നാമനായി ഇളയമ്മയുടെ മകന്‌ ഒരു മകന്‍ ജനിച്ചു, മനു(മാനസ്‌). പരസ്പരം മൂന്നുമാസത്തെ പ്രായ വ്യത്യാസം മാത്രമുണ്ടായിരുന്ന ഇവര്‍ നടന്നു തുടങ്ങിയപ്പോഴെ നല്ല കളിക്കൂട്ടുകാരായി. ആഘോഷവേളകളില്‍ ഞങ്ങളവരെ ഒരേതരം വസ്ത്രം ധരിപ്പിച്ചു, ഒരു കൌതുകക്കാഴ്ചയായിരുന്നു അത്‌. ഞങ്ങള്‍ക്‌ അവര്‍ "ത്രീ മസ്കിറ്റേര്‍സ്‌" ആയി. പരസ്പരം സ്നേഹിച്ചും പോരടിച്ചും കുറുമ്പുകാട്ടിയും അവര്‍ ഏവരുടെയും മനംകവര്‍ന്നു. അത്യാഹ്ളാദകരമായ വര്‍ഷങ്ങള്‍.
അനിക്കുട്ടന്‍, നന്ദുക്കുട്ടന്‍, മനുക്കുട്ടന്‍- ഒരു പഴയ ചിത്രം                                         
 2008 ജൂലായില്‍ എന്‍റെ  മകന്‍റെ  മൂന്നാം പിറന്നാള്‍ ദിനത്തിന്‍റെ ആഘോഷവേള. പൊതുവെ ഉല്‍ത്സാഹിയായിരുന്ന അനിക്കുട്ടന്‍ അന്ന്‌ ഒട്ടും ഉന്‍മേഷവാനായിരുന്നില്ല. ആയിടക്കായി അടുപ്പിച്ചടുപ്പിച്ച്‌ വന്ന പനിയായിരിക്കാം കാരണമെന്ന്‌ ഞങ്ങള്‍ കരുതി. കാണിച്ച എല്ലാ ഡോക്ക്ടര്‍മാരും ഒരു സാധാരണ പനിയായി അതിനെ വിലയിരുത്തി. പക്ഷെ അന്ന്‌ അനിക്കുട്ടന്‍റെ  വയറില്‍ തോന്നിയ കല്ലിപ്പ്‌ എന്നെ പോലെ പലര്‍ക്കും അസ്വാഭാവികമായി തോന്നി. അനിക്കുട്ടനെ അടുത്തദിവസം തന്നെ മറ്റൊരു ഡോക്ടറെ കാണിച്ചു. സ്വന്തം ജീവിതാനുഭവത്തിന്‍റെ വെളിച്ചത്തില്‍ അനിക്കുട്ടന്‍റെ അസുഖം ആ ഡോക്ടര്‍ കൃത്യമായി മനസ്സിലാക്കി. എത്രയും പെട്ടന്നു നാട്ടിലെ ക്യന്‍സര്‍ സെന്‍റെറിലേക്ക്‌ കൊണ്ടുപോവാന്‍ അദ്ദേഹം ഉപദേശിച്ചു. ഓര്‍ക്കാപുറത്തുകിട്ടിയ ഒരു പ്രഹരമായാണ്‌ ഞങ്ങള്‍ ആ വിവരം അറിഞ്ഞത്‌. പിന്നീട്‌ താമസിച്ചില്ല, ആഗസ്റ്റില്‍ അനിക്കുട്ടന്‍ ജനിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തന്നെ കൊണ്ടുപോയി. പക്ഷെ ഞങ്ങളെ ഞെട്ടിപ്പിച്ച മറുപടിയാണ്‌ അവിടുത്തെ ക്യാന്‍സര്‍ വിഭാഗം തന്നത്‌. അവര്‍ക്ക്‌ ഒന്നു ചെയ്യനില്ലത്രെ. അനിക്കുട്ടനെ അത്ര എളുപ്പം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല അനിക്കുട്ടന്‍റെ അഛ്ചനും അമ്മയും. അന്നുവരെ വേണ്ടത്ര കാര്യപ്രാപ്തിയില്ല എന്നു ഞാന്‍ കരുതിയിരുന്ന അനിക്കുട്ടന്‍റെ അമ്മയുടെ, എന്‍റെ അനിയത്തിയുടെ ഒരു പുതിയ മുഖമാണ്‌ അന്നുമുതല്‍ ഞങ്ങള്‍ കണ്ടത്‌. തന്‍റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ തക്കം പാര്‍ക്കുന്ന മരണത്തെ മുഖത്തുനോക്കി വെല്ലുവിളിക്കാന്‍ കരുത്താര്‍ജിച്ച ഒരമ്മയുടെ പുതിയ മുഖം. 

അനിക്കുട്ടനെ അവര്‍ അഡയാര്‍ ക്യാന്‍സര്‍ സെന്‍റെറിലേക്കു കൊണ്ടുപോയി. കുടലിലാണ്‌ അര്‍ബുദത്തിന്‍റെ വളര്‍ച്ച ആദ്യം കണ്ടെത്തിയത്‌. പിന്നീടുള്ള ടെസ്റ്റുകളില്‍ അതിലും ഗുരുതരമായത്‌ അനിക്കുട്ടന്‍റെ തലയില്‍ കണ്ടെത്തി. എങ്കിലും അവരുടെ വാക്കുകള്‍ ഞങ്ങളില്‍ പ്രതീക്ഷയും ധര്യവും വളര്‍ത്തി. ആ അഛ്ചനും അമ്മയും കടന്നുപോയ പരീക്ഷണഘട്ടങ്ങള്‍ ഒരു ഞെട്ടലോടെയെ എനിക്കോര്‍ക്കാന്‍ കഴിയൂ. ശസ്ത്രക്രീയയും, കീമൊ തെറപ്പിയും അടക്കം എന്തൊക്കെ ആ കുരുന്നു ശരീരം ഏറ്റുവാങ്ങി. യുകെ യില്‍ നിന്നും, കൊറിയയില്‍ നിന്നും എത്തിച്ച മരുന്നുകളും പരീക്ഷിച്ചു. അനിക്കുട്ടനെ കൈവിട്ടു പോവാതിരിക്കാന്‍ കഴിയുന്നതെല്ലാം മരുന്നായും, പ്രാര്‍ത്ഥനയായും ചെയ്ത നാളുകള്‍. മരുന്നുകള്‍ ലക്‌ഷ്യം കണ്ടെത്തുന്നു എന്ന വിവരം സന്തോഷിപ്പിക്കുമ്പോഴേക്കും അശുഭവാര്‍ത്തകളും തേടിയെത്തും. പ്രതീക്ഷ തന്നും തകര്‍ത്തും കടന്നുപോയ മാസങ്ങള്‍. അങ്ങനെ ഞങ്ങള്‍ പതിയെ തിരിച്ചറിഞ്ഞു, അനിക്കുട്ടന്‍ രംഗബോധമില്ലാത്ത കോമാളിക്കുമുമ്പില്‍ കീഴടങ്ങിയെ തീരു. 

കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഞങ്ങള്‍ അനിക്കുട്ടനെ കാണാന്‍ ചെന്നൈയില്‍ അഡയാര്‍ ക്യാന്‍സര്‍ സെന്‍റെറില്‍ പോയി. അനിക്കുട്ടന്‍ ഒരു പാട്‌ മാറിയിരിക്കുന്നു. മുഖത്തിനിടതുവശം നീരുവെച്ചിട്ടുണ്ട്‌. അല്‍പം ക്ഷീണിതനാണ്‌,കാലിനുള്ള വേദന കാരണം കിടക്കയില്‍ നിന്നും താഴെ ഇറങ്ങുന്നേ ഇല്ല. എങ്കിലും നന്ദുവിനെ കണ്ട ആഹ്ളാദം അനിക്കുട്ടന്‌ അടക്കാനായില്ല. മാസങ്ങളായി കാണാതിരുന്ന കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായ അവരുടെ സ്നേഹവും, സന്തോഷവും മറയില്ലാതെ പങ്കുവച്ചു. കയ്യില്‍ ഇടയ്ക്‌ മരുന്നു കൊടുക്കാനുള്ള സംവിധാനമൊക്കെ കെട്ടിവെച്ചിട്ടുണ്ടെങ്കിലും  പരിമിതികള്‍ അനുവദിക്കുന്നിടത്തോളം രണ്ടുപേരും കിടക്കയില്‍ കുത്തിമറിഞ്ഞു. ദീര്‍ഘ കാലമായുള്ള ചെന്നൈ വാസത്തിനാലാവണം അനിക്കുട്ടന്‍റെ സംസാരത്തില്‍ ഇടയ്കിടെ വിരുന്നെത്തുന്ന തമിഴ്‌ മൊഴികള്‍. കിടക്കയിലിരുന്ന്‌ എനിക്കും നന്ദുവിനുമൊപ്പം ടിക്കറ്റ്‌ മുറിച്ച്‌ കളിക്കുന്ന അനിക്കുട്ടന്‍.....കുഞ്ഞു കുഞ്ഞു കടലാസു കഷണങ്ങള്‍ ഞങ്ങളുടെ കയ്യില്‍നിന്ന്‌ വാങ്ങി അനിക്കുട്ടന്‍ പറയും " ടിക്കറ്റ്‌ ടിക്കറ്റ്‌... ഞാന്‍ സൈന്‍ പണ്ണി തരേന്‍". ഉച്ചയ്ക്‌ ശേഷം കളിച്ചുതളര്‍ന്ന്‌ അനിക്കുട്ടന്‍ ഉറങ്ങി. നന്ദുവിനെ അവിടെ നിന്നു വിടാന്‍ അവന്‍ സമ്മതിക്കില്ല. പോവും എന്നറിഞ്ഞാല്‍ ബഹളം വെക്കും. അസുഖത്തോടൊപ്പം അനിക്കുട്ടന്‍റെ വാശികളും ഏറിയിരുന്നു. അതുകൊണ്ട്‌ തന്നെ വൈകുന്നേരത്തോടെ അനിക്കുട്ടന്‍ ഉണരും മുമ്പെ ഞങ്ങള്‍  അവിടം വിട്ടു. ഉള്ളില്‍ ഒരു പാട്‌ ഭയം ഉണ്ടായിരുന്നെങ്കിലും അതൊരു അവസാന കൂടിക്കാഴ്ച്ചയായിരിക്കും എന്നു ഞങ്ങള്‍ ഒരിക്കലും കരുതിയില്ല, അഥവാ അങ്ങനെ ചിന്തിക്കാന്‍ മനസ്സിനെ അനുവദിച്ചില്ല.

 ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. ജൂലൈയിലെ നന്ദുവിന്‍റെ നാലാം പിറന്നാളിന്‌ ഒരു കൈക്ക്‌ മുറിച്ചു. അതിലധികമായി ആഘോഷിക്കാന്‍ മനസ്സു വന്നില്ല. പക്ഷെ ഒക്ടോബറിലെ നാലാം പിറന്നാളിനായി അനിക്കുട്ടന്‍ കാത്തിരുന്നില്ല. ആഗസ്റ്റ്‌ പതിനേഴിന്‌ തന്‍റെ വേദനകള്‍ക്‌ അറുതികുറിച്ച്‌ അനിക്കുട്ടന്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. സ്വീഡനിലായിരുന്ന ഞാന്‍ ഹോട്ടലില്‍ ചെക്ക്‌ ഇന്‍ ചെയ്ത് മുറിയില്‍ എത്തിയെതെ ഉള്ളു. എന്നെ തേടി ഇളയമ്മയുടെ മകന്‍റെ ഫോണ്‍ വന്നു "എടാ അനിക്കുട്ടന്‍ പോയി". ആ വാക്കുകള്‍..... ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചതുപോലെ..... എന്തുചെയ്യണം പറയണം എന്നറിയാതെ തരിച്ചിരുന്ന നിമിഷങ്ങള്‍. കുറച്ചുനേരം കണ്ണടച്ചിരുന്നു പ്രാര്‍ത്ഥിച്ചു. മനസ്സിന്‍റെ തിരശ്ശീലയില്‍  അനിക്കുട്ടനുമായുള്ള നിമിഷങ്ങള്‍ മിന്നിമറഞ്ഞു.             
അവസാനകാലത്ത്‌ ദൈവം ഞങ്ങളുടെ അനിക്കുട്ടനോട്‌ കാണിച്ച ക്രൂരത്‌ ഏറെയായിരുന്നു. ഞാന്‍ പലപ്പോഴും ആലോചിച്ചു ഒരു കുരുന്നിനെ എന്തിനിങ്ങനെ?....... വൈദ്യശസ്ത്രം മരുന്നുകളിലൂടെ അവന്‍റെ വേദന ഇല്ലാതാക്കി. പക്ഷെ വൃത്തികെട്ട അര്‍ബുദം പുതിയ വളര്‍ച്ചകള്‍ കൊണ്ട്‌ അനിക്കുട്ടന്‍റെ സുന്ദരമായ മുഖം വികൃതമാക്കി. പുറത്തേക്കുതള്ളിയ ഒരു കണ്ണ്‌ മൂടി പ്ളാസ്റ്റര്‍ ഒട്ടിച്ചു. പിന്നീട്‌ ആരോ പറഞ്ഞറിഞ്ഞു, അവസ്സാനദിനങ്ങളില്‍ ഒരുദിവസം അനിക്കുട്ടന്‍ കരഞ്ഞു പറഞ്ഞുവത്രെ പകല്‍ സമയത്ത്‌ ലൈറ്റിടാന്‍. ആയിരം ചൂണ്ടകൊളുത്തുകള്‍ ഹൃദയത്തില്‍ തറച്ചുകയറിയ വേദന അതു കേട്ടപ്പോള്‍, മറു കണ്ണിന്‍റെ കാഴ്ചയും അനിക്കുട്ടന്‌ നഷ്ടമായിരിക്കുന്നു. അനിക്കുട്ടന്‍റെ  അഛ്ചന്‍ തന്നെയാണത്രെ ആത്മാവ് കൂടൊഴിഞ്ഞ ആ കുഞ്ഞു ശരീരത്തെ കുളിപ്പിച്ചതും അവന്‍റെ ഇഷ്ട വസ്ത്രങ്ങള്‍ ധരിപ്പിച്ചതും പിന്നെ സ്വന്തം മടിയില്‍ കിടത്തി കാറോടിച്ച് ശ്മശാനത്തിലേക്ക് കൊണ്ടുപോയതും.     

അഡയാര്‍ ഹോസ്പിറ്റലിലെ സന്ദര്‍ശനം ഞങ്ങള്‍കു തന്ന തിരിച്ചറിവുകളും അതിന്‍റെ നോവും ഞങ്ങളുടെ വലിയ കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും മനസ്സില്‍ ഒരിക്കലും ഉണങ്ങാത്ത ആഴമേറിയ മുറിവുകളായി. അനിക്കുട്ടനെ പോലെ നൂറുകണക്കിന്‌ പിഞ്ചുകുട്ടികള്‍ ദയവില്ലാത്ത ഈ രോഗവുമായി മല്ലടിക്കുന്നു. കയ്യെത്തും ദൂരത്ത്‌ ജയം നഷ്ടപ്പെട്ട്‌ തളര്‍ന്നു വീണ നിഷ്കളങ്കതകള്‍. ചിലരെങ്കിലും ഈ യുദ്ധത്തില്‍ വെന്നിക്കൊടി പാറിക്കുന്നു. വിടരും മുന്‍പെ കൊഴിയാനായിരുന്നുവെങ്കില്‍ എന്തിനു നല്‍കി ദൈവമെ അവര്‍ക്കിങ്ങനെ ഒരു ജന്‍മം. മനുഷ്യര്‍ക്‌ ചില തിരിച്ചറിവുകള്‍ നല്‍കാനായിരുന്നുവെങ്കില്‍ അതിന്‌ ഇതുമാത്രമെ ഉള്ളുവോ മാര്‍ഗം?.

അനിക്കുട്ടന്‍ ചികിത്സാര്‍ത്ഥം ചെന്നൈയിലേക്കു തിരിച്ചതിനു ശേഷം ഞങ്ങളുടെ വലിയ കുടുംബത്തില്‍ പുതിയ അംഗങ്ങള്‍ ജനിച്ചു. എന്‍റെ അനിയത്തിക്ക്‌ ഒരു ആണ്‍കുട്ടി, ഈ അടുത്ത മാസങ്ങളിലായി മനുക്കുട്ടന്‌ ഒരു അനിയത്തിക്കുട്ടി പിന്നെ വലിയച്ചന്‍റെ മകന്‌ ഒരു പെണ്‍കുഞ്ഞ്‌. അനിക്കുട്ടന്‍ അവരെ ആരെയും കണ്ടിട്ടില്ല. ഈ പുതിയ ആഹ്ളദങ്ങള്‍കിടയിലും അനിക്കുട്ടന്‍റെ നനുത്ത ഓര്‍മ്മകള്‍ ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. തങ്ങളുടെ പ്രീയ കളിക്കൂട്ടുകാരന്‍ ഒരിക്കലും തിരിച്ചുവരില്ലെന്നറിയാതെ നന്ദുക്കുട്ടനും മനുക്കുട്ടനും അവന്‍റെ വിശേഷങ്ങല്‍ തിരക്കുന്നു. നാട്ടില്‍ വച്ച്‌ അനിക്കുട്ടന്‍റെ അമ്മമ്മയെ കണ്ടപ്പോള്‍ മനുക്കുട്ടന്‍ അവരോടു ദേഷ്യപ്പെട്ടു, അനിക്കുട്ടനെ തനിച്ചാക്കി എന്തിനാ വന്നതെന്നു ചോദിച്ചു. മനുക്കുട്ടന്‍ പിന്നീട്‌ അവന്‍റെ അമ്മയോട്‌ പറഞ്ഞു "അമ്മേ മനുവിന്‌ അനിക്കുട്ടന്‍റെ അമ്മമ്മയെ ഇഷ്ടമല്ല" കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു "അനിക്കുട്ടനെ ഒറ്റക്കാക്കി വന്നില്ലെ,അതോണ്ടിഷ്ടല്ല". 

കുറച്ചുദിവസം മുമ്പ്‌ ഉച്ചഭക്ഷണത്തിനായി കുടുംബാംഗങ്ങള്‍ എന്‍റെ വീട്ടില്‍ ഒത്തുകൂടിയ ദിവസമാണ്‌ ഞാന്‍ വരച്ച അനിക്കുട്ടന്‍റെ ചിത്രം എന്‍റെ ഭാര്യ എല്ലാവരെയും കാണിച്ചത്‌. അന്നുച്ചയ്ക്‌ നേരത്തെ എത്തിയ എന്നെ എതിരേറ്റത്‌ കുടുംബാഗങ്ങളുടെ നിറഞ്ഞ കണ്ണുകളാണ്‌. എന്നെകെട്ടിപ്പിടിച്ചു കരഞ്ഞു എന്‍റെ അനിയത്തിക്കുട്ടി. എന്‍റെ വസ്ത്രം നനച്ച അവളുടെ കണ്ണുനീരിന്‍റെ ഭാഷ എന്‍റെ ഹൃദയവുമയാണ്‌ സംവേദിച്ചത്‌. 
ഞാന്‍ വരച്ച അനിക്കുട്ടന്‍ 
ഈ നൊംബരങ്ങള്‍കുമുകളില്‍ ഒരു കുളിര്‍ മഴയായാണ്‌ ആ വാര്‍ത്ത കുറച്ചുനാളുമുമ്പ്‌ ഞങ്ങളെ തേടിയെത്തിയത്‌. അനിക്കുട്ടന്‍റെ അമ്മയില്‍ ജീവന്‍റെ പുതിയ നാമ്പ്‌ കുരുത്തിരിക്കുനു. അനിക്കുട്ടന്‍റെ അച്ഛനോടും അമ്മയോടുമൊപ്പം ഞങ്ങളും ആ പുതിയ അതിഥിക്കായി ആഹ്ളാദപൂര്‍വ്വം കാത്തിരിക്കുന്നു. 

ഒരു മണിച്ചിലംബിന്‍റെ മാധുര്യമുള്ള കുഞ്ഞു ശബ്ദത്തില്‍ "ഛക്ദേ ഇന്‍ഡ്യ" എന്നു കൊഞ്ചി പാടുന്ന, കൈകള്‍ ഇത്തിരി മടക്കി ഉണ്ണി ചന്തിയും കുലുക്കി "മാമാ...മാമാ.." എന്നു വിളിച്ചു കൊണ്ട്‌ കുണുങ്ങി കുണുങ്ങി നടന്നടുക്കുന്ന അനിക്കുട്ടന്‍ മനസ്സിന്‍റെ കണ്ണില്‍ മായാതെ നില്‍ക്കുന്നു.

ഞങ്ങളുടെ അനിക്കുട്ടനെപോലെ ഈ നശിച്ച രോഗവുമായി പോരാടിയ, പോരാടുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍കായി ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.

Monday, March 29, 2010

ഹോളണ്ട്‌... ഒരു മഹാഭാഗ്യത്തിന്‍റെ ഓര്‍മക്കുറിപ്പ്‌

ഇതൊരു പഴയ യാത്രാക്കുറിപ്പാണ്‌. തികച്ചും അപ്രതീക്ഷിതമായ ഒരു മഹാഭാഗ്യം ഈ യാത്രയില്‍ എനിക്കുണ്ടായി. മുമ്പ്‌ സൂചിപ്പിച്ചതു പോലെ എണ്റ്റെ യാത്രകള്‍ പലതും അപ്രതീക്ഷിതമായി വീണുകിട്ടിയ നിധികളാണ്‌.

ഒരു ഡിസംബര്‍ മാസത്തിലാണ്‌ ഞാന്‍ ഹോളണ്ടിലെ അതിപ്രശസ്തമായ ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്‌. വളരെ വലുതും തിരക്കേറിയതുമായതാണ്‌ ആംസ്റ്റര്‍ഡാം വിമാനത്താവളം. വിമാനത്താവളത്തോട്‌ ചേര്‍ന്നു തന്നെ യാണ്‌ റെയില്‍വെ സ്റ്റേഷനും. വളരെ സൌകര്യപ്രദമായ ഒരു സംവിധാനമാണത്‌. മിക്കവാറും ട്രെയിനുകളെല്ലാം രണ്ടുനിലയുള്ളവയായിരുന്നു. രണ്ടുനില ബസ്സില്‍ കയറിയിട്ടുണ്ടെങ്കിലും രണ്ട്‌ നില ട്രയിന്‍ കാണുന്നതും കയറുന്നതും ആദ്യമായിട്ടാണ്‌. സ്റ്റേഷനില്‍ വച്ച്‌ ഷിന്‍ എന്ന ചൈനക്കാരന്‍ വിദ്ധ്യാര്‍ഥിയെ പരിചയപ്പെട്ടു. ലോജിസ്റ്റിക്സ്ആണ് അവന്‍റെ പാഠ്യവിഷയം. അവനും പൊകേണ്ടത്‌ റോട്ടര്‍ഡാമിലേക്കായിരുന്നു. ആമസ്റ്റര്‍ഡാമില്‍ നിന്നും റോട്ടര്‍ഡാമിലേക്കുള്ള യാത്രയില്‍ അവിടുത്തെ ഭൂപ്രകൃതിയെ പറ്റി മനസ്സിലാക്കാന്‍ ശ്രമിച്ചു. വിശാലമായ ഉഴുതിട്ട പാടങ്ങല്‍ വഴിനീളെ കാണാമയിരുന്നു. ഷിന്‍ പറഞ്ഞു അതു കന്നുകാലികള്‍കുള്ള പുല്ലുവളര്‍ത്താനുള്ളതാണത്രെ. അതിമനോഹരങ്ങളായ ട്യൂലിപ്‌ പുഷ്പങ്ങളും ഈ പാടങ്ങളില്‍ കൃഷിചെയ്യും. ഏപ്രില്‍ മേയ്‌ മാസങ്ങളാണ്‌ ട്യൂലിപ്‌ പുഷ്പങ്ങള്‍ ഉണ്ടാവുന്നത്‌. അതുകൊണ്ട്‌ പൂത്തുനില്‍കുന്ന ട്യൂലിപ്‌ പാടം കാണാന്‍ എനിക്ക്‌ ഭാഗ്യമുണ്ടായില്ല.

 കൌതുക മുണര്‍ത്തുന്നതാണ്‌ ഡച്ച്‌ ആര്‍കിറ്റെക്ചര്‍ സ്റ്റൈല്‍. കടുത്ത കാപ്പി നിറത്തിലുള്ള ഇഷ്ടികയിലാണ്‌ മിക്കവാറും എല്ലാ നിര്‍മ്മിതിയും, അതില്‍ വെള്ളച്ചായമടിച്ച ജനാലച്ചട്ടകളും ഇളം കാപ്പിയോ കടും കാപ്പിയോ ചായം പൂശിയ ഓടിന്റെ മേല്‍കൂരയും. ചില്ലുജാലകത്തിനകത്ത്‌ നേര്‍ത്ത വെളുത്ത തിരശീല, ജനലിനു പുറത്തുള്ള ചെടിച്ചട്ടികളില്‍ വിടര്‍ന്നു നില്‍കുന്ന നിറപ്പകിട്ടാര്‍ന്ന പൂക്കള്‍. ഇത്‌ അവിടുത്തെ സുന്ദരമായ ഒരു സാധാരണ കാഴ്ചയായിരുന്നു.

എനിക്കു പോകേണ്ടത്‌ സ്പെക്നിസ്‌ എന്ന സ്ഥലത്തേക്കണ്‌. റൊട്ടര്‍ഡാമില്‍ നിന്നും ഇരുപത്തഞ്ചുമിനുട്ട്‌ യാത്രയുണ്ട്‌ അവിടേക്ക്‌. ഒരു പാക്കിസ്ഥാനിയുടെ ടാക്സിയാണ്‌ റോട്ടര്‍ഡാമില്‍ നിന്ന്‌ കിട്ടിയത്‌. 26 വര്‍ഷമായി അയാളിവിടെ വന്നിട്ട്‌. പഞ്ചാബ്‌ പ്രവശ്യയില്‍നിന്നുള്ള അയാള്‍ ഈ കാലയളവില്‍ മൂന്ന്‌ പ്രാവശ്യം മാത്രമെ സ്വന്തം നാട്ടില്‍ പോയിട്ടുള്ളു. പലതും സംസാരിച്ച്‌ ഞങ്ങള്‍ സ്പെക്നിസില്‍ എത്തി.

 വളരെ നല്ല ഹോട്ടെല്‍, അതിമനോഹരമാണ്‌ സ്പെക്നിസിന്‍റെ ഭൂപ്രക്രിതി. ധാരാളം വെള്ളക്കെട്ടുകളും നീര്‍ചാലുകളും, അതില്‍ പരതിനടക്കുന്ന അരയന്നങ്ങള്‍.കറുപ്പ് നിറത്തിലുള്ള  അരയന്നങ്ങളെയും അവിടെ കണ്ടു. അതെനിക്ക് കൌതുക കാഴ്ചയായി.  ഇരു കരകളിലും ശിശിരത്തെ വരവേല്‍ക്കാന്‍ ഇലപൊഴിച്ചു നില്‍കുന്ന മരങ്ങള്‍. മനം കവരുന്ന പ്രകൃതിഭംഗിയായിരുന്നുവെങ്കിലും തണുപ്പു കാലമായതു കൊണ്ടുള്ള മങ്ങിയ വെളിച്ചം ചുറ്റും ഒരു ശോകഛവി  പകര്‍ന്നു. അന്നു ചില റെസ്റ്റോരണ്റ്റ്കളില്‍ കയറി ഇറങ്ങി. മരപ്പാളികള്‍ പതിച്ച ചുമരുകളും തറയും പിന്നെ മെഴുകുതിരിയുടെ മങ്ങിയ മഞ്ഞ വെളിച്ചം...ആകെ കൂടി പഴമയുടെയും രാജകീയതയുടെയും സമഞ്ജസ സമ്മേളനം. അത്യാകര്‍ഷകമായ ആ അന്തരീക്ഷത്തില്‍ ഞാന്‍ ഒന്നുരണ്ടു ബീര്‍ ചെലുത്തി....യാത്രകള്‍ക്കിടയില്‍ വലിയ കാറ്റാടിമില്ലുകള്‍ പലയിടത്തും കാണാമായിരുന്നു. അവയൊക്കെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടൊ എന്നറിയില്ല.

അടുത്ത ദിവസം റോട്ടര്‍ഡാമിലേക്കുള്ള യാത്ര രസകരമായിരുന്നു. സ്പെക്നിസ്‌ സെന്‍ട്രലില്‍ നിന്നും മെട്ട്രൊയിലാണ്‌ പോയത്‌. എല്ലാസ്റ്റേഷനില്‍ എത്തുമ്പോഴും അതാതു സ്റ്റേഷണ്റ്റെ പേര്‌ രണ്ട്പ്രാവശ്യം ട്രെയിനില്‍ അനൌണ്‍സ്‌ ചെയ്യുന്നത്‌ യാത്രക്കാര്‍ക്‌ വളരെ സഹായകമാണ്‌. റോട്ടര്‍ഡാമിലെത്തി ആദ്യം പോയത്‌ ഹിസ്റ്റോറിക്കല്‍ മ്യൂസിയത്തിലേക്കാണ്‌. റോട്ടര്‍ഡാമിന്റെ ചരിത്രം ഒരു പാട്‌ ഫോട്ടോകളുടെ സഹായത്തോടെ സ്പോട്‌ ലൈറ്റിണ്റ്റെ വെളിച്ചത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഓരോ ദ്രിശ്യങ്ങളെ കുറിച്ചുമുള്ള വിശദീകരണം ഡച്ചു ഭാഷയില്‍ ആയിരുന്നത്‌ കൊണ്ട്‌ കാര്യമായി ഒന്നും മനസ്സിലായില്ല. പിന്നെ ഒട്ടേറെ പെയിണ്റ്റിങ്ങ്സും ഉണ്ടായിരുന്നു. മിക്കവാറും അബ്സ്ട്രാക്റ്റ്‌ സ്റ്റൈലില്‍ ഉള്ള പെയിന്‍റിംഗ്സ്  ആയിരുന്നു.

പിന്നീട്‌ പോയത്‌ പ്രശസ്ഥമായ സൈണ്റ്റ്‌ ലോറന്‍സ്‌ ചര്‍ച്ചിലേക്കാണ്‌.പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിതമായ ഈ ചര്‍ച്ച്‌ റോട്ടെര്‍ഡാമിലെ ഏറ്റവും പഴക്കം ചെന്ന നിര്‍മ്മിതിയാണത്രെ. വളരെ വലുതാണെങ്കിലും റോമിലുള്ള ചര്‍ച്ചുകളുടെ ഭംഗി ഇതിനില്ല. റോട്ടര്‍ഡാം ഇത്തിരി നടന്നു കണ്ടു. വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു വലിയ ജനസമൂഹം ഇവിടെ ഉണ്ട്‌. പല രാജ്യങ്ങളില്‍ നിന്നും വന്നവര്‍ പരസ്പരം വിവാഹം കഴിച്ച്‌ ആകെ കുഴഞ്ഞു കിടക്കയാണ്‌ ഇവരുടെ സംസ്കാരം എന്നാണ്‌ പലരോടും സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. ഉദാഹരണമായി ഹോട്ടെലിലെ റിസപ്ഷനിസ്റ്റായ ദൊനീത്തെ എന്ന പെണ്‍കുട്ടി. അവളുടെ അച്ചന്‍ ഇന്ത്യനും അമ്മ കരീബിയയില്‍ നിന്നുമാണ്‌. സൌത്ത്‌ അമേരിക്കയിലെ സുറിനാമ എന്ന സ്ഥലത്ത്‌ പണ്ടെന്നോ കുടിയേറിപ്പാര്‍ത്ത ഒട്ടേറെ ഇന്ത്യന്‍ വംശജരെ ഞാനവിടെ കണ്ടു. പലരും ഇന്ത്യ കണ്ടിട്ടുപോലുമില്ല. ചുറ്റിനടന്നപ്പോള്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. ആര്‍കിറ്റെക്ചറിലെ അവരുടെ ഡച്ച്‌ സ്റ്റൈല്‍ അവര്‍ കഴിയുന്നതും നിലനിര്‍ത്തിയിരിക്കുന്നു. പുതിയ കെട്ടിടങ്ങള്‍ പോലും ചുറ്റുമുള്ള പഴയ കെട്ടിടങ്ങളോട്‌ ചേര്‍ന്നു പോകും വിധം ശ്രദ്ധയോടെ നിര്‍മ്മിച്ചിരിക്കുന്നു. വളരെ തിരക്കേറിയതാണ്‌ റോട്ടര്‍ഡാം മറിച്ച്‌ സ്പെക്നിസ്‌ വളരെ ശാന്തമായതും. പകുതിയോളം ഹോളന്‍ഡ്‌ ലോകമഹായുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. അതുകൊണ്ട്‌ തന്നെ പകുതി ഹോളന്‍ഡ്‌ പുതിയതും മറുപകുതി പഴയതുമാണെന്നാണ്‌ അവിടുത്തുകാര്‍ പറഞ്ഞത്‌.

 ഈയാത്രയിലെ ഭാഗ്യം എന്താണെന്ന്‌ നിങ്ങള്‍ ആലോചിച്ചുതുടങ്ങിക്കാണും. പഴയ യാത്രയായതുകൊണ്ട്‌ നിങ്ങള്‍ക്കായി ചിത്രങ്ങളൊന്നും എന്‍റെ കൈവശമില്ല. അതുകൊണ്ട്‌ ഈ കുറിപ്പു ആ ഭാഗ്യത്തെ കുറിച്ചുമാത്രമാവണം എന്നു കരുതിയതാണ്‌. പക്ഷെ ഒരു നല്ല എഴുത്തുകാരനല്ലാത്തത്‌ കൊണ്ട്‌ എഴുതിവന്നപ്പോള്‍ അല്‍പം കാടുകയറി. എന്തായാലും ഒരിത്തിരി കൂടി ക്ഷമിക്കൂ. അടുത്ത ദിവസം കപ്പല്‍ വരുന്നു. എനിക്കുപോയി ജോലിതീര്‍ക്കണം. കപ്പല്‍ വരുന്നത്‌ ബെല്‍ജിയത്തിലെ ആന്‍റ്വെര്‍പന്‍ പോര്‍ടിലായിരുന്നു. സ്പെക്നിസില്‍ നിന്നും ടാക്സിയിലാണ്‌ ബെല്‍ജിയത്തില്‍ പോയത്‌. രണ്ടര മണിക്കൂറിലധികം ഉണ്ടായിരുന്നു ആ യാത്ര എന്നാണോര്‍മ്മ. മനോഹരമായ ഭൂപ്രദേശങ്ങളിലൂടെ ആയിരുന്ന ആ യാത്രയുടെ വിശദാംശങ്ങളിലേക്ക്‌ ഞാന്‍ കടക്കുന്നില്ല. കപ്പലില്‍ എത്തിയിയപ്പോഴണ്‌ അവര്‍ പറയുന്നത്‌ പോര്‍ടില്‍ അധികസമയം നില്‍കുന്നില്ല. അതുകൊണ്ട്‌ ഞാന്‍ അന്നു തന്നെ ഇറങ്ങണം. എന്‍റെ ഭാഗ്യം നോക്കണെ!! അതുകൊണ്ട്‌ ഞാന്‍ തിരിച്ച്‌ വീണ്ടും ഹോളണ്ടില്‍ പോയി അവിടെ ഒരു ദിവസം കൂടി നില്‍കണം. വൈകുന്നേരത്തോടെ ഞാന്‍ സ്പെക്നിസില്‍ തിരിച്ചെത്തി. അപ്പോഴെ തീരുമാനിച്ചു, നാളെ ആംസ്റ്റര്‍ഡാമില്‍ പോവണം.

പിറ്റേന്ന്‌ രാവിലെ പത്തുമണിയോടെ ഞാന്‍ ആംസ്റ്റര്‍ഡാമില്‍ എത്തി. അതൊരു ഞായറാഴ്ച ആയിരുന്നു. ക്രിസ്തുമസ്സിനെ വരവേല്‍കാന്‍ നഗരം മുഴുവന്‍ അണിഞ്ഞൊരുങ്ങിനില്‍കുന്നു. എങ്ങും ഇലപൊഴിഞ്ഞ മരങ്ങള്‍....വീണുകിടക്കുന്ന ഇലകള്‍കിടയില്‍ സുന്ദരമായ മേപ്പിള്‍ ഇലകളെ ഞാന്‍ തിരിച്ചറിഞ്ഞു. പത്തുവര്‍ഷം മുമ്പ്‌ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നും ശേഖരിച്ച മേപ്പിള്‍ ഇല ഞാന്‍ ഇന്നും സൂക്ഷിക്കുന്നു. എവിടെപോവണം എന്തുകാണണം എന്ന്‌ യാതൊരു ധാരണയും ഇല്ലായിരുന്നു. അതുകൊണ്ട്‌ അടുത്തുകണ്ട സാമാന്യം വലിയ ഒരു സുവനീര്‍ ഷോപിലേക്ക്‌ കയറി. അവിടെ കണ്ട കഴ്ച എന്നില്‍ കൌതുകമുണര്‍ത്തി. പോസ്റ്റ്‌ കാര്‍ഡിലും, മഗ്ഗുകളിലും, പ്ളൈറ്റുകളിലും എന്നു വേണ്ട മിക്കവാറും എല്ലാ സാധനങ്ങളിലും വാന്‍ഗോഗിന്‍റെ സെല്‍ഫ്‌ പോര്‍ട്രൈറ്റിന്‍റെയും മറ്റുചിത്രങ്ങലുടെയും പ്രിന്‍റ്. എനിക്കെന്‍റെ ആശ്ചര്യം അടക്കാനായില്ല. ഞാന്‍ അവിടുള്ള ഒരു സെയില്‍സ്മേനോട് കാര്യം അന്വേഷിച്ചു. എന്നെ നോക്കി കണ്ണ്‌ ബള്‍ബാക്കി പുഞ്ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു, അറിയില്ലെ? വാന്‍ഗോഗ്‌ ഞങ്ങളുടെ സ്വന്തം ചിത്രകാരനാണ്‌. ഇതാണ്‌ അദ്ദേഹത്തിന്‍റെ ജന്‍മദേശം. അദ്ദേഹത്തിന്‍റെ പേരില്‍ ഇവിടെ ഒരു മ്യൂസിയവും ഉണ്ട്‌. ഇത്തവണ എന്‍റെ കണ്ണ്‌ ബള്‍ബായി. എന്‍റെ ഉള്ളില്‍ എന്തൊക്കെയോ പൊട്ടിത്തെറിക്കുംപൊലെ. വാന്‍ഗോഗ്‌ മ്യൂസിയത്തിലേക്കുള്ള വഴി അയാള്‍ പറഞ്ഞു തന്നു. എങ്ങോട്ടുപോവണം എന്തുകാണണം എന്ന കാര്യത്തില്‍ എനിക്കപ്പോള്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

ഞാന്‍ വാന്‍ഗോഗ്‌ മ്യൂസിയത്തിലേക്ക്‌ വച്ചുപിടിച്ചു. മ്യൂസിയത്തിലേക്കുള്ള പ്രവേശന ടിക്കറ്റ്‌ എടുക്കാനുള്ള നിരയില്‍ ഞാനും ചേര്‍ന്നു. ഒരിക്കലും ജീവിതത്തില്‍ ഉണ്ടാവും എന്ന്‌ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലാത്ത മഹാഭാഗ്യം ഇതാ നിമിഷങ്ങള്‍ മാത്രം അകലത്തില്‍. എന്‍റെ ഹ്രിദയമിടിപ്പേറിയത്‌ ഞാനറിഞ്ഞു. ആ കാത്തിരിപ്പില്‍ എന്തൊക്കെയായിരുന്നു എന്‍റെ മനസ്സിലൂടെ കടന്നു പോയത്‌.....കുഞ്ഞു നാളിലെ ആ പുസ്ഥകത്തെ ഞാന്‍ ഓര്‍ത്തു. സൈന്‍റ് പീറ്റേര്‍സ്‌ ചര്‍ച്ചില്‍ പിയാത്ത കണ്ടപ്പോള്‍ മനസ്സില്‍ ഓടിയെത്തിയ അതേ പുസ്തകം. അതിലാണ്‌ ഞാന്‍ ആദ്യമായി വാന്‍ഗോഗിന്‍റെ പെയിന്‍റിംഗ് കാണുന്നത്‌. The Bed Room പിന്നെ The Harvestഎന്നിവയായിരുന്നു ആ പെയിന്‍റിങ്ങുകള്‍ , അതു ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ഈശ്വരാ ഇപ്പോള്‍ ഞാന്‍ ആ പെയിന്‍റിങ്ങുകള്‍  നേരില്‍ കാണാന്‍ പോവുന്നു. എന്‍റെ മനസ്സ്‌ മഴയുടെ മുന്നൊരുക്കം കണ്ട മയിലിനെ പോലെ തുള്ളിച്ചാടി.
                                       
                         Bed Room-കടപ്പാട്-Artknowledgenews.com        
                                 Harvest-കടപ്പാട്-Artknowledgenews.com
അങ്ങനെ കാത്തിരിപ്പവസാനിച്ചു...എന്‍റെ ഊഴമായി ഞാനും മ്യൂസിയത്തിനകത്തു കടന്നു. പിന്നെ ഞാന്‍ എല്ലാം മറന്നു. കലയുടെ ആ മായികലോകത്ത്‌ മൂന്ന്‌ മണിക്കൂറ്‍ മൂന്ന്‌ നിമിഷം പോലെ കടന്നുപോയി. പ്രതിഭയുടെ അത്യുന്നതയില്‍ മനസ്സിന്‍റെ താളം പലപ്പോഴും കൈവിട്ടുപോയ, ജീവിതകാലം മുഴുവന്‍ തന്‍റെ പെയിന്‍റിങ്ങില്‍ നിന്നുള്ള ഒരു വരുമാനവും അനുഭവിക്കാന്‍ കഴിയാഞ്ഞ മഹാനായ കലാകാരന്‍. തന്‍റെ പെയിന്‍റിങ്ങുകളുടെ മുഴുവന്‍ അവകാശവും വാന്‍ഗോഗ്‌ നല്‍കിയത്‌ തനിക്കു ജീവിതത്തില്‍ എന്നും താങ്ങായിരുന്ന പ്രീയപ്പെട്ട ജ്യേഷ്ഠന്‍ തിയോഡറിനാണ്‌. എന്നാല്‍ അദ്ദേഹത്തിനും അതിന്‍റെ ഗുണഭോക്താവാന്‍ കഴിഞ്ഞില്ല. ആ പെയിന്‍റിങ്ങുകളുടെ  മൂല്യം അറിയണമെങ്കില്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലൂടെ ഒന്നു കടന്നു പോയെ തീരു. 27ആം വയസ്സില്‍ കലാജീവിതം തുടങ്ങി 37ആം വയസ്സില്‍ കലയും സ്വന്തം ജീവിതവും അവസാനിപ്പിച്ച കോളിളക്കം നിറഞ്ഞ ആ ജീവിതത്തെ എന്നും ഒരത്ഭുതത്തോടെയാണ്‌ ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്‌. ഈ ലിങ്ക്‌ പിന്തുടര്‍ന്ന്‌  അദ്ദേഹത്തെപ്പറ്റി കൂടുതലറിയൂ.  വാന്‍ഗോഗിന്‍റെ ഇരുനൂറിലധികം ഒറിജിനല്‍ പെയിന്‍റിങ്ങുകള്‍  അവിടെ കണ്ടു. അതിപ്രശസ്ഥമായ Sun Flower മാത്രം കാണാന്‍ കഴിഞ്ഞില്ല. അത്‌ ജപ്പാനില്‍ ഒരു പ്രദര്‍ശനത്തിനായി കൊണ്ടുപോയിരുന്നു.
Self Portrait-കടപ്പാട്-Artknowledgenews.com
 1883 മുതല്‍ 85 വരെയുള്ള കാലഘട്ടത്തിലെ പെയിന്‍റിങ്ങുകള്‍  ഇരുണ്ട നിറത്തിലുള്ളവയായിരുന്നു. മിക്കവയും ഗാര്‍ഹിക ജീവിതത്തിന്‍റെ ചിത്രങ്ങളോ തൊഴിലാളികളുടെ ജീവിതത്തിന്‍റെ പകര്‍ത്തലുകളൊ ആയിരുന്നു. പിന്നീടുള്ള കാലഘട്ടം pointilisam ത്തിന്‍റെയും അതില്‍ നിന്നും ഉരുത്തിരിഞ്ഞിട്ടുള്ള സ്വന്തമായ ഒരു ശൈലിയുടേതുമായിരുന്നു. ഫ്രാന്‍സിലെ ജീവിതത്തിനിടയില്‍ മനസ്സിലാക്കിയ ശൈലികളായ impressionism വും Post Impressionism വും ആയിരുന്നു അദ്ദേഹത്തിന്‍റെ സ്വന്തം ശൈലിയായ expressionism ത്തിലേക്കുള്ള മറ്റൊരു പ്രജോദനം.

 തന്‍റെ മനസ്സിലെ നിഗൂഢ വികാരങ്ങളുടെ നേര്‍കാഴ്ച്ചയായിരുന്നു അദ്ദേഹത്തിന്‍റെ പെയിന്‍റിങ്ങുകള്‍. അതുകൊണ്ട്‌ തന്നെ അസ്വസ്ഥതകള്‍ നിറഞ്ഞ അദ്ദേഹത്തിന്‍റെ ജീവിതം അറിഞ്ഞാലെ ആ പെയിന്‍റിങ്ങുകളുടെ ആഴവും പരപ്പും മനസ്സിലാവൂ. ഉദാഹരണമായി പൂത്തുനില്‍ക്ക്‌ക്കുന്ന Almond മരത്തിന്‍റെ ചില്ലയുടെ മനോഹരമായ പെയിന്‍റിംഗ്. തന്‍റെ ജ്യേഷ്ഠന്‍ തിയോഡറിനു ഒരു കുട്ടി ജനിച്ച സന്തോഷത്തില്‍ വരച്ചതാണത്രെ. കുടുംബ വൃക്ഷം വീണ്ടും പൂത്തതിലുള്ള ആഹ്ളാദം. അങ്ങനെ ആ മഹാ പ്രതിഭയുടെ ചിത്രങ്ങളുടെ സാഹചര്യങ്ങളെപറ്റിയും സാങ്കേതികതകളെപറ്റിയും മനസ്സിലാക്കികൊണ്ട്‌ അവിടെ ചിലവഴിച്ച സമയം എനിക്കൊരു തീര്‍ത്ഥയാത്രയായിരുന്നു.
    Almond Blossom-കടപ്പാട്-Artknowledgenews.com
 എന്‍റെ ആ ദിവസത്തിന്‍റെ മധുരം ഇരട്ടിപ്പിച്ചുകൊണ്ട്‌ 18ആം നൂറ്റാണ്ടിലെ പ്രശസ്ഥരായ മറ്റുചില കലാകാരന്‍മാരുടെ സൃഷ്ടികളും ഞാനവിടെ കണ്ടു. Alexandar Calame, Joseph Israels, Anton Mave, Leon Augstin, Anton va rappord, Julius Jacob, Laurens, Alfred Steve തുടങ്ങിയവര്‍ അവരില്‍ ചിലര്‍മാത്രം. ലോറന്‍സ്‌ അലോണിന്‍റെ ഒരു ന്യൂഡ്‌ പെയിന്‍റിങ്ങില്‍ റിയലിസത്തിന്‍റെയും മോഡേണ്‍ ശൈലിയുടെയും മനോഹരമായ ഒരു സമന്വയമായിരുന്നു. അഥവാ എനിക്കങ്ങനെ തോന്നി. ആല്‍ഫ്രഡ്‌ സ്റ്റീവന്‍റെ ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ്‌ എന്‍റെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു ചിത്രം. അതില്‍ വസ്ത്രത്തിനു കൊടുത്തിട്ടുള്ള ചാര നിറം  വ്യത്യസ്തവും മനോഹരവുമായി തോന്നി.  


 മ്യൂസിയത്തില്‍ നിന്നും ഇറങ്ങി. ഇനിയെങ്ങോട്ടും ഞാന്‍ പോവില്ല. മറ്റൊരു കാഴ്ചയ്ക്കും ഇനിയെന്നെ ഇതിലധികം ത്രിപ്തിപ്പെടുത്താന്‍ കഴിയില്ല. മറ്റൊരു കാഴ്ചയേയും ഇന്നെന്‍റെ വികാര വിചാരങ്ങളെ മലീമസമാക്കാന്‍ ഞാന്‍ അനുവദിക്കയില്ല. അതുകൊണ്ട്‌ തന്നെ സമയമുണ്ടായിട്ടും മറ്റൊന്നും കാണാന്‍ നില്‍കാതെ ഞാന്‍ ഹോട്ടെലിലേക്കുമടങ്ങി. ഏന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസങ്ങളിലൊന്നായി ഡിസംബറിലെ ആ ഞായറാഴ്ച. നിറഞ്ഞ മനസ്സോടെ അന്നു ഞാന്‍ ഉറങ്ങി. പിറ്റേന്നു ഉച്ചയോടെ എനിക്ക്‌ എയര്‍പോര്‍ടിലേക്ക്‌ പോകുവാനുള്ള റ്റാക്സി വന്നു. ഉച്ചയ്ക്‌ പന്ത്രണ്ട്മണിയായിട്ടും ഹോട്ടെലിനുപുറത്തുള്ള ജലധാരയിലും അതിലെ സ്ത്രീ ശില്‍പത്തിലും മഞ്ഞു കട്ടകള്‍ തൂങ്ങി കിടന്നിരുന്നു. തെളിഞ്ഞു നിന്ന സൂര്യപ്രകാശത്തില്‍ ശില്‍പത്തിന്‍റെ കൈകളിലെ മഞ്ഞുകട്ടകള്‍ വെട്ടിത്തിളങ്ങി. ദൊനീത്തയുടെ തണുത്ത കൈ പിടിച്ച്‌ ഞാനവള്‍ക്‌ ഒരു നല്ല കൃസ്തുമസ്സും പുതുവത്സരാശംസകളും നേര്‍ന്ന്‌ വാന്‍ഗോഗിന്‍റെ ജന്‍മനാടിനോട്‌ വിടപറഞ്ഞു. ഭാഗ്യവശാല്‍ എനിക്കിനിയും ഹോളണ്ടില്‍ പോവാന്‍ കഴിഞ്ഞാല്‍, കാണാന്‍ ബാക്കിവെച്ച കാഴ്ച്ചകള്‍ കണ്ടില്ലെങ്കിലും വാന്‍ഗോഗ്‌ മ്യൂസിയത്തില്‍ തീര്‍ച്ചയായും പോവും.