ഓരോ യാത്ര കഴിയുമ്പോഴും ഞാൻ അടുത്തയാത്രയെപ്പറ്റി സ്വപ്നം കണ്ടു തുടങ്ങും. കാരണം മറ്റൊന്നുമല്ല, കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയ യാത്രയിലും ഉണ്ടാവും നമ്മെ ആശ്ചര്യപ്പെടുത്തുന്ന നേർകാഴ്ച്ചകൾ, കണ്ടുമുട്ടലുകൾ, ത്രസിപ്പിക്കുന്ന അനിശ്ചിതത്വങ്ങൾ. യാത്ര തീർന്നാലും മനസ്സിൽ നിന്നും പടിയിറങ്ങാൻ മടിച്ചുനില്കുന്ന ആ അനുഭവങ്ങളുടെ ലഹരി ഒന്നു മാത്രം മതി അടുത്ത യാത്രക്കായി മനസ്സ് വെമ്പാൻ.
ബിയാന്നാലെ കാണാനായുള്ള എന്റെ കൊച്ചിയാത്രയും മറിച്ചായിരുന്നില്ല. അന്നത്തെ യാത്ര എനിക്ക് സമ്മാനിച്ച വിലയേറിയ അനുഭവമായിരുന്നു ശ്രീ. പോളിയുമായുള്ള സൗഹൃദം, സൌഹൃദമെന്നാൽ പോളിയെട്ടാ എന്ന് സംബോധന ചെയ്ത് എപ്പോൾ വേണമെങ്കിലും വിളിക്കാനുള്ളത്ര സൗഹൃദം. ഈ സൗഹൃദത്തിനു വഴിയൊരുക്കിയ നിരക്ഷരന് ഹൃദയം നിറഞ്ഞ നന്ദി.
പോളി ആരെന്നല്ലേ? അദ്ദേഹത്തെപ്പറ്റി ബിയന്നാലെ യാത്രാവിവരണത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. വിശേഷണങ്ങൾ ഏറെയുണ്ട് അദ്ദേഹത്തിന് . ഇന്ത്യയിലെ ആദ്യ ഗ്രാമി അവാർഡ് ജേതാവായ ശ്രീ. വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യൻ. അദ്ദേഹം തന്നെ രൂപകൽപന ചെയ്ത മോഹന വീണ എന്ന വാദ്യോപകരണവും വാദന രീതിയും പോളിയുടെ കയ്കളിൽ സുരക്ഷിതമാവും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. വെറുതെയല്ല അദ്ദേഹത്തിന്റെ വാദന ശൈലി പിന്തുടരുന്ന ലോകത്തിലെ ആകെ നാല് പേരിൽ ഒരാളാവാൻ പോളി വർഗീസ് എന്ന കലാകാരന് കഴിഞ്ഞത്. കഴിഞ്ഞ മൊസാർട്ട് ഫെസ്റ്റിവലിൽ പെർഫോം ചെയ്യാൻ ക്ഷണിക്കപ്പെട്ട കലാകാരൻമാരിൽ ഒരാളായി പോളിയുമുണ്ടായിരുന്നു. അന്നേ അവർ അദേഹത്തെ കണ്ണ് വെച്ചിരുന്നു എന്നതിന് തെളിവാണ് ഈ വർഷവും മൊസാർട്ട് ഫെസ്റ്റിവലിന് വിയന്നെയിലേക്ക് പോളിക്ക് കിട്ടിയ ക്ഷണം.
ഒരവധൂതനെപ്പോലെ അദ്ദേഹം നടത്തിയ ഏകാന്ത യാത്രകളുടെ കഥകൾ ഒരു യാത്രികൻ എന്ന നിലയിൽ എന്നെ മോഹിപ്പിച്ചത് ഒട്ടൊന്നുമല്ല. ചിലപ്പോഴെങ്കിലും പകൽ സമയങ്ങളിൽ അദ്ദേഹം സ്കൈപ്പിൽ ഓണ്‍ലൈനിൽ ഉണ്ടാവും. അപ്പോഴൊക്കെ ഓഫീസിലിരുന്ന് അദേഹം മോഹന വീണ പ്രാക്ടീസ് ചെയുന്നത് കേൾക്കാനുള്ള അപൂർവ്വ ഭാഗ്യവും എനിക്ക് കിട്ടാറുണ്ട്. കൊച്ചിയിൽ എനിക്കായി അദ്ദേഹം മോഹന വീണ മീട്ടിയത് മുതൽ ഇങ്ങോളം പലതവണ ഓണ്‍ലൈനിൽ ഞാൻ അദേഹത്തിന്റെ മാന്ത്രിക സംഗീതം പലതവണ നുകർന്നു.
സപ്തസ്വരങ്ങളെ തന്റെ വിരൽതുമ്പിൽ കുടിയിരുത്തിയ, പലപ്പോഴും ആ സ്നേഹ സംഗീതം എനിക്കായി പകർന്നുനൽകിയ പോളിയേട്ടനെ ഞാൻ സപ്തവർണങ്ങളിൽ അല്ലാതെ എങ്ങിനെ വരക്കും. അദ്ദേഹത്തെ വരക്കാനിരുന്നപ്പോൾ ആ മോഹന സംഗീതവും കൂട്ടായി ഉണ്ടായിരിന്നു
പോളിയെട്ടനെ അടുത്തതവണ കാണുമ്പോൾ ഈ ചിത്രവും ഉണ്ടാവും എന്റെ കൂടെ, അതിൽ അദ്ദേഹത്തിന്റെ ഒരൊപ്പുചേർക്കാൻ......
മീഡിയം: കളർ പെൻസിൽ ഓണ്‍ ഡ്രോയിംഗ് പേപ്പർ
സൈസ് : 12" X 15"
മീഡിയം: കളർ പെൻസിൽ ഓണ്‍ ഡ്രോയിംഗ് പേപ്പർ
സൈസ് : 12" X 15"

