Saturday, March 16, 2013

കലയിലലിഞ്ഞ് ബിയന്നാലെയിലൂടെ ..... ഭാഗം 1


മുന്നൊരുക്കം:
ബിയന്നാലെയുടെ കൊച്ചിയിലേക്കുള്ള വരവ് അറിഞ്ഞതുമുതൽ വാർത്തകൾ സാകൂതം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തുടക്കത്തിലേ ഉണ്ടായിരുന്ന വിവാദങ്ങളിൽ കേരളത്തിലെ എനിക്ക് പ്രീയപ്പെട്ട ചില കലാകാരന്മാർ ബിയന്നാലേക്കെതിരായി നിലകൊണ്ടപ്പോൾ മനസ്സ് വേദനിച്ചു. എല്ലാം മറികടന്ന് ബിയന്നാലെ തുടങ്ങിയപ്പോൾ ഏറെ ആഹ്ലാദിച്ചു. നിരക്ഷരന്റെ ഫെയ്സ്ബുക് പൊസ്റ്റുകൾ,  ഉന്മേഷിന്റെ പ്ലസ്സിലെ പൊസ്റ്റുകളും ചർച്ചകളും, സൂരജിന്റെ ലേഖനം  ഒക്കെ ബിനാലെയുടെ കൂടുതൽ വിവരങ്ങൾ തന്നു. ബിയന്നാലെയുടെ ഫെയ്സ്ബൂക് പേജ് അപ്ഡേറ്റ്സും കൂടിയായപ്പോൾ കാണാനുള്ള ആഗ്രഹം ഒരു കുന്നോളം വളർന്നു.

ആയിടെ നാട്ടിൽ വന്ന സഹപ്രവർത്തകൻ അവധി കഴിഞ്ഞ് ഷാർജയിലേക്ക് തിരിച്ചു വന്നപ്പോൾ എനിക്ക് ബിയന്നാലെയുടെ റൂട്ട് മാപ്പ് കൊണ്ടുതന്നു.എന്റെ സീറ്റിനരുകിൽ  ഞാനത് ഒട്ടിച്ചുവെച്ചു. രണ്ടു മാസത്തോളം എന്നും രാവിലെ ഞാനത് നോക്കി നെടുവീര്‍പ്പിടും. പങ്കെടുക്കുന്നവരുടെ പേരുകള്‍ എന്നും വായിച്ച്  വായിച്ച് മനപ്പാഠമായി. അപ്പോഴാണ്‌ ഒരു നിമിത്തം പോലെ എയർ അറേബ്യയുടെ ടിക്കറ്റ് നിരക്കില്‍ നിശ്ചിത കാലയളവിലേക്കായി ഇളവു പ്രഖ്യാപിചത്. രണ്ടാമതൊന്ന്  ആലോചിച്ചില്ല, ഞാന്‍ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്തു. ഫൊർട്ട് കൊച്ചിയിൽ തന്നെ ഒരു ഹോം സ്റ്റെയിൽ താമസം തരപ്പെടുത്തി. രണ്ടു പകൽ മാത്രമാണു എനിക്ക് ബിയന്നാലെയിൽ ചിലവഴിക്കാനുള്ളത്.

കൊച്ചിയിൽ:  

വെളുപ്പിനു മൂന്നു മണിയോടെ കൊച്ചിയിൽ എത്തി. റൂമിൽ എത്തി കിടക്കയിലേക്ക് വീണു. രാവിലെ പക്ഷികൾ വിളിച്ചുണർത്തിയതെ ഞാൻ ഉഷാറായി. കുളികഴിഞ്ഞ് ഹോം സ്റ്റെ നടത്തുന്ന അന്റൊണിയൊയുടെ വീട്ടിലേക്ക് നടന്നു. അവിടെ നിന്നും കിട്ടിയ ഗംഭീര ഏൾഗ്രെ കട്ടൻ ചായ കുടിച്ചപ്പോൾ ഒന്ന് കൂടി ഉണർന്നു. അന്റൊണിയൊ ഭാര്യയെ പരിചയപ്പെടുത്തി. അന്റൊണിയൊയെ സഹായിച്ചുകൊണ്ട് ഒടിനടക്കുന്ന ക്രിസ്റ്റിന ലാത്വിൻ സ്വദേശിയാണു. അവർക്ക് ഒരു കുഞ്ഞു സുന്ദരി വാവയുമുണ്ട്. കൊച്ചിക്ക് വൈദേശിക ബന്ധം ഒരു പുതുമയല്ലല്ലൊ. ഹൃദ്യമായ പെരുമാറ്റം കൊണ്ട് എന്നെ ഏറെ ആകർഷിച്ചു ആ കുടുംബം.

ബിയന്നാലയിലേക്ക്:

നിരക്ഷരന്റെ നിർദ്ദേശപ്രകാരം ഞാൻ ആസ്പിൻ വാളിലേക്ക് തിരിച്ചു. റോഡ് ബ്ളോക്ക് കാരണം എത്താൻ വൈകുമെന്ന് നിരക്ഷരൻ അറിയിച്ചിരുന്നു. ടിക്കറ്റ് എടുത്ത് ഞാൻ അകത്ത് കയറി.

സാധാരണയുള്ള ചിത്ര ശില്പ പ്രദർശനം പോലെയല്ല കൊച്ചി ബിയന്നാലയിലെ സൃഷ്ടികൾ. ഇൻസ്റ്റലെഷൻ എന്ന സങ്കേതത്തിൽ ഊന്നിയുള്ള സൃഷ്ടികളാണ് പ്രദർശനത്തിൽ കൂടുതലും ഉണ്ടായിരുന്നത്. 97 ലോ മറ്റോ മുംബൈയിലെ ജഹാംഗീർ ആർട് ഗാലറിയിലാണ് ഞാൻ അദ്യമായി ഇൻസ്റ്റലേഷൻ കാണുന്നത്. അന്നു വളരെ ചെറിയ നിർമ്മിതികളാണ് അവിടെ ഉണ്ടായിരുന്നത്. പിന്നീട് കുറച്ച് വർഷം മുൻപ് ജർമ്മനിയിലെ Museum of modern art ലാണ് ഇൻസ്റ്റലേഷൻ കണ്ടത്. പ്രത്യേകിച്ച് ആസ്വദന സഹായി ഒന്നും ഇല്ലാത്തത് കാരണം എനിക്കന്നത് അത്ര ആസ്വാദ്യകരമായില്ല.  ഒരു സാധാരണ മലയാളിക്ക് ഒരു പക്ഷെ തീർത്തും അപരിചിതം ആയ സങ്കേതമായിരിക്കണം ഇൻസ്റ്റലേഷൻ. അതുകൊണ്ട് തന്നെയാണ് ഒന്നും മനസ്സിലാവുന്നില്ല, ഇതിലെന്താണു ഇത്ര തുടങ്ങിയ ചോദ്യങ്ങൾ എറെ ഉയർന്നത്.  ഒരു കലാസൃഷ്ടി മനസ്സിലാക്കുക എന്നത് തികച്ചും ആപേക്ഷികം ആണെന്നാണു എന്റെ  വിശ്വാസം.

എല്ലാവർക്കും എളുപ്പം മനസ്സിലാകും എന്നു കരുതാവുന്ന റിയലിസ്റ്റിക്ക് ശൈലിയിൽ തീർത്ത രവിവർമ്മ ചിത്രങ്ങൾ നമുക്കു ഉദാഹരണമായി എടുക്കാം. ഭാരതത്തിലെ പുരാണ കഥകൾ പരിചയമില്ലത്തവർക്ക് ആ വർണ്ണങ്ങളും രചനാശൈലിയും ആസ്വദിക്കാൻ കഴിയുമെങ്കിലും ചിത്രത്തിനു പിന്നിലെ ആശയം മനസ്സിലായെന്ന് വരില്ല. അങ്ങനെ നോക്കുമ്പോൾ ഒരു സാധാരണ മലയാളി ഏറെ പരിചിതമല്ലാത്ത ഇൻസ്റ്റലെഷൻ എന്ന സങ്കേതം മനസ്സിലാക്കാൻ ബുദ്ധിമുട്ടിയാൽ അല്ഭുതപ്പെടാനില്ല.  

ഇൻസ്റ്റലേഷനിൽ നിറവും, മണവും, ഇരുളും, വെളിച്ചവും, പ്രക്രിതിയും ആസ്വാദകൻ തന്നെയും കലാകാരന്റെ സൃഷ്ടിയുടെ ഭാഗമാകുന്നു. തീർച്ചയായും കലാകാരനുമായുള്ള ആശയവിനിമയം ഇത്തരം സൃഷ്ടികളുടെ ആസ്വാദനം എളുപ്പമാക്കും. പക്ഷെ പലപ്പോഴും അതു സാധ്യമാവാറില്ല.  ലളിതമായ മറ്റൊരു ഉദാഹരണം നോക്കാം. നമ്മൾ വീട്ടിലേക്ക് കയറുകയാണ്, അപ്പൊൾ നല്ല മീൻ വറുത്ത മണം അനുഭവപ്പെടുന്നു. നമ്മുടെ ചിന്ത ആ ഗന്ധത്തിൽ ഒതുങ്ങിനില്ക്കില്ല. ഏത് മീൻ ആവാം, അതിന്റെ നിറം, രുചി ഇവയൊക്കെ നമ്മുടെ മനസ്സിൽ തീർച്ചയായും ഉയരും. എന്നാൽ വറുത്തമീൻ ഇതുവരെ കഴ്ച്ചിട്ടില്ലാത്ത ഒരാൾക് ആ ഗന്ധം വെറും മണമൊ നാറ്റമൊ ആവും.

ഇതുതന്നെയാണ് ഇൻസ്റ്റലേഷന്റെ കാര്യത്തിലും സംഭവിക്കുന്നത്. ചരിത്രപരമായ അറിവുകൾ, ചുറ്റുപാടുകളെ കുറിച്ചുള്ള അറിവുകൾ, സൻങ്കേതത്തെ ക്കുറിച്ചുള്ള അറിവുകൽ ഒക്കെ ആ കലാ സൃഷ്ടി നമുക്കു കൂടുതൽ അനുഭവവേദ്യമാക്കും. അതായത് പഞ്ചേന്ത്രിയങ്ങളിലൂടുള്ള ആസ്വാദനത്തിലുപരി നമ്മുടെ ചിന്തകളെ, അറിവുകളെ, ഒർമ്മകളെ ഒക്കെ നമ്മൾ ഇവിടെ കലാസ്വാദനത്തിനായി ഉപയോഗിക്കാൻ നിർബന്ധിതരാവുന്നു.  കൊച്ചിയുടെ ചരിത്രത്തെയും സംസ്കാരത്തെയും തൊടുന്നതാണ് മിക്ക സൃഷ്ടികളും. അതു കൊണ്ടുതന്നെ ഒരു പക്ഷെ കൊച്ചിക്കാർക്കു തന്നെയാവും ഈ സൃഷ്ടികൾ കൂടുതൽ ഉൾകൊള്ളാനും ആസ്വദിക്കാനും കഴിയുക. 

സൃഷ്ടികളിലൂടെ:

എയർ കണ്ടീഷൻ ചെയ്ത മുറികളിൽ കാലടി ശബ്ദം പോലും കേൾപിക്കാതെ ചിത്ര ശില്പങ്ങൾ അസ്വദിക്കുക എന്ന പതിവ് ആസ്വാദനരീതിക്ക് തികച്ചും വിപരീതമായി വലിയ ശബ്ദങ്ങളുടെയും, ചലനങ്ങളുടെയും, ഗന്ധങ്ങളുടെയും ഒക്കെ ലോകത്തേക്കും പ്രകൃതിയിലേക്കും തന്നെ സൃഷ്ടികൾ ആസ്വദിക്കാൻ ക്ഷണിക്കുകയാണിവിടെ.  ഒരു വിശദമായ വിവരണത്തിന് ഞാൻ ശ്രമിക്കുന്നില്ല. എന്നാലും കഴിയുന്നതും എല്ലാ സൃഷ്ടികളേയും ഒന്ന് തൊടാൻ ശ്രമിക്കാം.

ആസ്പിൻ വാളിൽ ഞാൻ ആദ്യം കണ്ടത് ശ്രീ. വിവേക് വിലാസിനിയുടെ “  Between one shore and several others”. എന്ന വർക്കാണ്. ആശയം ഏറെ ആകർഷിചു. അപ്പൊഴും പലരെയും പോലെ അത് ഒരു ഫോട്ടോ ഷോപ്പ് വർക്ക് എന്നാണ് കരുതിയത്. എന്നാൽ അത് ചെയ്തത് എങ്ങിനെയെന്നു വിവേക് പറഞ്ഞപ്പൊൾ സത്യത്തിൽ ആ സൃഷ്ടിയുടെ വലുപ്പം മനസ്സിൽ ഏറെ വളർന്നു, ആ കലാകാരനൊടുള്ള ബഹുമാനം മനസ്സിൽ പതഞ്ഞു പൊന്തി. ചിത്രത്തിലെ ഒരോ മഹദ് വ്യക്തിയുടെയും ചിത്രം സ്വന്തം മുഖത്തേക്കു പ്രൊജക്റ്റ് ചെയ്ത്. ഏറെ കൃത്യമായി പ്രൊജക്റ്റ് ചെയ്ത ചിത്രത്തിലെ ഒരു കണ്ണ് സ്വന്തം കണ്ണുമായി ചേർത്തു. ഇവിടെ കലാകാരൻ ചിത്രത്തിലെ വ്യക്തിയുടെ കണ്ണുകളിലെ ഭാവം തന്റെ കണ്ണുകളിൽ കൂടി പകർത്തി ഒരു അഭിനേതാവ് കൂടി ആവുകയാണു. കൃത്യത വരുത്താൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടാവും എന്നത് പ്രത്യേകം പറയേണ്ടല്ലൊ. അങ്ങനെ ഒരു മഹത്തായ സൃഷ്ട്ടി ജനിക്കുന്നു. ഇതാണു കലാകാരനുമായുള്ള ആശയവിനിമയം ഇത്തരം സൃഷ്ടികൾ ആസ്വദിക്കുന്നതിൽ ഏറെ പ്രധാനമാണു എന്നു ഞാൻ മുന്നെ സൂചിപ്പിച്ചത്.

Between one shore and several others

അടുത്തു തന്നെ അദ്ദേഹത്തിന്റ് ഏറെ പ്രശസ്തമായ “Last Supper- Gaza” എന്ന ചിത്രം. ഡാവിൻചിയുടെ പ്രശസ്ത പെയിന്റിങ്ങ് ആയ “ലാസ്റ്റ് സപ്പർ” ലെ ആശയത്തെ മറ്റൊരുതലത്തിൽ മനോഹരമായി പുനഃസൃഷ്ടിചിരിക്കുന്നു. ഒറ്റിന്റെ അംബരപ്പ് ഇസ്രായേലിന്റെ പാലസ്റ്റീൻ അധിനിവേശവുമായി ചെർത്തുവെച്ചപ്പോൾ അത് കലാലോകത്തിന്റ് അംഗീകാരങ്ങൾ വാരിക്കൂട്ടിയ ഒരു മനോഹര സൃഷ്ടിയായി.
Last Supper- Gaza
കെനിയയിൽ ജനിച്ച് ന്യൂയൊർക്കിൽ ജീവിക്കുന്ന വാൻകച്ചി മുത്തു എന്ന കലകാരിയുടെ “ഡെർടി വാട്ടർ” എന്ന ഇൻസ്റ്റലേഷൻ ഏറെ ശ്രദ്ദയാകർഷിച്ചതും ചർച്ച ചെയ്യപ്പെട്ടതുമാണു. വെള്ളവും സിമന്റും മറ്റും ചേർത്ത് സ്രുഷ്ട്ടിച്ചിരിക്കുന്ന മലിനം എന്നു തൊന്നിപ്പിക്കുന്ന അന്തരീക്ഷം ചീത്ത എന്നു നാം പേരിട്ടുവിളിക്കുന്ന കാര്യങ്ങളെ, അല്ലെൻകിൽ ചിന്തകളെ ഒരു പുനർ വിചിന്തനത്തിനു നിർബന്ധിക്കയാണു.  കലാകാരിയുടെ ഭാഷയിൽ “ ഒരു ചുറ്റുപാടിനെയോ സ്വന്തം ഇടങ്ങളെയോ ശുദ്ധീകരിക്കുന്നതിലൂടെ നാം അവയുമായി ബന്ധപ്പെട്ട വളരെ നിർണ്ണായകവും, പൂർണ്ണവുമായ ചരിത്രവും കമ്മവും ഉൾകൊള്ളുന്ന സത്യങ്ങളെ ഇല്ലാതാക്കുന്നു. വൃത്തിയാക്കലിലൂടെ പരിസ്ഥിതിയെ നാം കൊല്ലുകയും, നിർമ്മലമായ അതിന്റെ കഴിവുകളും ശക്തിയും സ്വായത്തമാക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു”.   
"Dirty Water" ൽ  നിന്ന് ഒരു ഭാഗം 
അമർ കൻവറിന്റെ “ദ സോവറിൻ ഫോറസ്റ്റ്” എന്ന പ്രദർശനം ഒരു മൾടിമീഡിയ ഇൻസ്റ്റലേഷനാണു. വ്യാവസായികാവശ്യങ്ങൾകായി ഭരണ കൂടം പ്രകൃതിയിലും തദ്ദേശീയരിലും നടത്തിയ നീചമായ കൈയ്യേറ്റങ്ങളും അടിച്ചമർത്തലുകളും ആയിരുന്നു വിഷയം.ഏറെ ഹ്രിദയസ്പർശിയായിരുന്നു അവിടെ ഉണ്ടായിരുന്ന വീഡിയോ ഇൻസ്റ്റലെഷൻ. ഇന്ത്യയുടെ വിവ്ധഭാഗങ്ങളിൽ നിന്നും ശേഖരിച്ച 266 തരം വിത്തുകൾ പ്രദർഷനത്തിൽ ഉണ്ടായിരുന്നു. അവയിൽ പലതും ഇന്നു ഉല്പാദനത്തിൽ ഇല്ല. കുഞ്ഞുനാളിൽ മുറ്റത്ത് കൂട്ടിയിട്ടു കണ്ട നെൽകറ്റകൾ വളർന്നപ്പോഴേക്കും പൂർണ്ണമായും അപ്രത്യക്ഷമായ ഒർമ്മ എന്നിൽ തള്ളി വന്നു. സ്വാനുഭവങ്ങളെ ഒരു ഇൻസ്റ്റലേഷൻ എങ്ങനെ ശക്തമായി സ്വാധീനിക്കുന്നു എന്നതിന്റെ തിരിച്ചറിവു കൂടിയായിരുന്നു അതു.  
പ്രദർശിപ്പിച്ചിരിക്കുന്ന വിത്തുകൾ 
തുറന്ന പ്രകൃതിയിൽ ശ്രീ. പ്രഭാകരനും സംഘവും ഒരുക്കിയ കളം പാട്ടിന്റെ പുനരാവിഷ്കാരം സൃഷ്ടിയെ പ്രകൃതിയുമായി കോർത്ത് അവതരിപ്പിച്ചിരിക്കുന്നു. ഇവ്ടെ ചുറ്റുപാട് കൂടി സൃഷ്ടിയുടെ ഭാഗമാകുന്നു.  
കളം പാട്ട് 
തൊട്ടടുത്തായി സുപ്രസിദ്ധ കലാകാരന ശ്രീ. ബോസ് കൃഷ്ണമാചാരി പെയിന്റ് ചെയ്ത നാനോ കാർ കാണാം. മോഹൻലാൽ ഒപ്പിട്ട ഈ കാർ ബിയന്നാലേക്ക് ശേഷം ലേലം ചെയ്യും.
ബോസ് കൃഷ്ണമാചാരി പെയിന്റ് ചെയ്ത നാനോ കാർ 
ശ്രീ. രഘുനാഥന്റെ “ കൺസർവേറ്ററി” എന്ന സൃഷ്ടി വിസ്മൃതിയിലാണ്ട, ഇടക്കെൻകിലും നമ്മെ അൽഭുതപ്പെടുത്തിക്കൊണ്ട് തിരിച്ചെത്തുന്ന ഓർമ്മകളിലേക്ക് വിരൽ ചൂണ്ടുന്നു.

കൺസർവേറ്ററി
സ്കോട്ലന്റ് കാരനായ ഡെലൻ മാർട്ടോറിൽ ന്റെ ഇൻസ്റ്റലെഷൻ സംഗീതത്തിൽ അധിഷ്ടിതമാണ്. ചരടിൽ തൂക്കിയിട്ട വിവിധ വസ്തുക്കളിൽ സപർശിക്കുമ്പോൾ അവ സംഗീതം പൊഴിക്കുന്നു. അതുവഴി നമ്മളും ഇൻസ്റ്റലേഷന്റെ ഭാഗമാകുന്നു. മറ്റൊരുമുറിയിൽ ശബ്ദതരംഗത്തിന്റെ സഹായത്തോടെ ഉയർത്തുന്ന സുഗന്ധവ്യഞ്ജ്നങ്ങളുടെ ധൂമപടലമാണ് ഒരുക്കിയിട്ടുള്ളത്. ആസ്പിൻ വാളിന്റെ സൂക്ഷിപ്പുകാരൻ താമസിച്ചിരുന്ന മുറികളിലാണ് ഇതൊരുക്കിയിട്ടുള്ളത്.
സൃഷ്ടിയെപ്പറ്റി കലാകാരൻ പറയുന്നത് കാണൂ. “ആസ്പിൻ വാൾ സന്ദർശനവേളയിൽ അതിന്റെ വശങ്ങളിലുള്ള ഒഴിഞ്ഞ ചെറിയ മുറികൾ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.ഇളം കാറ്റും അരികിലുള്ള ജലാശയവുംഅടുത്തകാലത്തു നടന്ന മാറ്റങ്ങളും ഈ ശാന്തമായ സ്ഥലത്തിന്റെ പ്രത്യേകതകളായിരുന്നു. ആ മുറിയിൽ ഉണ്ടായിരുന്ന ചെറിയ സംഗീത ഉപകരണം, ചരടിൽ തൂക്കിയ വിസിൽ, അദൃശ്യമായ ഓടക്കുഴൽ വായിക്കുന്ന ഒരു ചെറിയ കൃഷ്ണവിഗ്രഹം ഡ്രം കിറ്റിന്റെ പുറംചട്ടയുള്ള ഒരു പഴയ നോട്ടുപുസ്തകം തുടങ്ങിയവ ഭിന്നമായ വ്യക്തി –ഇടങ്ങൾ സൃഷ്ടിക്കുവാൻ പ്രാപ്തിയുള്ളവയായിരുന്നു. ഇതിന്റെ സൂക്ഷിപ്പുകാരനും കുടുംബവും ഏഴുവർഷമായി അവിടെ താമസിച്ചിരുന്നതായും വൈദ്യുതി, വെള്ളം, സ്ഥിരം സന്ദർശകയായിരുന്ന തവിട്ടുനിറത്തിലുള്ള ഒരു പൂച്ച എന്നിവ അവിടെ ഉണ്ടായിരുന്നതായും സൂക്ഷിപ്പുകാരനിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഈ മുറികൾ എന്റെ സൃഷ്ടിക്കായിഏറ്റവും യോജിച്ചതായി ഞാൻ മനസ്സിലാക്കി. ആസ്പിൻ വാളിൽ നിന്നും സ്വീകരിച്ചവിവിധ ഘടകങ്ങളും, ശബ്ദവും ഉപയോഗിച്ചുള്ള പരീക്ഷ്ണങ്ങൾ രണ്ടാഴ്ചയോളം ഞാൻ അവിടെ നടത്തി”

ബിയന്നാലെ സാധാരണ ജനങ്ങളെ തൊടുന്നില്ല എന്ന പരാതിക്കുള്ള മറുപടി കൂടിയാണ് പി.ഏ.സി. ഗ്രൂപ്പിലെ (മുംബൈ) കലാകാരൻമാരായ നീലെഷ്, വിശ്വകർമ, സന്ദീപ്, ദേവെൻ എന്നിവർ ചേർന്നു സൃഷ്ടിച്ച വാട്ടർ ഇൻസ്റ്റലേഷൻ  എന്നാണ് ഞാൻ കരുതുന്നത്. മണ്മറഞ്ഞ മൽസ്യത്തൊഴിലാളികളെ ഓർമ്മപ്പെടുത്തുന്ന, ഓരോ അനക്കത്തിലും മണിമുഴക്കുന്ന ഈ കലാസൃഷ്ടി. അവിടെ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു “ Mama said that every time a bill rings an angel gets his wings”.

ഷീല ഗൌഡയുടെ “സ്റ്റോപ്പ് ഓർ” ഏറെ ചർച്ചാവിഷയമായതാണ്. 170 ആട്ട് കല്ലുകളുള്ള ഈ സൃഷ്ടിയിലൂടെ സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതി നിലച്ചുപോയ കൊച്ചിയുടെ ർമ്മകൾ പുനരവതരിപ്പിക്കുകയാണ്.
സ്റ്റോപ്പ്‌ ഓവർ 


ആസ്പിൻ വാൾ 
വിവാൻ സുന്ദരത്തിന്റെ “ ദ് ബ്ലാക് ഗോൽഡ്” എന്ന വലിയ ഇൻസ്റ്റലേഷൻ ബിയന്നാലെയിലെ ഏറ്റം ശ്രദ്ദേയമായതും മനൊഹരവുമായ സൃഷ്ടികളിൽ ഒന്നാണ്. 17 അടി X 35 അടി വലുപ്പമുള്ള വളരെ ബൃഹത്തായ ഒരു ഇൻസ്റ്റലേഷനാണത്. ഇതിന്റ് തുടർച്ചയെന്നോണം മറ്റൊരു മുറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള വീഡിയൊ ഇൻസ്റ്റലെഷൻ കൂടി കണ്ടാലേ ദ് ബ്ലാക്ക് ഗൊൾഡ് എന്ന സൃഷ്ടിയുടെ ആസ്വാദനം പൂർണ്ണമാവൂ. 8 അടി വീതിയും 30 അടി നീളവുമുള്ള മൂന്ന് വീഡിയോ പ്രൊജക്ഷൻ മുകളിൽ നിന്നും താഴെ തറയിലേക്ക് ചെയ്തിരിക്കുന്നതാണ് ആ വീഡിയോ ഇൻസ്റ്റലേഷൻ. കൊച്ചിയിലേക്ക് നീണ്ടെത്തിയ കുരുമുളക് എന്ന പൊന്നിനായുള്ള അന്വേഷണമാണ് സൃഷ്ടിയുടെ കാമ്പ്. 

പുരാവസ്തു പ്രദേശമായ പട്ടണത്തിൽ നിന്നും കണ്ടെടുത്ത 2000 വർഷത്തിലേറെ വർഷം പഴക്കമുള്ള ആയിരക്കണക്കിന് കളിമൺ കഷണങ്ങളാണ് ഈ ഇൻസ്റ്റലേഷന് ഉപയോഗിച്ചിരിക്കുന്നത് എന്നത് ഏറെ കൌതുകകരവും പ്രസക്തവുമാണ്. 2000 വർഷം പഴക്കമുള്ള തുറമുഖനഗരമായ മുസിരിസിന്റെ പുനഃസൃഷ്ടിയാണ് ആ കളിമൺ കഷണങ്ങളിലൂടെ ചെയ്തിരിക്കുന്നത്.
 ദ് ബ്ലാക് ഗോൽഡ് ൽ നിന്നും ഒരു ഭാഗം 
ഇതിന്റെ വീഡിയോ ഇൻസ്റ്റലേഷൻ ഒരു മനോഹരമായ ദൃശ്യാനുഭവമാണ്. പ്രൊജക്ഷൻ താഴെതറയിൽ ചെയ്യുകവഴി നമ്മുടെ കാഴ്ചാശീലങ്ങളെ തുടക്കത്തിൽ തന്നെ മാറ്റിമറിക്കുന്നു.രൂപീകൃതമാവുന്ന ദ്വീപും, തറയിൽ   വെള്ളത്തിന്റെ സാന്നിധ്യവും ഒക്കെ നമുക്കു് വല്ലാതെ അനുഭവവേദ്യമാക്കുന്നു.

അടുത്തുതന്നെ ഉണ്ടായിരുന്ന സുബോധിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട ഇൻസ്റ്റലെഷൻ എനിക്കു് കാണാൻ കഴിഞ്ഞില്ല. ഞാൻ ചെല്ലുമ്പോൾ മിക്കാവാറും പാക്ക് ചെയ്തു കഴിഞ്ഞിരുന്നു. യു.കെയിലെ ഹൌസർ ആന്‍ഡ് വര്‍ത്ത് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ പ്രദർശിപ്പിക്കാനായി കൊണ്ടുപോവുകയാണത്.

പി.എസ്. ജലജയുടെ 30 അടി നീളവും 4 അടി വീതിയുമുള്ള “ടഗ് ഒഫ് വാർ” എന്ന വലിയ ജലച്ചായ ചിത്രം യുദ്ധത്തിന്റെ ഭീകരത വിളിച്ചുപറയുന്നു. അവികസിത രാജ്യങ്ങളുടെ യുദ്ധക്കൊതിയിൽ ഏറെ സഹിക്കുന്നത് സ്ത്രീകളും കുട്ടികളുമാണെന്നുള്ള വസ്തുത കാലാകാരിയുടെ മനസ്സിൽ ഉയർത്തിയ അസ്വസ്ഥത ഇവിടെ പകർത്തിയിരിക്കുന്നു.
ടഗ് ഒഫ് വാർ
പ്രദർശനത്തിലെ മറ്റൊരു പ്രധാന സൃഷ്ടിയാണ് സ്പാനിഷ് കലാകാരനായ സാന്റിയാഗോ സിയറയുടെ “Destroyed word” എന്ന വീഡിയോ ഇൻസ്റ്റലെഷൻ. പത്ത് രാജ്യങ്ങളിലെ ആ രാജ്യവുമായി ബന്ധപ്പെട്ട വസ്തുക്കളിൽ കണ്ടെത്തിയ വലിയ പത്ത് അക്ഷരങ്ങൾ ഉൾപ്പെടുന്ന ശ്രദ്ദേയമായ ഇൻസ്റ്റലേഷനാണത്. KAPITALISM” എന്ന പത്തു അക്ഷരങ്ങൾ സൃഷ്ടിച്ച് അതുതകർക്കുന്നതിനെ ചിത്രീകരിച്ച് കൊർത്തിണക്കുക വഴി സമകാലിക ആഗോളസാമ്പത്തികാവസ്തകളിലേക്ക് വിരൽ ചൂണ്ടുന്ന ഈ ഫിലിം പൂർത്തിയാവാൻ രണ്ട് വർഷവും, പത്ത് രാജ്യങ്ങളിലൂടെയുള്ള യാത്രയും വേണ്ടിവന്നു.    
Destroyed word
മൂന്ന് മുറികളുടെ മുഴുവൻ ചുമരുകളും മേല്ക്കൂരയും വിവിധവർണ്ണങ്ങളിൽ ജലച്ചായത്തിൽ ചെയ്തിരിക്കുന്ന “ഒപ്പൺ ആൻഡ് ക്ലോസ്” എന്ന വലിയ വർക്കാണ് ചൈനീസ് കലാകാരനായ ഴാങ്ങ് എൻലിയുടേത്.

അവിടെ നിന്നും ഇറങ്ങുമ്പോഴേക്കും നിരക്ഷരൻ എത്തി. കുറച്ചു് വർഷങ്ങളായി പരസ്പരം അറിയാം, വല്ലപ്പോഴും ഫോൺ വിളിക്കാറുണ്ട് , എന്നാൽ ഞാനും നിരക്ഷരനും നേരിൽ കാണുന്നത് ഇതാദ്യമായി. പക്ഷെ ആദ്യമായി കാണുകയാണെന്നുള്ള തോന്നലേ ഉണ്ടായില്ല, ഇന്നലേക്കൂടി കണ്ടു പിരിഞ്ഞതുപോലെയാണ് തോന്നിയത്. കൂടെയുള്ള ആളെ പരിചയപ്പെടുത്തിയപ്പോൾ ഞാൻ തെല്ലൊന്നമ്പരന്നു. സുപ്രസിദ്ധ മോഹന വീണ കലാകാരൻ ശ്രീ. പോളി വർഗ്ഗീസായിരുന്നു അത്. പിന്നീടങ്ങോട്ട് ഒരുമിച്ചായി നടത്തം.  

അല്പസമയത്തിനുള്ളിൽതന്നെ ബിയന്നാലെയുടെ ഡയരക്ടറും സുപ്രസിദ്ധ കലാകാരനുമായ ശ്രീ ബോസ് കൃഷ്ണമാചാരിയെ പരിചയപ്പെട്ടു. അടുത്തറിയുന്ന ഒരാളേപ്പോലെയാണു് അദ്ദേഹം ഇടപഴകിയത്, ലോകശ്രദ്ദ നേടിയ ഒരു കലാകാരനായിട്ടും സന്ദർശകരോട് ക്ഷമയോടെ സവദിക്കാൻ അദ്ദേഹം ശ്രദ്ദിക്കുന്നു എന്നതു തന്നെ ആരുടെയും ഹൃദയം കവരും.
ശ്രീ. ബോസ് കൃഷ്ണമാചാരിക്കും ശ്രീ. പോളി വർഗ്ഗീസിനുമൊപ്പം

ന്യയോർക്കു സ്വദേശിയായ ആൽഫ്രഡോ യാർ ന്റെ “ Cloud for Kochi”  എന്ന സൃഷ്ടികാണാനാണ് ഞങ്ങൾ പിന്നീട് പോയത്. കൊച്ചിയിൽ ഏറെ സമൃദ്ദവും ഗാതാഗത മാർഗ്ഗവുമായ ജലത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഇൻസ്റ്റലെഷൻ ചെയ്തിരിക്കുന്നത്. ചുവരിൽ പ്രദർശിപ്പിച്ച ലൈറ്റിൽ എഴുതിയിരിക്കുന്ന വായാനക്കു് ഉതാകാത്ത വരികൾ താഴെ ജലത്തിൽ അതിന്റെ പ്രതിബിംബം വായനായോഗ്യമായ വരികളായി മാറുന്നു. കാളിദാസന്റെ മേഘസന്ദേശത്തിലെ പ്രശസ്തമായ വരികളാണ് കലാകാരൻ അതിനായി ഉപയോഗിച്ചിരിക്കുന്നത്.
Cloud for Kochi
അതുൾ ദൊദിയയുടെ “ Calibration in the Laboratory” എന്നു് പേരിട്ടിരിക്കുന്ന ഫോട്ടോ ഇൻസ്റ്റലേഷൻ ഇന്ത്യയിലെ പ്രശസ്ത കലാകാരൻമാരുടെ ജീവിത മുഹൂർത്തങ്ങളിലൂടെയുള്ള ഒരെത്തിനോട്ടമായിരുന്നു. പോളിക്ക് അവരിൽ പലരെയും അടുത്തറിയാം. പോളിയുടെ  പരിചയപ്പെടുത്തൽ കൂടിയായപ്പോൾ അത് ഹ്രൃദ്യമായ ഒരനുഭവമായി മാറി.

ശ്രീനിവാസ പ്രസാദിന്റെ “Erase” എന്ന ഇൻസ്റ്റലേഷൻ ചെയ്തിരിക്കുന്നത് തുറന്ന പ്രകൃതിയിലാണ്. കള്ളിമുള്ളുകൾ കൊണ്ടുള്ള ഒരു വലിയ കൊക്കൂൺ ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്നു. അലപ്പ്പദൂരത്തുനിന്നു തന്നെ നിറച്ച ചാക്കുകൾ അടുക്കിയിട്ട് കൊക്കൂണിന്റെ അടുത്തെത്താൻ വഴിയൊരുക്കിയിരിക്കുന്നു.പ്രദർശനത്തിനു് അവസാനം കത്തിക്കപ്പെടുന്ന ഈ കൊക്കൂണിലേക്ക് നമ്മുടെ ആവശ്യമില്ലാത്ത ചിന്തകളെയും, ഒർമ്മകളെയും , ഭയങ്ങളെയും നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു കലാകാരൻ. ഇവിടെയും ആസ്വാദകൻ ഇൻസ്റ്റലേഷന്റെ ഭാഗമായി മാറുന്നു.
Erase 


                                                                                                                                                 തുടരും...

28 comments:

ഒരു യാത്രികന്‍ said...

മറക്കാനാവാത്ത വിലയേറിയ ഒരു പാടു അനുഭവങ്ങൾ തന്നതായിരുന്നു ബിയന്നാലെ കാണാനായിള്ള എന്റെ കൊച്ചി യാത്ര. ഒറ്റ വീർപ്പിൽ പറഞ്ഞാൽ തീരില്ല. ബിയന്നാലെ തീരും മുമ്പ് കുറച്ചെങ്കിലും നിങ്ങളുമായി പങ്കുവെക്കണം എന്നുണ്ടായിരുന്നു. ഇതാ ആദ്യഭാഗം.

Unknown said...

പ്രിയപ്പെട്ട യാത്രികൻ..... ആദ്യമേതന്നെ ഹൃദയം നിറഞ്ഞ നന്ദി... കാരണം കാണണമെന്ന് മനസ്സുകൊണ്ട് ഒത്തിരി ആഗ്രഹിച്ച കാഴ്ച തന്നെയായിരുന്നു കൊച്ചിൻ ബിയന്നാലെ... പക്ഷേ എന്തുചെയ്യാം, നാട്ടിലൊന്ന് എത്തിയിട്ടുവേണമല്ലോ ബിയന്നാലെ കാണാൻ...

പലപ്പോഴും നമ്മുടെ നിരക്ഷരൻ എഴുതുന്ന കുറിപ്പുകളിലൂടെ, ചാനലുകളിലൂടെ, ബിയന്നാലെ വിശേഷങ്ങൾ അറിയുമ്പോൾ വല്ലത്തൊരു ദു:ഖമായിരുന്നു.. നമ്മൂടെ സ്വന്തം നാട്ടിൽ നടക്കുന്ന ഈ കലാമാമാങ്കത്തിൽ ഒരു കാഴ്ചക്കാരനായെങ്കിലും പങ്കെടുക്കുവാൻ സാധിയ്ക്കാത്തതിന്റെ വിഷമം...

യാത്രികന്റെ ഈ കുറിപ്പിലൂടെ ആ കലാ- ഉത്സവത്തിന്റെ കുറച്ചുഭാഗങ്ങളെങ്കിലും ആസ്വദിയ്ക്കുവാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്.. ഇനിയും നമ്മുടെ കൊച്ചുകേരളത്തിൽ വരുംകാലങ്ങളിലും ഇത്തരം കലാപ്രദർശനങ്ങൾ ഒരുക്കുവാൻ ഇടവരുമെന്ന് പ്രതീക്ഷിയ്ക്കാം.... ഈ പ്രദർശനത്തിനായി അക്ഷീണം പ്രയത്നിച്ച എല്ലാവർക്കും ആശംസകൾ നേരാം.. ഒപ്പം ഈ വിവരണം ഞങ്ങൾക്കായി ഒരുക്കിയ യാത്രികനും....

ajith said...

നന്നായി
നേരില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കാണാന്‍ സൌകര്യമൊരുക്കിയല്ലോ

തുടരൂ

ജെപി @ ചെറ്റപൊര said...

ഈ അനുഭവം പങ്കുവെച്ചതിനു നന്ദി...കുറെ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചു ...ഞാനും ബിനാലെ കണ്ടിരുന്നു ...ഒരു നല്ല ഗൈഡിന്‍റെ അഭാവം എനിക്ക് അനുഭവപ്പെട്ടിരുന്നു.....


ഞാന്‍ കണ്ട ബിനാലെ

നിരക്ഷരൻ said...

നാളെ ബിയനാലെ 2012 തീരുകയാണ്. ഇത്രയ്ക്കധികം പ്രാവശ്യം കയറിയിറങ്ങിയ ഒരു കലാവേദി ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. കൂടെ വന്ന ഒരാൾക്ക് വിശദമായി ഇങ്ങനെയൊരു ലേഖനം എഴുതാൻ പറ്റി എന്നത് തന്നെ വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

mini//മിനി said...

ബിനാലെ എന്താണെന്ന് തിരിച്ചറിയാൻ സഹായിച്ചു. വളരെ സന്തോഷം.

Pheonix said...

Sorry for missing the event, but now am happy to read this and others about it.

ജന്മസുകൃതം said...

biyannaleyude mahathvam manassilaakkaan oru yathrikanteyum niraksharanteyumokke sahaayam vendivannu.thank u vineeth...thanks a lot.

ഷൈജു നമ്പ്യാര്‍ said...

ഒരു പക്ഷെ കുരുടന്‍ ആനയെ കണ്ടപോലെ ബിനാലെയെ കണ്ടു വന്നവര്‍ക്ക് ഒരിക്കല്‍ക്കൂടി കാര്യങ്ങളൊക്കെ മനസ്സിലാക്കി വിശദമായി കാണാന്‍ ഇനി കഴിഞ്ഞേക്കും..പക്ഷെ സമയം വൈകിപ്പോയല്ലോ.ബിനാലെ കാണാന്‍ ഭാഗ്യം കിട്ടാത്തവര്‍ക്ക് ഈ വിവരണങ്ങളിലൂടെയെന്കിലും അതിനു സാധിക്കുമല്ലോ...തുടര്‍ഭാഗങ്ങള്‍ക്ക് കാത്തിരിക്കുന്നു.

Unknown said...

:)

Pradeep Narayanan Nair said...

ചിത്രങ്ങൾ സഹിതം സാമാന്യം വിശദമായി തന്നെ അവതരിപ്പിച്ച യാത്രികന് ഒരുപാട് നന്ദി !
കൊച്ചിക്കാരനാണെങ്കിലും ബിയനാലെ കാണാൻ തരപ്പെടാതിരുന്നതിലെ സങ്കടം തീരുന്നത് ഇതു പോലുള്ള ലേഖനങ്ങൾ വായിക്കുമ്പോഴാണ്.
അടുത്ത ഭാഗങ്ങൾ വായിക്കാൻ കാത്തിരിക്കുന്നു..

Manikandan said...

ബിയന്നാലെയുടെ ഭാഗമാകാൻ കഴിഞ്ഞില്ല. എന്നാലും ചിത്രങ്ങളിലൂടെയും, ലേഖനങ്ങളിലൂടേയും ഇതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.

നിരക്ഷരൻ said...

@ യാത്രികൻ - ഒരു മുഴുനീള റിപ്പോർട്ട് ഇവിടെയുണ്ട്.

Unknown said...
This comment has been removed by the author.
ആചാര്യന്‍ said...

നല്ലൊരു വിവരണം കാണാന്‍ സാധിക്കാത്ത എനിക്കും വളരെ ഉപകാരപ്രദമായി ഈ പോസ്റ്റ് നന്ദി ...

ഒരു യാത്രികന്‍ said...

ഷിബു: ഇഷ്ടപ്പെട്ടു എന്നരിഞ്ഞതിലും പിന്നെ ഈ വിശദമായ കമന്റിനും നന്ദി.

അജിത്: സന്തോഷം അജിത്. വീണ്ടും വരിക

കുട്ടൻ: സന്തോഷം. തുടരവായനക്കായി വീണ്ടും വരിക

നിരക്ഷരൻ: അടുത്തഭാഗം ഉടൻ തന്നെ :). ഇതു ഷെയർ ചെയ്ത് കൂടുതൽ പേരിൽ എത്തിച്ചതിനു ഒരു പാട് നന്ദി.

മിനി: സന്തൊഷം മിനി റ്റീച്ചർ

ഫിയൊനിക്സ്:thank you very much

ജന്മസുകൃതം: ഒരു പാട് സന്തൊഷം ലീലചേച്ചി

ഷൈജു: നല്ല വാക്കുകല്ക് ഒരു പാട് നന്ദി,

അരുൺ: ആ പുൻചിരിക്കും നന്ദി

പ്രതി: സന്തോഷം. മറക്കാതെ വീണ്ടും വരിക

മണികണ്ഡ്ൻ: സന്തോഷം. അവിടെ വരെ വന്നിട്ടും മണിയെ കാണാൻ പറ്റിയില്ല എന്നതിൽ വിഷമമുണ്ട്.

നിരക്ഷരൻ: ആ രിപ്പോറ്ട്ട് ഒരു പാടു സന്തോഷം തന്നു

അചാര്യൻ: വരവിനും കമന്റിനും ഒരു പാട് നന്ദി. വീണ്ടും വരൂ

....സസ്നേഹം

ഭാനു കളരിക്കല്‍ said...

വളരെ നന്നായിരിക്കുന്നു വിവരണം.
അഭിനന്ദനങ്ങൾ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രഥമമായി ഭാരത്തത്തിൽ
അരങ്ങേറിയ ബിയനേലെ വിശേഷങ്ങൾ പങ്കുവെച്ച് ,ആയത് ദർശിക്കുവാൻ കഴിയാത്തവർക്കുപോലും ,
ആയതിനെ പറ്റിയൊക്കെ ശരിക്കും മനസ്സിലാക്കുവാൻ
‘ലിങ്കുകൾ’ സഹിതം ഇവിടെയെല്ലാം ആവിഷ്കരിച്ചതിൽ
ബഹു സന്തോഷം കേട്ടൊ ഭായ്

aboothi:അബൂതി said...

ഒരായിരം അഭിനന്ദനങ്ങളോടെ എന്റെ നന്ദി കുറിക്കുന്നു.. നല്ലൊരു പോസ്റ്റ്

sijo george said...

നല്ല വിവരണം വിനീത്.. കാണാൻ പറ്റാത്ത ബിയനാലെ വീണ്ടും കാണുന്നു..

Neema Rajan said...

മാഷെ! വിവരണം അറിവിനൊപ്പം കണ്ണിനു സദ്യയും പകര്ന്നു തന്നു... :-))

ഒപ്പം ഇത്രയും നല്ലൊരു ഉദ്യമം, ചെന്നെത്താൻ പറ്റുന്ന ദൂരത്ത് നടന്നിട്ടും പഴാക്കിയതിൽ കുറ്റബോധവും തോന്നിച്ചു...

Manickethaar said...

നന്നായി

പട്ടേപ്പാടം റാംജി said...

മുഴുനീള റിപ്പോര്‍ട്ടായപ്പോള്‍ കാണാന്‍ കഴിയാത്ത വിഷമത്തിന് അല്പം അയവ് ലഭിച്ചു.
അടുത്ത ഭാഗം കൂടി നോക്കട്ടെ.

Manikandan said...

ഇനിയും എന്നെങ്കിലും കണ്ടുമുട്ടാം :)

chithrakaran:ചിത്രകാരന്‍ said...

കലക്കീ‍ീ‍ീ‍ീരിക്കുന്നു. ബ്ലോഗില്‍ കേറല്‍ കുറഞ്ഞതുകൊണ്ട് ഒന്നും അറിഞ്ഞിരുന്നില്ല :)

Anonymous said...

ബിനാലെയെകുറിച്ചുള്ള വിവാദങ്ങൾ വഴിയാണ് ആദ്യം കേട്ട് മനസ്സിലായതും ഒരു മുന്‌വിധിയോടെ പ്രതിഷേധരൂപത്തിൽ ചിന്തിച്ചതും. ബിനാലെ അടുത്തടുത്ത് വരികയും അനുബന്ധവാർത്തകളും ഫീച്ചറുകളും വായിക്കുകയും വഴി മനസ്സിൽ ഒരു നഷ്ടബോധത്തിന് വിത്തു പാകി. നിരക്ഷരന്റെ പോസ്റ്റുകൾ വഴി അത് പടർന്ന് പന്തലിച്ചു. 

രണ്ട് ഭാഗങ്ങളും വായിച്ചു. സചിത്രമായ ഈ മനോഹര വിവരണം യാത്രയും കലയും ഇഷ്ടപ്പെടുന്ന ആരുടെയും മനസ്സിൽ തങ്ങി നിൽക്കും വിധം മനോഹരവും ജീവസ്സുറ്റതുമാണ്.

Anil cheleri kumaran said...

u r great...

വീകെ said...

ബിനാലെയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു.
ആശംസകൾ...