ഓരോ യാത്ര കഴിയുമ്പോഴും ഞാൻ അടുത്തയാത്രയെപ്പറ്റി സ്വപ്നം കണ്ടു തുടങ്ങും. കാരണം മറ്റൊന്നുമല്ല, കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയ യാത്രയിലും ഉണ്ടാവും നമ്മെ ആശ്ചര്യപ്പെടുത്തുന്ന നേർകാഴ്ച്ചകൾ, കണ്ടുമുട്ടലുകൾ, ത്രസിപ്പിക്കുന്ന അനിശ്ചിതത്വങ്ങൾ. യാത്ര തീർന്നാലും മനസ്സിൽ നിന്നും പടിയിറങ്ങാൻ മടിച്ചുനില്കുന്ന ആ അനുഭവങ്ങളുടെ ലഹരി ഒന്നു മാത്രം മതി അടുത്ത യാത്രക്കായി മനസ്സ് വെമ്പാൻ.
ബിയാന്നാലെ കാണാനായുള്ള എന്റെ കൊച്ചിയാത്രയും മറിച്ചായിരുന്നില്ല. അന്നത്തെ യാത്ര എനിക്ക് സമ്മാനിച്ച വിലയേറിയ അനുഭവമായിരുന്നു ശ്രീ. പോളിയുമായുള്ള സൗഹൃദം, സൌഹൃദമെന്നാൽ പോളിയെട്ടാ എന്ന് സംബോധന ചെയ്ത് എപ്പോൾ വേണമെങ്കിലും വിളിക്കാനുള്ളത്ര സൗഹൃദം. ഈ സൗഹൃദത്തിനു വഴിയൊരുക്കിയ നിരക്ഷരന് ഹൃദയം നിറഞ്ഞ നന്ദി.
പോളി ആരെന്നല്ലേ? അദ്ദേഹത്തെപ്പറ്റി ബിയന്നാലെ യാത്രാവിവരണത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. വിശേഷണങ്ങൾ ഏറെയുണ്ട് അദ്ദേഹത്തിന് . ഇന്ത്യയിലെ ആദ്യ ഗ്രാമി അവാർഡ് ജേതാവായ ശ്രീ. വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യൻ. അദ്ദേഹം തന്നെ രൂപകൽപന ചെയ്ത മോഹന വീണ എന്ന വാദ്യോപകരണവും വാദന രീതിയും പോളിയുടെ കയ്കളിൽ സുരക്ഷിതമാവും എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. വെറുതെയല്ല അദ്ദേഹത്തിന്റെ വാദന ശൈലി പിന്തുടരുന്ന ലോകത്തിലെ ആകെ നാല് പേരിൽ ഒരാളാവാൻ പോളി വർഗീസ് എന്ന കലാകാരന് കഴിഞ്ഞത്. കഴിഞ്ഞ മൊസാർട്ട് ഫെസ്റ്റിവലിൽ പെർഫോം ചെയ്യാൻ ക്ഷണിക്കപ്പെട്ട കലാകാരൻമാരിൽ ഒരാളായി പോളിയുമുണ്ടായിരുന്നു. അന്നേ അവർ അദേഹത്തെ കണ്ണ് വെച്ചിരുന്നു എന്നതിന് തെളിവാണ് ഈ വർഷവും മൊസാർട്ട് ഫെസ്റ്റിവലിന് വിയന്നെയിലേക്ക് പോളിക്ക് കിട്ടിയ ക്ഷണം.
ഒരവധൂതനെപ്പോലെ അദ്ദേഹം നടത്തിയ ഏകാന്ത യാത്രകളുടെ കഥകൾ ഒരു യാത്രികൻ എന്ന നിലയിൽ എന്നെ മോഹിപ്പിച്ചത് ഒട്ടൊന്നുമല്ല. ചിലപ്പോഴെങ്കിലും പകൽ സമയങ്ങളിൽ അദ്ദേഹം സ്കൈപ്പിൽ ഓണ്‍ലൈനിൽ ഉണ്ടാവും. അപ്പോഴൊക്കെ ഓഫീസിലിരുന്ന് അദേഹം മോഹന വീണ പ്രാക്ടീസ് ചെയുന്നത് കേൾക്കാനുള്ള അപൂർവ്വ ഭാഗ്യവും എനിക്ക് കിട്ടാറുണ്ട്. കൊച്ചിയിൽ എനിക്കായി അദ്ദേഹം മോഹന വീണ മീട്ടിയത് മുതൽ ഇങ്ങോളം പലതവണ ഓണ്‍ലൈനിൽ ഞാൻ അദേഹത്തിന്റെ മാന്ത്രിക സംഗീതം പലതവണ നുകർന്നു.
സപ്തസ്വരങ്ങളെ തന്റെ വിരൽതുമ്പിൽ കുടിയിരുത്തിയ, പലപ്പോഴും ആ സ്നേഹ സംഗീതം എനിക്കായി പകർന്നുനൽകിയ പോളിയേട്ടനെ ഞാൻ സപ്തവർണങ്ങളിൽ അല്ലാതെ എങ്ങിനെ വരക്കും. അദ്ദേഹത്തെ വരക്കാനിരുന്നപ്പോൾ ആ മോഹന സംഗീതവും കൂട്ടായി ഉണ്ടായിരിന്നു
പോളിയെട്ടനെ അടുത്തതവണ കാണുമ്പോൾ ഈ ചിത്രവും ഉണ്ടാവും എന്റെ കൂടെ, അതിൽ അദ്ദേഹത്തിന്റെ ഒരൊപ്പുചേർക്കാൻ......
മീഡിയം: കളർ പെൻസിൽ ഓണ്‍ ഡ്രോയിംഗ് പേപ്പർ
സൈസ് : 12" X 15"
മീഡിയം: കളർ പെൻസിൽ ഓണ്‍ ഡ്രോയിംഗ് പേപ്പർ
സൈസ് : 12" X 15"
12 comments:
പോളിയേട്ടന് ഒരു സ്നേഹക്കുറിപ്പ് ....സസ്നേഹം
പോളിയേട്ടനെ അടിപൊളിയായി പരിചപ്പെടുത്തിയിരിക്കുന്നൂ...!
കേട്ടിട്ടുണ്ട് ധാരാളം ഈ കലാകാരനെ കുറിച്ച്.
വിവരണം കൂടുതല്‍ പരിചയപ്പെടുത്തി.
മോഹനവീണയിൽ നാദവിസ്മയം തീർക്കുന്ന പോളിയേട്ടനെന്ന ഈ കലാകാരനെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം.....
നാദവിസ്മയത്തെ, വർണ്ണവിസ്മയങ്ങൾകൊണ്ട് തയ്യാറാക്കിയ യാത്രികന് അഭിനന്ദനങ്ങളും......:)
ബിന്നാലെ പോസ്റ്റില്‍ പോളിയെക്കുറിച്ച് എഴുതിയിരുന്നത് വായിച്ചിട്ടുണ്ട്.
ഇപ്പോഴാണിത്രയും കൂടുതല്‍ അറിയുന്നത്
പോളിയെ വിശദമായി പരിചയപ്പെടുത്തിയതിനു നന്ദി
ഈ യാത്ര തുടരട്ടെ,
ഇനിയും എഴുതട്ടെ
പോളിയെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി.
ഞാൻ കുറേ വായിക്കാൻ വിട്ടുപോയെന്നു തോന്നുന്നു. ഒക്കെ ഒന്നു നോക്കട്ടെ.
ആശംസകൾ...
ഓരോ യാത്ര കഴിയുമ്പോഴും ഞാൻ അടുത്തയാത്രയെപ്പറ്റി സ്വപ്നം കണ്ടു തുടങ്ങും.
പോളിയെ ഉഗ്രനായിട്ട് കളറിൽ ആവാഹിച്ചിട്ടുണ്ട്. :) അഭിനന്ദനങ്ങൾ യാത്രികൻ.
ചില സൗഹൃദങ്ങൾ നമ്മുടെ ഹൃദയത്തെ സ്പർശിക്കും...ആ സ്പർശനം കൈവിരലുകളാൽ ചിത്രമായപ്പോൾ സൗഹൃദത്തിനു നല്ല ഭംഗി ...ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയിൽപീലി
ഒരിക്കല്‍ ദില്ലിയില്‍ വെച്ച് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിണ്റ്റെ മോഹനവീണാവാദനം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായി. അതൊരു അനുഭവമായിരുന്നു. അദ്ദേഹത്തിണ്റ്റെ ശിഷ്യനും അതുപോലെ അനുഗൃഹീതനാണെന്നറിഞ്ഞതില് അതീവ സന്തോഷം. അങ്ങനെ ആവാനേ തരമുള്ളൂ.
Post a Comment