ഒരു ഡിസംബര്‍ മാസത്തിലാണ് ഞാന്‍ ഹോളണ്ടിലെ അതിപ്രശസ്തമായ ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. വളരെ വലുതും തിരക്കേറിയതുമായതാണ് ആംസ്റ്റര്‍ഡാം വിമാനത്താവളം. വിമാനത്താവളത്തോട് ചേര്‍ന്നു തന്നെ യാണ് റെയില്‍വെ സ്റ്റേഷനും. വളരെ സൌകര്യപ്രദമായ ഒരു സംവിധാനമാണത്. മിക്കവാറും ട്രെയിനുകളെല്ലാം രണ്ടുനിലയുള്ളവയായിരുന്നു. രണ്ടുനില ബസ്സില്‍ കയറിയിട്ടുണ്ടെങ്കിലും രണ്ട് നില ട്രയിന്‍ കാണുന്നതും കയറുന്നതും ആദ്യമായിട്ടാണ്. സ്റ്റേഷനില്‍ വച്ച് ഷിന് എന്ന ചൈനക്കാരന് വിദ്ധ്യാര്‍ഥിയെ പരിചയപ്പെട്ടു. ലോജിസ്റ്റിക്സ്ആണ് അവന്റെ പാഠ്യവിഷയം. അവനും പൊകേണ്ടത് റോട്ടര്ഡാമിലേക്കായിരുന്നു. ആമസ്റ്റര്ഡാമില് നിന്നും റോട്ടര്‍ഡാമിലേക്കുള്ള യാത്രയില്‍ അവിടുത്തെ ഭൂപ്രകൃതിയെ പറ്റി മനസ്സിലാക്കാന്‍ ശ്രമിച്ചു. വിശാലമായ ഉഴുതിട്ട പാടങ്ങല്‍ വഴിനീളെ കാണാമയിരുന്നു. ഷിന് പറഞ്ഞു അതു കന്നുകാലികള്കുള്ള പുല്ലുവളര്ത്താനുള്ളതാണത്രെ. അതിമനോഹരങ്ങളായ ട്യൂലിപ് പുഷ്പങ്ങളും ഈ പാടങ്ങളില്‍ കൃഷിചെയ്യും. ഏപ്രില്‍ മേയ് മാസങ്ങളാണ് ട്യൂലിപ് പുഷ്പങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് പൂത്തുനില്കുന്ന ട്യൂലിപ് പാടം കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല.
കൌതുക മുണര്‍ത്തുന്നതാണ് ഡച്ച് ആര്കിറ്റെക്ചര് സ്റ്റൈല്‍. കടുത്ത കാപ്പി നിറത്തിലുള്ള ഇഷ്ടികയിലാണ് മിക്കവാറും എല്ലാ നിര്‍മ്മിതിയും, അതില്‍ വെള്ളച്ചായമടിച്ച ജനാലച്ചട്ടകളും ഇളം കാപ്പിയോ കടും കാപ്പിയോ ചായം പൂശിയ ഓടിന്റെ മേല്കൂരയും. ചില്ലുജാലകത്തിനകത്ത് നേര്‍ത്ത വെളുത്ത തിരശീല, ജനലിനു പുറത്തുള്ള ചെടിച്ചട്ടികളില്‍ വിടര്‍ന്നു നില്കുന്ന നിറപ്പകിട്ടാര്‍ന്ന പൂക്കള്‍. ഇത് അവിടുത്തെ സുന്ദരമായ ഒരു സാധാരണ കാഴ്ചയായിരുന്നു.
എനിക്കു പോകേണ്ടത് സ്പെക്നിസ് എന്ന സ്ഥലത്തേക്കണ്. റൊട്ടര്‍ഡാമില്‍ നിന്നും ഇരുപത്തഞ്ചുമിനുട്ട് യാത്രയുണ്ട് അവിടേക്ക്. ഒരു പാക്കിസ്ഥാനിയുടെ ടാക്സിയാണ് റോട്ടര്‍ഡാമില്‍ നിന്ന് കിട്ടിയത്. 26 വര്‍ഷമായി അയാളിവിടെ വന്നിട്ട്. പഞ്ചാബ് പ്രവശ്യയില്‍നിന്നുള്ള അയാള്‍ ഈ കാലയളവില്‍ മൂന്ന് പ്രാവശ്യം മാത്രമെ സ്വന്തം നാട്ടില്‍ പോയിട്ടുള്ളു. പലതും സംസാരിച്ച് ഞങ്ങള്‍ സ്പെക്നിസില്‍ എത്തി.
വളരെ നല്ല ഹോട്ടെല്‍, അതിമനോഹരമാണ് സ്പെക്നിസിന്റെ ഭൂപ്രക്രിതി. ധാരാളം വെള്ളക്കെട്ടുകളും നീര്‍ചാലുകളും, അതില്‍ പരതിനടക്കുന്ന അരയന്നങ്ങള്‍.കറുപ്പ് നിറത്തിലുള്ള അരയന്നങ്ങളെയും അവിടെ കണ്ടു. അതെനിക്ക് കൌതുക കാഴ്ചയായി. ഇരു കരകളിലും ശിശിരത്തെ വരവേല്‍ക്കാന്‍ ഇലപൊഴിച്ചു നില്കുന്ന മരങ്ങള്‍. മനം കവരുന്ന പ്രകൃതിഭംഗിയായിരുന്നുവെങ്കിലും തണുപ്പു കാലമായതു കൊണ്ടുള്ള മങ്ങിയ വെളിച്ചം ചുറ്റും ഒരു ശോകഛവി പകര്‍ന്നു. അന്നു ചില റെസ്റ്റോരണ്റ്റ്കളില് കയറി ഇറങ്ങി. മരപ്പാളികള്‍ പതിച്ച ചുമരുകളും തറയും പിന്നെ മെഴുകുതിരിയുടെ മങ്ങിയ മഞ്ഞ വെളിച്ചം...ആകെ കൂടി പഴമയുടെയും രാജകീയതയുടെയും സമഞ്ജസ സമ്മേളനം. അത്യാകര്‍ഷകമായ ആ അന്തരീക്ഷത്തില്‍ ഞാന്‍ ഒന്നുരണ്ടു ബീര്‍ ചെലുത്തി....യാത്രകള്‍ക്കിടയില്‍ വലിയ കാറ്റാടിമില്ലുകള്‍ പലയിടത്തും കാണാമായിരുന്നു. അവയൊക്കെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടൊ എന്നറിയില്ല.
അടുത്ത ദിവസം റോട്ടര്‍ഡാമിലേക്കുള്ള യാത്ര രസകരമായിരുന്നു. സ്പെക്നിസ് സെന്‍ട്രലില്‍ നിന്നും മെട്ട്രൊയിലാണ് പോയത്. എല്ലാസ്റ്റേഷനില് എത്തുമ്പോഴും അതാതു സ്റ്റേഷണ്റ്റെ പേര് രണ്ട്പ്രാവശ്യം ട്രെയിനില്‍ അനൌണ്സ് ചെയ്യുന്നത് യാത്രക്കാര്‍ക് വളരെ സഹായകമാണ്. റോട്ടര്‍ഡാമിലെത്തി ആദ്യം പോയത് ഹിസ്റ്റോറിക്കല്‍ മ്യൂസിയത്തിലേക്കാണ്. റോട്ടര്‍ഡാമിന്റെ ചരിത്രം ഒരു പാട് ഫോട്ടോകളുടെ സഹായത്തോടെ സ്പോട് ലൈറ്റിണ്റ്റെ വെളിച്ചത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഓരോ ദ്രിശ്യങ്ങളെ കുറിച്ചുമുള്ള വിശദീകരണം ഡച്ചു ഭാഷയില്‍ ആയിരുന്നത് കൊണ്ട് കാര്യമായി ഒന്നും മനസ്സിലായില്ല. പിന്നെ ഒട്ടേറെ പെയിണ്റ്റിങ്ങ്സും ഉണ്ടായിരുന്നു. മിക്കവാറും അബ്സ്ട്രാക്റ്റ് സ്റ്റൈലില്‍ ഉള്ള പെയിന്റിംഗ്സ് ആയിരുന്നു.
പിന്നീട് പോയത് പ്രശസ്ഥമായ സൈണ്റ്റ് ലോറന്‍സ് ചര്‍ച്ചിലേക്കാണ്.പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിതമായ ഈ ചര്‍ച്ച് റോട്ടെര്‍ഡാമിലെ ഏറ്റവും പഴക്കം ചെന്ന നിര്മ്മിതിയാണത്രെ. വളരെ വലുതാണെങ്കിലും റോമിലുള്ള ചര്‍ച്ചുകളുടെ ഭംഗി ഇതിനില്ല. റോട്ടര്‍ഡാം ഇത്തിരി നടന്നു കണ്ടു. വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു വലിയ ജനസമൂഹം ഇവിടെ ഉണ്ട്. പല രാജ്യങ്ങളില്‍ നിന്നും വന്നവര്‍ പരസ്പരം വിവാഹം കഴിച്ച് ആകെ കുഴഞ്ഞു കിടക്കയാണ് ഇവരുടെ സംസ്കാരം എന്നാണ് പലരോടും സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഉദാഹരണമായി ഹോട്ടെലിലെ റിസപ്ഷനിസ്റ്റായ ദൊനീത്തെ എന്ന പെണ്‍കുട്ടി. അവളുടെ അച്ചന് ഇന്ത്യനും അമ്മ കരീബിയയില്‍ നിന്നുമാണ്. സൌത്ത് അമേരിക്കയിലെ സുറിനാമ എന്ന സ്ഥലത്ത് പണ്ടെന്നോ കുടിയേറിപ്പാര്‍ത്ത ഒട്ടേറെ ഇന്ത്യന്‍ വംശജരെ ഞാനവിടെ കണ്ടു. പലരും ഇന്ത്യ കണ്ടിട്ടുപോലുമില്ല. ചുറ്റിനടന്നപ്പോള്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. ആര്കിറ്റെക്ചറിലെ അവരുടെ ഡച്ച് സ്റ്റൈല്‍ അവര്‍ കഴിയുന്നതും നിലനിര്‍ത്തിയിരിക്കുന്നു. പുതിയ കെട്ടിടങ്ങള്‍ പോലും ചുറ്റുമുള്ള പഴയ കെട്ടിടങ്ങളോട് ചേര്‍ന്നു പോകും വിധം ശ്രദ്ധയോടെ നിര്‍മ്മിച്ചിരിക്കുന്നു. വളരെ തിരക്കേറിയതാണ് റോട്ടര്‍ഡാം മറിച്ച് സ്പെക്നിസ് വളരെ ശാന്തമായതും. പകുതിയോളം ഹോളന്‍ഡ് ലോകമഹായുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ പകുതി ഹോളന്‍ഡ് പുതിയതും മറുപകുതി പഴയതുമാണെന്നാണ് അവിടുത്തുകാര്‍ പറഞ്ഞത്.
ഈയാത്രയിലെ ഭാഗ്യം എന്താണെന്ന് നിങ്ങള്‍ ആലോചിച്ചുതുടങ്ങിക്കാണും. പഴയ യാത്രയായതുകൊണ്ട് നിങ്ങള്‍ക്കായി ചിത്രങ്ങളൊന്നും എന്റെ കൈവശമില്ല. അതുകൊണ്ട് ഈ കുറിപ്പു ആ ഭാഗ്യത്തെ കുറിച്ചുമാത്രമാവണം എന്നു കരുതിയതാണ്. പക്ഷെ ഒരു നല്ല എഴുത്തുകാരനല്ലാത്തത് കൊണ്ട് എഴുതിവന്നപ്പോള്‍ അല്പം കാടുകയറി. എന്തായാലും ഒരിത്തിരി കൂടി ക്ഷമിക്കൂ. അടുത്ത ദിവസം കപ്പല്‍ വരുന്നു. എനിക്കുപോയി ജോലിതീര്‍ക്കണം. കപ്പല്‍ വരുന്നത് ബെല്‍ജിയത്തിലെ ആന്റ്വെര്പന് പോര്ടിലായിരുന്നു. സ്പെക്നിസില്‍ നിന്നും ടാക്സിയിലാണ് ബെല്‍ജിയത്തില്‍ പോയത്. രണ്ടര മണിക്കൂറിലധികം ഉണ്ടായിരുന്നു ആ യാത്ര എന്നാണോര്‍മ്മ. മനോഹരമായ ഭൂപ്രദേശങ്ങളിലൂടെ ആയിരുന്ന ആ യാത്രയുടെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. കപ്പലില്‍ എത്തിയിയപ്പോഴണ് അവര്‍ പറയുന്നത് പോര്ടില് അധികസമയം നില്കുന്നില്ല. അതുകൊണ്ട് ഞാന്‍ അന്നു തന്നെ ഇറങ്ങണം. എന്റെ ഭാഗ്യം നോക്കണെ!! അതുകൊണ്ട് ഞാന്‍ തിരിച്ച് വീണ്ടും ഹോളണ്ടില്‍ പോയി അവിടെ ഒരു ദിവസം കൂടി നില്കണം. വൈകുന്നേരത്തോടെ ഞാന്‍ സ്പെക്നിസില്‍ തിരിച്ചെത്തി. അപ്പോഴെ തീരുമാനിച്ചു, നാളെ ആംസ്റ്റര്‍ഡാമില്‍ പോവണം.
പിറ്റേന്ന് രാവിലെ പത്തുമണിയോടെ ഞാന്‍ ആംസ്റ്റര്‍ഡാമില്‍ എത്തി. അതൊരു ഞായറാഴ്ച ആയിരുന്നു. ക്രിസ്തുമസ്സിനെ വരവേല്കാന് നഗരം മുഴുവന്‍ അണിഞ്ഞൊരുങ്ങിനില്കുന്നു. എങ്ങും ഇലപൊഴിഞ്ഞ മരങ്ങള്‍....വീണുകിടക്കുന്ന ഇലകള്കിടയില് സുന്ദരമായ മേപ്പിള്‍ ഇലകളെ ഞാന്‍ തിരിച്ചറിഞ്ഞു. പത്തുവര്‍ഷം മുമ്പ് സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നും ശേഖരിച്ച മേപ്പിള്‍ ഇല ഞാന്‍ ഇന്നും സൂക്ഷിക്കുന്നു. എവിടെപോവണം എന്തുകാണണം എന്ന് യാതൊരു ധാരണയും ഇല്ലായിരുന്നു. അതുകൊണ്ട് അടുത്തുകണ്ട സാമാന്യം വലിയ ഒരു സുവനീര്‍ ഷോപിലേക്ക് കയറി. അവിടെ കണ്ട കഴ്ച എന്നില്‍ കൌതുകമുണര്‍ത്തി. പോസ്റ്റ് കാര്‍ഡിലും, മഗ്ഗുകളിലും, പ്ളൈറ്റുകളിലും എന്നു വേണ്ട മിക്കവാറും എല്ലാ സാധനങ്ങളിലും വാന്‍ഗോഗിന്റെ സെല്‍ഫ് പോര്ട്രൈറ്റിന്റെയും മറ്റുചിത്രങ്ങലുടെയും പ്രിന്റ്. എനിക്കെന്റെ ആശ്ചര്യം അടക്കാനായില്ല. ഞാന്‍ അവിടുള്ള ഒരു സെയില്‍സ്മേനോട് കാര്യം അന്വേഷിച്ചു. എന്നെ നോക്കി കണ്ണ് ബള്‍ബാക്കി പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, അറിയില്ലെ? വാന്‍ഗോഗ് ഞങ്ങളുടെ സ്വന്തം ചിത്രകാരനാണ്. ഇതാണ് അദ്ദേഹത്തിന്റെ ജന്മദേശം. അദ്ദേഹത്തിന്റെ പേരില്‍ ഇവിടെ ഒരു മ്യൂസിയവും ഉണ്ട്. ഇത്തവണ എന്റെ കണ്ണ് ബള്‍ബായി. എന്റെ ഉള്ളില്‍ എന്തൊക്കെയോ പൊട്ടിത്തെറിക്കുംപൊലെ. വാന്‍ഗോഗ് മ്യൂസിയത്തിലേക്കുള്ള വഴി അയാള്‍ പറഞ്ഞു തന്നു. എങ്ങോട്ടുപോവണം എന്തുകാണണം എന്ന കാര്യത്തില്‍ എനിക്കപ്പോള്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
ഞാന്‍ വാന്‍ഗോഗ് മ്യൂസിയത്തിലേക്ക് വച്ചുപിടിച്ചു. മ്യൂസിയത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് എടുക്കാനുള്ള നിരയില്‍ ഞാനും ചേര്‍ന്നു. ഒരിക്കലും ജീവിതത്തില്‍ ഉണ്ടാവും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലാത്ത മഹാഭാഗ്യം ഇതാ നിമിഷങ്ങള്‍ മാത്രം അകലത്തില്‍. എന്റെ ഹ്രിദയമിടിപ്പേറിയത് ഞാനറിഞ്ഞു. ആ കാത്തിരിപ്പില്‍ എന്തൊക്കെയായിരുന്നു എന്റെ മനസ്സിലൂടെ കടന്നു പോയത്.....കുഞ്ഞു നാളിലെ ആ പുസ്ഥകത്തെ ഞാന്‍ ഓര്‍ത്തു. സൈന്റ് പീറ്റേര്‍സ് ചര്‍ച്ചില്‍ പിയാത്ത കണ്ടപ്പോള്‍ മനസ്സില്‍ ഓടിയെത്തിയ അതേ പുസ്തകം. അതിലാണ് ഞാന്‍ ആദ്യമായി വാന്‍ഗോഗിന്റെ പെയിന്റിംഗ് കാണുന്നത്. The Bed Room പിന്നെ The Harvestഎന്നിവയായിരുന്നു ആ പെയിന്റിങ്ങുകള്‍ , അതു ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. ഈശ്വരാ ഇപ്പോള്‍ ഞാന്‍ ആ പെയിന്റിങ്ങുകള്‍ നേരില്‍ കാണാന്‍ പോവുന്നു. എന്റെ മനസ്സ് മഴയുടെ മുന്നൊരുക്കം കണ്ട മയിലിനെ പോലെ തുള്ളിച്ചാടി.
Bed Room-കടപ്പാട്-Artknowledgenews.com
Harvest-കടപ്പാട്-Artknowledgenews.comഅങ്ങനെ കാത്തിരിപ്പവസാനിച്ചു...എന്റെ ഊഴമായി ഞാനും മ്യൂസിയത്തിനകത്തു കടന്നു. പിന്നെ ഞാന്‍ എല്ലാം മറന്നു. കലയുടെ ആ മായികലോകത്ത് മൂന്ന് മണിക്കൂറ് മൂന്ന് നിമിഷം പോലെ കടന്നുപോയി. പ്രതിഭയുടെ അത്യുന്നതയില്‍ മനസ്സിന്റെ താളം പലപ്പോഴും കൈവിട്ടുപോയ, ജീവിതകാലം മുഴുവന്‍ തന്റെ പെയിന്റിങ്ങില്‍ നിന്നുള്ള ഒരു വരുമാനവും അനുഭവിക്കാന്‍ കഴിയാഞ്ഞ മഹാനായ കലാകാരന്. തന്റെ പെയിന്റിങ്ങുകളുടെ മുഴുവന്‍ അവകാശവും വാന്‍ഗോഗ് നല്‍കിയത് തനിക്കു ജീവിതത്തില്‍ എന്നും താങ്ങായിരുന്ന പ്രീയപ്പെട്ട ജ്യേഷ്ഠന് തിയോഡറിനാണ്. എന്നാല്‍ അദ്ദേഹത്തിനും അതിന്റെ ഗുണഭോക്താവാന് കഴിഞ്ഞില്ല. ആ പെയിന്റിങ്ങുകളുടെ മൂല്യം അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒന്നു കടന്നു പോയെ തീരു. 27ആം വയസ്സില്‍ കലാജീവിതം തുടങ്ങി 37ആം വയസ്സില്‍ കലയും സ്വന്തം ജീവിതവും അവസാനിപ്പിച്ച കോളിളക്കം നിറഞ്ഞ ആ ജീവിതത്തെ എന്നും ഒരത്ഭുതത്തോടെയാണ് ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്. ഈ ലിങ്ക് പിന്തുടര്ന്ന് അദ്ദേഹത്തെപ്പറ്റി കൂടുതലറിയൂ. വാന്‍ഗോഗിന്റെ ഇരുനൂറിലധികം ഒറിജിനല്‍ പെയിന്റിങ്ങുകള്‍ അവിടെ കണ്ടു. അതിപ്രശസ്ഥമായ Sun Flower മാത്രം കാണാന്‍ കഴിഞ്ഞില്ല. അത് ജപ്പാനില്‍ ഒരു പ്രദര്‍ശനത്തിനായി കൊണ്ടുപോയിരുന്നു.
Self Portrait-കടപ്പാട്-Artknowledgenews.com
തന്റെ മനസ്സിലെ നിഗൂഢ വികാരങ്ങളുടെ നേര്‍കാഴ്ച്ചയായിരുന്നു അദ്ദേഹത്തിന്റെ പെയിന്റിങ്ങുകള്‍. അതുകൊണ്ട് തന്നെ അസ്വസ്ഥതകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞാലെ ആ പെയിന്റിങ്ങുകളുടെ ആഴവും പരപ്പും മനസ്സിലാവൂ. ഉദാഹരണമായി പൂത്തുനില്ക്ക്ക്കുന്ന Almond മരത്തിന്റെ ചില്ലയുടെ മനോഹരമായ പെയിന്റിംഗ്. തന്റെ ജ്യേഷ്ഠന് തിയോഡറിനു ഒരു കുട്ടി ജനിച്ച സന്തോഷത്തില്‍ വരച്ചതാണത്രെ. കുടുംബ വൃക്ഷം വീണ്ടും പൂത്തതിലുള്ള ആഹ്ളാദം. അങ്ങനെ ആ മഹാ പ്രതിഭയുടെ ചിത്രങ്ങളുടെ സാഹചര്യങ്ങളെപറ്റിയും സാങ്കേതികതകളെപറ്റിയും മനസ്സിലാക്കികൊണ്ട് അവിടെ ചിലവഴിച്ച സമയം എനിക്കൊരു തീര്‍ത്ഥയാത്രയായിരുന്നു.
Almond Blossom-കടപ്പാട്-Artknowledgenews.com
എന്റെ ആ ദിവസത്തിന്റെ മധുരം ഇരട്ടിപ്പിച്ചുകൊണ്ട് 18ആം നൂറ്റാണ്ടിലെ പ്രശസ്ഥരായ മറ്റുചില കലാകാരന്മാരുടെ സൃഷ്ടികളും ഞാനവിടെ കണ്ടു. Alexandar Calame, Joseph Israels, Anton Mave, Leon Augstin, Anton va rappord, Julius Jacob, Laurens, Alfred Steve തുടങ്ങിയവര്‍ അവരില്‍ ചിലര്‍മാത്രം. ലോറന്‍സ് അലോണിന്റെ ഒരു ന്യൂഡ് പെയിന്റിങ്ങില്‍ റിയലിസത്തിന്റെയും മോഡേണ്‍ ശൈലിയുടെയും മനോഹരമായ ഒരു സമന്വയമായിരുന്നു. അഥവാ എനിക്കങ്ങനെ തോന്നി. ആല്‍ഫ്രഡ് സ്റ്റീവന്റെ ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് എന്റെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു ചിത്രം. അതില്‍ വസ്ത്രത്തിനു കൊടുത്തിട്ടുള്ള ചാര നിറം വ്യത്യസ്തവും മനോഹരവുമായി തോന്നി.
മ്യൂസിയത്തില്‍ നിന്നും ഇറങ്ങി. ഇനിയെങ്ങോട്ടും ഞാന്‍ പോവില്ല. മറ്റൊരു കാഴ്ചയ്ക്കും ഇനിയെന്നെ ഇതിലധികം ത്രിപ്തിപ്പെടുത്താന് കഴിയില്ല. മറ്റൊരു കാഴ്ചയേയും ഇന്നെന്റെ വികാര വിചാരങ്ങളെ മലീമസമാക്കാന്‍ ഞാന്‍ അനുവദിക്കയില്ല. അതുകൊണ്ട് തന്നെ സമയമുണ്ടായിട്ടും മറ്റൊന്നും കാണാന്‍ നില്കാതെ ഞാന്‍ ഹോട്ടെലിലേക്കുമടങ്ങി. ഏന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസങ്ങളിലൊന്നായി ഡിസംബറിലെ ആ ഞായറാഴ്ച. നിറഞ്ഞ മനസ്സോടെ അന്നു ഞാന്‍ ഉറങ്ങി. പിറ്റേന്നു ഉച്ചയോടെ എനിക്ക് എയര്പോര്ടിലേക്ക് പോകുവാനുള്ള റ്റാക്സി വന്നു. ഉച്ചയ്ക് പന്ത്രണ്ട്മണിയായിട്ടും ഹോട്ടെലിനുപുറത്തുള്ള ജലധാരയിലും അതിലെ സ്ത്രീ ശില്പത്തിലും മഞ്ഞു കട്ടകള്‍ തൂങ്ങി കിടന്നിരുന്നു. തെളിഞ്ഞു നിന്ന സൂര്യപ്രകാശത്തില്‍ ശില്പത്തിന്റെ കൈകളിലെ മഞ്ഞുകട്ടകള്‍ വെട്ടിത്തിളങ്ങി. ദൊനീത്തയുടെ തണുത്ത കൈ പിടിച്ച് ഞാനവള്‍ക് ഒരു നല്ല കൃസ്തുമസ്സും പുതുവത്സരാശംസകളും നേര്‍ന്ന് വാന്‍ഗോഗിന്റെ ജന്മനാടിനോട് വിടപറഞ്ഞു. ഭാഗ്യവശാല്‍ എനിക്കിനിയും ഹോളണ്ടില്‍ പോവാന്‍ കഴിഞ്ഞാല്‍, കാണാന്‍ ബാക്കിവെച്ച കാഴ്ച്ചകള്‍ കണ്ടില്ലെങ്കിലും വാന്‍ഗോഗ് മ്യൂസിയത്തില്‍ തീര്‍ച്ചയായും പോവും.
38 comments:
ഹോളണ്ടിനെക്കുറിച്ചും,വാന്‍ ഗോഗിനെക്കുറിച്ചുമുള്ള വിശദമായ പോസ്റ്റിനു നന്ദി.ചിത്രങ്ങള്‍ ഇതിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുമായിരുന്നു.തുടര്‍ന്നും എഴുതൂ...
തീര്‍ച്ചയായും വാന്‍ഗോഗ് മ്യൂസിയത്തില്‍ പോയി അതെല്ലാം നേരില്‍ കാണാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യം തന്നെ മാഷേ.
യാത്രാവിവരണം കൊതിപ്പിയ്ക്കുന്നു. അത്രയും പ്രകൃതിരമണീയമായ സ്ഥലങ്ങളുടെ ചിത്രങ്ങളില്ലാതെ പോയത് ഒരു നിര്‍ഭാഗ്യം തന്നെ.
അതിമനോഹരമായി എഴുതിയിരിക്കുന്നു.
യാത്രവിവരണം കൊതിപ്പിക്കുന്നു..വാൻ ഗോഗ് മ്യൂസിയമൊക്കെ നമ്മുടെ സ്വപ്നത്തിൽ മാത്രമുള്ളതാ.. അഭിനന്ദനങ്ങൾ..
വാന്‍ ഗോഗിന്റെ ഒറിജിനല്‍ paintings കഴിഞ്ഞത് മഹാഭാഗ്യം തന്നെ .ഫോട്ടോസ് ഇല്ലാത്തത് , കഷ്ടമായി...എന്നാലും അക്ഷരങ്ങള്‍ കൊണ്ട് ആ കാഴ്ചകളുടെമായികമായ അനുഭവം വായനക്കര്കും പകര്‍ന്നു തന്നതിന് നന്ദി .
ആശംസകളോടെ.
കൃഷ്ണ:- മറക്കാതെ വന്നതില്‍ സന്തോഷം
ശ്രീ:- ഞാനും ദൈവ കൃപയാലുള്ള ഭാഗ്യം എന്നുതന്നെയാണ് കരുതുനത്. വന്നതില്‍ സന്തോഷം
ചിത്രകാരന്:- താങ്കളുടെ വരവില്‍ വളരെ സന്തോഷം. ചിത്രങ്ങളും ശില്പങ്ങളും കാണുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന സന്തോഷവും നിര്‍വൃതിയും വാക്കുകള്‍കതീതമാണ്.
അതുകൊണ്ട് തന്നെ അപ്പോഴത്തെ എന്റെ മാന്സികവസ്ഥ വാക്കുകളിലൂടെ വായനക്കാരുമായി പങ്കുവെക്കാന്‍ എനിക്ക് കഴിയുന്നില്ല. താങ്കളെ പോലുള്ളവര്‍ക്ക് എന്റെ വികാരം മനസ്സിലാക്കാന്‍
കഴിയും എന്ന് വിശ്വസിക്കുന്നു. മോണെറ്റിന്റെയും പോള്‍ സെസാന്റെയും ചിത്രങ്ങള്‍ കാണാനും എനിക്ക് ഭാഗ്യമുണ്ടായി. ഒരിത്തിരിയെങ്കിലും എന്റെ വികാരം വായനക്കാരിലെത്തിക്കാന്‍
കഴിഞ്ഞെങ്കില്‍ ഞാന്‍ ധന്യനായി.
മനോരാജ് :- അഭിപ്രായത്തിനു ഒരു പാട് നന്ദി. ഇനിയും കൊതിപ്പിക്കാന്‍ ശ്രമിക്കാം
റെയിന്‍ബോ:- എന്റെ പലയാത്രകളും ക്യാമറ കൂടില്ലാതെ നടത്തേണ്ടി വന്നിടുണ്ട്. പക്ഷെ ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. കഴിയുന്നതും ക്യാമറ കൂടെ കരുതും.
എല്ലാവര്ക്കും നന്ദി......സസ്നേഹം
ഭാഗ്യവാന്!!!
പിന്നെ വിവരിച്ച് തന്നതിനു നന്ദി :)
ആശംസകള്‍..!
മനോഹരമായ വിവരണം. ചിത്രങ്ങള്‍ ഇല്ലെങ്കിലും എഴുത്തിന്റെ ശക്തി പലതും വരച്ചുകാട്ടുന്നു. ഇങ്ങനെ ചില സഞ്ചാരികള്‍ ബൂലോകത്തുള്ളത് എന്നെപ്പോലുള്ളവര്‍ക്ക് തുണയാണ്. ചുളുവില്‍ ലോകത്തിലെ പല ഭാഗങ്ങളും കാണാനും അവിടുത്തെ വിശേഷങ്ങള്‍ അറിയാനും സാധിക്കുമല്ലൊ. യാത്രകള്‍ തുടരുക, ഒപ്പം ആ വിശേഷങ്ങള്‍ പോസ്റ്റുകളാക്കി ഞങ്ങളോടും പങ്കുവെയ്ക്കൂ. അങ്ങനെ ഞങ്ങള്‍ക്കും ലോകം കാണാന്‍ ഒരു അവസരം ആകട്ടെ. ആശംസകള്‍.
എന്റെ, പ്രശസ്തമായ, ട്രെയിനില്‍, ഭൂപ്രകൃതി, കൃഷി (kr^shi), ഓടിന്റെ, ടാക്സി, പ്രകൃതി (prakr^thi), ശോകഛവി (zokachhavi), പിയാത്ത, പുസ്തകം (pusthakam), ജ്യേഷ്ഠന് (jyEshThan), വ്യത്യസ്തം
അരുണ്‍: വന്നതില്‍ സന്തോഷം. ഇനിയും കൂടെ ഉണ്ടാവണം.
ജിഷാദ്:- ജിഷാദ് അദ്യമായി വന്നതാണല്ലെ? സന്തോഷം. മണി:- ഈ തിരുത്തലുകള്‍ക് ഒരുപാട്, ഒരുപാട് നന്ദി. പോസ്റ്റിലും തിരുത്തി. എനിക്കുമൊരു എഡിറ്ററെ കിട്ടി എന്നു വിശ്വസിക്കാമല്ലോ. ക്രീയാത്മകമായ ഇടപെടലുകളോടെ ഭാവിയിലും കൂടെ ഉണ്ടാവും എന്ന വിശ്വാസത്തോടെ.... സസ്നേഹം
അറിവ് പകര്‍ന്ന പോസ്റ്റ്.
താങ്കളുടെ മെയില്‍ ഐഡി. manojravindran@gmail എന്ന എന്റെ വിലാസത്തിലേക്ക് അയച്ച് തരുമോ ?
പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാനായിട്ടാണ്.
സസ്നേഹം
-നിരക്ഷരന്
മിഴിയുടെ ജാലകം നീ വീണ്ടും തുറക്കുമ്പോള്‍
പുതിയൊരു കാഴ്ച.
പുതിയൊരു മഞ്ഞുകാലം.
പുതിയൊരു പൂമരം.
കണ്ണ് മാത്രം പോരാ.
അകക്കണ്ണ് വേണം. ഒരിക്കലും അടയാത്ത അകക്കണ്ണ്.
നിന്റെ ഹൃദയത്തിലേക്ക് നോക്ക് എന്ന് പഴമൊഴി.
അകത്തേക്കും പുറത്തേക്കും നോക്കി നടന്ന വഴികള്‍ നന്നായി.
വാന്ഘോഗും. ഇര്‍വിംഗ് സടോനിന്റെ ജീവിതാസക്തി
എന്ന നോവല്‍ വായിച്ചിട്ടുണ്ടോ?
ഗോഗിന്റെ ജീവചരിത്ര നോവല്‍.? കിളിതൂവളിലേക്ക് വന്നതിനും വന്ദനം.
കൊള്ളാം നല്ല രസമുണ്ട് വായിക്കാന്‍,ഏഷ്യാനെറ്റിലെ സഞ്ചാരം കാണുന്ന സുഖം.
വാൻ ഗോവിന്റെ ചിത്രങ്ങ്നൾ നേരിൽകണ്ട താങ്കളോട് വല്ലാത്ത അസൂയതോന്നുന്നു. വാൻ ഗോവിന്റെ ചിത്രങ്ങളിലൂടെ യത്രികൻ നടത്തുന്ന സഞ്ചാരം കാണാൻ അകിരൊ കുറൊസവയുടെ “ഡ്രീംസ്” എന്ന സിനിമ കാണുക
കുമാരന്: കുമാരേട്ട ...ഈ വരവിനും അഭിപ്രായത്തിനും ഒരു പാടു നന്ദി. പുസ്തക പ്രസിദ്ധീകരണ വിവരം അറിഞ്ഞു. വളരെ സന്തോഷം.....
സുരേഷ്: നല്ല വാക്കുകള്ക് നന്ദി. സുരേഷ് പറഞ്ഞ പുസ്തകം വായിച്ചിട്ടില്ല. കണ്ടെത്താന്‍ ശ്രമിക്കാം. കയ്യില്‍ PDF ഫോര്‍മാറ്റില്‍ ഉണ്ടെങ്കില്‍ അയച്ചുതരുമോ.....
എബിന്: വളരെ നന്ദി. പക്ഷെ സഞ്ചാരത്തോളം .....ഹ..ഹ.. അത്തിത്തിരി കൂടിപോയി, എങ്കിലും സന്തോഷത്തോടെ സ്വീകരിക്കുന്നു ഈ അഭിനന്ദനം..
വിജയന്: വിജയന് മാഷേ വരവിനും അഭിപ്രായത്തിനും നന്ദി. കുറസോവയുടെ 5 സമുറായി സിനിമകളുടെ dvd എന്റെ കൈവശമുണ്ട്.ഒരു സിങ്കപ്പൂര്‍ യാത്രക്കിടയില്‍ സംഘടിപ്പിച്ചതാണ്. കുരോസോവായുടെ ആ ചിത്രങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. താങ്കളുടെ കയ്യില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടെകില്‍ ദയവായി അറിയിക്കു. നാട്ടില്‍ വരുമ്പോള്‍ കാണാന്‍ ശ്രമിക്കാം......
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി .....സസ്നേഹം
ജീവിതാസക്തി എന്റെ കൈയില്‍ പുസ്തകരൂപത്തിലാണുള്ളത്. ഡി.സി.ബുക്സ് ഇറക്കിയതാ. നസീര്‍ കടിക്കാടിന്റെ കവിത കിടപ്പുമുറി ബ്ലോഗില്‍ കണ്ടു.(സംക്രമണം) ഗൊഗിന്റെ bedroom അവലംബിച്ചുള്ളത്.
യാത്രകൾ എന്നും എന്റെ മനസ്സിന്റെ ഭക്ഷണമാണ്, കഴിയുന്നത്ര നടത്താറുണ്ട്!!!
നിരക്ഷരനെയും പ്രിയയെയും ബിന്ദുവിനെയുമൊക്കെ ആകാംക്ഷയൊടെ വായിക്കാറുണ്ട്...ആ പട്ടികയിലേക്ക് താങ്കളെയും... ഫോളോ ചെയ്യാനുള്ള ഓപ്ഷൻ കൂടി ആഡ് ചെയ്താൽ നന്നായിരുന്നു....
എന്റെയൊക്കെ സ്വപ്നത്തില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത യാത്ര. യാത്രാവിവരണത്തിലൂടെ നീങ്ങിയപ്പോള്‍ ശരിക്കും കൊതി തോന്നി.
ചിത്രങ്ങളും കൂടി ഉണ്ടായിരുന്നെങ്കില്‍...ഹാ.
ഫോട്ടോ ഇല്ലാത്തത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട് ട്ടോ. പക്ഷെ വിവരണങ്ങള്‍ നന്നായിട്ടുണ്ട്. ആശംസകള്‍..
യാത്രാവിവരണങ്ങൾ ഇതുപോലെ കൊതിയൂറുന്ന ഭാഷയിൽ തന്നെ വിവരിക്കണം,ഒപ്പം ചിലപദങ്ങളുടെ ലിപിവത്യാസം കൂടി ശ്രദ്ധിക്കണം കേട്ടൊ....
കുറച്ചുപടങ്ങൾ കൂടി ചേർത്തിരുന്നുവെങ്കിൽ സംഗതി ഒന്നുകൂടി ഗംഭീരമായേനെ...
നല്ല വിവരണം....ഞാൻ ആദ്യായിട്ട ഇവിടെ..പക്ഷെ ഒരു പാട് ഇഷ്ടായി ഈ വിവരണം
നല്ല യാത്രാവിവരണം. സംശയം ചോദിച്ച് വന്നതുകൊണ്ട് ഈ പോസ്റ്റ് മിസ്സായിപ്പോകാതെ കാണാനൊത്തു.. അതും ഒരു ഭാഗ്യം !
valare manoharamaaya avatharanam....... aashamsakal.............
കൊള്ളാം ആശംസകള്‍....
ചെമ്മാടന്‍:- വന്നതിനും കമന്റിയതിലും നന്ദി. ആവശ്യപ്പെട്ടതുപോലെ ഫോളോ ചെയ്യാനുള്ള ഓപ്ഷന് ചേര്‍ത്തിരിക്കുന്നു.
റാംജി:- ഇനിയും കൊതിപ്പിക്കാന്‍ ശ്രമിക്കാം. ഒരു പാട് സന്തോഷം വന്നതില്‍
ദിവാരേട്ടാ:- വന്നതില്‍ ഒരു പാട് നന്ദി. ഇനിയും വരണം
ബിലാത്തി:- സന്തോഷം. ലിപി വെത്യാസം ശ്രദ്ധിക്കാം.
എറക്കാടന്‍:- നന്ദി. ഇനിയും കൂടെ ഉണ്ടാവണം
അപ്പുജി:- ഈ വരവിനു നന്ദി. ഇനിയും വരണം
ജയരാജ്:- വന്നതില്‍ നന്ദി.
നിയ:- സന്തോഷം.
എല്ലാവര്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി.
യാത്രികന് ജീ ഭാഗ്യവാനെ!! കൊതിപ്പിച്ചു ശരിക്കും ഹോളണ്ടില്‍ വന്ന പോലെ തോന്നി ഈ കുറിപ്പ് വായിച്ചപ്പോള്‍ "പക്ഷെ ഒരു നല്ല എഴുത്തുകാരനല്ലാത്തത് കൊണ്ട് എഴുതിവന്നപ്പോള്‍ അല്പം കാടുകയറി." ഇനി ഇങ്ങനെ ജാഡ പറഞ്ഞാല്‍ ഈ വഴി വരില്ല കേട്ടോ.... ;-)
ജീവിതത്തിൽ വല്ലപ്പോളും കിട്ടുന്ന് ഒരവസരമാണിതൊക്കെ.. ശരിക്കും ആസ്വദിച്ച് വായിച്ചു. നിരക്ഷരൻ ചേട്ടനൊക്കെ എഴുതുന്നത് പോലെ 2-3 ഭാഗങ്ങളായി അല്പം കൂടെ വിശദീകരിച്ചെഴുതൂ..
പേർസണാലായ ചോദ്യമാണ്, ഇഷ്ടപെട്ടില്ലങ്കിൽ ക്ഷമിക്കുക. യാത്രികൻ ചേട്ടന്റെ ജോലി എന്താണ്..ജോലി സംബന്ധമായാ യാത്രകളെന്ന് പറഞ്ഞത്കൊണ്ടുള്ള ഒരു ആകാംക്ഷ...
വിഷ്ണൂ...വന്നല്ലോ കമന്ടിയല്ലോ...സന്തോഷം. എന്താ വൈകിയേ എന്ന് വിചാരിക്കയായിരുന്നു.....തനിക്കൊരു ഉത്തരവാദിത്വമുണ്ട്...അത് മറക്കണ്ട......
സിജോ....ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം വീണ്ടും വരൂ...
സസ്നേഹം
വാന്‍ഗോവിന്റെ ചിത്രങ്ങള്‍ നേരിട്ട് കാണാന്‍ സാധിച്ച ഭാഗ്യവാനേ യാത്രാവിവരണം നന്നായിരുന്നു. അഭിനന്ദങ്ങള്‍ :)
nannayi
ഭാഗ്യവാൻ!
Thanks for sharing :)
ബിഗുവിനും, സാബുവിനും.....ഒരു പാട് നന്ദി, ഈ വരവിനും കമന്റിനും.ഇനിയും കൂടെ ഉണ്ടാവുമല്ലോ??.....സസ്നേഹം
ബിഗുവിനും,വെളിച്ചത്തിനും,സാബുവിനും.....ഒരു പാട് നന്ദി, ഈ വരവിനും കമന്റിനും.ഇനിയും കൂടെ ഉണ്ടാവുമല്ലോ??.....സസ്നേഹം
adipoli
Post a Comment